ADVERTISEMENT

അഴകുള്ള, മിണ്ടുന്ന തത്തമ്മയെ രാജാവു പിടിച്ചു സ്വർണക്കൂട്ടിലടച്ചു. ധാരാളം പഴങ്ങൾ നൽകിയ ശേഷം രാജാവു തത്തയോട് എന്തെങ്കിലുമൊക്കെ മിണ്ടാൻ ആവശ്യപ്പെട്ടു. പക്ഷേ, ആകാശത്തെ സ്നേഹിച്ചിരുന്ന തത്തമ്മ മിണ്ടിയതേയില്ല. എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്നു മാത്രമായി ചിന്ത. എല്ലാ അടവുകളും പരാജയപ്പെട്ടപ്പോൾ, തത്തമ്മ കൊട്ടാരരഹസ്യങ്ങളെല്ലാം വിളിച്ചുപറയാൻ തുടങ്ങി. സഹികെട്ട രാജാവ് അവസാനം തത്തയെ തുറന്നുവിട്ടു. 

പുറത്തു കാത്തുനിന്ന മറ്റൊരു തത്ത അവളെ കുറ്റപ്പെടുത്തി – സ്വർണക്കൂട്ടിൽ കിടക്കണമെങ്കിലും ഭാഗ്യം വേണം. രാജാവു പറയുന്നതു മാത്രം കേട്ട് ജീവിക്കുന്നതിൽ എന്താണിത്ര തെറ്റ് ? ആ തത്ത തുറന്നുകിടന്ന കൂട്ടിനകത്തു കയറി. പുറത്തുവന്ന തത്തയാകട്ടെ, ആകാശത്തേക്കു പറന്നു.

അനുസരിക്കണം, പക്ഷേ അടിമയാകരുത്. സ്വതന്ത്രമായ ചിന്തകളും സ്വന്തമായ നിലപാടുകളുമാണ് ഓരോരുത്തരുടെയും വ്യക്തിവൈശിഷ്ട്യം. അവ പണയംവച്ച് അടിമത്തം പ്രഖ്യാപിക്കുന്നവർ സ്വന്തം അസ്തിത്വത്തിനുപോലും വിലകൽപിക്കാത്തവരാണ്. അടിമകളാക്കുന്നവർ ആഹാരം മാത്രം നൽകി വളർത്തും; ചിന്തിക്കാനോ ചോദ്യം ചോദിക്കാനോ ഉള്ള ശേഷി മുളയിലേ നുള്ളും. തങ്ങൾ പറയുന്ന കാര്യങ്ങളെല്ലാം ആലോചനകളൊന്നുമില്ലാതെ അനുസരിക്കാൻ തക്കവിധം ‘കൂട്ടിലുള്ളവരെ’ പാകപ്പെടുത്തും. ലോകവുമായുള്ള എല്ലാ ബന്ധവും അവസാനിക്കുന്നതുകൊണ്ട് അനുവദിച്ചുതരുന്ന ആനുകൂല്യങ്ങളുടെ അദ്ഭുതലോകത്ത് അവർ വിഹരിക്കും. അടിമത്തം ഒരു അവസരമായി സ്വീകരിക്കുന്നവരും ഉണ്ടാകും.

സ്വന്തം ആകാശത്തെ മറക്കുന്നവരെല്ലാം മണ്ണിലിഴയുകയേയുള്ളൂ. അവർക്ക് ഒരിക്കലും പുതിയ മേച്ചിൽപുറങ്ങളോ അനുഭവങ്ങളോ ഉണ്ടാകില്ല. കണ്ടുപരിചയിച്ച ചുറ്റുമതിൽ മാത്രമാണു ശരിയെന്നും അതിനു പുറത്തുള്ളതെല്ലാം തെറ്റാണെന്നും വിശ്വസിക്കേണ്ടി വരും. 

അനാവശ്യമായ വിധേയത്വം അസ്ഥാനത്തു പോലും കാണിക്കുന്നവർ നിർഗുണരും കാര്യശേഷിയില്ലാത്തവരുമാണ്. സ്വന്തം അഭിപ്രായങ്ങൾ പറയുകയും വിയോജിപ്പുകൾ രേഖപ്പെടുത്തുകയും ചെയ്യുന്നവരാണ് ഏതു പ്രസ്ഥാനത്തിന്റെയും ക്രിയാത്മക ശക്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com