ADVERTISEMENT

രാജ്യവും സംസ്ഥാനവും അടുത്ത കാലത്തെങ്ങും ദർശിച്ചിട്ടില്ലാത്ത വിധമുള്ള സാമ്പത്തിക പ്രതിസന്ധിയിലൂടെയും മാന്ദ്യത്തിലൂടെയും കടന്നുപോകുകയാണിപ്പോൾ. കേന്ദ്രസർക്കാർ സ്വീകരിച്ച ഉത്തേജന നടപടികൾ എത്രമാത്രം ഉപകരിച്ചെന്നു കാത്തിരുന്നേ വിലയിരുത്താനാകൂ. എന്നാൽ, നിത്യച്ചെലവിനു പോലും പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സംസ്ഥാന സർക്കാർ ഇതുവരെ എന്തു പരിഹാര നടപടികളാണു സ്വീകരിച്ചത് ? കേന്ദ്രം കടമെടുപ്പു പരിധി വെട്ടിക്കുറച്ചതും ജിഎസ്ടി നഷ്ടപരിഹാരഗഡു തരാത്തതുമാണ് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയതെന്നു ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ആവർത്തിക്കുന്നതല്ലാതെ പരിഹാര നടപടികളൊന്നും സ്വീകരിച്ചുകാണുന്നില്ല.

കേന്ദ്ര സഹായം സമയബന്ധിതമായി ലഭിക്കാത്തതു ഖജനാവിനെ ഞെരുക്കത്തിലാക്കിയെന്നതു ശരിതന്നെ. എന്നാൽ, അതു മാത്രമാണോ സംസ്ഥാനത്തെ പ്രതിസന്ധിക്കു കാരണമെന്നു തുറന്നുപറയാൻ സർക്കാർ തയാറാകണം. നികുതി വരുമാനത്തിൽ 30 % വർധനയുണ്ടാകുമെന്നു പ്രതീക്ഷിച്ച ധനമന്ത്രിക്കു മുന്നിൽ 14% മാത്രം വളർച്ചയെന്ന യാഥാർഥ്യം ചോദ്യചിഹ്നമായി നിൽക്കുന്നു. കേന്ദ്രത്തിൽനിന്നു നേരത്തേയുള്ള നഷ്ടപരിഹാരം കൂടി വാങ്ങിയതിനാലാണ് ഇൗ 14 % വളർച്ച പോലും നേടാനായത്. നികുതി വരുമാനം 30 ശതമാനത്തിലേറെ വർധിച്ചാൽ ബജറ്റിൽ പ്രഖ്യാപിച്ചതിലും അധികം പദ്ധതികൾ കൊണ്ടുവരുമെന്നു നിയമസഭയിൽ വാക്കു നൽകിയ മന്ത്രിക്കു പ്രഖ്യാപിച്ച പദ്ധതികൾ 30 % വെട്ടിക്കുറയ്ക്കേണ്ടി വന്നു. ഇനി പദ്ധതികൾ പലതും വേണ്ടെന്നു വയ്ക്കാനും നിർബന്ധിതനാകും.

റോഡുകളും പാലങ്ങളും അടക്കമുള്ള അടിസ്ഥാനസൗകര്യ മേഖലയിൽ ഒരു നിർമാണവും നടത്താൻ കഴിയാതെ നികുതി പിരിച്ചും കടമെടുത്തും കിട്ടുന്ന പണം കൊണ്ട് ശമ്പളവും പെൻഷനും കൊടുക്കുന്ന അവസ്ഥയിലേക്കാണ് ഇപ്പോൾ കേരളത്തിന്റെ പോക്ക്. ഇതിനു ബദലായി അടിസ്ഥാനസൗകര്യ വികസന മേഖലയിൽ കിഫ്ബി വഴി അര ലക്ഷം കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങൾ കാണാതിരുന്നുകൂടാ. എന്നാൽ, സംസ്ഥാനത്തിന്റെ വരുമാനം കൊണ്ടും കുറഞ്ഞ പലിശയ്ക്കുള്ള കടമെടുപ്പു വഴിയും കൊച്ചി മെട്രോ പോലുള്ള വൻകിട പദ്ധതികൾ നടപ്പാക്കിയ ഉദാഹരണം നമുക്കു മുന്നിലുണ്ടെന്നു സർക്കാർ മറക്കരുത്. കിഫ്ബി വഴി 11% പലിശയ്ക്കു വായ്പയെടുത്തു നടപ്പാക്കുന്ന പദ്ധതികൾ കേരളത്തെ വലിയ കടക്കെണിയിലേക്കാണു തള്ളിവിടുന്നത്.

