ADVERTISEMENT

ജമ്മു കശ്മീരിൽ എല്ലാം ഭദ്രമെന്ന അവകാശവാദങ്ങൾ തുടരുമ്പോഴും നാട് സാധാരണ നിലയിലായിട്ടില്ല. പുറമേ എല്ലാം ശാന്തമെന്ന് തോന്നിക്കുമെങ്കിലും നീറിപ്പുകയുന്ന അമർഷം ശക്തം. അതീവജാഗ്രതയോടെ സുരക്ഷാസേന.

കേന്ദ്ര സർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് 4 മാസമായിട്ടും ഇവിടെ സ്ഥിതി സാധാരണനിലയിലായിട്ടില്ല. എല്ലാം ഭദ്രമെന്ന കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും അവകാശവാദങ്ങൾക്കു വിരുദ്ധമാണ് കാര്യങ്ങൾ. പുറമേ എല്ലാം ശാന്തമെന്നു തോന്നിക്കുമെങ്കിലും നീറിപ്പുകയുന്ന അമർഷം ശക്തമാകുകയാണ്. പ്രതിഷേധം ഉള്ളിലൊതുക്കിയ ശാന്തതയാണിതെന്ന് അറിയാവുന്ന സുരക്ഷാസേന അതീവ ജാഗ്രതയിലും. 

ഫാറൂഖ് അബ്ദുല്ല, ഒമർ അബ്ദുല്ല, മെഹബൂബ മുഫ്തി എന്നീ 3 മുഖ്യമന്ത്രിമാരും യാസിൻ ഖാൻ, മുബീൻ ഷാ എന്നീ പ്രമുഖ വ്യവസായികളും ഉൾപ്പെടെ ഇപ്പോഴും വീട്ടുതടങ്കലിലാണെന്നതു തന്നെ കേന്ദ്രത്തിന്റെ അവകാശവാദങ്ങളുടെ പൊള്ളത്തരം വെളിവാക്കുന്നു.

കശ്മീർ ഇന്ത്യൻ യൂണിയന്റെ ഭാഗമാകുന്നതിന് 1947 ൽ പ്രധാന പങ്കു വഹിച്ച ഷെയ്ഖ് അബ്ദുല്ലയുടെ 114–ാം ജന്മവാർഷികത്തിന് അദ്ദേഹത്തിന്റെ കബറിൽ പ്രർഥിക്കുന്നതിനുപോലും ആരെയും അനുവദിച്ചില്ല. ശ്രീനഗറിലെ ദാൽ തടാകത്തിന്റെ കരയിൽ ഹസ്രത്ബാലിലെ നസീംബാഗിലെ ശവകുടീരത്തിനടുത്തേക്ക് അടുത്ത ബന്ധുക്കളെ പോലും അടുപ്പിച്ചില്ല.

വാർത്താവിനിമയ നിയന്ത്രണത്തിൽ ഇളവു വരുത്തിയിട്ടുണ്ടെങ്കിലും ഇന്റർനെറ്റ് ഇപ്പോഴും ലഭ്യമല്ല. വിദ്യാർഥികൾ, വ്യാപാരികൾ, വിനോദസഞ്ചാരികൾ, ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഓൺലൈൻ സഹായം ലഭിച്ചിരുന്ന രോഗികൾ എന്നിവരെ ഇതു കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്.

കശ്മീരിലെ 98% വിദ്യാർഥികളും വാർഷികപ്പരീക്ഷയെഴുതിയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അവകാശപ്പെടുന്നു. വാർത്താവിനിമയ നിരോധനവും ആക്രമണ ഭീതിയും കൊണ്ട് കഴിഞ്ഞ 4 മാസത്തിനിടയിൽ പൂട്ടിയ സ്കൂളുകളുടെ എണ്ണം ആരും പരിഗണിച്ചിട്ടില്ല. ആരെങ്കിലും ആഹ്വാനം ചെയ്തിട്ടോ ഏതെങ്കിലും പ്രസ്ഥാനം നേതൃത്വം നൽകിയിട്ടോ അല്ല ഇപ്പോഴത്തെ പ്രതിഷേധം എന്നതാണു ശ്രദ്ധേയം. ജനങ്ങളെ അന്യവൽക്കരിക്കുന്നതിന്റെ പ്രത്യാഘാതം ഗുരുതരമാകുമെന്ന് മനഃശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നു.

jammu
ദാൽ തടാകവും അടച്ചിട്ടിരിക്കുന്ന സമീപത്തെ കടകളും.

കശ്മീരിലെ 80 ലക്ഷം ജനങ്ങളിൽ 35 ശതമാനത്തിന്റെ ജീവിതമാർഗമായ, 8,000 കോടി രൂപയുടെ ആപ്പിൾ വ്യാപാരം പൂർണമായി തകർച്ചയിലാണ്. കർഷകരിൽ നിന്നു നേരിട്ട് ആപ്പിൾ വാങ്ങാനുള്ള സർക്കാരിന്റെ നീക്കവും പൊളിഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ഓഗസ്റ്റ് 5നു ശേഷമുള്ള വ്യാപാരനഷ്ടം 12,000 കോടിയുടേതാണെന്നു വ്യാപാരികൾ. വിനോദസഞ്ചാര മേഖല തീർത്തും നിശ്ചലമാണ്. സഞ്ചാരികളെയും തീർഥാടകരെയും ആകർഷിക്കാൻ ഭരണകൂടം നടത്തിയ ശ്രമങ്ങളും പാളി.

ഇപ്പോഴത്തെ സ്ഥിതിഗതികളുണ്ടാക്കിയ രാഷ്ട്രീയ ശൂന്യത നീക്കുകയാവും കേന്ദ്രസർക്കാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കു ഭരണഘടനയുടെ 371–ാം വകുപ്പിലൂടെ നൽകുന്ന പ്രത്യേക പദവി ജമ്മു കശ്മീരിനും ബാധകമാക്കിയാലേ സഹകരിക്കൂ എന്ന് പ്രധാന നേതാക്കളെല്ലാം കേന്ദ്രത്തോടു വ്യക്തമാക്കിയിട്ടുണ്ട്. കശ്മീരിൽ രാഷ്ട്രീയ പ്രക്രിയ പുനരാരംഭിക്കുന്നതിന് ഇത് അനിവാര്യമാണ്.

കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരും ലഡാക്കുമായി സംസ്ഥാനത്തെ വിഭജിച്ചതിനെതിരെ ലഡാക്കിന്റെ ഭാഗമായ കാർഗിലിലെ ഷിയ മുസ‍്‍ലിംകൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ലഡാക്കിൽ, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യമുള്ള ലേ മേഖലയ്ക്കു കേന്ദ്രത്തിന്റെ പ്രത്യേക പരിഗണന ലഭിക്കുകയും തങ്ങൾ അവഗണിക്കപ്പെടുകയും ചെയ്യുമെന്ന ആശങ്കയായിരുന്നു കാരണം. ഷിയ വിഭാഗത്തിൽപെട്ട കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്‍വി പ്രധാന രാഷ്ട്രീയ, മത നേതാക്കളെ കണ്ടു ചർച്ച നടത്തിയതോടെയാണു പ്രതിഷേധം തണുത്തത്.  

ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയപ്പോൾ ബുദ്ധമതക്കാർക്ക് പ്രാമുഖ്യമുള്ള ലേയിൽ വലിയ ആഹ്ലാദപ്രകടനങ്ങൾ അരങ്ങേറിയിരുന്നു. എന്നാൽ പുറത്തുനിന്നുള്ളവർ കൂടുതലായെത്തുമെന്ന ആശങ്ക വന്നതോടെ ഇതും നിലച്ചു. സ്വത്വം സംരക്ഷിക്കുന്നതിനായി ഗോത്രവർഗ പദവിക്കായി ബുദ്ധമത നേതാക്കൾ സമ്മർദം ശക്തമാക്കിയിരിക്കുകയാണിപ്പോൾ. ലേയിലെ ജനങ്ങളുടെ പ്രാദേശിക സ്വത്വം അംഗീകരിച്ച് സംരക്ഷണം നൽകിയില്ലെങ്കിൽ ചൈനയുടെ കീഴിൽ ടിബറ്റിനു നേരിടേണ്ടി വരുന്നതിനു സമാന സ്ഥിതിയാകും ഉണ്ടാവുക എന്ന് മാഗ്സസെ അവാർഡ് ജേതാവായ ലേയിലെ ശാസ്ത്രജ്ഞൻ സോനം വാങ്ചുക് മുന്നറിയിപ്പു നൽകിയതും ശ്രദ്ധേയം.

സമാനമായ ഭീതി ജമ്മുവിലെ ജനങ്ങൾക്കുമുണ്ട്. ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമായി തരംതാഴ്ത്തിയതിൽ പ്രതിഷേധിച്ച് കഴിഞ്ഞ മാസം പാന്തേഴ്സ് പാർട്ടി പ്രവർത്തകർ കൂട്ടമായി തല മുണ്ഡനം ചെയ്തു നടത്തിയ പ്രതിഷേധം സൂചനയാണ്. വളർന്നുവരുന്ന അസ്വസ്ഥതയ്ക്കു രാഷ്ട്രീയമായി വലിയ വില നൽകേണ്ടിവരുമോയെന്ന ഭീതി ബിജെപി നേതാക്കൾ പോലും പങ്കുവയ്ക്കുന്നു. കശ്മീരിലെ വ്യാപാരത്തിന്റെയും വിനോദസഞ്ചാര വ്യവസായത്തിന്റെയും കവാടം ജമ്മുവാണ്.

jammuprotest
ശ്രീനഗറിൽ തെരുവിൽ പ്രതിഷേധിക്കുന്നവർ.

ലഡാക്കിലെയും ജമ്മുവിലെയും ജനങ്ങൾ പുറത്തുനിന്നുള്ളവരുടെ തള്ളിക്കയറ്റത്തിനെതിരെ സ്വത്വം സംരക്ഷിക്കുന്നതിനായി ചെലുത്തുന്ന സമ്മർദത്തെ നേരിടുന്നതിലും വലിയ വെല്ലുവിളിയാണ് കശ്മീരിൽ കേന്ദ്രത്തെ കാത്തിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com