ADVERTISEMENT

ഗുരുവിനെക്കാണാൻ വളരെ ദൂരെനിന്ന് എത്തിയതാണു യുവാവ്. രാത്രിയാകും മുൻപു തിരിച്ചുപോകണം. കാടു കടന്നു വേണം നാട്ടിലെത്താൻ. പക്ഷേ, ഗുരുവിന്റെ പ്രഭാഷണത്തിൽ ലയിച്ചിരുന്ന അയാൾക്കു നേരത്തേ പോകാനും തോന്നിയില്ല. രാത്രിയായപ്പോൾ ഗുരു പോകാൻ അനുവദിച്ചു. ഭയന്നുവിറച്ച യുവാവു പറഞ്ഞു, നിലാവു പോലുമില്ലാത്ത രാത്രി കാടു കടക്കാൻ എനിക്കു പേടിയാണ്. 

ഗുരു ഒരു തിരി നൽകി പറഞ്ഞു, ഇതുമായി യാത്ര ചെയ്തോളൂ. യുവാവു പടികടന്ന ഉടൻ ഗുരു തിരി ഊതിക്കെടുത്തി. അദ്ഭുതത്തോടെ നോക്കിയ യുവാവിനോട് ഗുരു പറഞ്ഞു, ‘എന്റെ വെളിച്ചം നിന്നെ സഹായിക്കില്ല. സ്വയം വെളിച്ചം ക‌ണ്ടെത്തൂ’. യുവാവ് ധൈര്യത്തോടെ കാട്ടിലേക്കു നടന്നു തുടങ്ങി.

ആരാധനാപാത്രങ്ങളും ആദർശമാതൃകകളും തെളിക്കുന്ന ദീപങ്ങൾക്കു വഴി കാണിക്കാനാകും. പക്ഷേ, അത് അവരുടെ വഴികളിലൂടെ അവരുടെ ലക്ഷ്യത്തിലേക്കുള്ള വഴിവിളക്കുകളാകും. അനുകരണവും അനുഗമനവും നല്ലതാണ്. വിശുദ്ധമായവയെയും വിജയം വരിച്ചവയെയും പിന്തുടരുക വെല്ലുവിളിയുമാണ്. 

വഴി നല്ലതായതുകൊണ്ടോ വഴിവിളക്കുകൾ ഉള്ളതുകൊണ്ടോ ദിശാസൂചകങ്ങൾ കൃത്യമായ നിർദേശങ്ങൾ നൽകുന്നതുകൊണ്ടോ ആരും ഒരു യാത്രയും പൂർത്തിയാക്കില്ല. സ്വന്തം തീരുമാനങ്ങളും കർമപദ്ധതികളും അവ നടപ്പാക്കാനുള്ള ഊർജസംഭരണശാലയും ഉള്ളവർ മാത്രമേ, നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളൂ.

യാത്രയുടെ എല്ലാ അനുഭവങ്ങളും ആർക്കും മുൻകൂട്ടി നിശ്ചയിക്കാനാകില്ല. വഴികാട്ടികളുടെ കാഴ്ചകളും പ്രതിസന്ധികളുമാകില്ല പിൻഗാമികൾക്കുണ്ടാകുന്നത്. സ്വന്തം പ്രതികരണവും പ്രതിഷേധവുമാണ് ആത്യന്തികമായി ഒരാളെ വഴിനടത്തുന്നത്. 

എല്ലായിടത്തും വെളിച്ചമുണ്ടെന്ന് ഉറപ്പുവരുത്താനോ എല്ലായിടത്തും വെളിച്ചവുമായി കൂടെ നടക്കാനോ ഒരു മാർഗദർശിക്കും കഴിയില്ല. ഇരുട്ടിലൂടെ നടന്ന് സ്വയം പാകപ്പെടണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com