ADVERTISEMENT

ആഗ്രഹിക്കുന്നതെന്തും തരുന്ന മരമാണ് നിഘണ്ടുവിൽ കൽപവൃക്ഷം. നമുക്കതു തെങ്ങാണ്.

നമ്മുടെ ആഗ്രഹങ്ങൾ ചിരട്ടനിലവാരത്തിലായിരുന്ന കാലത്ത് തെങ്ങു നൽകുന്നതെല്ലാം നാം കൈനീട്ടി വാങ്ങിയിരുന്നു. തേങ്ങ, കരിക്ക്, ഇളനീർ, നേരത്തേ പറഞ്ഞ ചിരട്ട, ഓല, ഈർക്കിൽ, കൊതുമ്പ്, പൂക്കുല, ശുദ്ധസുന്ദരമായ കള്ള് എന്നിങ്ങനെ. കള്ളിന്റെ ലഹരി തീണ്ടാത്ത നീരയാണ് തെങ്ങ് ഏറ്റവുമൊടുവിൽ സമ്മാനിച്ചത്.

കായ്ഫലമുള്ള തെങ്ങും ഇല്ലാത്ത തെങ്ങുമുള്ളതുപോലെ തെങ്ങിനെ കൽപവൃക്ഷം എന്നു വിളിക്കുന്നതിലുമുണ്ടൊരു ‘ക’ പ്രശ്നം.

കൽപവൃക്ഷവും കൽപകവൃക്ഷവും ഇതേ നിഘണ്ടുവിൽ വളർന്നു നിൽക്കുന്നുണ്ട്. ആഗ്രഹങ്ങളെല്ലാം നിറവേറ്റിത്തരാൻ കഴിവുള്ളതാണ് രണ്ടും.

കാറ്റുവീഴ്ച ബാധിച്ച തെങ്ങ് ‘ക’ രഹിത കൽപവൃക്ഷവും നിറയെ കായ്ഫലമുള്ള തെങ്ങ് കൽപ‘ക’വൃക്ഷവും എന്നൊരു തരംതിരിവായാലോ എന്നു പ്രിയപുത്രി ആകാശകുസുമം ചോദിക്കുന്നു.

നിഘണ്ടു എഴുതപ്പെട്ട കാലത്ത് തെങ്ങിൻ ചുവട്ടിൽനിന്ന് എണ്ണിത്തീർക്കാവുന്ന ആഗ്രഹങ്ങളേ മലയാളിക്കുണ്ടായിരുന്നുള്ളൂ. തെങ്ങു വളർന്നതിനൊപ്പം ആഗ്രഹങ്ങളും വലുതായി.

പിന്നെപ്പിന്നെ കൽപവൃക്ഷം വിദേശയാത്രപോലും ഒരുക്കിത്തന്നു തുടങ്ങി. 

പത്രപ്പരസ്യങ്ങൾ തെങ്ങുകയറ്റത്തിന് ഇങ്ങനെ ഏണിചാരുകപോലും ചെയ്തു: തേങ്ങയിടാൻ സ്ഥിരമായി ആളെ ആവശ്യമുണ്ട്. വർഷത്തിലൊരിക്കൽ വിദേശത്തേക്ക് സൗജന്യ വിമാന ടിക്കറ്റ്!

വിമാനയാത്രകൂടി ഒരുക്കിത്തന്നു തുടങ്ങിയതോടെ കൽപവൃക്ഷത്തിൽ എത്ര ‘ക’ വേണമെങ്കിലും ചേർക്കാമെന്നു തോന്നുന്നു.

ന്യൂജൻ സ്റ്റൈലിൽ കൽപവൃക്ഷം പ്ലസ് എന്നോ മറ്റോ പറഞ്ഞാലും തരക്കേടില്ല.

തെങ്ങോലകളിൽ കാറ്റ് ഇക്കിളിയിടുന്നതു കണ്ടുകൊണ്ടുള്ള വിമാനയാത്ര ഹാ, എത്ര കൽപമനോഹരം!

തെങ്ങിൻമുകളിലെ ആകാശം ഇനി വെറും ആകാശമല്ല, കൽപകാകാശമാകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com