ADVERTISEMENT

ഭരണനേട്ടത്തിന്റെ കരുത്തിൽ ഡൽഹിയിൽ അധികാരത്തുടർച്ച പ്രതീക്ഷിച്ച് എഎപി. എന്തു വില കൊടുത്തും  ഭരണം പിടിക്കാനുറച്ച് ബിജെപി. അട്ടിമറി സ്വപ്നം കണ്ട്  കോൺഗ്രസ്...

രണ്ടു ദശാബ്ദമായി ഡൽഹിയിൽ അധികാരത്തിനു പുറത്തുനിൽക്കുകയാണു ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും കൂടി അടുത്ത ഒരുമാസം ആഞ്ഞുശ്രമിക്കുക ഡൽഹി തിരിച്ചു പിടിക്കാനാകും.

അത് എളുപ്പമല്ലെന്നു നന്നായി അറിയാവുന്ന നേതാവാണ് അമിത് ഷാ. അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പു പോരാട്ടത്തിന്റെ എല്ലാ മേഖലയിലും അദ്ദേഹത്തിന്റെ മേൽനോട്ടമുണ്ട്. 

ഡൽഹിയിലെ നിലവിലെ രാഷ്ട്രീയ കാലാവസ്ഥ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും അദ്ദേഹത്തിന്റെ ആം ആദ്മി പാർട്ടിക്കും (എഎപി) അനുകൂലമാണ്. ‘പ്രവർത്തിക്കുന്ന സർക്കാർ’ എന്ന പ്രതിഛായ അവർക്കുണ്ട്.

പല പ്രമുഖ നേതാക്കളും വിട്ടുപോയിട്ടും പാർട്ടിയിൽ പടലപിണക്കങ്ങൾ ഉണ്ടായിട്ടും കേജ്‌രിവാൾ സർക്കാരിന്റെ ജനപ്രീതി കാര്യമായി  കുറഞ്ഞിട്ടില്ല. 

ഇതിനിടെ, അദ്ഭുതങ്ങൾ നടത്താനാകുമോ എന്നാണു കോൺഗ്രസിന്റെ നോട്ടം. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് ഒരു സീറ്റു പോലും ലഭിച്ചില്ല.

എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏഴു മണ്ഡലങ്ങളിൽ അ‍ഞ്ചിടത്ത് അവരാണു രണ്ടാം സ്ഥാനത്ത് എത്തിയത്. അതുകൊണ്ടു തന്നെ കോൺഗ്രസിനെ എഴുതിത്തള്ളാൻ കഴിയില്ല. 

delhi-graph

70 മണ്ഡലങ്ങളിലും ത്രികോണ മത്സരമായിരിക്കും എന്നുറപ്പാണ്. മറ്റു കക്ഷികളും രംഗത്തുണ്ടാകുമെങ്കിലും, മുഖ്യ പോരാട്ടം എഎപിയും ബിജെപിയും കോൺഗ്രസും തമ്മിൽ‌ത്തന്നെ. 

ആം ആദ്മി പാർട്ടി 

2015ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 70ൽ 67 സീറ്റും പിടിച്ചെങ്കിലും, 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു നിയമസഭാ മണ്ഡലത്തിൽപോലും മുന്നിലെത്താൻ എഎപിക്കു കഴിഞ്ഞില്ല. 2015ൽ 54.36% വോട്ട് നേടിയ അവർക്കു ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചത് 18.11% മാത്രം. പക്ഷേ, നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥിതി ഇതാവില്ല. 

എഎപി സർക്കാരിന്റെ ഏറ്റവും വലിയ ആത്മവിശ്വാസം, ജനോപകാരപ്രദമായ ഒട്ടേറെ പദ്ധതികൾ വിജയകരമായി നടപ്പാക്കി എന്നതാണ്. 

∙ വിദ്യാഭ്യാസത്തിനുള്ള വിഹിതം 6000 കോടി രൂപയിൽനിന്ന് 15,600 കോടി രൂപയായി ഉയർത്തി. 

∙ സർക്കാർ സ്കൂളുകളിൽ 20,000 പുതിയ ക്ലാസ് മുറികൾ നിർമിച്ചു. 12–ാം ക്ലാസ് വിജയിച്ച ഒരു കുട്ടിയും പണമില്ലാത്തതിനാൽ ഉപരിപഠനത്തിനു പോകാതിരിക്കരുത് എന്നാണ് സർക്കാർ നിലപാട്. 

∙ ആരോഗ്യത്തിനുള്ള വിഹിതം 3500 കോടിയിൽനിന്ന് 7500 കോടിയാക്കി. 

∙ നഗരത്തിൽ ഒട്ടേറെ ആരോഗ്യ ക്ലിനിക്കുകൾ സ്ഥാപിച്ചു. ഇവിടെ വളരെക്കുറഞ്ഞ നിരക്കിൽ ടെസ്റ്റുകൾ നടത്താം. 

∙ 200 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗം സൗജന്യമാക്കി. 201 മുതൽ 400 യൂണിറ്റ് വരെ നിരക്ക് പകുതിയാക്കി. 

∙ ഒരു മാസം 20,000 ലീറ്റർ വരെ വെള്ളം സൗജന്യം. 

∙ വനിതകൾക്കു ബസിൽ സൗജന്യ യാത്ര. 

പൂർണ സംസ്ഥാന പദവിയായിരിക്കും വരുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മുഖ്യ മുദ്രാവാക്യമെന്നു കേജ്‌രിവാൾ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ പാർട്ടി വളർത്താനുള്ള ശ്രമം എഎപി ഏതാണ്ട് ഉപേക്ഷിച്ചു കഴിഞ്ഞു.

മുഴുവൻ ശ്രദ്ധയും ഡൽഹിയിൽ. മാത്രമല്ല, ഇടക്കാലത്ത് നരേന്ദ്ര മോദിയെ മുഖ്യ എതിരാളിയായി കണ്ടിരുന്ന സമീപനം കേജ്‌രിവാൾ മാറ്റുകയും ചെയ്തു.

മോദി സർക്കാരിന്റെ പല നയങ്ങളെയും, പ്രത്യേകിച്ച് ജമ്മു കശ്മീർ നടപടിയെ പിന്തുണച്ചത് അപ്രതീക്ഷിതമായി. 

എന്നാൽ, ഡൽഹിയിലെ 1731 അനധികൃത ‌കോളനികൾക്ക് അംഗീകാരം നൽകാൻ മോദി സർക്കാർ തുടങ്ങിവച്ച നടപടി പൂർത്തിയാക്കാത്തതിനെ കേജ്‌രിവാൾ രൂക്ഷമായി വിമർശിക്കുന്നുണ്ട്. 

ബിജെപി 

ഇപ്പോഴും ഒരു മുഖ്യമന്ത്രി സ്ഥാനാർഥിയെ നിശ്ചയിക്കാൻ ബിജെപിക്കു കഴിഞ്ഞിട്ടില്ല.

2013ൽ ഹർഷ്‌വർധനെയും 2015ൽ കിരൺ ബേദിയെയും ഉയർത്തിക്കാട്ടിയെങ്കിലും നേട്ടമുണ്ടായില്ല. ഇത്തവണ മനോജ് തിവാരിയുടെ പേരാണ് ഉയർന്നു കേൾക്കുന്നത്. കേന്ദ്രമന്ത്രി ഹർദീപ് പുരി, പർവേശ് വർമ എന്നിവരും പരിഗണനയിലുണ്ട്.

പ്രചാരണത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ മുന്നിട്ടിറങ്ങുമെന്നു സൂചനയുണ്ട്. സിഖ് വോട്ടുകൾ ഇത്തവണ തങ്ങൾക്ക് അനുകൂലമാക്കാനുള്ള ശ്രമവും ബിജെപി നടത്തുന്നുണ്ട്. 1984ലെ സിഖ് വിരുദ്ധ കലാപം സജീവ വിഷയമാക്കി നിർത്തുന്നു.

ഡൽഹിയിലെ വോട്ടർമാരിൽ 40% ഹിന്ദുക്കളാണ്. അതിനാൽത്തന്നെ, അയോധ്യ വിധിയും ക്ഷേത്രനിർമാണവും മുഖ്യ പ്രചാരണ വിഷയമാവുന്നു. 

കോൺഗ്രസ് 

ഇക്കുറി തങ്ങളുടെ ഇരുപത്തഞ്ചോളം പ്രമുഖ നേതാക്കളെ മത്സരരംഗത്ത് ഇറക്കാനാണു കോൺഗ്രസ് തീരുമാനം. എന്നാൽ, ഷീലാ ദീക്ഷിതിനെപ്പോലെ ഒരു നേതാവിന്റെ അഭാവം  അവർക്കു ക്ഷീണമാണ്.

മുഖ്യമന്ത്രി സ്ഥാനാർഥിയായി ആരെ ഉയർത്തിക്കാട്ടണമെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല. ഇതിനിടയിൽ എഎപിയുമായി ധാരണയുണ്ടാക്കി ബിജെപിയെ നേരിടണമെന്ന അഭിപ്രായവും കോൺഗ്രസിൽ ശക്തി പ്രാപിക്കുന്നുണ്ട്.

എഎപിക്കു പക്ഷേ ഒറ്റയ്ക്കു വിജയിക്കാമെന്ന ആത്മവിശ്വാസമുള്ളതിനാൽ അവർ ഈ നീക്കുപോക്കിനു തയാറാകുമോ എന്നു കണ്ടറിയണം. 

രാജ്യതലസ്ഥാനത്ത് മൂന്നു കക്ഷികൾക്കും അഭിമാനപ്പോരാട്ടമാണ്.

ഇപ്പോഴത്തെ നിലയിൽ എഎപി ഏറെ മുന്നിലാണ്. അവർ മിക്ക മണ്ഡലങ്ങളിലും സ്ഥാനാർഥിയെ നിശ്ചയിച്ച് ഒരു ഘട്ടം പ്രചാരണവും പൂർത്തിയാക്കിക്കഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com