ADVERTISEMENT

∙ ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യത്തു നിന്ന് ലോകത്തിനാകെ സന്തോഷം തരുന്ന വാർത്ത

‘സ്വാതന്ത്ര്യവും നീതിയും മനുഷ്യനന്മയും സഹിഷ്ണതയും പുലരുന്ന സമൂഹം സൃഷ്ടിക്കുകയാണ് എന്റെ സ്വപ്നം’ (ഫിൻലൻഡ് പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്ന സന മരിൻ തന്റെ വെബ്സൈറ്റിൽ ആമുഖമായി ചേർത്ത വാക്കുകൾ). സന ശ്രദ്ധേയയാകുന്നത് പ്രായം കൊണ്ടു മാത്രമല്ല. 34 – ാം വയസ്സിൽ അവർ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകുന്നുവെന്നത് ചരിത്രപുസ്തകത്തിലെ ഒരു കൂട്ടിച്ചേർക്കലായി മാത്രം കണ്ടാൽ മതി. എന്നാൽ, അവരുടെ ജീവിതയാത്രയാണു പ്രധാനം. 

‘മഴവിൽ’കുടുംബത്തിലെ മകളാണ് സന. മഴവിൽകുടുംബമെന്നത് നമുക്കത്ര പരിചിതമല്ല. സനയുടെ അമ്മയുടെ ജീവിതപങ്കാളിയും സ്ത്രീയാണ്. രണ്ടു സ്ത്രീരക്ഷിതാക്കളുടെ മകളായി ജീവിച്ച കുട്ടി, കരുത്തയായി വളർന്നുവരാമെന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണ് സന മരിൻ.

എന്നാൽ, ഫിൻലൻഡ് പോലൊരു രാജ്യത്തു പോലും ആ ജീവിതം അത്ര എളുപ്പമായിരുന്നില്ലെന്നു സന പറഞ്ഞിട്ടുണ്ട്: ‘ചെറുപ്പത്തിൽ എന്റെ കുടുംബത്തെക്കുറിച്ചു തുറന്നു സംസാരിക്കാൻ കഴിയുമായിരുന്നില്ല. ഞാൻ ‘ഒളിച്ചുകഴിഞ്ഞ’ കുട്ടിയായിരുന്നു!’ പക്ഷേ, ആഗ്രഹിക്കുന്നതെന്തും നേടിയെടുക്കാൻ കഴിയുമെന്ന ആത്മവിശ്വാസം തന്നിൽ വളർത്തിയെടുക്കാൻ അമ്മയ്ക്കു കഴി‍ഞ്ഞുവെന്നും അവർ കൂട്ടിച്ചേർത്തു. 

കുടുംബത്തിൽ ആദ്യമായി സർവകലാശാലാ വിദ്യാഭ്യാസം നേടിയതു സനയാണ്. അഡ്മിനിസ്ട്രേറ്റീവ് സയൻസസിലാണ് ബിരുദാനന്തര ബിരുദം.

സോഷ്യൽ ഡമോക്രാറ്റ് പാർട്ടിയിൽ വളരെ പെട്ടെന്നാണ് സന മുൻനിരയിലെത്തിയത്. 2012ൽ താംപെരെ എന്ന നഗരത്തിലെ മുനിസിപ്പൽ കൗൺസിലിലേക്കു തിരഞ്ഞെടുക്കപ്പെട്ടതാണ് രാഷ്ട്രീയത്തിലെ വഴിത്തിരിവ്. തൊട്ടടുത്ത വർഷം നഗരസഭാധ്യക്ഷയായി. 2014ൽ പാ‍ർട്ടിയുടെ ഉപാധ്യക്ഷയും. 2015ൽ ഫിന്നിഷ് പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.

ഈ വർഷം രണ്ടാമതും എംപിയായി. ജൂൺ മുതൽ ഗതാഗത, വാർത്താവിനിമയ വകുപ്പുകളുടെ മന്ത്രിയായി പ്രവർത്തിക്കുകയായിരുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്കു പാർട്ടിക്കുള്ളിൽ നടന്ന ചൂടേറിയ വോട്ടെടുപ്പിനൊടുവിലാണ് സന നിർദേശിക്കപ്പെട്ടത് – 3 വോട്ടുകളുടെ ഭൂരിപക്ഷം!

2019ലെ യുഎൻ ‘ആഗോള സന്തോഷപ്പട്ടിക’ പ്രകാരം ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമാണ് ഫിൻലൻഡ്. എങ്കിലും, സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, അഭയാർഥി പ്രശ്നം, മുതിർന്ന പൗരന്മാരുടെ സംരക്ഷണം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങളുണ്ട് സനയുടെ നേതൃത്വത്തിലുള്ള സർക്കാരിനു നേരിടാൻ.

‘കൊച്ചുപ്രായ’ത്തിലുള്ള സനയെപ്പോലൊരു സ്ത്രീക്ക് ഇതൊക്കെ കൈകാര്യം ചെയ്യാൻ കഴിയുമോ എന്ന രീതിയിൽ ചോദിച്ച ചോദ്യത്തിന് അവർ ഇന്നലെ നൽകിയ മറുപടി ഇതാണ്: ‘ഞാൻ സ്ത്രീയാണെന്നോ എന്റെ പ്രായമെന്താണെന്നോ ഒന്നും ഞാൻ ചിന്തിക്കാറില്ല. ഞാൻ രാഷ്ട്രീയത്തിലെത്തിയതിന്റെ കാരണങ്ങളെക്കുറിച്ചും വോട്ടു ചെയ്ത ജനങ്ങൾ അർപ്പിച്ച വിശ്വാസത്തെക്കുറിച്ചും മാത്രമേ ആലോചിക്കുന്നുള്ളൂ.’ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com