ADVERTISEMENT

ശിഷ്യനാകാനെത്തിയ യുവാവിനോട് ഗുരു പറഞ്ഞു, ‘‘നിനക്ക് അറിയാവുന്ന കാര്യങ്ങളും അറിയാത്ത കാര്യങ്ങളും കടലാസിൽ എഴുതിക്കൊണ്ടു വരൂ. നിനക്കറിയുന്ന കാര്യങ്ങളെക്കുറിച്ചു പറഞ്ഞ് നിന്റെ സമയം പാഴാക്കുന്നതു ശരിയല്ലല്ലോ’’. 

ആലോചിച്ചു തുടങ്ങിയ യുവാവ് ചിന്താക്കുഴപ്പത്തിലായി. ദൈവത്തെക്കുറിച്ച് അറിയാം; ദൈവത്തെ അറിയില്ല. സഹോദരനെക്കുറിച്ച് അറിയാം; സഹോദരനെ അറിയില്ല. അയാൾ ഗുരുവിന്റെ അടുത്തെത്തി പറഞ്ഞു, ‘‘എനിക്ക് ഒന്നുമറിയില്ല’’. ഗുരു പറഞ്ഞു, ‘‘ഇനി പഠനം തുടങ്ങാം. ഒന്നുമറിയില്ല എന്ന തിരിച്ചറിവാണ് പഠനത്തിന് ആദ്യം വേണ്ടത്’’. 

എല്ലാ അറിവുകളും വിഷയകേന്ദ്രീകൃതവും സന്ദർഭാനുസൃതവുമായിരിക്കും. ആഴത്തിലുള്ള ഗവേഷണം പോലും നിർദേശങ്ങൾക്കും നിബന്ധനകൾക്കും വിധേയമാണ്. പരിധി നിശ്ചയിച്ചുള്ള പര്യവേക്ഷണങ്ങളുടെ പരിമിതിയിൽനിന്നു നേടിയ അറിവിന്റെ പേരിൽ അഹങ്കരിക്കുന്നവർ, തങ്ങൾ നേടിയ അറിവ് സർവവിജ്ഞാനകോശത്തിൽ അടയാളപ്പെടുത്താൻ ശ്രമിക്കണം. അപ്പോൾ മനസ്സിലാകും, ആ അറിവ് എത്രയോ ചെറുതാണെന്ന്. സ്വന്തം കണ്ടെത്തൽ എന്നവകാശപ്പെടുന്ന പലതും ഭാവഭേദങ്ങളോടെ മുൻപേ നിലനിന്നിരുന്നതാണ്. 

ഒന്നുമറിയാത്ത ആരെങ്കിലുമുണ്ടോ എന്ന ചോദ്യം പോലെ പ്രസക്തമാണ് എല്ലാമറിയുന്ന ആരെങ്കിലുമുണ്ടോ എന്ന ചോദ്യവും. ഇനിയുമറിയാനുണ്ട് എന്ന മനോഭാവമാണ് അറിവിന്റെ ആരംഭം. വിദ്യാഭ്യാസത്തെ ‘തൊഴിലധിഷ്ഠിതം’ മാത്രമായി ചുരുക്കുമ്പോൾ അറിവ് ചില വിഷയങ്ങളെ മാത്രം അധികരിച്ചാകും. സമ്പാദിക്കുന്ന അറിവിന് തൊഴിൽ നേടുന്നതോടെ പൂർണവിരാമവും ഇടും. ജീവിതത്തിന്റെ ആദ്യ മൂന്നിലൊന്നു ഭാഗത്ത് സമ്പാദിച്ച അറിവുകൊണ്ട് പിന്നീടുള്ള മൂന്നിൽ രണ്ടു ഭാഗം ജീവിച്ചു തീർക്കുന്നത് വ്യക്തിപരാജയം മാത്രമല്ല, സാമൂഹികദുരന്തം കൂടിയാണ്.

ചില പഠനങ്ങൾ തുടർച്ചയാണ്; ചില പഠനങ്ങൾ പഴയതിന്റെ തകർച്ചയും പുതിയതിന്റെ തുടക്കവുമാണ്; മറ്റു ചിലത് മുൻപു പഠിച്ചവയുടെ ഓർമപ്പെടുത്തലും തീർച്ചപ്പെടുത്തലുമാണ്. എല്ലാ അധ്യയനങ്ങളിലും, സന്നദ്ധവും സുതാര്യവുമായ മനസ്സാണു പ്രധാനം. സ്വയം ശൂന്യമാകാനും എന്തിനെയും സ്വീകരിക്കാനും തയാറുള്ളവർക്കേ ജ്ഞാനം സാധ്യമാകൂ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com