കരാറുകാർക്കും തദ്ദേശ സ്ഥാപനങ്ങൾക്കുമുള്ള തുക മാത്രമല്ല, പ്രളയ ദുരന്തത്തിന് ഇരയായവർക്കുള്ള സഹായം പോലും കുടുങ്ങിക്കിടക്കുന്നെന്നാണു പരാതി. ഉരുൾപൊട്ടൽ കഴിഞ്ഞ് 4 മാസമായിട്ടും കവളപ്പാറയിൽ പുനരധിവാസ ശ്രമങ്ങൾ കാര്യക്ഷമമല്ലെന്നു കാട്ടി നാട്ടുകാർ പ്രക്ഷോഭത്തിന് ഇറങ്ങിയിരിക്കുകയാണ്. അടിയന്തര ആവശ്യങ്ങൾക്കുള്ള ബില്ലുകൾ പാസാക്കി നൽകുമെന്നാണ് സർക്കാർ ഉറപ്പു നൽകുന്നതെങ്കിലും കൃഷിക്കാർക്കുള്ള നഷ്ടപരിഹാരം പോലും കൊടുത്തുതീർക്കാൻ കഴിഞ്ഞിട്ടില്ല. ഇൗ മാസം വിതരണം ചെയ്യേണ്ട ക്ഷേമ പെൻഷനും മുടക്കം കൂടാതെ കൊടുക്കാൻ സർക്കാർ മുൻകയ്യെടുക്കണം. നവകേരള നിർമാണത്തിനു ലോകബാങ്ക് നൽകിയ 1700 കോടി രൂപ പോലും ശമ്പളവും പെൻഷനും വിതരണം ചെയ്യാനായി സർക്കാർ വിനിയോഗിച്ചിരിക്കുകയാണ്. യഥാസമയം പുനർനിർമാണ പദ്ധതികൾ ആരംഭിക്കാനായിരുന്നെങ്കിൽ ഇൗ തുക വകമാറ്റേണ്ടി വരില്ലായിരുന്നു. ഇനി നിർമാണം ആരംഭിക്കുമ്പോൾ സർക്കാരിന്റെ പക്കൽ പണമുണ്ടാകുമെന്ന് എന്താണ് ഉറപ്പ് ?

കയ്യിൽ പണമില്ലാത്തപ്പോൾ ചെലവു ചുരുക്കണമെന്നത് അടിസ്ഥാന സാമ്പത്തിക നയമാണ്. എന്നാൽ, സർക്കാർ വകുപ്പുകളുടെ ചെലവിടൽ കണ്ടാൽ സംസ്ഥാനത്തു ധനപ്രതിസന്ധിയേ ഇല്ലെന്നു സംശയിച്ചുപോകും. മന്ത്രിമാരുടെ വിദേശ യാത്രകളും രാഷ്ട്രീയ താൽപര്യമുള്ള കേസുകളിൽ ലക്ഷങ്ങൾ മുടക്കിയുള്ള അഭിഭാഷക ഇറക്കുമതിയുമൊക്കെ ജനം കണ്ണുതുറന്നു കാണുന്നുണ്ട്.

ശമ്പളവും പെൻഷനും പലിശയും കഴിഞ്ഞാൽ റവന്യു വരുമാനത്തിൽ കാര്യമായ ശേഷിപ്പില്ലാത്ത സാഹചര്യത്തിൽ വികസനപദ്ധതികൾക്കാണു മുടക്കം വരുന്നത്. ഒട്ടും ഭദ്രമല്ലാത്ത ധനസ്ഥിതി സംസ്ഥാനത്തെ പിന്നോട്ടടിക്കുമെന്നു തീർച്ച.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com