ADVERTISEMENT

ഒറ്റ വിഷയത്തിൽ മാത്രം കേന്ദ്രീകരിച്ചു ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണം– കേരളം വർഷങ്ങളായി ശീലിച്ച പഠനസമ്പ്രദായത്തിൽ നിന്നുള്ള ചരിത്രപരമായ ചുവടുമാറ്റത്തിന്റെ വർഷമാകുമോ 2020? ബഹുവിഷയ പഠനരീതിക്കു പ്രാധാന്യം നൽകി സമഗ്ര അഴിച്ചുപണിക്കൊരുങ്ങുകയാണ് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ.

കേരളത്തിലെ ഡിഗ്രി പ്രോഗ്രാമുകളിൽ കോംപ്ലിമെന്ററി കോഴ്സുകൾ എന്ന രീതിയിൽ അനുബന്ധ വിഷയങ്ങൾ പഠിപ്പിക്കുന്നുണ്ടെങ്കിലും ഇതിന്റെ സിലബസിനു പരിമിതിയുണ്ട്.

 പ്രധാന വിഷയത്തിൽ തുടർപഠനത്തിനും ഗവേഷണത്തിനും സഹായകരമാകുന്ന രീതിയിലല്ല ഈ പേപ്പറുകളുടെ പാഠ്യക്രമം. ഉദാഹരണത്തിന് ബിഎ ഹിസ്റ്ററി, ഇക്കണോമിക്സ് പ്രോഗ്രാമുകൾക്ക് കോംപ്ലിമെന്ററി പേപ്പറായി പൊളിറ്റിക്കൽ സയൻസുണ്ട്. ഹിസ്റ്ററിക്കും ഇക്കണോമിക്സിനും വേണ്ട പൊളിറ്റിക്കൽ സയൻസ് സങ്കേതങ്ങൾ രണ്ടും രണ്ടാണ്.

maths

എന്നാൽ, നാം പഠിപ്പിക്കുന്നത് രണ്ടിനും ഒരു പേപ്പർ! ഈ രീതി മാറി പ്രധാന വിഷയം ആഴത്തിലറിയുന്നതിനു സഹായിക്കുംവിധം അനുബന്ധ വിഷയങ്ങളുടെ പാഠ്യക്രമം പരിഷ്കരിക്കാനും പല വിഷയങ്ങൾ സംയോജിപ്പിച്ചു സമകാലിക പ്രസക്തിയുള്ള കൂടുതൽ പേപ്പറുകൾ ഉൾപ്പെടുത്താനുമാണു നീക്കം.

 ഇംഗ്ലിഷ് പഠിച്ച് ആന്ത്രപ്പോളജി വഴി ഒരു അമേരിക്കൻ യാത്ര

എന്തുകൊണ്ടു ബഹുവിഷയ പഠനരീതി ? ഫുൾബ്രൈറ്റ് - നെഹ്റു ഫെലോഷിപ് നേടി യുഎസിലെ ടെക്സസ് സർവകലാശാലയിൽ ഗവേഷണം നടത്തുന്ന പാലക്കാട് ഒറ്റപ്പാലം പനമണ്ണ സ്വദേശി യു. കെ. ഷംസുദ്ദീന്റെ അനുഭവം കേൾക്കൂ:

shamsu
ഷംസുദ്ദീൻ

‘‘ഒറ്റപ്പാലം എൻഎസ്എസ് കോളജിൽ ബിഎ ഇംഗ്ലിഷും കണ്ണൂർ സർവകലാശാലയുടെ പാലയാട് ക്യാംപസിൽ എംഎ ഇംഗ്ലിഷുമാണു ഞാൻ പഠിച്ചത്.

പക്ഷേ, എന്റെ ഫുൾബ്രൈറ്റ് ഫെലോഷിപ് ഇംഗ്ലിഷ് സാഹിത്യത്തിലല്ല, കൾചറൽ ആന്ത്രപ്പോളജിയിലാണ്. ശ്രീനാരായണ ഗുരുവിനെപ്പറ്റിയുള്ള വാമൊഴികൾ വിശകലനം ചെയ്തു അദ്ദേഹത്തെക്കുറിച്ചു പുതിയ ഉൾക്കാഴ്ച കണ്ടെത്താനാകുമോ എന്നാണു ഗവേഷണം.

ഇംഗ്ലിഷ് സാഹിത്യ പഠനത്തിലൂടെ ശീലിച്ച ഗവേഷണ രീതിശാസ്ത്രമുപയോഗിച്ച് വാമൊഴികളുടെ വിശകലനമാണ് ഒരു വഴി. അതോടൊപ്പം, ഈ വാമൊഴികൾ നിലനിൽക്കുന്ന സാമൂഹിക സാഹചര്യം കൂടി വിശകലനം ചെയ്യാനായാലോ? അതിനുപക്ഷേ ആന്ത്രപ്പോളജിയുടെ ഗവേഷണ രീതിശാസ്ത്രം കൂടി അറിയണം. പരമ്പരാഗത എംഎ ഇംഗ്ലിഷ് സിലബസിൽനിന്ന് എനിക്കതു പഠിക്കാനായിരുന്നില്ല.

ഐഐടി ബോംബെയിൽ പിഎച്ച്ഡിക്കു ചേർന്നതാണു വഴിത്തിരിവായത്. അവിടെ കോഴ്സ് വർക്കിൽ ഇംഗ്ലിഷ് ലിറ്റററി തിയറി പേപ്പറിനൊപ്പം ആന്ത്രപ്പോളജിയിൽ നിന്നും ഫിലോസഫിയിൽ നിന്നുമുള്ള ഓരോ പേപ്പറുകൾ കൂടിയുണ്ടായിരുന്നു.

ആ പഠനാനുഭവം തന്ന ആത്മവിശ്വാസവുമായാണ് ആന്ത്രപ്പോളജിയിൽ ഫുൾബ്രൈറ്റിന് അപേക്ഷിച്ചത്.’’

ഏതെങ്കിലും ഒരു വിഷയത്തിലുള്ള മിടുക്കു കൊണ്ടുമാത്രം തൊഴിൽ, ഗവേഷണ വെല്ലുവിളികൾ നേരിടാൻ കഴിയാത്ത കാലമാണിനി. വിഷയാതിരുകൾ ഭേദിച്ചു പലവിധ അറിവുകൾ നേടാനും അവ സ്വന്തം മേഖലയിൽ ഉപയോഗപ്പെടുത്താനും കഴിയുന്നവർക്കേ പിടിച്ചുനിൽക്കാനാകൂ.

ഈ തിരിച്ചറിവിൽനിന്നാണ് ദേശീയ, രാജ്യാന്തര തലത്തിലെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളൊക്കെ ബഹുവിഷയ പഠനസമ്പ്രദായത്തിലേക്കു ചുവടുമാറ്റിയത്.

 ബയോളജിക്കൊപ്പം മാത്‌സും

സങ്കീർണമായ ശാസ്ത്ര, സാമൂഹിക പ്രശ്നങ്ങൾക്ക് ഒരു വിഷയത്തിന്റെ മാത്രം അതിരുകളിൽനിന്നു പരിഹാരം കണ്ടെത്തുക സാധ്യമല്ല. പലവിധ അറിവുകൾ സംയോജിപ്പിച്ച് അവ സന്ദർഭോചിതമായി ഉപയോഗിക്കണം.

പല വിഷങ്ങളിൽനിന്നു കുറച്ചെടുത്ത് എല്ലാംകൂടി അവിയൽ പരുവത്തിൽ പഠിപ്പിക്കുക എന്നല്ല ഇതിനർഥം. പ്രധാന വിഷയത്തിനൊപ്പം തുടർപഠനത്തിനു സഹായകരമായേക്കാവുന്ന മറ്റു വിഷയങ്ങൾ കൂടി മനസ്സിലാക്കാൻ വിദ്യാർഥിക്ക് അവസരമൊരുക്കലാണു ലക്ഷ്യം.

ഒരു ഉദാഹരണം: ബയോളജി ഡിഗ്രി വിദ്യാർഥിക്കു ഭാവിയിൽ കംപ്യൂട്ടേഷനൽ ബയോളജയിൽ ഉന്നതപഠനം നടത്തണമെന്നുണ്ട്.

മാത്‌സിലും കംപ്യൂട്ടർ സയൻസിലും അടിസ്ഥാന ധാരണയുണ്ടെങ്കിലേ ഇതു നടക്കൂ. പക്ഷേ, നമ്മുടെ ഡിഗ്രി, പിജി സിലബസിൽ ബയോളജിക്കൊപ്പം മാത്‌സിന് ഇടമേയില്ല.

അതേസമയം, രാജ്യത്തെ ഏറ്റവും മികച്ച ശാസ്ത്രഗവേഷണ സ്ഥാപനമായ ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്‌സി) 4 വർഷ ബിഎസ് (റിസർച്) എന്ന ബിരുദ പ്രോഗ്രാം നോക്കൂ. വിദ്യാർഥിക്കു ബയോളജിക്കൊപ്പം ഇഷ്ടമാണെങ്കിൽ മാത്‌സും പഠിക്കാം.

ആദ്യ 3 സെമസ്റ്ററുകളിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്‌സ്, എൻജിനീയറിങ്, ഹ്യുമാനിറ്റീസ് എന്നിവയിലെ അടിസ്ഥാന കാര്യങ്ങൾ എല്ലാവരും പഠിച്ചിരിക്കണം. അതിനു ശേഷമേ സ്പെഷലൈസേഷൻ അനുവദിക്കൂ.

ഇങ്ങനെ ഒരു പ്രധാന വിഷയം (മേജർ സബ്ജക്ട്) തിരഞ്ഞെടുത്താലും മറ്റൊരു വിഷയം ഉപ വിഷയമായി (മൈനർ സബ്ജക്ട്) എടുക്കാം. ബയോളജി മേജറായെടുത്ത ഒരാൾക്കു മാത്‌സോ കംപ്യൂട്ടർ സയൻസോ പഠിക്കാം.

ഐഐഎസ്‌സി ഒറ്റപ്പെട്ട തുരുത്തല്ല. ഐഐടികൾ, ഐസറുകൾ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്), എൻഐടികൾ, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്, ബെംഗളൂരു അസിം പ്രേംജി സർവകലാശാല, ഹൈദരാബാദിലെ ഇംഗ്ലിഷ് ആൻഡ് ഫോറിൻ ലാംഗ്വിജസ് യൂണിവേഴ്സിറ്റി... അങ്ങനെ ഡിഗ്രി തലംതൊട്ടേ ബഹുവിഷയ പഠനരീതി പിന്തുടരുന്ന സ്ഥാപനങ്ങളേറെ. കേരളത്തിലെ സർവകലാശാലകളും ചെറിയ ചുവടുവയ്പു നടത്തുന്നു.

 ഒരു പ്രശ്നം, ഒരുത്തരം, പല വഴി

കേരളത്തിലെ പ്രളയത്തെപ്പറ്റി ഗവേഷണം നടത്തുന്ന രണ്ടു പേരുണ്ടെന്നു കരുതുക. ഒരാൾ കാലാവസ്ഥാ ശാസ്ത്രത്തിൽ മാത്രം അറിവുള്ളയാൾ. രണ്ടാമത്തെയാൾ കാലാവസ്ഥാ ശാസ്ത്രത്തിനൊപ്പം ഇക്കണോമിക്സിലും സോഷ്യൽ സയൻസിലും ധാരണയുള്ളയാളും.

ആദ്യത്തെയാളുടെ ഗവേഷണം പ്രളയത്തിന്റെ ശാസ്ത്രീയ കാരണങ്ങളിൽ മാത്രം ശ്രദ്ധയൂന്നുമ്പോൾ രണ്ടാമത്തെയാളുടെ ഗവേഷണത്തിൽ അതിന്റെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക മാനങ്ങൾ കൂടി ചർച്ചയാകും. ഇത്തരത്തിൽ ഒരു പ്രശ്നത്തെ വിവിധ തലങ്ങളിൽ സമീപിക്കാൻ പരിശീലിപ്പിക്കുന്നതാണു ബഹുവിഷയ പഠനരീതി.

വിശകലന ശേഷിയും വിമർശനാത്മക ചിന്തയും കൂടും. അറിവുകളുടെ പങ്കുവയ്ക്കൽ ശേഷി, വിവിധ തലത്തിലുള്ള അക്കാദമിക സമൂഹത്തോടു സംവദിക്കാനുള്ള ശേഷി എന്നിവ മെച്ചപ്പെടും. ലോകത്തു നടക്കുന്ന പുതിയ ഗവേഷണങ്ങളും അവയുടെ രീതിശാസ്ത്രവും പരിചയപ്പെടാനും അതിൽനിന്നു തന്റെ പഠനത്തിനാവശ്യമായവ ഉൾച്ചേർക്കാനും ശീലിക്കും.

 വിഷയാതിർത്തി കടക്കൽ; സ്വാതന്ത്ര്യം പ്രധാനം

ഏതു രീതിയിലാണു കേരളത്തിൽ ബഹുവിഷയ പഠനരീതി നടപ്പാക്കുക എന്നതിൽ ആലോചനകൾ നടക്കുന്നേയുള്ളൂ. പിജി തലത്തിലേക്കാവശ്യമായ ഏകദേശ പാഠ്യക്രമം പ്രഫ. ഇ.ഡി.ജെമ്മീസ്, പ്രഫ. എൻ.ജെ.റാവു (ഇരുവരും ബെംഗളൂരു ഐഐഎസ്‌സി), പ്രഫ. കെ.എൽ.സെബാസ്റ്റ്യൻ (ഐഐടി പാലക്കാട്) എന്നിവരടങ്ങുന്ന സമിതി വിശദ ചർച്ചകൾക്കായി സമർപ്പിച്ചിരിക്കുകയാണ്.

പഠനവിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിൽ വിദ്യാർഥികൾക്കുള്ള സ്വാതന്ത്ര്യവും നിരന്തരം പുതുക്കുന്ന സിലബസുമാണു ബഹുവിഷയ പഠനരീതിയുടെ പ്രധാന ആകർഷണം.

സമകാലിക വെല്ലുവിളികൾ നേരിടാൻ പാകത്തിൽ കോർ (നിർബന്ധമായും പഠിക്കേണ്ടവ), ഇലക്ടീവ് (വിദ്യാർഥി സ്വന്തം ഇഷ്ടാനുസരണം തിരഞ്ഞെുക്കുന്നവ) പേപ്പറുകൾ പഠനപദ്ധതിയിലുൾപ്പെടുത്താനും കഴിയണം. 

രാജ്യത്തെ മുൻനിര സ്ഥാപനങ്ങളിലെ രീതി കേരളത്തിൽ അതേപടി സ്വീകരിക്കുന്നതിനു പരിമിതികളുണ്ടാകാം. കാരണം, ഗവേഷണ പ്രധാനമായ, ഒറ്റ ക്യാംപസ് കേന്ദ്രീകൃതമായ ദേശീയ സ്ഥാപനങ്ങളെപ്പോലെയല്ല ഒട്ടേറെ കോളജുകൾ അഫിലിയേറ്റ് ചെയ്ത കേരളത്തിലെ സർവകലാശാലകൾ.

വിദ്യാർഥികളുടെ എണ്ണക്കൂടുതലും അധ്യാപകരുടെയും അനുബന്ധ സൗകര്യങ്ങളുടെയും അപര്യാപ്തതയും വെല്ലുവിളികളാണ്.

അധ്യാപകരെ ഒരുക്കാം

വൈവിധ്യമാർന്ന വിഷയങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയതു കൊണ്ടുമാത്രമായില്ല, അതെങ്ങനെ പഠിപ്പിക്കും എന്നതിലും ഗൗരവമായ ആലോചന വേണം.

ബഹുവിഷയ പഠനരീതി മികവോടെ നടപ്പാക്കിയ, രാജ്യത്തിനകത്തും പുറത്തുമുള്ള സ്ഥാപനങ്ങളിലൊക്കെയും ആ രീതിയിൽ പരിശീലനം ലഭിച്ച അധ്യാപകരുമുണ്ട്.

എന്നാൽ, ഒറ്റ വിഷയത്തിന്റെ ചട്ടക്കൂടിൽ നിൽക്കുന്നവരാണു കേരളത്തിലെ ഭൂരിഭാഗം കോളജ് അധ്യാപകരും. അതിനേ അവസരമുള്ളൂ. മികച്ച അധ്യാപക പരിശീലനം വഴി ഈ പരിമിതി ഏറെക്കുറെ മറികടക്കാം. ഉന്നത വിദ്യാഭ്യാസ കൗൺസിൽ ആയിരത്തിലധികം അധ്യാപകർക്ക് ഇത്തരത്തിൽ ആദ്യഘട്ട പരിശീലനം നൽകിക്കഴിഞ്ഞു.

venu
വേണു നാരായൺ

ഇതു തുടരുമെന്നും സിലബസിലും മറ്റും വ്യക്തത വന്ന ശേഷം കൂടുതൽ പരിശീലനം ലക്ഷ്യമിടുന്നെന്നും കൗൺസിൽ മെംബർ സെക്രട്ടറി ഡോ. രാജൻ വർഗീസ് പറയുന്നു.

∙ സങ്കീർണ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തണമെങ്കിൽ ഒറ്റ വിഷയ പാഠ്യക്രമത്തിന്റെ കർശന അതിരുകളിൽ നിന്നുള്ള പഠനം കൊണ്ടു മാത്രം കാര്യമില്ലെന്നും വിഷയാതിർത്തികൾ ഒരു കോട്ടയല്ലെന്നും വിദ്യാർഥികളെ ബോധ്യപ്പെടുത്താൻ അധ്യാപകർക്കാവണം.

പഠനം മികച്ച രീതിയിൽ പൂർത്തിയാക്കാൻ വിഷയാതിരുകൾ ലംഘിക്കേണ്ടതുണ്ടെങ്കിൽ അതിനവരെ പരിശീലിപ്പിക്കാനുമാവണം. ഇതിന് അധ്യാപകർക്കു പറ്റിയില്ലെങ്കിൽ മറ്റു പല പദ്ധതികളെപ്പോലെ ഇതും ഏട്ടിലെ പശുവായി മാറും.

– വേണു നാരായൺ (സ്‌കൂൾ ഓഫ് ആർട്സ് ആൻഡ് സയൻസ് ഡയറക്ടർ, അസിം പ്രേംജി സർവകലാശാല)

നമ്മൾ എങ്ങനെ മാറിനിൽക്കും? : ഡോ. രാജൻ ഗുരുക്കൾ

ഓരോ വിഷയത്തെയും അതിരു തിരിച്ച് കൂട്ടിത്തൊടാത്ത വകുപ്പുകളാക്കുന്ന പഴയ സമ്പ്രദായം ഇനിയും നാം തുടർന്നാൽ കുട്ടികളുടെ ഭാവിയെ സാരമായി ബാധിക്കും.

അതിനാൽ, ബഹുവിഷയ സമീപനവും വിഷയാന്തര സമീപനവും അവരെ പരിശീലിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

യുജിസി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളും ഇതിനു വലിയ പ്രാധാന്യമാണു നൽകുന്നത്. ഈ വർഷം അവസാനത്തോടെ പുതിയ ബഹുവിഷയ പാഠ്യക്രമവും അധ്യാപക പരിശീലനവും പൂർത്തിയാക്കാനാവുമെന്നാണു പ്രതീക്ഷ. സിലബസിലെ ആവർത്തനമൊഴിവാക്കലും ലക്ഷ്യമാണ്.

(വൈസ് ചെയർമാൻ, സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com