ADVERTISEMENT

ഉന്മാദവും ഗണിതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ ആദ്യമായി മനസ്സിലേക്കു വരുന്ന പേര് ജോൺ നാഷിന്റേതാണ്. കണക്കുമായി ബന്ധമില്ലാത്തവർ കൂടി അദ്ദേഹത്തെപ്പറ്റി അറിയാനുള്ള പ്രധാന കാരണം, 2001ൽ എറ്റവും നല്ല ചിത്രത്തിനുള്ള ഓസ്കർ നേടിയ ‘എ ബ്യൂട്ടിഫുൾ മൈൻഡ്’ ആണ്. വമ്പിച്ച പ്രദർശന വിജയം കൈവരിച്ച ഈ ചിത്രം ജോൺ നാഷിന്റെ ജീവിതം ആസ്പദമാക്കിയുള്ളതാണ്. സാമ്പത്തിക ശാസ്ത്രത്തിൽ നൊബേൽ സ്മാരക സമ്മാനവും ഗണിതശാസ്ത്രത്തിലെ പരമോന്നത ബഹുമതിയായ ആബേൽ പുരസ്കാരവും നേടിയ ഏക വ്യക്തിയാണ് ഈ അതുല്യപ്രതിഭ. 1959 മുതൽ അകാരണമായ ഭയം ലക്ഷണമായ കടുത്ത മനോരോഗത്തിന് അടിമയായിരുന്നു നാഷ്. താൻ പഠിപ്പിച്ചിരുന്ന യുഎസിലെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിലെ ഗണിതവിഭാഗത്തിലെ ബ്ലാക്ക് ബോർഡുകളിൽ അർധരാത്രി ഏകാകിയായി അദ്ദേഹം എന്തൊക്കെയോ കുത്തിക്കുറിക്കുമായിരുന്നു.

നാഷിനെപ്പറ്റി പെട്ടെന്ന് ഓർക്കാൻ കാരണം, ഈയിടെ പട്നയിൽ അന്തരിച്ച വസിഷ്ഠ് നാരായൺ സിങ്ങാണ്. 1946ൽ ബിഹാറിലെ ഭോജ്പുർ ജില്ലയിലെ ബസന്ത്പുർ ഗ്രാമത്തിൽ ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ച സിങ്, കുട്ടിക്കാലത്തുതന്നെ കണക്കിൽ അപൂർവ പ്രാവീണ്യം കാണിച്ചിരുന്നു. ബിഹാർ സർക്കാർ നേരിട്ടു നടത്തിയിരുന്ന നേത്രഘാട്ട് പബ്ലിക് സ്കൂളിലേക്ക് മത്സരപ്പരീക്ഷയിലൂടെ പ്രവേശനം നേടി. പിന്നീട് ബിഎസ്‌സിക്ക്, ഒരു‌കാലത്ത് ഏറെ പ്രശസ്തമായിരുന്ന പട്ന സയൻസ് കോളജിൽ ചേർന്നു (സി.വി.രാമൻ ഇവിടെ പഠിപ്പിച്ചിരുന്നു). അവിടത്തെ പ്രഫസറായിരുന്ന ഡോ. നാഗേന്ദ്രനാഥ് എന്ന ഗണിതശാസ്ത്രജ്ഞൻ, സിങ്ങിന്റെ അസാധാരണ കഴിവു കണ്ടറിഞ്ഞ് ഒന്നാം വർഷം തന്നെ ഫൈനൽ പരീക്ഷ എഴുതാൻ അനുവദിച്ചു. അങ്ങനെ 16ാം വയസ്സിൽ അദ്ദേഹം ഡിഗ്രി സമ്പാദിച്ചു.

ആയിടെയാണ് ഗണിതശാസ്ത്രത്തിലെ ടോപ്പോളജി ശാഖയിൽ ലോക പ്രസിദ്ധനായ പ്രഫ. ജോൺ എൽ.കെല്ലി, ഐഐടി കാൻപുരിൽ കൺസൽറ്റന്റായി വരുന്നത്. അദ്ദേഹം പട്ന സയൻസ് കോളജ് സന്ദർശിക്കാൻ എത്തിയപ്പോഴാണ് വസിഷ്ഠ് നാരായൺ സിങ്ങിനെ കാണുന്നത്. അദ്ദേഹം സിങ്ങിനെ കലിഫോർണിയ യൂണിവേഴ്സിറ്റിയിലേക്കു ക്ഷണിച്ചു. അവിടെനിന്ന് 1969ൽ, 23ാം വയസ്സിൽ പിഎച്ച്ഡി നേടിയ സിങ് ആദ്യമായി ജോലി ചെയ്തതു നാസയിലായിരുന്നു. ബിഹാറിൽ പ്രസിദ്ധമായ ഒരു കഥയുണ്ട്: മനുഷ്യനെ ചന്ദ്രനിലെത്തിച്ച നാസയുടെ അപ്പോളോ ദൗത്യത്തിനിടെ കംപ്യൂട്ടറുകൾ അൽപനേരം  നിലച്ചുപോയി. ആ സമയത്തെ കണക്കുകൂട്ടലുകൾ സിങ് ഒറ്റയ്ക്ക് ഏറ്റെടുത്തു. വീണ്ടും കംപ്യൂട്ടറുകൾ പ്രവർത്തിച്ചു തുടങ്ങിയപ്പോൾ സിങ്ങിന്റെ ഗണനം കടുകിട തെറ്റിയില്ലെന്നു കണ്ടെത്തി!

1974ൽ ഇന്ത്യയിൽ തിരിച്ചെത്തിയ സിങ്, ഐഐടി കാൻപുർ, മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്, കൊൽക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ അധ്യാപകനായി ജോലി ചെയ്തു. 1977ൽ മനോനില തെറ്റിയ സിങ്ങിനെ റാഞ്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയിൽ (സിഐപി) പ്രവേശിപ്പിച്ചു. ജോൺ നാഷിനെ ബാധിച്ച സ്കിസോഫ്രീനിയ എന്ന കടുത്ത മനോരോഗം അദ്ദേഹത്തെയും ഗ്രസിച്ചിരുന്നു. റാഞ്ചിയിലെത്തി കുറച്ചു മാസങ്ങൾക്കു ശേഷം ഞാൻ അദ്ദേഹത്തെ യാദൃച്ഛികമായി കാണാനിടയായി.

റാഞ്ചി കാങ്കെയിലെ സിഐപിക്ക് നൂറിലേറെ വർഷം പഴക്കമുണ്ട്. റാഞ്ചിയിലെ സുഖകരമായ കാലാവസ്ഥയാണ്, പാശ്ചാത്യർക്കായി അവിടെ മനോരോഗാശുപത്രി തുടങ്ങാൻ ബ്രിട്ടിഷ് സർക്കാരിനെ പ്രേരിപ്പിച്ചത്. അതിന്റെ പേരുതന്നെ യൂറോപ്യൻ ഭ്രാന്താശുപത്രി എന്നായിരുന്നു. ആ സ്ഥാപനത്തെ ആധുനികീകരിക്കുന്നതിൽ വലിയ പങ്കു വഹിച്ചത് ഡോ. ആർ.ബി.ഡേവിസ് എന്ന ഇംഗ്ലിഷുകാരൻ ഡോക്ടറായിരുന്നു. അദ്ദേഹം സൂപ്രണ്ടായിരിക്കെ അവിടത്തെ മേട്രൻ ആയിരുന്ന, എടത്വായിൽനിന്നുള്ള ഏലിയാമ്മ ഈപ്പനെ വിവാഹം ചെയ്തു. അവർ ലണ്ടനിൽനിന്നു പരിശീലനം ലഭിച്ച, ഇന്ത്യയിലെ ആദ്യത്തെ സൈക്യാട്രിക് നഴ്സ് കൂടിയായിരുന്നു. പിന്നീട്, ഈ ദമ്പതികൾ സ്വന്തമായി സ്ഥാപനം തുടങ്ങിയെങ്കിലും ഏലിയാമ്മ ഡേവിസാണ് റാഞ്ചിയിലെ യൂറോപ്യൻ ഭ്രാന്താശുപത്രി കാണിച്ചുതരാൻ എനിക്കൊപ്പം വന്നത്.

അങ്ങനെയാണു ഞാൻ ആദ്യമായി വസിഷ്ഠ് നാരായൺ സിങ്ങിനെ കാണുന്നത്. അദ്ദേഹത്തിനു മിസിസ് ഡേവിസുമായി നല്ല സൗഹൃദമുണ്ടായിരുന്നു. പിന്നീട് മിസിസ് ഡേവിസ് പറഞ്ഞത്, സിങ്ങിന്റെ ബുദ്ധിയുടെ ഒരുഭാഗം അസാധാരണമായി വികസിച്ചിരുന്നുവെങ്കിലും സാമൂഹികബന്ധങ്ങൾ തുടങ്ങിയവ നിയന്ത്രിക്കുന്ന ഭാഗം ശുഷ്കിച്ചുതന്നെയിരുന്നു എന്നാണ്. ആ വൈരുധ്യം ഒരു പ്രതിസന്ധിയിലേക്കു നയിക്കാൻ കാരണം, 1973ൽ അദ്ദേഹം സമൂഹത്തിലെ മേൽത്തട്ടിൽനിന്നുള്ള ഒരു സ്ത്രീയെ വിവാഹം ചെയ്തു എന്നതായിരിക്കും. ഒരുപക്ഷേ, അദ്ദേഹത്തിന്റെ കണക്കു മാത്രമുള്ള, ഒറ്റ ട്രാക്കിലുള്ള മനസ്സായിരിക്കാം, യുഎസിൽ വച്ചുതന്നെ വിവാഹജീവിതം കലുഷമാക്കിയത്. 1976ലെ വിവാഹമോചനം അദ്ദേഹത്തെ തകർത്തു. ഈ നിലയിലേക്കു കാര്യങ്ങളെത്തിയത് അതുകൊണ്ടായിരിക്കാം.

ജോൺ നാഷിന് അദ്ദേഹത്തിന്റെ മാനസികാവസ്ഥയെ അതിജീവിച്ചുകൊണ്ടു പ്രാഗല്ഭ്യം തെളിയിക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ കൂട്ടുകാരിയും ഭാര്യയുമായിരുന്ന അലീഷ്യ കാരണമായിരുന്നു. അവരും സമാന താൽപര്യങ്ങളുള്ള ആളായിരുന്നു. അത്തരം ഗുണങ്ങളൊന്നും സിങ്ങിന്റെ ഭാര്യയായിരുന്ന വന്ദന റാണി സിങ്ങിന് ഉണ്ടായിരുന്നില്ല എന്നതിന് അവരെ കുറ്റം പറയാൻ പറ്റില്ല. കൂട്ടത്തിൽ പ്രിൻസ്റ്റണിലെ അക്കാദമിക ജീവിതവും നാഷിനെ സഹായിച്ചു എന്നതാണു വാസ്തവം. എന്നാൽ, ഇന്ത്യയിലെ അക്കാദമിക സമൂഹം സിങ്ങിനെ പൂർണമായും അവഗണിച്ചു. ബിഹാറിന്റെ പ്രിയപുത്രൻ മരിച്ചത് അവഗണനയിലും അസംതൃപ്തിയിലുമാണ്.

സ്ത്രീസുരക്ഷ: ഇന്ത്യ ശ്രദ്ധിക്കേണ്ടത് 

ഹൈദരാബാദ് സ്ത്രീസുരക്ഷയുടെ കാര്യത്തിൽ മുന്നിട്ടുനിൽക്കുന്ന നഗരമാണ്. രാജ്യത്തു റിപ്പോർട്ട് ചെയ്യപ്പെടുന്ന, സ്ത്രീകൾക്കെതിരായ കുറ്റങ്ങളിൽ 5.6% മാത്രമേ ഈ നഗരത്തിൽ നടക്കുന്നുള്ളൂ. ‍ഡൽഹിയിൽ ഇത് 28.3% ആണെന്നോർക്കുക. പൊതുവേ സ്ത്രീസൗഹൃദനഗരമായി കണ്ടുവന്നിരുന്ന ഹൈദരാബാദിൽ നിന്നാണ്, 27 വയസ്സുള്ള വെറ്ററിനറി ഡോക്ടറെ കൂട്ട ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ വാർത്ത പുറത്തുവന്നത്. കുറ്റവാളികളെ ആൾക്കൂട്ടത്തിനു വിട്ടുകൊടുക്കണമെന്ന ജയ ബച്ചന്റെ ആക്രോശം പ്രശ്നത്തിനു പരിഹാരമാകുന്നില്ല. ചോരയ്ക്കു പകരം ചോര (അമിതാഭ് ബച്ചൻ ഇന്ദിരാഗാന്ധിയുടെ വധത്തിനു ശേഷം വിളിച്ച മുദ്രാവാക്യം കൂടിയാണിത്!), അല്ലെങ്കിൽ കണ്ണിനു പകരം കണ്ണ് എന്നത് ഇന്നത്തെ ദുരവസ്ഥയ്ക്കു മാറ്റം വരുത്തില്ല. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിൽ വധശിക്ഷ പോലും കാര്യക്ഷമമല്ല എന്നാണു പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

പെട്ടെന്ന് ഈ പ്രശ്നത്തെ തുടച്ചുമാറ്റാവുന്ന പ്രതിവിധികൾ ഒന്നുമില്ലെന്നതാണു സത്യം. മാറ്റം വരേണ്ടത് ‘സ്ത്രീ സമം സ്വത്ത്’ എന്ന കാഴ്ചപ്പാടിൽ നിന്നാണ്. ഇപ്പോൾ ഹൈദരാബാദിലും മുൻപ് ഡൽഹിയിലെ നിർഭയ സംഭവത്തിലും ഉൾപ്പെട്ട കുറ്റവാളികളുടെ മനോവ്യാപാരം ഒന്നുതന്നെയാണ്: പൊതുവഴിയിലെ സ്ത്രീ സമം പൊതുസ്വത്ത്. നമ്മുടെ പല നിയമങ്ങളും ഇതിൽനിന്നു വ്യത്യസ്തമല്ല എന്നതാണു സങ്കടകരം. ഉദാഹരണത്തിന് ഇപ്പോഴും മാറ്റാൻ തയാറാകാത്ത, വിവാഹജീവിതത്തിൽ ഭാര്യ നേരിടുന്ന ബലാത്സംഗം കുറ്റമല്ല എന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ്.

ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാനുള്ള എല്ലാ മാർഗങ്ങളും നാം തേടേണ്ടിയിരിക്കുന്നു. യുഎസ് അടക്കമുള്ള പല രാജ്യങ്ങളിലും നടപ്പാക്കിയിട്ടുള്ള, മരുന്നു കുത്തിവച്ചുള്ള വന്ധ്യംകരണത്തെപ്പറ്റി (കെമിക്കൽ കാസ്ട്രേഷൻ) ചിന്തിക്കേണ്ട അവസരമാണിത്. അടുത്ത കാലത്ത് ഇന്തൊനീഷ്യയിൽ ലൈംഗിക അതിക്രമക്കേസുകൾ ക്രമാതീതമായി വളർന്നപ്പോൾ അവർ കെമിക്കൽ കാസ്ട്രേഷൻ നിയമത്തിൽ ഉൾപ്പെടുത്തി. ലൈംഗിക കുറ്റവാളികൾ കുറ്റമാവർത്തിക്കുന്ന പ്രവണത കാണിക്കുന്നതുകൊണ്ട് അവരുടെ ആസക്തിയില്ലാതാക്കുക എന്നതു പ്രധാനമാണ്. പൊതു ഇടങ്ങളിലെങ്കിലും സ്ത്രീകളും കുട്ടികളും സുരക്ഷിതരായിരിക്കുമെന്ന് ഉറപ്പുവരുത്തുന്ന ഇലക്ട്രോണിക് ടാഗിങ്, ലൈംഗിക കുറ്റവാളികളുടെ പട്ടിക പരസ്യപ്പെടുത്തൽ തുടങ്ങിയ രീതികൾ അവലംബിക്കാൻ ഇനിയും വൈകിക്കൂടാ.

സ്കോർപ്പിയൺ കിക്ക്: താൻ ഉള്ളി ഉപയോഗിക്കാറില്ലെന്ന്, ഉള്ളിവിലയെക്കുറിച്ചുള്ള ചർച്ചയ്ക്കിടയിൽ ധനമന്ത്രി നിർമല സീതാരാമൻ.

ഇന്നത്തെ കാലത്ത് ഇതൊക്കെ മഹാഭാഗ്യം തന്നെ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com