ADVERTISEMENT

കൊച്ചി ഇടപ്പള്ളി കണ്ണൻതോടത്ത് റോഡിലെ, ജസ്റ്റിസ് കെമാൽപാഷയുടെ വസതിക്കു മുൻപിൽ പതിവുള്ള സായുധ പൊലീസുകാർ ഇപ്പോഴില്ല. അദ്ദേഹത്തിനുള്ള സുരക്ഷ സംസ്ഥാന സർക്കാർ പിൻവലിച്ചതോടെ പൊലീസ് മടങ്ങിപ്പോയി. പക്ഷേ, താൻ വാക്കുകളെ ‘മടക്കിവിളിക്കില്ലെന്നും’ പറയാനുള്ളത് ഇനിയും  തുറന്നു പറയുമെന്നും ജസ്റ്റിസ് ബി. കെമാൽപാഷ മനോരമയോട്....

താങ്കൾക്കു സായുധ സുരക്ഷ ഏർപ്പെടുത്താനുള്ള സാഹചര്യം എന്തായിരുന്നു?

ഞാൻ ആവശ്യപ്പെട്ടിട്ടല്ല എനിക്കു സുരക്ഷ തന്നത്. തിരുവനന്തപുരത്തു ജഡ്ജിയായിരിക്കെ, അട്ടക്കുളങ്ങര ബോംബ് കേസിന്റെ വിചാരണ നടക്കുന്ന സമയത്താണ് എനിക്കാദ്യം പൊലീസ് സുരക്ഷ നൽകിയത്. പിന്നീട് അതു തുടർന്നു. ഭീകരസംഘടനയായ ഐഎസ് ഭീഷണിയുണ്ടെന്നു 2 വർഷം മുൻപ് സ്പെഷൽ ബ്രാഞ്ച് അറിയിച്ചു.

തുടർന്നു സായുധസുരക്ഷ ഏർപ്പെടുത്തി. കനകമല കേസിലെ പ്രതികളെ പിടികൂടിയപ്പോൾ അവരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നു ഞാനാണെന്നു പൊലീസ് കണ്ടെത്തി. ഞാൻ എല്ലാ കാര്യങ്ങളും തുറന്നു പറയുന്നതാണു പ്രശ്നമെന്ന് അന്നു പൊലീസ് പറഞ്ഞു. ഇങ്ങനെ തുറന്നു പറയുന്നതു കുറയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഞാൻ വഴങ്ങിയില്ല. ഒടുവിൽ പൊലീസിന്റെ ആവശ്യപ്രകാരം പൊതുപരിപാടികൾ കുറച്ചു.

ഇപ്പോൾ എന്തുകൊണ്ടാണ് പെട്ടെന്നു സായുധസുരക്ഷ പിൻവലിച്ചത്? താങ്കൾ സംസ്ഥാന സർക്കാരിനെ പ്രകോപിപ്പിച്ചോ?

പൊലീസ് അസോസിയേഷന്റെ നിരന്തര സമ്മർദമാണ് സുരക്ഷ പിൻവലിക്കാൻ‌ സർക്കാരിനെ പ്രേരിപ്പിച്ചതെന്നാണു മനസ്സിലാക്കുന്നത്. പൊലീസ് നല്ലതു ചെയ്താൽ അതു ഞാൻ പറയും; ഇല്ലെങ്കിൽ അതും പറയും. കൂടത്തായി കൊലക്കേസ് നല്ല രീതിയിലാണു പൊലീസ് അന്വേഷിച്ചത്. പക്ഷേ, വാളയാർ കേസു പോലെ മോശം അന്വേഷണം കണ്ടിട്ടില്ല.

അന്വേഷണ ഉദ്യോഗസ്ഥൻ മോശമായ രീതിയിലാണ് കേസിനെക്കുറിച്ചു പറഞ്ഞത്. അയാൾ വിവരമില്ലാത്തവനാണെന്നും അയാളെ സർവീസിൽ വച്ചുപുലർത്തരുതെന്നും ഞാൻ പറഞ്ഞു. അതിൽ ഉറച്ചു നിൽക്കുന്നു. ‌മാവോയിസ്റ്റുകളെ വെടിവച്ചു കൊലപ്പെടുത്തിയതിനെയും വിമർശിച്ചു; അവരെ വെടിവച്ചു കൊല്ലാൻ നിയമത്തിൽ പറയുന്നില്ല.

മാവോയിസ്റ്റാണെന്ന് ആരോപിച്ച് 2 യുവാക്കളെ അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി പറയുന്നു, അവർ മാവോയിസ്റ്റുകളാണെന്ന്. എന്തോ ചില ലഘുലേഖകളാണ് അവരുടെ കൈകളിലുണ്ടായിരുന്നത്. ആശയ സ്വാതന്ത്ര്യം എല്ലാവർക്കുമില്ലേ; അതു പാടില്ലെന്നു പറയാൻ സർക്കാരിനു കഴിയുമോ? എന്നാൽ, അവർ ഭീകരപ്രവർത്തനത്തിലേക്കു നീങ്ങുകയോ ഭീകരസംഘടനയിൽ അംഗമാകുകയോ ചെയ്താൽ പ്രശ്നമാണ്. 

സിനിമാ ലൊക്കേഷനുകളിൽ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്നു നിർമാതാക്കൾ പറഞ്ഞപ്പോൾ, അതെക്കുറിച്ച് അന്വേഷിക്കാൻ പരാതിയും തെളിവും വേണമെന്നാണു സംസ്ഥാന മന്ത്രി പ്രതികരിച്ചത്. ഇത്ര ലാഘവത്തോടെയുള്ള പ്രതികരണം വിവരക്കേടാണെന്നു ഞാൻ പറഞ്ഞു. സർക്കാരിന് ഇഷ്ടമുള്ള കാര്യങ്ങളായിരിക്കില്ല ഞാൻ പറഞ്ഞത്. ഇതൊക്കെ പ്രകോപിപ്പിച്ചിട്ടുണ്ടാകും. സെപ്റ്റംബർ 30നു സുരക്ഷ പിൻവലിച്ചെന്നാണു പറയുന്നത്. അതു കള്ളമാണ്. അവർ എന്നോടു പറഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസമാണ് എന്നെ അറിയിച്ചത്. ഞാൻ പൊലീസുകാരെ തിരിച്ചയയ്ക്കുകയും ചെയ്തു.

സമ്മർദം ചെലുത്തി നിശ്ശബ്ദനാക്കാമെന്നു സർക്കാർ കരുതിയിട്ടുണ്ടാകുമോ?

എന്നെയിപ്പോൾ ആർക്കും എന്തും ചെയ്യാം. പക്ഷേ, ഇതുകൊണ്ടൊന്നും ഞാൻ നിർത്തില്ല. പറയാനുള്ളത് ഇനിയും പറയും. പൊതുജനത്തിന്റെ പിന്തുണ എനിക്കുണ്ട്. സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരെ തരാമെന്നു പോലും പലരും വിളിച്ചു പറഞ്ഞു. അതൊന്നും എനിക്കു വേണ്ട. ഇനി ദൂരയാത്രകൾ ഒഴിവാക്കേണ്ടി വരും. മറ്റു മാർഗമില്ല. പക്ഷേ, അതിന്റെ പേരിൽ പ്രതികരിക്കരുതെന്നു പറഞ്ഞാൽ നടക്കില്ല. എനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം സർക്കാരിനാണ്.

സാധാരണ പൗരന് നമ്മുടെ നാട്ടിൽ സുരക്ഷയില്ലെന്നാണോ താങ്കൾ കരുതുന്നത്?

കിട്ടുന്നതെന്തും സഹിച്ചു കഴിയുകയെന്നതല്ല പൗരധർമം. പ്രതികരണശേഷി ഇല്ലാത്തവൻ പൗരനല്ല. സഹജീവികൾക്കൊരു പ്രശ്നമുണ്ടായാൽ ഇടപെടുകയെന്നതാണു പൗരധർമം. അങ്ങനെ ചെയ്യുന്ന ഒരാൾക്കു സുരക്ഷ ലഭിക്കുന്നില്ലെങ്കിൽ, അവരെ ക്രിമിനലുകൾക്കു വിട്ടുകൊടുക്കുകയാണെങ്കിൽ, പിന്നീട് ആരെങ്കിലും അതിനു തയാറാവുമോ? ഒട്ടേറെപ്പേർ പിന്നാക്കം പോകും. പക്ഷേ, സർക്കാർ മൂഢന്മാരുടെ സ്വർഗത്തിലാണ്. ഞാൻ പിന്നാക്കം പോകില്ല. ശബ്ദമില്ലാത്തവർക്കു വേണ്ടി ഇനിയും ശബ്ദിക്കും.

സർക്കാരിനെ വിമർശിക്കാൻ പാടില്ല എന്നൊരു ധാരണ പൊതുവേ സമൂഹത്തിലുണ്ടാകുന്നുണ്ടോ? 

എന്റെ അനുഭവം തന്നെ പോരേ? ഇവിടെ സർക്കാരിനെ വിമർശിക്കാൻ പാടില്ല. അപ്രിയ സത്യങ്ങൾ വിളിച്ചു പറയരുത്. നാവില്ലാത്ത ഒട്ടേറെയാളുകൾ ഇവിടെയുണ്ട്. ശബ്ദിക്കാൻ അവർക്കു നിവൃത്തിയില്ല. സത്യങ്ങൾ വിളിച്ചു പറയുന്നവരുടെ വായടപ്പിക്കാനാണു നോക്കുന്നത്. ആ പ്രവണത കൂടിക്കൂടി വരികയാണ്. നമുക്കിടയിലും അസഹിഷ്ണുത വ്യാപിക്കുന്നു. ഇതിനെതിരെ സമൂഹം പ്രതികരിക്കണം. 

വാളയാറിലെ പെൺകുട്ടികളുടെ കാര്യം നോക്കൂ. അവർ കൊല്ലപ്പെടുകയായിരുന്നു. അവർ എങ്ങനെയാണു മരിച്ചതെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതു പൊലീസിന്റെ വീഴ്ചയല്ലേ? ഇങ്ങനെയൊക്കെ ഉണ്ടാകുമ്പോൾ ജനരോഷമുണ്ടാകും. സമൂഹം പ്രതികരിക്കാൻ തുടങ്ങിയാൽ ഒരു ഭരണകൂടത്തിനും പിടിച്ചു നിൽക്കാനാവില്ല. അതു ലോകം കണ്ടിട്ടുള്ളതാണ്. 

നമ്മുടെ നിയമസംവിധാനത്തിലും കാലാനുസൃതമായ മാറ്റങ്ങളുണ്ടാകേണ്ടതില്ലേ?

ജനങ്ങളുടെ ഇച്ഛയ്ക്കനുസരിച്ചു നിയമം മാറേണ്ടതുണ്ട്. ഇത്രത്തോളം പഴയ സംവിധാനത്തിൽനിന്നു നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്കു മാറ്റമുണ്ടാകണം. അതു മാറിയില്ലെങ്കിൽ ജനം തെരുവിലിറങ്ങും. ‘ഈ നിയമം ഞങ്ങൾക്കു വേണ്ട; ഞങ്ങളുടെ നീതി ഞങ്ങൾ നോക്കിക്കൊള്ളാമെന്നു’ ജനം പറയുന്ന കാലം വരും. അതു ജനാധിപത്യപ്രക്രിയയ്ക്കു ഹാനികരമാണ്. നിയമത്തിലും നീതിന്യായ വ്യവസ്ഥയിലും കാലാനുസൃത മാറ്റങ്ങൾ വരണം.

ഹൈദരാബാദ് സംഭവത്തിൽ സാധാരണക്കാരന്റെ മനഃശാസ്ത്രമാണു പ്രകടമായത്. പീഡനത്തിനിരയായ കുട്ടിയുടെ അച്ഛനോട് പ്രതിയെ എന്തു ചെയ്യണമെന്നു ചോദിച്ചാൽ, വെടിവച്ചു കൊല്ലണമെന്നാകും പറയുക. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം നീതി അതാണ്. എന്നാൽ, അതൊരു പരിഷ്കൃതസമൂഹത്തിനു യോജിച്ചതല്ല. 

ജനങ്ങൾ‌ ഇഷ്ടപ്പെടുന്ന കാര്യമാണു ഹൈദരാബാദിൽ പൊലീസ് ചെയ്തത്. എന്നാൽ, അതു യഥാർഥ നീതിയല്ല. നീതി നിയമാനുസൃതമായിരിക്കണം.

ഇന്ത്യൻ ജനാധിപത്യത്തിൽ മുസ്‌ലിമിനു ഭാവിയില്ലെന്നു താങ്കൾ മുൻപ് അഭിപ്രായപ്പെട്ടിരുന്നു. എന്താണ് അങ്ങനെ തോന്നാൻ കാരണം?

ഒരുപാടു കാര്യങ്ങൾ ഒരു പ്രത്യേക വിഭാഗത്തിനെതിരായി വരികയാണ്. ഒരു പ്രത്യേക വിഭാഗത്തെ ഭീകരരെന്നു വിശേഷിപ്പിക്കാനായി കരുതിക്കൂട്ടിയുള്ള ശ്രമമുണ്ടായതായി മനസ്സിലാക്കുന്നു. ആൾക്കൂട്ട ആക്രമണങ്ങളിലെല്ലാം കൊല്ലപ്പെടുന്നത് ഒരു പ്രത്യേക വിഭാഗക്കാരാണ്. ഒരാളൊരു പശുവിനെ നാട്ടിലൂടെ കൊണ്ടുപോകുന്നതുകൊണ്ട് എന്താണു തെറ്റ്‌; അതു നമ്മുടെ അവകാശമല്ലേ?

English Summary: Justice Kemal Pasha against Pinarayi Government on Withdrawing Security

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com