sections
MORE

അറിയണം, ഇതൊന്നും പ്രണയമല്ല: സി.ജെ.ജോൺ എഴുതുന്നു

nottam-cj-john
SHARE

പ്രണയം നിരസിച്ചാൽ പെണ്ണിനെ കൊല്ലണമെന്ന അപകടകരമായ ചിന്ത ചില ചെറുപ്പക്കാരുടെയെങ്കിലും മനസ്സിൽ കയറിയിട്ടുണ്ട്. തിരുവനന്തപുരം കാരക്കോണത്തെയും കൊച്ചി കാക്കനാട്ടെയും സംഭവങ്ങൾ അതു വ്യക്തമാക്കുന്നു. ‘നോ’ എന്ന യാഥാർഥ്യവുമായി പൊരുത്തപ്പെടാനും ജീവിതം മുന്നോട്ടുനീക്കാനും യുവാക്കൾക്കു കഴിയണം. ചെറുപ്പത്തിലേ, കുടുംബങ്ങളിൽ നിന്നുതന്നെ ഇതിനു പരിശീലനം ആവശ്യമാണ്.

പ്രണയം വേണ്ടെന്നുവച്ചാൽ പിന്നെ ജീവിക്കാൻ ഭയക്കണം എന്നതാണു പെൺകുട്ടികളുടെ അവസ്ഥ! തിരുവനന്തപുരം കാരക്കോണത്തു വിദ്യാർഥിനിയെ കഴുത്തറുത്തു കൊന്നതും കൊച്ചി കാക്കനാട്ട് വിദ്യാർഥിനിയെ കുത്തിപ്പരുക്കേൽപിച്ചതുമെല്ലാം സൂചിപ്പിക്കുന്നതും അതു തന്നെ.

ഇത്തരം സംഭവങ്ങൾ കേരളത്തിൽ പതിവു വാർത്തയാണിപ്പോൾ. പ്രണയം നിരസിച്ചാൽ പെണ്ണിനെ കൊല്ലണമെന്ന അപകടകരമായ ചിന്ത ചില ചെറുപ്പക്കാരുടെയെങ്കിലും മനസ്സിൽ കയറിയിട്ടുണ്ട്. 

രണ്ടു തരത്തിലാണു പരിഹാരമുള്ളത്: പക്വമായ ബന്ധം രൂപപ്പെടുത്തുക, അല്ലെങ്കിൽ നയപരമായി പിൻവാങ്ങുക. രണ്ടാമത്തേതാണെങ്കിൽ എത്രയും വേഗം ചെയ്യണം. കത്തിക്കലിനും കത്തിക്കും ഇരയാവാതിരിക്കാൻ അതാവശ്യമാണ്.

അപായസൂചനകൾ ഇങ്ങനെ:

‍∙ എന്റെ ഇഷ്ടത്തിനനുസരിച്ചു മാത്രം പെരുമാറിയാൽ മതിയെന്ന വാശി. അനുസരിക്കാതെയാവുമ്പോൾ വൈകാരികമായ ബ്ലാക്മെയിലിങ്ങാവും. പിന്നെ, ഭീഷണി.

∙ എവിടെ പോകണം, ആരോടൊക്കെ മിണ്ടണം, ഏതു വസ്ത്രം ധരിക്കണം തുടങ്ങിയ വ്യക്തിപരമായ സ്വാതന്ത്ര്യങ്ങളിൽ നിയന്ത്രണങ്ങൾക്കു ശ്രമിക്കുന്നത്.

∙ ഫോണിലെ കോൾ ലിസ്റ്റ്, മെസേജുകൾ, സമൂഹമാധ്യമങ്ങളിൽ എന്തെല്ലാം ചെയ്യുന്നു എന്നെല്ലാം പരിശോധിക്കുന്നതും അപകടലക്ഷണമാണ്. ഇരുത്തംവരാത്ത പ്രണയത്തിന്റെ ലക്ഷണങ്ങൾ.

∙ ഫോൺ കുറച്ചുനേരം ‘എൻഗേജ്ഡ്’ ആയാൽ, കോളെടുക്കാൻ വൈകിയാൽ കലഹമുണ്ടാക്കുന്നതും നല്ല സൂചനയല്ല.

∙ ‘നിനക്കു ഞാനുണ്ടല്ലോ’ എന്നു മധുരത്തിൽപൊതിഞ്ഞു പറയുകയും അതിലൂടെ മറ്റെല്ലാ സാമൂഹികബന്ധങ്ങളും മുറിക്കാൻ ശ്രമിക്കുന്നതും അപകടകരമായി കരുതണം. അതു നീരാളിപ്പിടിത്തത്തിന്റെ തുടക്കമാവാം.

∙ വ്യക്തിപരമായ ചെറിയ കാര്യങ്ങളിൽപോലും തുടർച്ചയായി ഇടപെടുന്നുണ്ടെങ്കിൽ ജാഗ്രത പാലിക്കണം.

∙ നേരവും കാലവും നോക്കാതെ ഫോൺ വിളിക്കുക, മെസേജ് അയയ്ക്കുക, താമസിക്കുന്നതിനു തൊട്ടടുത്ത് അസമയത്തു വന്നു നിൽക്കുക, പുറത്തേക്കു വരാൻ ആവശ്യപ്പെടുക തുടങ്ങിയവയും പ്രശ്നങ്ങളുടെ മുന്നോടിയായി കാണണം. ഇപ്പോൾ തിരക്കിലാണ്, പിന്നീടു വിളിക്കാം എന്നു പറയുമ്പോൾ കോപിക്കുന്നതും അടയാളം തന്നെ. 

∙ ‘നീ പോയാൽ ഞാൻ ചത്തുകളയും’, ‘എന്നെ കൈവിട്ടാൽ നിന്നെ കൊല്ലും’ എന്നൊക്കെയുള്ള പറച്ചിലുകൾ ഗുരുതരാവസ്ഥയിലേക്കുള്ള പോക്കാണ്. ചിലർ ശരീരത്തിൽ മുറിവുണ്ടാക്കി ചിത്രമെടുത്ത് അയയ്ക്കുന്നതും പ്രശ്നസൂചനയാണ്.

എല്ലാ പ്രണയങ്ങളും കുഴപ്പമാണെന്നല്ല. പക്ഷേ, മേൽപറഞ്ഞ ലക്ഷണങ്ങളിൽ ഏതെങ്കിലും പ്രകടമാകുന്നുണ്ടെങ്കിൽ സമാധാനപൂർണമായ പ്രണയം അസാധ്യം. പക്വത കുറഞ്ഞവരാണ് ഇത്തരം ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നത്. അവരാണ് ആദ്യം മാനസികമായും പിന്നീടു ശാരീരികമായും ആക്രമിക്കുന്നത്. ഇത്തരക്കാരിൽനിന്നു നയപരമായി ഒഴിവാകുക.  

‘നോ’ എന്ന യാഥാർഥ്യവുമായി പൊരുത്തപ്പെടാനും ജീവിതം മുന്നോട്ടു നീക്കാനും യുവാക്കൾക്കു കഴിയണം. ചെറുപ്പത്തിലേ, കുടുംബങ്ങളിൽനിന്നുതന്നെ ഇതിനു പരിശീലനം ആവശ്യമാണ്. അതു സ്വഭാവരൂപീകരണത്തിന്റെ ഭാഗമാവണം. അങ്ങനെയുള്ളവർ പ്രണയിക്കുമ്പോൾ പങ്കാളിക്കുമേൽ ഉടമസ്ഥാവകാശം സ്ഥാപിക്കാൻ ശ്രമിക്കില്ല.

അവകാശങ്ങളും സ്വാതന്ത്ര്യവും ഹനിക്കാൻ മുതിരുകയുമില്ല. പ്രണയപങ്കാളിയെ കത്തിക്കുകയും ആസിഡ് ഒഴിക്കുകയും കഴുത്തറുത്തു കൊല്ലുകയും ചെയ്യുന്നത് ആത്മാർഥവും പക്വവുമായ പ്രണയത്തിന്റെ ലക്ഷണമല്ല. അത് ഇരുത്തമില്ലാത്തവരുടെ വെകിളികൾ മാത്രമാണെന്ന് ഓർക്കുക.

(മാനസികാരോഗ്യ വിദഗ്ധനാണു ലേഖകൻ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA