ADVERTISEMENT

ലോകം ഉറ്റുനോക്കുന്ന ബ്രിട്ടിഷ് പാർലമെന്റ് തിരഞ്ഞെടുപ്പ് ഇന്ന്.  ബ്രിട്ടിഷ് ജനത ദേശീയാടിസ്ഥാനത്തിൽ നാലര വർഷത്തിനിടയിൽ നാലാം തവണ പോളിങ് ബൂത്തിലെത്തുകയാണ്. മൂന്നു തവണ പാർലമെന്റ് തിരഞ്ഞെടുപ്പും അതിനിടയിൽ ഒരു ബ്രെക്സിറ്റ് ഹിതപരിശോധനയും....

അടിതെറ്റി അഞ്ചുവർഷ നിയമം

ബ്രിട്ടിഷ് പാർലമെന്റ് ജനസഭയ്ക്ക് 5 വർഷം സുസ്ഥിരകാലാവധി നിശ്ചയിച്ചുള്ള ഭരണഘടനാഭേദഗതി പാസാക്കിയത് 2011ലാണ്. ഇതുപ്രകാരം അഞ്ചു വർഷത്തിലൊരിക്കൽ മേയ് മാസത്തിലെ ആദ്യ വ്യാഴാഴ്ചയായിരിക്കണം വോട്ടെടുപ്പ്. ഈ നിയമമനുസരിച്ചുള്ള ആദ്യ വോട്ടെടുപ്പ് 2015 മേയ് 7നു നടന്നു.

അങ്ങനെ തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് 5 വർഷം തികച്ചില്ലെന്നു മാത്രമല്ല, 2 ഇടക്കാല തിരഞ്ഞെടുപ്പു വരികയും ചെയ്തു. സഭയിലെ 66% എംപിമാരും അനുകൂലമായി വോട്ട് ചെയ്താൽ ഇടക്കാല തിരഞ്ഞെടുപ്പ് ആകാമെന്ന നിയമപ്രകാരമാണ് രണ്ടു തിരഞ്ഞെടുപ്പും. 

2015ൽ വീണ്ടും അധികാരത്തിലെത്താൻ പ്രധാനമന്ത്രി ഡേവിഡ് കാമറൺ (കൺസർവേറ്റീവ് പാർട്ടി) പുറത്തിറക്കിയ തുറുപ്പുചീട്ട് ആയിരുന്നു ബ്രെക്സിറ്റ് ഹിതപരിശോധന. ഭരണം ലഭിച്ചാൽ ബ്രെക്സിറ്റ് ഹിതപരിശോധന എന്ന വാഗ്ദാനം നൽകി. ഭരണം ലഭിച്ചു; ഹിതപരിശോധന നടത്തി; ബ്രെക്സിറ്റ് വേണമെന്നു നേരിയ ഭൂരിപക്ഷത്തിൽ ജനം വിധിയെഴുതി (52 – 48%). 

ബ്രെക്സിറ്റിന് എതിരായ നിലപാടു സ്വീകരിച്ചിരുന്ന കാമറൺ, മനഃസാക്ഷിയോടു നീതിപുലർത്തി രാജിവച്ചു. തുടർന്ന് പ്രധാനമന്ത്രിപദത്തിലെത്തിയ തെരേസ മേ, ബ്രെക്സിറ്റ് തരംഗത്തിൽ നേട്ടമുണ്ടാക്കാമെന്നു പ്രതീക്ഷിച്ച് ഇടക്കാല തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചു.

2015ൽ കഷ്ടിച്ചു ഭൂരിപക്ഷം (330 സീറ്റ്) നേടിയ സ്ഥാനത്ത്, സ്വന്തമായി തീരുമാനമെടുക്കാവുംവിധം മികച്ച ഭൂരിപക്ഷമാണ് മേ ആഗ്രഹിച്ചത്. എന്നാൽ, 2017 ജൂൺ 8നു നടന്ന തിരഞ്ഞെടുപ്പിൽ 318 സീറ്റാണ് കൺസർവേറ്റീവ് പാർട്ടിക്കു (ടോറികൾ) ലഭിച്ചത്. ഉള്ള കേവലഭൂരിപക്ഷവും നഷ്ടപ്പെട്ടു. 

ബ്രെക്സിറ്റുമായി മുന്നോട്ടുപോകാനും അധികാരത്തിൽ തുടരാനും സകല അടവും പയറ്റി നോക്കിയിട്ടും 2019 ജൂലൈ 24നു  മേയ്ക്കു രാജിവയ്ക്കേണ്ടിവന്നു.

മേയെക്കാൾ പ്രകോപനപരമായ നിലപാടു സ്വീകരിച്ച പുതിയ പ്രധാനമന്ത്രി ബോറിസ് ജോൺസണും ബ്രെക്സിറ്റിനെ ഒരിഞ്ചുപോലും മുന്നോട്ടു കൊണ്ടുപോകാനായില്ല. ഒടുവിൽ ഗതികെട്ടാണ് ജോൺസണും തിരഞ്ഞെടുപ്പിന് ഒരുങ്ങിയത്. 

 കേന്ദ്രബിന്ദു ബ്രെക്സിറ്റ്

ഇടംവലം നോക്കാതെ ബ്രെക്സിറ്റ് നടപ്പാക്കുമെന്നതാണ് ബോറിസ് ജോൺസന്റെ നേതൃത്വത്തിൽ കൺസർവേറ്റീവ് പാർട്ടിയുടെ മുഖ്യവാഗ്ദാനം. ഈ മാസം തന്നെ ബ്രെക്സിറ്റ് കരാർ പാർലമെന്റിൽ കൊണ്ടുവരും. അടുത്തമാസം തന്നെ യൂറോപ്യൻ യൂണിയന്റെ അംഗീകാരം നേടും. അടുത്ത വർഷം ഡിസംബറിനകം ബ്രെക്സിറ്റിന്റെ എല്ലാ നടപടികളും പൂർത്തിയാക്കും. 

ബ്രെക്സിറ്റ് ആവശ്യമുണ്ടോ എന്ന വീണ്ടുവിചാരത്തിനാണ് ജെറമി കോർബിന്റെ നേതൃത്വത്തിലുള്ള ലേബർ പാർട്ടിയിൽ മുൻതൂക്കം. കരാർ സംബന്ധിച്ച് മൂന്നു മാസത്തിനകം പുനരാലോചന. ബ്രെക്സിറ്റ് സംബന്ധിച്ച് ആറു മാസത്തിനകം രണ്ടാം ഹിതപരിശോധന. ബ്രെക്സിറ്റ് നടപ്പാക്കുകയാണെങ്കിൽ തന്നെ കസ്റ്റംസ്, വാണിജ്യ മേഖലകളിൽ ഇളവ് തുടങ്ങിയവയും ലേബർ പാർട്ടി ഉറപ്പുനൽകുന്നു. 

ബ്രെക്സിറ്റിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചയ്ക്കപ്പുറം ജനപ്രിയമായ കുറെ വിഷയങ്ങൾ കൂടി കൊണ്ടുവന്ന കോർബിൻ ഈ തിരഞ്ഞെടുപ്പിന്റെ അജൻഡ മാറ്റാൻ നടത്തിയ ശ്രമം ശ്രദ്ധേയമായിരുന്നു. ദേശീയ ആരോഗ്യമേഖല സംരക്ഷിക്കുമെന്ന ഉറപ്പ്, വെള്ളം, വൈദ്യുതി, ഗതാഗതം, വാർത്താവിനിമയം തുടങ്ങിയവ ദേശസാൽക്കരിക്കുമെന്ന വാഗ്ദാനം വലിയ ചർച്ചയായി. 

പ്രചാരണത്തിനിടയിൽ ജനം ഏറ്റവുമധികം ചർച്ച ചെയ്തത് ബ്രെക്സിറ്റ് ആണെങ്കിലും രണ്ടാം സ്ഥാനത്ത് ആരോഗ്യമേഖല എത്തി. ഇന്ത്യ–പാക്ക് പ്രശ്നങ്ങളിൽ പാക്ക് അനുകൂല സമീപനമാണ് കോർബിൻ പലപ്പോഴും സ്വീകരിക്കാറുള്ളത്. ഇതു മുതലെടുത്ത് ഇന്ത്യൻ വംശജരുടെ വോട്ട് പൂർണമായി നേടാനുള്ള ശ്രമത്തിലാണ് ജോൺസൺ.

മൂന്നാഴ്ച മുൻപ് സിഖ് ഗുരുദ്വാര സന്ദർശിച്ച ജോൺസൺ കഴിഞ്ഞ ദിവസം ഹൈന്ദവ ക്ഷേത്രം സന്ദർശിച്ചപ്പോൾ കാമുകി കാരി സൈമണ്ട്‌സിനെ സാരിയുടുപ്പിച്ചു കൂടെക്കൂട്ടി. ഇന്ത്യൻ വംശരുടെ 15 ലക്ഷം വോട്ടാണ് ജോൺസന്റെ ലക്ഷ്യം. പാക്ക് വംശജരായ 11 ലക്ഷം വോട്ടർമാരുമുണ്ട്. 

 തനിയാവർത്തനമോ? 

ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിക്കു തന്നെ മേൽക്കൈ എന്നാണ് ഇന്നലെ വരെയുള്ള എല്ലാ സർവേഫലങ്ങളും പ്രവചിക്കുന്നത്. എന്നാൽ, പാർട്ടി ഒറ്റയ്ക്കു ഭൂരിപക്ഷം നേടുമെന്ന നിലയിലായിരുന്നു ആദ്യത്തെ പ്രവചനങ്ങളെങ്കിൽ ഇപ്പോഴതു മാറി സഖ്യം വേണ്ടിവരുമെന്നായി. അങ്ങനെയാണു സംഭവിക്കുന്നതെങ്കിൽ ഈ തിരഞ്ഞെടുപ്പു കൊണ്ടും വലിയ പ്രയോജനമൊന്നുമുണ്ടാകില്ല.

ഇതുവരെ കണ്ട ബ്രെക്സിറ്റ് നാടകം തുടരും. അതല്ല, ബോറിസ് ജോൺസൺ അല്ലാതെ, അത്ര കടുംപിടിത്തമില്ലാത്ത മറ്റാരെങ്കിലും തലപ്പത്തേക്കു വരികയാണെങ്കിൽ ബ്രിട്ടനു മുന്നിൽ രക്ഷാവാതിൽ തുറന്നുകിട്ടുകയും ചെയ്യും. പ്രവചനങ്ങളെ തകിടംമറിച്ച് ലേബർ വിജയമാണു സംഭവിക്കുന്നതെങ്കിൽ അധികം വൈകാതെ രണ്ടാം ബ്രെക്സിറ്റ് ഹിതപരിശോധനയ്ക്ക് അരങ്ങൊരുങ്ങും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com