ADVERTISEMENT

ഒന്നാം മോദി സർക്കാരിന്റെ കാലത്തു ഡൽഹിയുടെ ഭരണം പിടിക്കാൻ കഴിയാതെ പോയതിന്റെ ക്ഷീണം രണ്ടാം മോദി സർക്കാരിന്റെ കാലത്തു തീർക്കാനുള്ള പ്രയത്നത്തിലാണ് ബിജെപി.

ഡൽഹി മുഖ്യമന്ത്രി സ്ഥാനം 2 ദശകമായി ബിജെപിക്കു കിട്ടാക്കനിയാണ്. പരിമിതമായ അധികാരങ്ങളോടെ ഡൽഹിക്കു സംസ്ഥാന പദവി നൽകിയശേഷം നടന്ന 1993ലെ ആദ്യ തിരഞ്ഞെടുപ്പിൽ മാത്രമാണ് അവർക്കു ഭരണം പിടിക്കാനായത്. തുടർന്നു നടന്ന 5 തിരഞ്ഞെടുപ്പുകളിൽ മൂന്നു വട്ടം കോൺഗ്രസിനോടും രണ്ടു വട്ടം ആം ആദ്മി പാർട്ടിയോടും (എഎപി)  തോറ്റു. ഇത്തവണ ഡൽഹി പിടിക്കാനുള്ള പോരിന്റെ സംഘടനാച്ചുമതല കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർക്കാണ്. ഒട്ടേറെ വകുപ്പുകളുടെ ചുമതലയുള്ള ജാവഡേക്കർ, കർണാടക, രാജസ്ഥാൻ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ കഴിഞ്ഞ 2 വർഷത്തിനിടെ നടന്ന തിരഞ്ഞെടുപ്പുകളിലും അവിടങ്ങളിലെ പാർട്ടിച്ചുമതല വഹിച്ചിരുന്നു.

ഡൽഹിയിലെ അന്തരീക്ഷം ബിജെപിക്ക് അനുകൂലമാക്കാൻ കേന്ദ്രസർക്കാർ ആവുന്നതെല്ലാം ചെയ്യുന്നുണ്ട്. നയതന്ത്രതലത്തിൽനിന്നു രാഷ്ട്രീയത്തിലേക്കു വന്ന ഹർദീപ് പുരിക്കായിരുന്നു ഡൽഹിയിലെ ലോക്സഭാ തിരഞ്ഞെടുപ്പു തന്ത്രങ്ങൾ രൂപീകരിക്കാനുള്ള ചുമതല. നിയമസഭാ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടുള്ള പാർട്ടി നയംമാറ്റങ്ങൾക്കു പുരിയാണു മുൻകയ്യെടുത്തത്. ഒട്ടേറെ വോട്ടർമാരുള്ള ഡൽഹിയിലെ അനധികൃത കോളനികൾക്ക് അംഗീകാരം നൽകാനുള്ള തീരുമാനം അതിലൊന്നായിരുന്നു. യുപി, ബിഹാർ സംസ്ഥാനങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരുടെ കൺവൻഷനിൽ പുരി പറഞ്ഞത്, ബിജെപി സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരിയാണു മുഖ്യമന്ത്രി സ്ഥാനാർഥിയെന്നാണ്. എന്നാൽ, സ്ഥാനമോഹികളായ മറ്റു നേതാക്കൾ കേന്ദ്രനേതൃത്വത്തോടു പരാതിപ്പെട്ടതോടെ പുരി ആ പ്രസ്താവന പിൻവലിച്ചു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ 7 മണ്ഡലങ്ങളും പിടിക്കാൻ ബിജെപിക്കു കഴിഞ്ഞെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥിതി വേറെയാണ്. ജനപ്രിയ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനോടും കുറ്റമറ്റ സംഘടനാ ശക്തിയുള്ള എഎപിയോടുമാണു ബിജെപിക്ക് ഏറ്റുമുട്ടേണ്ടത്. 2013ൽ കോൺഗ്രസിന്റെ പുറത്തുനിന്നുള്ള പിന്തുണയോടെ കേജ്‌രിവാൾ സർക്കാരുണ്ടാക്കിയെങ്കിലും അതിനു ചെറിയ ആയുസ്സേ ഉണ്ടായുള്ളൂ. 2015ൽ നടന്ന തിരഞ്ഞെടുപ്പിൽ ആകെയുള്ള 70 സീറ്റുകളിൽ 67 എണ്ണവും പിടിച്ചെടുത്താണ് എഎപി‌ മഹാവിജയം സ്വന്തമാക്കിയത്. ബിജെപിക്കു 3 സീറ്റു മാത്രം ലഭിച്ചു. കോൺഗ്രസിന് ഒന്നും കിട്ടിയില്ല.

ഇത്തവണ ബിജെപി വൈസ് പ്രസിഡന്റ് ശ്യാം ജാജു, കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ്‌ വർധൻ എന്നിവരുൾപ്പെട്ട പ്രകാശ് ജാവഡേക്കറുടെ സംഘം വേണം കേജ്‌രിവാളിനെ തോൽപിക്കാനുള്ള പുതുതന്ത്രത്തിനു രൂപം കൊടുക്കാൻ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായുള്ള സഖ്യനീക്കങ്ങളുമായി അവസാന നിമിഷം വരെ ശങ്കിച്ചുനിന്ന എഎപി, ഒടുവിൽ ബിജെപിക്കെതിരെ തനിച്ചു മത്സരിച്ചു സമ്പൂർണ പരാജയം ഏറ്റുവാങ്ങി. എന്നാൽ, ഫെബ്രുവരിയിൽ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അത്തരം ആശയക്കുഴപ്പങ്ങളൊന്നുമില്ല. ഡൽഹി വോട്ടർമാർക്കായി വിദ്യാഭ്യാസം, ശുദ്ധജലം, വൈദ്യുതി നിരക്കുകൾ കുറച്ചുകൊണ്ടു ജനകീയ പിന്തുണ ബലപ്പെടുത്താൻ കേജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും സജീവമായി രംഗത്തുണ്ട്.

ശക്തമായ ഭരണവിരുദ്ധവികാരം നിലനിൽക്കുന്നുവെന്നാണു ബിജെപിയുടെ പ്രചാരണത്തിലെ ഊന്നൽ. ഇതോടെ കേജ്‌രിവാൾ തന്ത്രം മാറ്റിയിട്ടുണ്ട്. ഒരു വർഷം മുൻപുവരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളെ രൂക്ഷമായി വിമർശിച്ചുപോന്ന കേജ്‌രിവാൾ, ബാലാക്കോട്ട് വ്യോമാക്രമണത്തിന്റെ പേരിൽ മോദിയെ തുറന്നു പ്രശംസിക്കാൻ തയാറായി. പിന്നീട് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന്റെ പേരിലും പ്രശംസിച്ചു. ഇതൊക്കെ, കടുത്ത മോദിഭക്തരായ വോട്ടർമാരുടെ അനിഷ്ടം സമ്പാദിക്കാതിരിക്കാനുള്ള തന്ത്രമാണെന്നാണു ബിജെപി നേതാക്കളുടെ കണ്ടെത്തൽ. ഡൽഹിക്കാരെ വിഡ്ഢികളാക്കാനുള്ള ശ്രമമാണു കേജ്‌രിവാളിന്റേതെന്ന് കോൺഗ്രസും കുറ്റപ്പെടുത്തുന്നു.

സാധാരണ തൊഴിലാളികൾ, ഓട്ടോ ഡ്രൈവർമാർ, റിക്ഷാ വലിക്കുന്നവർ, വഴിയോരക്കച്ചവടക്കാർ എന്നിവരടങ്ങുന്ന ഡൽഹിയിലെ വലിയ ജനവിഭാഗത്തിനും ഇടത്തരക്കാർക്കുമിടയിൽ സമ്മതിയുള്ള ഒരു നേതാവിനെ കണ്ടെത്താൻ കഴിയാത്തതാണു ബിജെപി നേരിടുന്ന മുഖ്യപ്രശ്നം. അഞ്ചു വർഷത്തെ (1993 –98) ബിജെപി സർക്കാരിൽ അന്നു 3 മുഖ്യമന്ത്രിമാരുണ്ടായി – മദൻലാൽ ഖുറാന, സാഹിബ് സിങ് വർമ, സുഷമ സ്വരാജ്. 

1998ലെ തിരഞ്ഞെടുപ്പിൽ ഷീല ദീക്ഷിതിനെ മുന്നിൽനിർത്തി, ഉള്ളിവിലക്കയറ്റം ഉയർത്തിക്കാട്ടിയാണു കോൺഗ്രസ് അധികാരത്തിലേറിയത്. അടിസ്ഥാനസൗകര്യ വികസനത്തിലൂന്നി ഷീല ദീക്ഷിത് രണ്ടു തിരഞ്ഞെടുപ്പുകളിൽ കൂടി അധികാരം പിടിച്ചെങ്കിലും ഒടുവിൽ എഎപിയുടെ അഴിമതിവിരുദ്ധ സമരത്തിൽ കസേര വിട്ടിറങ്ങി. 

ഒന്നാം മോദി സർക്കാരിന്റെ കാലത്തു ഡൽഹിയുടെ ഭരണം പിടിക്കാൻ കഴിയാതെ പോയതിന്റെ ക്ഷീണം രണ്ടാം മോദി സർക്കാരിന്റെ കാലത്തു തീർക്കാനുള്ള പ്രയത്നത്തിലാണു ബിജെപി.

English Summary: BJP to retain power in Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com