sections
MORE

ലോക സമാധാനത്തിനുമേൽ വീണത് തീപ്പൊരി

Iran-funeral
ഇറാൻ സൈനിക കമാൻഡർ ജനറൽ ഖാസിം സുലൈമാനിക്ക് അന്ത്യോപചാരമേകാൻ ടെഹ്റാനിൽ തടിച്ചുകൂടിയ ജനങ്ങൾ.
SHARE

ഇറാൻ സൈനിക കമാൻഡർ ജനറൽ ഖാസിം സുലൈമാനിയെ വധിച്ച യുഎസ് നടപടി ഗൾഫ്– പശ്ചിമേഷ്യൻ മേഖലയെ തീപ്പൊരി വീണാൽ ആളിക്കത്തുന്ന ഇടമാക്കിയിരിക്കുന്നു. അദ്ദേഹം ഇറാഖ് സർക്കാരിന്റെ സൈനികോപദേഷ്ടാവായിരുന്നുവെന്നും ഇറാഖ് പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം യാത്ര ചെയ്യുകയായിരുന്നെന്നും അതുവഴി യുഎസ് ആക്രമണത്തിൽ നിന്നു സംരക്ഷണം തേടുക കൂടിയായിരുന്നെന്നും മറ്റുമുള്ള ഇറാന്റെ വാദം പല ചോദ്യങ്ങളാണ് ഉയർത്തുന്നത്.

ആണവക്കരാറിൽനിന്നു യുഎസ് ഏകപക്ഷീയമായി പിൻമാറുകയും ഇറാനെതിരായി ഉപരോധം ശക്തമാക്കുകയും ചെയ്തതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ ഉടലെടുത്ത സംഘർഷം 17 മാസം കൊണ്ട് ഒന്നിനൊന്നു വർധിക്കുകയായിരുന്നു. സൗദി, യുഎഇ സർക്കാരുകളിൽ നിന്നുള്ള വിശകലനത്തിന്റെ അടിസ്ഥാനത്തിൽ, ജനപിന്തുണ നഷ്ടപ്പെട്ട് ഒറ്റപ്പെടുന്ന ഇറാൻ ചർച്ചയ്ക്കു തയാറാവുമെന്നോ അല്ലെങ്കിൽ അവിടത്തെ സർക്കാർ അട്ടിമറിക്കപ്പെടുമെന്നോ ഉള്ള കണക്കുകൂട്ടലിലായിരുന്നു യുഎസ്. ഇറാന്റെ പൂർവചരിത്രമോ സംസ്കാരമോ മനസ്സിലാക്കാതെയായിരുന്നു ഇത്. ദേശാഭിമാനം ചോദ്യം ചെയ്യപ്പെട്ടാൽ തങ്ങളുടെ നേതാക്കളുടെ കീഴിൽ അണിനിരക്കുകയാണ് ഇറാൻ ജനത ചെയ്തിട്ടുള്ളത്.

ഹോർമുസ് ഉൾക്കടലിലൂടെ കടന്നുപോകുന്ന എണ്ണക്കപ്പലുകൾക്കു നേരെ ആക്രമണമുണ്ടായപ്പോൾ പ്രതിസ്ഥാനത്ത് ഇറാനായിരുന്നു. യുഎസിന്റെ ഏറ്റവും ചെലവേറിയ ഡ്രോൺ, സമുദ്രാതിർത്തി ലംഘിച്ചപ്പോൾ ഇറാൻ വെടിവച്ചിട്ടതാണ് അവരെ പ്രകോപിപ്പിച്ച മറ്റൊരു സംഭവം.

ഇറാഖിലെ ഇറാൻ അനുകൂല ഷിയാ സായുധ സംഘടന കത്തബ് ഹിസ്ബുല്ല ഇറാഖിലെ യുഎസ് സൈനികത്താവളം ആക്രമിച്ച് ഒരു യുഎസ് കരാറുകാരനെ കൊലപ്പെടുത്തിയതോടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സംയമനം ഉപേക്ഷിച്ചു.

