ADVERTISEMENT

വ്യവസായ സൗഹൃദ സംസ്ഥാനമാകുന്നതിലും നിക്ഷേപകരെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നതിലും കേരളം പ്രതിജ്ഞാബദ്ധമാണെന്നാണു പറയുന്നതെങ്കിലും അതാണോ യാഥാർഥ്യം? നിക്ഷേപസൗഹൃദത്തിന്റെയും തൊഴിൽ സംസ്കാരത്തിന്റെയും കാര്യത്തിൽ ഉണ്ടാവേണ്ട ക്രിയാത്മക ചിന്താഗതികളിലേക്ക് എല്ലാവരും എത്തിയിട്ടില്ല എന്നതു നിർഭാഗ്യകരമായ യാഥാർഥ്യം തന്നെയാണ്. ഇന്നലെ, മുത്തൂറ്റ് ഫിനാൻസ് മാനേജിങ് ഡയറക്ടർ ജോർജ് അലക്സാണ്ടറെ കല്ലെറിഞ്ഞു പരുക്കേൽപിച്ചതിൽ തെളിയുന്നതും അതുതന്നെയല്ലേ?

മുത്തൂറ്റ് ഫിനാൻസ് ഓഫിസിൽ ജോലി ചെയ്യാൻ തയാറായി എത്തുന്ന ജീവനക്കാർക്കു നേരെ കായികമായ ആക്രമണം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നു ഹൈക്കോടതി പൊലീസിനു നിർദേശം നൽകിയതിന്റെ പിറ്റേന്നാണ് ആ സ്ഥാപനത്തിന്റെ എംഡിക്കു നേരെ ആക്രമണമുണ്ടായത്. കൊച്ചി മറൈൻഡ്രൈവിൽ ഡിഐജി ഓഫിസിനു സമീപത്താണു സംഭവം.

തൊഴിൽപരമായ എന്തു വിയോജിപ്പ് നിലനിൽക്കുന്നുണ്ടെങ്കിലും, മുൻപ് കേട്ടുകേൾവിയില്ലാത്ത വിധത്തിലുള്ള ഈ ആക്രമണം വ്യവസായ കേരളത്തിനുതന്നെ നാണക്കേടുണ്ടാക്കുന്നു. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയുവിന്റെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന്റെ പശ്ചാത്തലത്തിലുണ്ടായ കല്ലേറിനെ വ്യവസായസമൂഹവും പൊതുസമൂഹവും അപലപിച്ചിട്ടുണ്ട്. നിക്ഷേപകർക്കു പരമാവധി പ്രോത്സാഹനവും സഹായവുമൊക്കെ നൽകുന്ന നിലപാടാണു സർക്കാരിന്റേതെന്നാണ് ഇന്നലെ ഈ സംഭവത്തിനു ശേഷവും തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞത്. നിക്ഷേപകരെ കല്ലെറിഞ്ഞു പരുക്കേൽപിച്ച് ആശുപത്രിലാക്കുന്നതാണോ നമ്മുടെ തൊഴിൽ സംസ്കാരം?

കഴിഞ്ഞ വർഷം ജൂണിൽ, കണ്ണൂർ ജില്ലയിലെ സാജൻ പാറയിൽ എന്ന പ്രവാസി വ്യവസായി സ്വന്തം മരണംകൊണ്ടു കേരളത്തിന്റെ വ്യവസായസമീപനത്തെയും അധികാരരാഷ്ട്രീയത്തിന്റെ ക്രൂരമനോഭാവത്തെയും ചോദ്യം ചെയ്തതു മറക്കാറായിട്ടില്ല. വിദേശത്തു ജോലിയും ബിസിനസും ചെയ്തു സമ്പാദിച്ച തുക സ്വന്തം നാട്ടിൽ മുടക്കിയ ഒരു സംരംഭകനുണ്ടായ ദുരനുഭവ പരമ്പരയിൽനിന്നു നാം ഒരു പാഠവും പഠിച്ചില്ലെന്നാണോ മനസ്സിലാക്കേണ്ടത്?

ഇന്നത്തെ 24 മണിക്കൂർ ദേശീയ പണിമുടക്കിനു പിന്നാലെ നാളെ കൊച്ചിയിൽ സർക്കാർ നടത്തുന്ന അസെൻഡ് നിക്ഷേപ സംഗമത്തെക്കുറിച്ചു നിസാൻ മോട്ടർ കോർപറേഷൻ ചീഫ് ഇൻഫർമേഷൻ ഓഫിസർ (സിഐഒ) ടോണി തോമസ് കഴിഞ്ഞ ദിവസം എഴുതിയ ഫെയ്സ്ബുക് പോസ്റ്റ് ശ്രദ്ധേയമാണ്. ഒരു വശത്തു നിക്ഷേപ സംഗമമെങ്കിൽ മറ്റൊരു വശത്തു നിക്ഷേപകരെ തളർത്തുന്ന സമീപനമാണുള്ളതെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

പങ്കെടുക്കുന്ന നിക്ഷേപകർ ഭക്ഷണപ്പൊതി കയ്യിൽ വച്ച് അറബിക്കടൽ നീന്തി വരുമോ എന്നായിരുന്നു ടോണിയുടെ പരിഹാസം. 9,10 തീയതികളിലാണു കൊച്ചിയിൽ നിക്ഷേപക സംഗമം. അതിനു പിറ്റേന്നാണു മരട് ഫ്ലാറ്റുകൾ പൊളിക്കുന്നത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വിമാനങ്ങൾക്കു നിയന്ത്രണവുമുണ്ട്. ഈ പ്രശ്നങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണു ഫെയ്സ്ബുക് പോസ്റ്റ്. സംഗമത്തിനെത്തുന്നവർ ഇവിടെ നിക്ഷേപം നടത്താൻ പറ്റിയ സ്ഥലമല്ല എന്നു നേരിട്ടു കണ്ടു മനസ്സിലാക്കി മറ്റു നാടുകളിലേക്കു പോകട്ടെ എന്നതാകും സംഗമത്തിന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം പരിഹസിക്കുന്നുണ്ട്.

നിക്ഷേപാനുകൂല സാഹചര്യത്തിന്റെ കാര്യത്തിൽ കേരളത്തിനുള്ള പിന്നാക്കാവസ്ഥ മാറണമെങ്കിൽ ആദ്യം മാറേണ്ടത് നമ്മുടെ മനോഭാവം തന്നെയല്ലേ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com