ADVERTISEMENT

ഉന്നാവ് പെൺകുട്ടിയുടെ മരണമുണ്ടായതിനു തൊട്ടുപിന്നാലെ വാട്സാപ്പിലൂടെ പ്രചരിച്ച ഒരു സന്ദേശമാണിത്: ‘ഒരു പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെടുകയോ ബലാത്സംഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നു സംശയിക്കുന്നുവെങ്കിലോ, ഇന്ത്യൻ പീനൽ കോഡ് 233 പ്രകാരം അക്രമിയെ കൊല്ലാനുള്ള അവകാശം അവൾക്കുണ്ട്. കൊലപാതകത്തിനു കേസെടുക്കുകയില്ല. കഴിയുന്നത്ര ആളുകളോടു പറയുക. കഴിയുന്നിടത്തോളം ഇതു പങ്കുവയ്ക്കുക.’

ദയവായി ഇതു പങ്കു വയ്ക്കരുത്. ഇന്ത്യൻ പീനൽ കോഡ് 233ൽ പറയുന്നത് ഇക്കാര്യമേയല്ല. വ്യാജ കറൻസി നാണയങ്ങൾ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കുള്ള ശിക്ഷയെക്കുറിച്ചു പറയുന്ന ഭാഗമാണിത്.

ഇതേ സന്ദേശത്തിന്റെ തന്നെ ബാക്കി ഭാഗത്ത്, രാത്രിയും മറ്റും ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകൾ സ്വയംസുരക്ഷയ്ക്കായി സ്വീകരിക്കാവുന്ന മാർഗങ്ങളെക്കുറിച്ചുള്ള ഉപദേശവുമുണ്ട്. വിദഗ്ധർ പറയുന്നു എന്ന മട്ടിലുള്ളതാണ് ഈ നിർദേശങ്ങൾ. എന്നാൽ, പൊലീസോ മറ്റ് ഏജൻസികളോ ഇത്തരത്തിൽ ഔദ്യോഗികമായ നിർദേശങ്ങൾ നൽകിയിട്ടില്ല.

സമരവ്യാജന്റെ പ്രളയം

പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭം രാജ്യമാകെ ക്യാംപസുകളിലും പുറത്തും നടക്കുകയാണല്ലോ. ഇതിനു സമാന്തരമായി വ്യാജവാർത്തകളുടെ പ്രളയമാണു സമൂഹമാധ്യമങ്ങളിൽ സംഭവിക്കുന്നത്.

∙ ഡൽഹിയിലെ ജാമിയ മില്ലിയ ക്യാംപസിനുള്ളിൽനിന്നു പൊലീസ് വൻ ആയുധശേഖരം പിടിച്ചെടുത്തു എന്ന മലയാളത്തിലുള്ള കുറിപ്പോടെ പ്രചരിക്കുന്ന ആയുധങ്ങളുടെ ചിത്രം അത്തരത്തിലൊന്നാണ്. ഈ ചിത്രം ഇന്റർനെറ്റിൽ സെർച് ചെയ്തു നോക്കിയപ്പോൾ 2017ൽ പാക്കിസ്ഥാനിലെ ഒരു സർവകലാശാലയിൽനിന്നു പൊലീസ് പിടിച്ചെടുത്ത ആയുധങ്ങളാണെന്നു കാണാം. അന്ന്, പാക്കിസ്ഥാനിലെ പത്രങ്ങളിൽ ഇതേ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു.

∙ നിറയെ കുട്ടികളുള്ള സ്കൂൾ ബസ് സമരക്കാർ ആക്രമിക്കുന്നു എന്ന പേരിൽ ഒരു വിഡിയോയും ഇതു പോലെ പ്രചരിക്കുന്നുണ്ട്. 2018 ജനുവരിയിൽ ‘പത്മാവത്’ എന്ന ഹിന്ദി സിനിമയ്ക്കെതിരെ ഉത്തരേന്ത്യയിൽ നടന്ന പ്രക്ഷോഭത്തിനിടെ ബസുകൾക്കു നേരെയുണ്ടായ ആക്രമണത്തിന്റെ വിഡിയോ ആണിത്. ഹരിയാനയിലെ ഗുഡ്ഗാവിലായിരുന്നു ഈ സംഭവം. അന്ന് എല്ലാ ചാനലുകളും സംപ്രേഷണം ചെയ്ത വിഡിയോ ക്ലിപ് ആണ് ഇപ്പോൾ തെറ്റായ അടിക്കുറിപ്പോടെ പ്രചരിപ്പിക്കുന്നത്.

∙ ബ്രിട്ടിഷ് വലതുപക്ഷ മാധ്യമപ്രവർത്തകനായ കാറ്റി ഹോപ്കിൻസ് ഇതിനിടെ മറ്റൊരു വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. പൗരത്വ നിയമത്തിനെതിരായ സമരത്തിനിടെ ബസിനു കല്ലെറിയുന്ന വിഡിയോ എന്നാണ് ഹോപ്കിൻസ് ഇത് ട്വീറ്റ് ചെയ്തത്. ആയിരക്കണക്കിനു പേർ ഇത് ഷെയർ ചെയ്യുകയും ചെയ്തു. എന്നാൽ, ഈ വിഡിയോ 2017ൽ ഗുജറാത്തിലുണ്ടായ സംഭവത്തിന്റേതാണ്. സൂറത്തിൽ ബസിടിച്ചു വഴിയാത്രക്കാരനു പരുക്കേറ്റപ്പോൾ വലിയ പ്രതിഷേധമുണ്ടായി. ഇതിന്റെ പേരിൽ ബസുകൾക്കു നേരെ കല്ലേറുണ്ടായി. ആ വിഡിയോ ആണ് വിവരണം മാറ്റിയെഴുതി ഷെയർ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.

∙ ഡൽഹിയിൽ വിദ്യാർഥികളെ മർദിക്കാൻ പൊലീസിനൊപ്പം വടിയോങ്ങി നിൽക്കുന്ന സിവിൽ വസ്ത്രം ധരിച്ചയാൾ എബിവിപി നേതാവാണെന്നു സംശയമുന്നയിക്കുന്ന പോസ്റ്റുകളും ഇതിനിടെയുണ്ടായി. എന്നാൽ, ഇയാൾ മഫ്തിയിലുള്ള പൊലീസുകാരൻ തന്നെയാണെന്നു പിന്നീടു വ്യക്തമായി. ഈ പൊലീസുകാരനോടു മുഖസാമ്യമുള്ള ഒരു എബിവിപി നേതാവിന്റെ ചിത്രവും ഒപ്പം വച്ചായിരുന്നു തെറ്റായ പ്രചാരണം.

പൗരത്വ നിയമ പ്രക്ഷോഭത്തിന്റെ പേരിൽ പ്രചരിക്കുന്ന നൂറുകണക്കിനു വ്യാജ ചിത്രങ്ങളുടെയും വിഡിയോകളുടെയും വിവരങ്ങളുടെയും കൂട്ടത്തിൽനിന്നുള്ള ഏതാനും ചില ഉദാഹരണങ്ങൾ മാത്രമാണിത്. ഇത് ഇനിയും തുടരും. ഷെയർ ചെയ്യും മു‍ൻപു സത്യാവസ്ഥ ഉറപ്പാക്കണം.

സത്യാന്വേഷികളായി സർക്കാരും!

വ്യാജവാർത്തകൾക്കെതിരെ പോരാടുന്ന ഒട്ടനവധി സ്വതന്ത്ര ഏജൻസികളും മനോരമയടക്കമുള്ള മാധ്യമങ്ങളും ഇന്ത്യയിലുണ്ട്. ഇപ്പോൾ, സർക്കാർ ഏജൻസികളും ഈ രംഗത്തേക്കു വരികയാണ്. മുഖ്യമായും സർക്കാരിനെതിരെയുണ്ടാകുന്ന തെറ്റായ വിവരങ്ങളുടെ വസ്തുത അറിയിക്കുകയാണു ലക്ഷ്യം.

കേന്ദ്രസർക്കാരിന്റെ വാർത്താ ഏജൻസി എന്നു വിളിക്കാവുന്ന പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) ഈയിടെ ‘ഫാക്ട് ചെക്ക് യൂണിറ്റ്’ തന്നെ തുടങ്ങി. ഏതെങ്കിലും വാർത്തയെക്കുറിച്ചോ ചിത്രത്തെക്കുറിച്ചോ സംശയമുണ്ടെങ്കിൽ അതിന്റെ സ്ക്രീൻ ഷോട്ട് ഇമെയിലിൽ (pibfactcheck@gmail.com) അയയ്ക്കാനാണ് അവർ ആവശ്യപ്പെടുന്നത്. സത്യാവസ്ഥ അവർ അന്വേഷിച്ചറിയിക്കുമത്രേ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com