ADVERTISEMENT

മതനിരപേക്ഷ ഭരണഘടനയുള്ള ജനാധിപത്യരാജ്യമായ ഇന്ത്യയിൽ പൗരത്വാവകാശത്തിന് മതം പ്രധാന ഘടകമാകുന്നത് ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളുടെ നഗ്നമായ ലംഘനമാണ്. ലോക്സഭ പാസാക്കിയ പൗരത്വ ഭേദഗതി ബിൽ തുല്യതാവകാശത്തെ ഹനിക്കുന്നു. ഇത് ഗുരുതരമായ രാഷ്ട്രീയ - സാമൂഹിക പ്രത്യാഘാതങ്ങൾക്കു വഴിതെളിക്കുന്നതാണ്...

ഇന്ത്യൻ പാർലമെന്റിന്റെ നിയമനിർമാണ ചരിത്രത്തിൽ ഇതാദ്യമായാണ് മതപരമായ വിവേചനത്തിനു വഴിയൊരുക്കുന്ന നിയമനിർമാണത്തിനു ലോക്സഭ വേദിയാകുന്നത്. പൗരത്വ ഭേദഗതി ബിൽ  വലിയ ഭൂരിപക്ഷത്തോടെയാണു ലോക്സഭ പാസാക്കിയത്. ഒരു മതനിരപേക്ഷ ജനാധിപത്യ രാജ്യത്ത് പൗരത്വാവകാശത്തിനു മതം യോഗ്യതയും അയോഗ്യതയുമാകുന്നത് ഒരുപക്ഷേ ഇതാദ്യമായിരിക്കും.

പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്ന് മതപരമായ പീഡനത്തെത്തുടർന്നോ പീഡനം ഉണ്ടാകുമെന്ന ഭീതിയെത്തുടർന്നോ 2014 ഡിസംബർ 31നു മുൻപ് ഇന്ത്യയിലെത്തിയിട്ടുള്ള ഹിന്ദു, സിഖ്, പാഴ്സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളിൽപെട്ടവർക്കു പൗരത്വാവകാശം നൽകുന്നതാണ് നിർദിഷ്ട നിയമം. വീസ, പാസ്പോർട്ട് തുടങ്ങിയ രേഖകളില്ലാതെ വിദേശരാജ്യങ്ങളിൽനിന്നു വന്ന് ഇന്ത്യയിൽ താമസിക്കുന്നവരെ നിലവിലെ നിയമമനുസരിച്ച് അനധികൃത കുടിയേറ്റക്കാരായാണു പരിഗണിക്കുന്നത്. 1946ലെ വിദേശി നിയമം, 1920ലെ പാസ്പോർട്ട് എൻട്രി നിയമം എന്നിവയനുസരിച്ച് അനധികൃത കുടിയേറ്റം ശിക്ഷാർഹമാണ്. മേൽപറഞ്ഞ ഗണത്തിൽപെടുന്ന അനധികൃത കുടിയേറ്റക്കാരെ 2015, 2016 വർഷങ്ങളിൽ കേന്ദ്ര സർക്കാർ പ്രത്യേക വിജ്ഞാപനങ്ങളിലൂടെ ശിക്ഷാനടപടികളിൽനിന്ന് ഒഴിവാക്കി രാജ്യത്തു തുടരാൻ അനുവദിച്ചു. അവർക്കു പൗരത്വാവകാശം നൽകാനുള്ളതാണ് പുതിയ പൗരത്വനിയമ ഭേദഗതി. ഇത് ഗുരുതരമായ രാഷ്ട്രീയ - സാമൂഹിക പ്രത്യാഘാതങ്ങൾക്കു വഴിതെളിക്കുന്നതാണ്.

മതനിരപേക്ഷ ഭരണഘടനയുള്ള ജനാധിപത്യരാജ്യമായ ഇന്ത്യയിൽ പൗരത്വാവകാശത്തിനു മതം പ്രധാന ഘടകമാകുന്നത് ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളുടെ നഗ്നമായ ലംഘനമാണ്. ഇന്ത്യയിലെ പ്രധാന ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിംകൾക്കു നിയമത്തിലൂടെ പൗരത്വാവകാശം നിഷേധിക്കുന്നത്, ഭരണഘടനയുടെ 14-ാം അനുഛേദം ഉറപ്പുനൽകുന്ന മൗലികാവകാശമായ തുല്യതയുടെ പരസ്യമായ ലംഘനവുമാണ്. ‘യുക്തിസഹമായ വിഭാഗീകരണത്തിലൂടെയുള്ള വിവേചനം’ തുല്യതയ്ക്കുള്ള അവകാശത്തിന് എതിരല്ലെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ പറഞ്ഞത്. എന്നാൽ, ചില മതവിഭാഗങ്ങളിൽപെട്ട കുടിയേറ്റക്കാർക്കു മാത്രമായി പൗരത്വം പരിമിതപ്പെടുത്തുന്നത് നീതിയുക്തമായ വിഭാഗീകരണത്തിലൂടെയുള്ള വിവേചനമല്ല. തുല്യതാവകാശത്തിന്റെ ലംഘനം തന്നെയാണത്. അതുകൊണ്ടുതന്നെ, കോടതിയുടെ സൂക്ഷ്മ പരിശോധനയെ അതിജീവിച്ച് ഈ നിയമത്തിനു നിലനിൽക്കാൻ കഴിയില്ല.

പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ ന്യൂനപക്ഷമല്ലാത്തതുകൊണ്ട് മുസ്‌ലിംകൾ മതപരമായ പീഡനത്തിനു വിധേയരാകുന്നില്ല എന്നതാണ് സർക്കാരിന്റെ മറ്റൊരു ന്യായീകരണം. എന്നാൽ, പാക്കിസ്ഥാനിൽ ഏറ്റവും കൊടിയ പീഡനത്തിനു വിധേയരാകുന്ന ന്യൂനപക്ഷമാണ് അഹമ്മദീയ വിഭാഗം. മ്യാൻമറിലെ രോഹിൻഗ്യ മുസ്‌ലിംകളും പീഡിപ്പിക്കപ്പെടുന്നവർ തന്നെ. മതപരമായ പീഡനത്തിനു വിധേയരായ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനാണു പുതിയ നിയമമെങ്കിൽ, ഭേദഗതിയിൽ മതവിഭാഗങ്ങളെ പ്രത്യേകമായി പരാമർശിക്കുന്നതിനു പകരം ‘മതപരമായ പീഡനത്തിനു വിധേയരായ ന്യൂനപക്ഷ വിഭാഗത്തിൽപെട്ടവർ’ എന്നുമാത്രം പറഞ്ഞാൽ മതിയായിരുന്നു.

അപ്പോൾ കൃത്യമായ രാഷ്ട്രീയ ദുരുദ്ദേശ്യമാണ് ഇതിനു പിന്നിലുള്ളതെന്നു പകൽപോലെ വ്യക്തം. ലോക്സഭയിൽ ആഭ്യന്തരമന്ത്രി ഉന്നയിച്ച വാദങ്ങൾ അതിനു തെളിവാകുന്നു. വിഭജനകാലത്തെ ഇന്ത്യയിലെ ഹിന്ദു – മുസ്‌ലിം ജനസംഖ്യയും ഇപ്പോഴത്തെ അവസ്ഥയും ബംഗ്ലദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ കണക്കുകളും നിരത്തിയുള്ള വാദമുഖങ്ങൾ, വിഭാഗീയതയുടെ രാഷ്ട്രീയം പ്രകടമാക്കുന്നതായിരുന്നു. ഭരണകക്ഷി അംഗങ്ങളുടെ പ്രസംഗങ്ങളും സമാനസ്വഭാവത്തിലുള്ളതായിരുന്നു.

മതാടിസ്ഥാനത്തിലാണ് ഇന്ത്യ വിഭജിക്കപ്പെട്ടതെന്നും മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങൾ പാക്കിസ്ഥാനായും ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങൾ ഇന്ത്യയായും മാറിയെന്ന ആഭ്യന്തരമന്ത്രിയുടെ ആവർത്തിച്ചുള്ള വിശദീകരണം പുതിയ ബില്ലിന്റെ ലക്ഷ്യം വ്യക്തമാക്കുന്നു. സംഘപരിവാറിന്റെ രാഷ്ട്രീയ തത്വശാസ്ത്രമായ ‘ഹിന്ദുത്വരാഷ്ട്ര വാദത്തിന്റെ’ ആപൽക്കരമായ സൂചനകളാണ് ബില്ലിൻമേലുള്ള ചർച്ചയിൽ ലോക്സഭയിൽ മുഴങ്ങിക്കേട്ടത്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളിൽനിന്നു ശക്തമായ എതിർപ്പുണ്ടായിട്ടും ബിൽ പാസാക്കിയെടുക്കാൻ സർക്കാർ തീവ്രമായ നിലപാടു സ്വീകരിക്കുന്നത് മതധ്രുവീകരണം രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ്. പൗരത്വ നിയമഭേദഗതി മാത്രമല്ല, ഭരണഘടനയുടെ 370-ാം അനുഛേദം ഭേദഗതി ചെയ്ത് ജമ്മു കശ്മീരിനെ വിഭജിച്ച നിയമം, ദേശീയ പൗര റജിസ്റ്റർ, നിയമനിർമാണ സഭകളിലെ ആംഗ്ലോ ഇന്ത്യൻ സംവരണം ഒഴിവാക്കൽ എന്നിവയെല്ലാം മേൽപറഞ്ഞ ഹിന്ദുത്വരാഷ്ട്ര ലക്ഷ്യത്തിന്റെ ഭാഗംതന്നെ.

പൗരാവകാശം മതനിരപേക്ഷവും നിഷ്പക്ഷവുമാകണം. മതാടിസ്ഥാനത്തിലുള്ള പൗരത്വം മതരാഷ്ട്രങ്ങളുടെ താൽപര്യമാണ്. നമ്മുടെ രാജ്യത്തു പൗരത്വാവകാശത്തിന് മതം ഒരു ഘടകമാകാൻ പാടില്ല എന്നത് ഭരണഘടനാ നിർമാണസഭ ഒട്ടേറെ ദിവസം ചർച്ച ചെയ്തു തീരുമാനിച്ചതാണ്. അവർ പകർന്നുതന്ന മൂല്യസംഹിതകളെയാണ് ഏതാനും മണിക്കൂറുകളിലെ ചർച്ച കൊണ്ട് അട്ടിമറിച്ചത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com