2 ദിവസം കഴിഞ്ഞ് കത്തബ് ഹിസ്ബുല്ലയുടെ സിറിയയിലെയും ഇറാഖിലെയും താവളങ്ങൾ ആക്രമിച്ച് 25 പേരെ വകവരുത്തി തിരിച്ചടിച്ചു.  ഇതിൽ രോഷം പൂണ്ടാണു ജനക്കൂട്ടം ബഗ്ദാദിലെ യുഎസ് എംബസി കയ്യേറിയത്. സുരക്ഷ താറുമാറായതോടെ കുവൈത്തിൽ നിന്നു ഹെലികോപ്റ്ററുകളും കൂടുതൽ സൈനികരെയും യുഎസിന് വരുത്തേണ്ടിവന്നു. ദിവസങ്ങൾക്കകം ബഗ്ദാദിൽ സുലൈമാനിയെ ഡ്രോൺ ആക്രമണത്തിലൂടെ യുഎസ് വകവരുത്തി.

ഇറാന്റെ പരമോന്നത നേതാവ് അലി ഖമനയി ‘കടുത്ത പ്രതികാരം’ പ്രഖ്യാപിച്ചു. പിന്നാലെ ഇറാഖ് പാർലമെന്റ് യുഎസ് സേനയെ അപ്പാടെ പുറത്താക്കാനും തീരുമാനിച്ചു. മറുപടിയെന്നോണം ഇറാഖിനെതിരെയും ട്രംപ് ഉപരോധ ഭീഷണി മുഴക്കി.

എന്നാൽ, ഇതിന്റെ നിയമസാധുതയും ധാർമികതയും യുഎസിൽ തന്നെ ചോദ്യം ചെയ്യപ്പെട്ടു. ഇറാൻ തിരിച്ചടിച്ചാൽ 52 കേന്ദ്രങ്ങളിൽ ആക്രമണം നടത്തുമെന്നുവരെ ട്രംപ് ഭീഷണി മുഴക്കി.

സ്വന്തം ജനതയുടെ വികാരം മാനിക്കുകയും യുഎസിന് ദോഷം വരുത്തുകയും ചെയ്യുന്നതോടൊപ്പം,  ആഗോള സഹതാപം നിലനിർത്തുന്ന വിധത്തിലായിരിക്കും ഇറാൻ പ്രതികരിക്കുക. ആഗോള എണ്ണ ഉൽപാദനത്തിന്റെ അഞ്ചിലൊന്ന്, അതായത് പ്രതിദിനം 2 കോടി ബാരൽ എണ്ണ, ഹോർമുസ് ഉൾക്കടലിലൂടെയാണു കടന്നു പോകുന്നത്. ഉൾക്കടലിന്റെ വടക്കൻ‍ ഭാഗമാണ് ഇറാന്റെ അധീനതയിലുള്ളത്.

1996ൽ സൗദി അറേബ്യയിലെ ഖോബർ ടവർ ആക്രമിച്ചതും 1983ൽ ബെയ്റൂട്ടിൽ യുഎസ് സേനയുടെ കെട്ടിടം ബോംബിട്ടതും ഇറാന്റെ പിന്തുണയോടെയായിരുന്നു എന്നാണു പറയുന്നത്. ഇക്കാര്യം  യുഎസ് ഓർക്കേണ്ടതുണ്ട്. 2 ആക്രമണങ്ങളിലും അനേകം യുഎസ് സൈനികരാണു മരിച്ചത്.

ട്രംപിന്റെ തൊട്ടതിനും പിടിച്ചതിനും ട്വീറ്റ് ചെയ്തുള്ള പരസ്യപ്രതികരണം നിയന്ത്രിക്കേണ്ടതുണ്ട്. ട്രംപിന്റെ വാദം ഡമോക്രാറ്റുകളും സംശയദൃഷ്ടിയോടെയാണു കാണുന്നത്. 

ആയുധശേഖരം പരിശോധിക്കാനെത്തിയ യുഎൻ നിരീക്ഷകരോടു സഹകരിക്കാതിരുന്നതിന് 1998ൽ ബിൽ ക്ലിന്റൻ പ്രസിഡന്റായിരുന്നപ്പോൾ ഇറാഖിൽ നടത്തിയ മിസൈൽ ആക്രമണവുമായാണ് ഇപ്പോഴത്തെ ആക്രമണത്തെ നിരീക്ഷകർ താരതമ്യം ചെയ്യുന്നത്. പ്രസിഡന്റിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം സെനറ്റിലെത്തിയ സമയത്തായിരുന്നു അന്നത്തെയും ആക്രമണം. ഇതു ശ്രദ്ധ തിരിച്ചുവിടാൻ വേണ്ടിയുള്ള ട്രംപിന്റെ നടപടിയാകാം. അതുപോലെ, തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പല ലക്ഷ്യങ്ങളിൽ ഒന്നും.

ഗൾഫിൽ 60 ലക്ഷം പ്രവാസികളുള്ള ഇന്ത്യയ്ക്ക് ഇത് അതീവ ഗുരുതര പ്രശ്നമാണ്. ഇതുവഴിയുണ്ടാകുന്ന അസ്ഥിരതയും അതിനെക്കാളേറെ ശത്രുതയും എണ്ണവിലയിലും വ്യാപാരത്തിലും വരുത്തുന്ന പ്രശ്നങ്ങൾ ചെറുതായിരിക്കില്ല. ഇറാൻ വിദേശകാര്യ മന്ത്രിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ വൈകി നടത്തിയ ചർച്ചയാകട്ടെ, റഷ്യ, ജപ്പാൻ, യൂറോപ്യൻ യൂണിയൻ, ചൈന തുടങ്ങിയവയുമായി യോജിച്ച് ഗൗരവമായൊരു പരിഹാരനീക്കത്തിനു പകരം വിമർശനം ഒഴിവാക്കാൻ വേണ്ടിയുള്ള ഔപചാരികത മാത്രമാണെന്ന തോന്നൽ ഉണ്ടാക്കിയിട്ടുണ്ട്. 

പ്രകോപനപരമായ വാചകക്കസർത്ത് നിർത്താനും പരാജയപ്പെട്ട ‘അതിസമ്മർദം’ എന്ന നയത്തിൽ നിന്ന് യുഎസിനെ പിന്തിരിപ്പിക്കാനുമുള്ള കൂട്ടായ ശ്രമമാണ് ആവശ്യം. ഇറാനിലെ ഒറ്റപ്പെട്ടുപോയ മിതവാദികൾക്കു തീവ്രവാദികളെ വരുതിയിൽ കൊണ്ടുവരണമെങ്കിൽ ഇനി യുഎസ് സഹായം കൂടിയേ തീരൂ.

ട്രംപിന്റെ തീപ്പൊരി ട്വീറ്റുകൾ പ്രശ്നം വഷളാക്കുക മാത്രമേയുള്ളൂ. ഇറാൻ തിരിച്ചടിക്കും മുൻപായി കാര്യങ്ങൾ തണുപ്പിക്കാൻ സമയമില്ലെന്ന സ്ഥിതിയായിരിക്കുന്നു. പരിഹാരമുണ്ടായില്ലെങ്കിൽ ഇറാനിലെ തീവ്രവാദികളായിരിക്കും ഇനി ചുക്കാൻ പിടിക്കുക. തീർച്ചയായും പന്ത് യുഎസിന്റെ കളത്തിൽ തന്നെയാണിപ്പോൾ.

(ഇറാൻ, യുഎഇ എന്നിവിടങ്ങളിൽ ഇന്ത്യയുടെ സ്ഥാനപതിയായിരുന്നു ലേഖകൻ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA