ADVERTISEMENT

ചുട്ടെ‌രിക്കപ്പെട്ട ഉന്നാവ് യുവതിയുടെ നാടു മാത്രമല്ല ഉത്തർപ്രദേശ്. ഉറക്കംകെടുത്തുന്ന ഒട്ടേറെ വാർത്തകൾ അവിടത്തെ ഗ്രാമങ്ങളിൽനിന്ന് പുറത്തുവരുന്നു. പീഡന, കൊലപാതക, നീതിനിഷേധ പരമ്പരകൾ, മനുഷ്യാവകാശ ധ്വംസനങ്ങളുടെ തുടർക്കഥകൾ... എന്താണിങ്ങനെ? ഒരന്വേഷണം. 

ഫർഹാൻ, 9 വയസ്സുള്ള ഒരു മിടുമിടുക്കന്റെ പേര്. യുപിക്കു തലതാഴ്ത്തി നിൽക്കേണ്ടി വന്ന സമീപകാല വാർത്തകളിലൊന്നിൽ അവനായിരുന്നു ഇര. മുസഫർനഗറിലെ ബാബ്‌രി ഗ്രാമത്തിലെ വീട്ടിൽനിന്നു പെട്ടെന്നൊരുനാൾ അവനെ കാണാതായി. ആധിയോടെ വീട്ടുകാർ പരക്കം പായുന്നു.

പിറ്റേന്നു രാവിലെ വീടിനു കുറച്ചകലെയുള്ള അഴുക്കുചാലിൽ പൊങ്ങിവന്നത് അവന്റെ മൃതദേഹം. പലപ്പോഴായി നമ്മൾ കേട്ടിട്ടുള്ള അനേകം ക്രൂരതകളിൽ ഒന്നായി തോന്നാം ഇതും. എന്നാൽ, ഈ കൊലയ്ക്കു പിന്നിലെ കാരണം അറിയുമ്പോൾ നാം അമ്പരക്കും. തങ്ങളുടെ കുടുംബത്തിലെ ഒരു വിവാഹം മുടക്കിയത് ഫർഹാന്റെ അമ്മയാണെന്ന് അയൽവീട്ടുകാർക്കു സംശയം. ആ പകയ്ക്ക് ഇരയാകേണ്ടി വന്നത് ഒന്നുമറിയാത്തൊരു നിഷ്കളങ്ക ബാല്യവും. 

upeditorial
തോക്കുണ്ടല്ലോ, ഞങ്ങളെ കാക്കുമോ സാറേ? യുപിയിലെ ഹിന്ദ്നഗർ ഗ്രാമത്തിൽനിന്നുള്ള കാഴ്ച. സാധാരണക്കാരുടെ പരാതികൾക്കു നേരെ പൊലീസ് കണ്ണടയ്ക്കുന്നുവെന്ന വ്യാപക പരാതിയാണ് യുപിയിലെ ഗ്രാമങ്ങൾക്കുള്ളത്. ചിത്രം: മനോരമ

അകലങ്ങളിലെ യുപി

ഇന്ത്യയുടെ ഇതുവരെയുള്ള പ്രധാനമന്ത്രിമാരിൽ 8 പേരും ജനിച്ചതോ ജയിച്ചതോ യുപിയിലായിരുന്നു. പക്ഷേ, ആ തിളക്കം ഈ സംസ്ഥാനത്തിനില്ല. പ്രത്യേകിച്ച് ഇവിടത്തെ ഗ്രാമങ്ങൾക്ക്. യുപിയിലെ ഉൾഗ്രാമങ്ങളിലേക്ക് എത്തിയാൽ പുല്ലുമേഞ്ഞ മൺവീടുകൾ കാണാം. വഴിനീളെ കാലികളുണ്ടാകും. പട്ടിണിമാറ്റാൻ മൂവന്തിയോളം വയലിൽ പണിയെടുക്കുന്ന സ്ത്രീകളെ കാണാം... ഗ്രാമ, നഗര വ്യത്യാസങ്ങൾ ഏതാണ്ട് ഇല്ലാതായി മാറിയ കേരളത്തിന് ഇന്നു പരിചിതമല്ല യുപിയിലെ ഗ്രാമക്കാഴ്ചകൾ. നോട്ടത്തിൽ മാത്രമല്ല, രീതികളിലും യുപി നമ്മിൽനിന്ന് അകലെയാണ്.

‘നാട്ടുരാജാക്കന്മാരുടെ’ യുപി

ചിത്രകൂടിലെ തിക്റ ഗ്രാമത്തിലെ ഗ്രാമമുഖ്യൻ സുധീർ സിങ്ങിപ്പോൾ സമൂഹമാധ്യമങ്ങളിലെ താരമാണ്. വിവാഹ ആഘോഷത്തിൽ നൃത്തം ചെയ്യാനെത്തിയ പെൺകുട്ടിയെ വെടിവച്ചിട്ട വീരൻ! സ്വന്തം മകളുടെ കല്യാണച്ചടങ്ങിനിടെയായിരുന്നു പരാക്രമം. നൃത്തം ചെയ്തു ക്ഷീണിച്ച അവൾ ഇടയ്ക്കു നൃത്തച്ചുവടുകൾക്ക് ഇടവേള നൽകിയതായിരുന്നു പ്രകോപനം. ജനാധിപത്യം വന്നിട്ടും ‘നാട്ടുപ്രമാണിമാരായി’ തുടരുന്ന ഇത്തരം ഒട്ടേറെപ്പേരുണ്ട് യുപിയിൽ. വലിയ ഭൂവുടമകളായിരുന്നവരും പണമുള്ളവരും അവരുടെ പിന്മുറക്കാരുമെല്ലാം ഗ്രാമപഞ്ചായത്ത് പ്രമുഖും വില്ലേജ് പ്രധാനുമൊക്കെയായി. 

സ്ഥലംകൊടുത്തും പണം കൊടുത്തും അധികാരം നിലനിർത്തിപ്പോന്നവരുടെ പിന്മുറക്കാർ മുതൽ റിട്ട. പൊലീസുകാർ വരെ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ ഗ്രാമങ്ങൾ അടക്കിവാഴുന്നു. തർക്കങ്ങളിൽ ഇവരുടേതാകും തീർപ്പ്. പൊലീസിലേക്കു കേസെത്തിയാലും അന്തിമതീരുമാനങ്ങളിൽ ഇവരുടെ വാക്കിനു വിലയുണ്ട്. തീരുമാനങ്ങളിൽ അസ്വസ്ഥരാകുന്നവർ ആൾബലമുള്ള കുടുംബത്തിൽനിന്നെങ്കിൽ ഗ്രാമത്തിന്റെ സ്വസ്ഥത നഷ്ടപ്പെടും. പ്രതികാരം തുടർക്കഥയാകും. ഫായിസാബാദിലെ ഹല്ലേദ്വാരിക ഗ്രാമത്തിൽ വീട്ടുമുറ്റത്തിരുന്ന ഗ്രാമപ്രമുഖിനെ ഒരു സംഘം വെടിവച്ചിട്ടത് ഈ കഥകളിൽ‍ ഒടുവിലത്തേത്.

പീഡനപരാതി ഉന്നയിച്ച ഉന്നാവിലെ 2 പെൺകുട്ടികളെ വേട്ടയാടിയവരോടു പൊലീസ് പരസ്യമായി കാട്ടിയ സൗമനസ്യം മാത്രം മതി, ഇവിടെ പൊലീസിന്റെ മനോഭാവം മനസ്സിലാക്കാൻ. എംഎൽഎക്കെതിരെ കേസെടുക്കാൻ പേടിക്കുന്നവർ, പീഡനപരാതിയുമായി വരുന്ന സ്ത്രീകളെ അപമാനിക്കുന്നവർ, പരാതിയിൽനിന്നു പിന്തിരിപ്പിക്കുന്നവർ, പരിഹസിക്കുന്നവർ...

ബിജെപി എംഎൽഎക്കെതിരെ പരാതിപ്പെട്ട പെൺകുട്ടിയുടെ അച്ഛനെതിരെ കള്ളക്കേസെടുക്കാനും നടുറോഡിൽ മർദിച്ചവശനാക്കുന്നതു നോക്കിനിൽക്കാനും കസ്റ്റഡിയിലിരിക്കെ മരണം ഉറപ്പാക്കാനും ഇവിടെ പൊലീസിനു കഴിഞ്ഞു. പ്രശ്നങ്ങൾ തിരക്കി ഇങ്ങോട്ടു വരുന്ന പട്രോളിങ് രീതിയൊന്നും മിക്കയിടത്തും ഇല്ല. ഇനിയഥവാ പൊലീസ് ഒരു വരവു വന്നാൽ ഏതെങ്കിലും സാധുക്കൾക്ക് ഉറക്കമില്ലാത്ത രാത്രികൾ ഉറപ്പ്. 

ആരുടെ യുപി ?

മണ്ണു വാരിത്തിന്നുന്ന കുട്ടി കേരളത്തിനു ഞെട്ടലായിരുന്നു. എന്നാൽ, യുപിയിലെ ഗ്രാമങ്ങളിൽ അത്തരം നൊമ്പരപ്പെടുത്തുന്ന കാഴ്ചകൾ സാധാരണമെന്ന് ഒപ്പം വന്ന പത്രപ്രവർത്തകരിലൊരാൾ പറഞ്ഞു; റായ്ബറേലിയിലടക്കം അത്തരം കാഴ്ചകൾ കണ്ട അനുഭവങ്ങളും. അതൊന്നും വാർത്തയാകാറില്ല. 

സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന പീഡനങ്ങളിൽ 70 ശതമാനത്തിലേറെയും ദലിത് വിഭാഗങ്ങൾക്കു നേരെയാണ്. ഉന്നത സമുദായക്കാരാണു പ്രതികളെങ്കിൽ ഏതു വിധേനയും പൊലീസ്, രാഷ്ട്രീയ കൂട്ടുകെട്ട് സഹായത്തിനെത്തും. നീതി തേടി ഇറങ്ങിത്തിരിക്കുന്നവർ ഉന്നാവ് പെൺകുട്ടികളെ പോലെ ചുരുക്കം. മറ്റുള്ളവർ നിശ്ശബ്ദരാക്കപ്പെടുന്നു. 

ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചാൽ പുറംലോകം അറിയാത്ത കൊടുംക്രൂരതകളുടെ ചോരപ്പാടുകൾ കാണാം. വീട്ടുപറമ്പിലെ മാങ്ങ പറിച്ചതിനു സ്കൂൾ കുട്ടിയെ വെടിവച്ചു കൊന്നതു പോലുള്ള കൊടും ക്രൂരതകൾ! 

രണ്ടു ഗ്രാമങ്ങൾക്കിടയിലെ ‘ദൂരം’

സമീപകാല വാർത്തകളുടെ പേരിൽ യുപിയിലെ ഗ്രാമങ്ങളെല്ലാം മോശമാണെന്നു കരുതരുത്. കാരണം, സംസ്ഥാനത്തെ മറ്റു ഗ്രാമങ്ങൾ കണ്ടുപഠിക്കേണ്ട സ്ഥലമായി യുപിക്കാർതന്നെ കാണുന്നൊരു സ്ഥലമുണ്ട്. ഫാറൂഖബാദിലെ റാപുർ ദുഫെർപുർ. 28 വർഷത്തിനിടെ 30ൽ താഴെ പൊലീസ് കേസുകൾ മാത്രമാണ് ഇവിടെ റജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. 

പഞ്ചായത്ത്് തലത്തിൽത്തന്നെ കാര്യങ്ങൾ തീർക്കുന്നതാണ് ഇവിടത്തെ രീതി. അപൂർവമായി മാത്രമേ ഇവിടെ ആളുകൾ പൊലീസിനെ സമീപിക്കാറുള്ളൂ. 99% കുട്ടികളും സ്കൂളിൽ പോകുന്നു. വൈദ്യുതിയടക്കമുള്ള സൗകര്യവും നേരത്തേ തന്നെയെത്തിയെന്നതും റാംപുർ ദുഫെർപുറിനെ മറ്റു ഗ്രാമങ്ങളിൽനിന്നു വ്യത്യസ്തമാക്കുന്നു. എന്നാൽ, നേരെ തിരിച്ചാണ് അലിഗഡിനടുത്തുള്ള ബാഗ് ബാധിക് എന്ന ഗ്രാമം. ഇവിടെ 75% ആളുകളും എന്തെങ്കിലും പൊലീസ് കേസുള്ളവർ. 30–40% പുരുഷന്മാരും സ്ഥിരം കുറ്റവാളികൾ. മോഷ്ടാക്കളാണ് ഏറെയും. 

റിട്ട. പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ ഇവിടെ ഗ്രാമമുഖ്യനായി എത്തിയതോടെ പരിഷ്കാര നടപടികൾക്കു ശ്രമിച്ചിരുന്നു. എന്നാൽ, ജീവിക്കാൻ വഴിയില്ലെന്ന കാരണം പറഞ്ഞ് ആളുകൾ ഇപ്പോഴും കുറ്റകൃത്യങ്ങളുടെ വഴിയേ യാത്ര തുടരുന്നു.

ഇന്ത്യയ്ക്കൊപ്പം എത്താത്ത യുപി

∙ ഇന്ത്യയുടെ ജനസംഖ്യയുടെ ആറിലൊന്നും ജീവിക്കുന്നതു യുപിയിലാണ്. 

∙  പല വലിയ ലോകരാജ്യങ്ങളെക്കാളും ജനസംഖ്യ – 20.42 കോടി.  

∙  സ്വാതന്ത്ര്യം കിട്ടുമ്പോൾ പ്രതിശീർഷ വരുമാനം മറ്റു സംസ്ഥാനങ്ങൾക്ക് തുല്യം. പിന്നീട് സ്ഥിതി മോശമായി. 

∙ ‌ 1990കൾക്കു ശേഷം ഇന്ത്യ മെച്ചപ്പെട്ടപ്പോഴും യുപിയുടെ സ്ഥിതി മാറിയില്ല. 

∙ കുതിച്ചുയർന്ന ജനസംഖ്യയും ജനസാന്ദ്രതയും പിന്നാക്കാവസ്ഥയ്ക്കു കാരണമായി.

∙ ഗ്രാമങ്ങൾ അവഗണിക്കപ്പെട്ടു. ഓരോ സ്ഥലത്തിന്റെയും പ്രത്യേകത പരിഗണിക്കാതെയുള്ള വികസന പദ്ധതികൾ. ഒന്നും ‌എങ്ങുമെത്തിയില്ല. 

∙ വിദ്യാഭ്യാസ – ആരോഗ്യമേഖലയിൽ പിന്നാക്കാവസ്ഥ, അഴിമതി, ആസൂത്രണമില്ലായ്മ. 

English Summary: Crime History of UttarPradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com