sections
MORE

നാം അടയ്ക്കുന്ന ടൂറിസം വാതിൽ

SHARE

നൊബേൽ സമ്മാനിതനായ മൈക്കൽ ലെവിറ്റിനു കേരളം അത്രമേൽ ഹൃദയഹാരിയായ ദേശമായിരുന്നു, ഇന്നലെ വരെ. പക്ഷേ, ഇനിയങ്ങോട്ട് അങ്ങനെയാവില്ലെന്നു തീർച്ച. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക അതിഥിയായി എത്തിയ അദ്ദേഹത്തെ ദേശീയ പണിമുടക്കിന്റെ പേരിൽ വഞ്ചിവീട്ടിൽ തടഞ്ഞുവച്ചത് രാജ്യാന്തരതലത്തിൽ കേരളത്തിന്റെയും നമ്മുടെ ടൂറിസത്തിന്റെയും വിലയിടിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

മൈക്കൽ ലെവിറ്റ് എന്ന വിശ്രുത ശാസ്ത്രജ്ഞനു വിശിഷ്ടമായ ആതിഥ്യമാണു കേരളം നൽകേണ്ടിയിരുന്നതെങ്കിലും ഇന്നലെ, കുമരകത്തുനിന്നുള്ള കായൽയാത്രാമധ്യേ, കുട്ടനാട്ടിലെ ആർ ബ്ലോക്കിൽ നാം പകരം നൽകിയത് അപമാനവും മാനസികപീഡനവും ബുദ്ധിമുട്ടുമായിരുന്നു. പണിമുടക്കിന്റെ പേരിൽ അദ്ദേഹത്തെ വഞ്ചിവീട്ടിൽ രണ്ടു മണിക്കൂറോളം തടഞ്ഞുവച്ചവർ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കുള്ള അതിഥികളുടെ വിരുന്നുവരവിനെക്കൂടി അപമാനിക്കുകയാണു ചെയ്തത്. അതുകൊണ്ടാണ്, ടൂറിസം മേഖലയെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയെന്ന അധികൃതരുടെ വാക്കു വിശ്വസിച്ച തനിക്കുണ്ടായ ദുരനുഭവത്തെ അദ്ദേഹം ഇങ്ങനെ വിലയിരുത്തിയത്: ‘സംസ്ഥാനത്തിന്റെ അതിഥിയോട് ഇത്തരത്തിൽ പെരുമാറിയത് ടൂറിസത്തിനും കേരളത്തിനും ഇന്ത്യയ്ക്കും നല്ലതല്ല.’

തിരുവനന്തപുരം കാര്യവട്ടം സർവകലാശാല ക്യാംപസിൽ ഗാംഭീര്യത്തോടെ നിൽക്കുന്ന ആ അരയാലിനെ പത്തു വർഷത്തിനുശേഷം കണ്ട്, മൈക്കൽ ലെവിറ്റ് കെട്ടിപ്പുണർന്ന സ്േനഹസുന്ദരവാർത്ത നാം കേട്ടുകഴിഞ്ഞതേയുള്ളൂ. 2013ൽ രസതന്ത്രത്തിനു നൊബേൽ നേടിയ അദ്ദേഹം ഇക്കഴിഞ്ഞ തിങ്കളാഴ്ച വീണ്ടും സർവകലാശാലയിലെത്തിയത് പ്രഭാഷണ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു. 2010ൽ, പ്രഭാഷണത്തിനായി ഈ ക്യാംപസിലെത്തിയ അദ്ദേഹം അന്നു നട്ട തൈയാണ് ആ വിദേശിക്കു കേരളത്തോടുള്ള സ്നേഹത്തിന്റെകൂടി പ്രതീകമായി ഇപ്പോൾ വലിയ മരമായി മാറിയത്. ആ മരത്തിന്റെ വളർച്ച കാണാൻ എന്തു മാനസികാവസ്ഥയിലായിരിക്കും അദ്ദേഹമിനി വരിക?

ദൈവത്തിന്റെ സ്വന്തം നാടെന്നു നാം അവകാശപ്പെടുന്നതു പ്രകൃതി കോരിച്ചൊരിയുന്ന സൗന്ദര്യംകൊണ്ടു മാത്രമല്ല, കേരളം തുറന്നുവയ്‌ക്കുന്ന കാഴ്‌ചപ്പരപ്പിനൊപ്പം കുലീനമായ ആതിഥേയത്വത്തിന്റെ പാരമ്പര്യം കൊണ്ടുകൂടിയാണ്. പക്ഷേ, ഇന്നലെയുണ്ടായ നിർഭാഗ്യസംഭവം വിദേശസഞ്ചാരികൾക്കു മുന്നിൽ നമ്മെ ചെറുതാക്കുകതന്നെ ചെയ്യും. സംസ്ഥാന അതിഥിയായ നൊബേൽ ജേതാവിനു സർക്കാർ നൽകേണ്ട സുരക്ഷയിലും വീഴ്ചയുണ്ടായി.

ഇന്നും നാളെയുമായി കൊച്ചിയിൽ സർക്കാർ നടത്തുന്ന അസെൻഡ് നിക്ഷേപ സംഗമത്തിന്റെ തലേന്നാണ് ഈ സംഭവം ഉണ്ടായതെന്നും പ്രളയം സൃഷ്ടിച്ച മാന്ദ്യത്തെ മറികടന്ന്, കേരള ടൂറിസത്തിന്റെ നവോന്മേഷം വിളംബരം ചെയ്ത വേളയിലാണ് ഇതെന്നുംകൂടി ഓർമിക്കാം. ഇത്തരം ദുരനുഭവങ്ങളുടെ ‘പിൻബല’ത്തിലാണോ ഈ സീസണിന് 15% വാർഷിക വളർച്ചനിരക്ക് ടൂറിസം വകുപ്പ് കണക്കാക്കുന്നത്? കേരളത്തിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നും തൊഴിൽമേഖലയുമായി ടൂറിസം മാറിയിരിക്കേ, ഇത്തരം അപശ്രുതികൾ രാജ്യാന്തരതലത്തിൽ നമുക്കുണ്ടാക്കുന്ന തിരിച്ചടി നിസ്സാരമായി കാണരുത്.

ഹർത്താലുകൾക്കും പരിസരമലിനീകരണത്തിനും സുരക്ഷിതത്വഭീഷണിക്കുമൊക്കെ പുറമേ, അതിരുവിട്ട പെരുമാറ്റം കൂടിയാവുമ്പോൾ വിദേശസഞ്ചാരികൾ വേറെ ദേശങ്ങളിലേക്കു വിമാനം കയറും; അതിന്റെ കാരണം നവമാധ്യമങ്ങളിലൂടെ ഉടൻ ലോകസഞ്ചാരികളെയാകെ അറിയിക്കുകയും ചെയ്യും. മൈക്കൽ ലെവിറ്റിനുണ്ടായത് ഒറ്റപ്പെട്ട സംഭവമാണെന്നു പറഞ്ഞതുകൊണ്ടും തടഞ്ഞുവച്ചവർക്കെതിരെ കേസെടുത്തതുകൊണ്ടുമൊന്നും കേരള ടൂറിസത്തിനും നമ്മുടെ ആതിഥേയത്വത്തിനുംമേൽ വീണ ഈ കരിനിഴൽ മായില്ല. അതു മായാൻ എന്തുചെയ്യണമെന്ന് സർക്കാരും ടൂറിസം വകുപ്പും ആത്മപരിശോധനയിലൂടെ കണ്ടെത്തേണ്ടതുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA