ADVERTISEMENT

ഉള്ളിയും സവാളയും കഴിക്കാത്ത ഒരുപാടു പേർ ഇന്ത്യയിലുണ്ട്. അവർക്ക് ഉള്ളിയും സവാളയും ഗോമാംസം പോലെ വർജ്യമാണ്. എന്നാൽ, പാവപ്പെട്ട പലർക്കും ഗോമാംസമോ അജമാംസമോ കുക്കുടമാംസമോ വാങ്ങിക്കഴി‍‍ക്കാനുള്ള പാങ്ങില്ല. നിർമല സീതാരാമനും കുടുംബത്തിനും പോഷകാഹാരക്കുറവു പരിഹരിക്കാൻ സോയ ചങ്സ് വാങ്ങി ഉള്ളിയിടാതെ കുറുമയോ ചില്ലിയോ ടിക്കയോ ഉണ്ടാക്കിയാൽ മതി. പക്ഷേ, സാധാരണക്കാർക്കു സോയ ചങ്സ് വാങ്ങുകയെന്നല്ല, സ്വപ്നം കാണാൻ പോലും കഴിയില്ല. പാവപ്പെട്ടവന്റെ ഇറച്ചിയായ സവാളയ്ക്കു കിലോഗ്രാമിന് 1000 രൂപ വിലയായാലും നിർമല സീതാരാമനോ മറ്റു സസ്യാഹാരികളായ കേന്ദ്രമന്ത്രിമാർക്കോ പ്രശ്നമില്ല.

സവാളയോ ഉള്ളിയോ വാങ്ങാമെന്നു വച്ചാൽ കീശ കീറുന്ന വിലയാണു മാർക്കറ്റിൽ. സവാളയും ഉള്ളിയും ഉപേക്ഷിച്ചാൽ പ്രശ്നം തീരുമെന്നാണു കേന്ദ്രമന്ത്രിമാർ പറയുന്നത്. ജനങ്ങൾക്ക് അപ്പം കിട്ടുന്നില്ലെങ്കിൽ എന്തുകൊണ്ട് കേക്ക് തിന്നുകൂടാ എന്നു ചോദിച്ച, ഫ്രഞ്ച് ചക്രവർത്തി ലൂയി 14–ാമന്റെ ഭാര്യ മേരിക്ക് നൂറ്റാണ്ടുകൾക്കു ശേഷം ഒരു ഇന്ത്യൻ പതിപ്പ് ഇറങ്ങിയതു ശരിക്കും ആഘോഷിക്കേണ്ട കാര്യമാണ്.

രാജ്യാന്തര മാധ്യമങ്ങൾ ഇതു കണ്ടില്ലെന്നു നടിക്കുന്നത് അഖണ്ഡഭാരതം അങ്ങനെയങ്ങു നിഗളിക്കേണ്ടെന്നു കരുതിയാണ്. എന്നാൽ, ദേശീയ മാധ്യമങ്ങളും പ്രാദേശിക മാധ്യമങ്ങളും ഇതു വേണ്ടരീതിയിൽ ഏറ്റെടുക്കാത്തത് എന്തുകൊണ്ടാണെന്നു മനസ്സിലാകുന്നില്ല. ഒരു ഇന്ത്യൻ വനിത, ഫ്രഞ്ച് ചക്രവർത്തിനിയുടെ നിലവാരത്തിലേക്ക് ഉയർന്നത് ഏറ്റവും ചുരുങ്ങിയതു സംഘപരിവാർ സഹയാത്രികരായ മാധ്യമങ്ങളെങ്കിലും ലോകശ്രദ്ധയിൽപെടുത്തേണ്ടതല്ലേ?

പി.ചിദംബരത്തിന് അറിയേണ്ടത് നിർമല സീതാരാമൻ വെണ്ണപ്പഴം കഴിക്കുമോ എന്നാണ്. മഹാരാജ രാജശ്രീ നാട്ടുക്കോട്ട ചെട്ടിയാർ 105 ദിവസം തിഹാർ ജയിലിൽ കഴിഞ്ഞതുകൊണ്ട് ഇപ്പോഴും ഗോതമ്പുണ്ടയാണു കഴിക്കുന്നത്. തരംപോലെ അതു വെണ്ണപ്പഴമെന്നോ ചിക്കൻ ടിക്കയെന്നോ ഒക്കെ സങ്കൽപിക്കും. മരാരാശ്രീക്കു വേണമെങ്കിൽ ചെട്ടിനാട് ചിക്കൻ കഴിക്കാൻ ആവതില്ലാത്തതു കൊണ്ടല്ല. ഭക്ഷണത്തിന്റെ സ്വാദ് അതു കഴിക്കുന്നവന്റെ മനസ്സിലാണു രൂപപ്പെടുന്നത്. അരിമാവു കലക്കി പാലാണെന്നു പറഞ്ഞു പാണ്ഡവർ അശ്വത്ഥാമാവിനു കൊടുത്താൽ പാവത്തിന് അതു പാലുതന്നെ!

കേന്ദ്രമന്ത്രി അശ്വിനികുമാർ ചൗബേക്ക് ഉള്ളിയും സവാളയും തീർത്തും അലർജിയാണ്. യക്ഷിക്കു ചുണ്ണാമ്പു പോലെയാണ് അദ്ദേഹത്തിന് ഈ രണ്ട് ഐറ്റങ്ങളും. അതു കാണിച്ചാൽ അദ്ദേഹം നാലയലത്ത് അടുക്കില്ല. മോദിജി, അമിത് ഷാജി തുടങ്ങിയവർക്കും ഉള്ളിവില കൂടിയതു പ്രശ്നമാകാൻ സാധ്യതയില്ല. അവർ ഉണക്കച്ചപ്പാത്തി ഉള്ളിയില്ലാതെ വെറും പച്ചമുളകു കൂട്ടി കഴിക്കും. രണ്ടു കഷണം മുള്ളങ്കി കൂടി കിട്ടിയാൽ ഭേഷായി. പിന്നെ ഒരു കോപ്പ ലെസി കൂടി കുടിച്ച് ഏമ്പക്കം വിടും. ഇതിനെയാണു രാഷ്ട്രഭാഷയിൽ റോട്ടി, മിർച്ചി, മൂലി എന്നു വിശേഷിപ്പിക്കുന്നത്. സാധാരണക്കാർ ചെയ്യുന്നത് അതിന്റെ കൂടെ പ്യാജ് (സവാള) വേണമെന്നു നിർബന്ധം പിടിക്കുകയാണ്. പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ധനമന്ത്രിക്കും നിർബന്ധമില്ലാത്ത ആഡംബരം വേണമെന്നു കോമൺ മാൻ വാശിപിടിക്കുന്നത് അൽപം കടുപ്പമാണ്.

ആൾക്കൂട്ടത്തിൽ തനിയെ 

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയാണു കോൺഗ്രസ് എന്നാണു കോൺഗ്രസുകാർ മേനി നടിക്കുന്നത്. അവിടെ കാലാകാലങ്ങളിൽ ജനാധിപത്യം പൂക്കുകയും കായ്ക്കുകയും ചെയ്യും. തേക്കില്ലാത്ത തേക്കിൻകാടും മുതലയില്ലാത്ത മുതലക്കുളവും പോലെയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനമെന്നു പരിഹസിക്കുന്നവരും കുറവല്ല. 

കെപിസിസിക്ക് ഒരുപാടു ഭാരവാഹികൾ വേണമെന്നു വാദിക്കുന്നവർക്കു മറുപടി പറയാൻ മുല്ലപ്പള്ളി രാമചന്ദ്രൻ ബാധ്യസ്ഥനല്ല. പ്രസിഡന്റായി താനും കൂടെ 2 വർക്കിങ് പ്രസിഡന്റുമാരും ഉണ്ടെങ്കിൽ പ്രസ്ഥാനം നടത്തുകയോ വേണ്ടിവന്നാൽ ഓടിക്കുകയോ ചെയ്യാമെന്ന് അദ്ദേഹം തെളിയിച്ചതാണ്. ഭാരവാഹികളുടെ അക്ഷൗഹിണിപ്പടയുടെ അഭാവം മൂലം അടുത്ത കാലത്തു നടന്ന തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്കു വലിയ തട്ടുകേടൊന്നും സംഭവിച്ചിട്ടില്ല.

അപ്പോഴാണ് മഹാജംബോ കമ്മിറ്റിയുടെ പട്ടിക  ഹൈക്കമാൻഡിനു മുൻപിലെത്തിയത്.  ജംബോ എന്നാൽ പണ്ടു കാലത്തു ലണ്ടൻ മൃഗശാലയിലും പിന്നീടു യുഎസിലെ ബാർനം ആൻഡ് ബെയ്‌ലി സർക്കസിലും ഉണ്ടായിരുന്ന ഒരു പടുകൂറ്റൻ ആനയായിരുന്നു എന്നാണു കേട്ടുകേൾവി. അപ്പോൾ പിന്നെ, മഹാജംബോ എന്നൊക്കെ മാധ്യമങ്ങൾ പ്രചരിപ്പിച്ചപ്പോൾ മുല്ലപ്പള്ളിയാശാൻ അൽപം വിരണ്ടുപോയി.ആനയെയല്ല, ആട്ടിൻകുട്ടിയെപ്പോലും മേയ്ച്ചും മെരുക്കിയും അദ്ദേഹത്തിനു പരിചയമില്ല. തോട്ടി, കത്തി, ചെറിയകോൽ, വലിയകോൽ തുടങ്ങിയ ആയുധങ്ങൾ അദ്ദേഹം കണ്ടിട്ടു പോലുമില്ല. അഹിംസയാണ് അദ്ദേഹത്തിന്റെ അടിസ്ഥാന പ്രമാണം. ആയുധങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി സേഫ്റ്റി പിൻ പോലും അദ്ദേഹം ഉപയോഗിക്കാറില്ല. പിന്നെങ്ങനെ അദ്ദേഹം ആനയെ ചട്ടം പഠിപ്പിക്കും. 

ജംബോയെക്കാൾ പതിന്മടങ്ങു വലുതാണു മഹാജംബോ. അതിനെയൊന്നും നോക്കി നടത്താൻ പാവം ചോമ്പാൽ ഗാന്ധിയെന്നു ജഗദ്പ്രസിദ്ധനായ മുല്ലപ്പള്ളിയാശാനെക്കൊണ്ടു പറ്റുന്ന കാര്യമല്ല.അതുകൊണ്ടാണ് കെപിസിസിക്കു വേണ്ടത് ആൾക്കൂട്ടമല്ലെന്ന് അദ്ദേഹം പറഞ്ഞത്. അല്ലാതെ, ഞാൻജിയും മോൻജിയും പിന്നെ മോൾജിയുമെന്ന ചിന്ത അദ്ദേഹത്തെ അശേഷം തൊട്ടുതീണ്ടിയിട്ടില്ല.

പിന്നെ കോൺഗ്രസ് എക്കാലത്തും ആൾക്കൂട്ടമായിരുന്നുവെന്നു പറയുന്നവരുണ്ട്. എന്നാൽ, ആൾക്കൂട്ടത്തിലാണെങ്കിലും തനിച്ചു നിൽക്കാനാണു ചോമ്പാൽ ഗാന്ധിക്കിഷ്ടം. എൻവഴി തനിവഴിയെന്ന ‘പടയപ്പ’യിലെ ഡയലോഗ് അദ്ദേഹം അടക്കിയ ശബ്ദത്തിൽ പറയുന്നതു കേട്ടവരുണ്ട്. 

സ്പീഡ് കൂടണ്ടേ?

സംസ്ഥാന സർക്കാരിനു സ്പീഡ് പോരെന്ന പരാതി പൊതുവേ പല കോണുകളിൽനിന്നും ഉയരുന്നുണ്ട്. സ്പീഡ് പരമാവധി കൂട്ടാൻ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പരമാവധി ശ്രമിക്കുന്നുമുണ്ട്. എന്നാൽ, സംസ്ഥാനത്തെ റോഡുകളുടെ സ്ഥിതി കാരണം ഉദ്ദേശിച്ച സ്പീഡിൽ എത്താൻ കഴിയുന്നില്ലെന്നതാണു വാസ്തവം. കിഫ്ബിയൊക്കെ പണി തുടങ്ങിയിട്ടല്ലേയുള്ളൂ. മരാമത്തു വകുപ്പിന് ഒരു പണി കൊടുത്ത് അവർ കേരളത്തിലെ റോഡുകൾ മിനുക്കുമ്പോഴേക്കും കുറച്ചുകാലം പിടിക്കും.

സ്പീഡ് കൂട്ടാൻ ആകെയുള്ള മാർഗം കരമാർഗം ഒഴിവാക്കി യാത്ര ആകാശമാർഗമാക്കുന്നതാണ്. അതിനാണ് ഒരു ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുകയെന്ന കടുംകൈ ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. എന്നുവച്ച് മന്ത്രിമാരെല്ലാം അതിൽ കയറി തലങ്ങും വിലങ്ങും പറക്കുമെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. മാവോയിസ്റ്റുകൾ സംസ്ഥാനത്തെ കാടുകളിൽ കമ്യൂണിസ്റ്റ് പച്ച പോലെ പെരുകുകയാണ്. പോരാത്തതിന് അർബൻ മാവോയിസ്റ്റുകൾ നാട്ടിലും പെരുകുന്നു. ഇവരെയൊക്കെ തെലങ്കാന മോഡലിൽ ഉന്മൂലനം ചെയ്യണമെങ്കിൽ നടരാജ മോട്ടോഴ്സോ കാൽനട ട്രാൻസ്പോർട്ടോ കൊണ്ടു സാധിക്കില്ല.

അങ്ങനെ മാവോയിസ്റ്റുകളെ ‘അനിഹിലേറ്റ്’ ചെയ്യാനുള്ള മാർഗം തേടി പൊലീസ് ഉപദേഷ്ടാവ് ശ്രീവാസ്തവാജിയും പൊലീസ് മേധാവി ബെഹ്റാജിയും ഏതോ കണിയാനെക്കണ്ടു കവടി നിരത്തിച്ചപ്പോഴാണ് ഹെലികോപ്റ്റർ മാത്രമാണു പോംവഴിയെന്നു കണ്ടെത്തിയത്. വെറ്റില ജ്യോതിഷിയെയും കണ്ടു. വെറ്റിലയിലെ മഷിയിൽ തെളിഞ്ഞതു ഹെലികോപ്റ്ററിന്റെ രൂപം. നാഡിജ്യോതിഷിയെക്കണ്ടു ഗ്രന്ഥക്കെട്ടു പരിശോധിച്ചപ്പോഴും ഹെലികോപ്റ്റർ തന്നെയായിരുന്നു പരിഹാരമായി നിർദേശിക്കപ്പെട്ടത്. അതുകൊണ്ടാണ് പൊലീസിനായി ഒരു ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാൻ അവർ ശുപാർശ ചെയ്തത്. മന്ത്രിമാർക്ക് ഉല്ലാസയാത്ര നടത്താനായിരുന്നെങ്കിൽ വല്ല ജെറ്റ് വിമാനത്തിനും ഓർഡർ നൽകാമായിരുന്നല്ലോ.

പിന്നെ കൈതമുക്കിലെ കുട്ടികൾ മണ്ണു തിന്നാലും ബത്തേരിയിലെ കുട്ടിയെ പാമ്പു കടിച്ചാലും മുഖ്യമന്ത്രിയും മന്ത്രിമാരും പടലയോടെ അവിടം സന്ദർശിക്കണമെന്നു പ്രതിപക്ഷം വാശിപിടിച്ചാൽ ചിലപ്പോൾ അവരും ഹെലികോപ്റ്റർ ഉപയോഗിച്ചെന്നു വരും. അതിനെ ഉല്ലാസയാത്രയായി ചിത്രീകരിക്കുന്നതു മര്യാദകേടാണ്.

സ്റ്റോപ് പ്രസ്: ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും പേരിനൊപ്പം എങ്ങനെ ഗാന്ധിയെന്ന പേരു വന്നുവെന്നു വെളിപ്പെടുത്തണമെന്ന് ദേവികുളം എംഎൽഎ എസ്.രാജേന്ദ്രൻ.

പഴയ സാമൂഹികപാഠം പുസ്തകം പരതിയാൽ തീരുന്ന പ്രശ്നമേയുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com