sections
MORE

4 പതിറ്റാണ്ടിനു ശേഷം യുഎസിന് ഇറാന്റെ നേരിട്ടൊരു പ്രഹരം; കൃത്യമോ, ഈ മറുപടി?

iran-us-tension
SHARE

ങ്ങളുടെ ചൊൽപടിയിലുള്ള സായുധസംഘങ്ങളെ ഉപയോഗിച്ചു തിരിച്ചടിക്കുന്നതിനു പകരം, നാലു പതിറ്റാണ്ടിനു ശേഷം ഇറാൻ ആദ്യമായി യുഎസിനു നേരിട്ടൊരു പ്രഹരം നൽകിയിരിക്കുകയാണ്. 1979ൽ ടെഹ്റാനിലെ യുഎസ് എംബസി ആക്രമിച്ചതാണ് ഇതിനു മുൻപ് അമേരിക്കയ്ക്കെതിരെ ഇറാൻ നേരിട്ടു നടത്തിയ ആക്രമണം.

തങ്ങളുടെ സൈനിക പ്രമുഖനെ വധിച്ചത് നേരിട്ടൊരു സൈനികാക്രമണത്തിലൂടെയായിരുന്നു എന്നതിനാൽ മറുപടിയും അതേ നാണയത്തിൽ തന്നെ. മാത്രമല്ല, സൈനികത്താവളമാണു ലക്ഷ്യമിടുന്നതെന്നും മിസൈൽ ആക്രമണമാണ് ഉദ്ദേശിക്കുന്നതെന്നും ഇറാൻ സൂചിപ്പിച്ചിരുന്നു. 13 ആക്രമണ മാർഗങ്ങൾ തങ്ങൾക്കു മുന്നിലുണ്ടെന്നും, അതിർത്തിക്കടുത്ത് ഇറാഖിലെ 27 യുഎസ് താവളങ്ങൾ തങ്ങളുടെ മിസൈൽ ആക്രമണത്തെ പ്രതിരോധിക്കാൻ തയാറെടുക്കുന്നതായി അറിയാമെന്നും ഇറാന്റെ ദേശീയ സുരക്ഷാസമിതി സെക്രട്ടറി അലി ഷംഖാനി പറഞ്ഞിരുന്നു.

എന്നാൽ, അതിർത്തിക്കടുത്തുള്ള താവളങ്ങൾക്കു പകരം ഇറാഖിനുള്ളിലെ രണ്ടു താവളങ്ങളിലാണ് ഇറാൻ പ്രഹരിച്ചത്. ദീർഘദൂരം പറക്കാനുള്ള, തങ്ങളുടെ ബാലിസ്റ്റിക് മിസൈലുകളുടെ കഴിവും കൃത്യതയും കൂടി അവർ യുഎസിനും ലോകത്തിനും കാട്ടിക്കൊടുക്കുകയായിരുന്നു. 2018 ഡിസംബറിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സന്ദർശിച്ച അൻബാർ പ്രവിശ്യയിലെ ഐൻ അൽ അസദ് താവളമാണു പ്രധാന പ്രഹരത്തിനായി തിരഞ്ഞെടുത്തതെന്നതും ശ്രദ്ധേയം.

പശ്ചിമേഷ്യൻ പ്രദേശത്ത് യുഎസ് സൈനിക ലക്ഷ്യങ്ങൾക്കെതിരെ ഇതിനു മുൻപു മധ്യദൂര ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചത് ഇറാഖ് നേതാവ് സദ്ദാം ഹുസൈൻ ആയിരുന്നു; 1991ലെ കുവൈത്ത് യുദ്ധകാലത്ത്. കാര്യമായ ദൂരപരിധി ഇല്ലാതിരുന്ന സ്കഡ് മിസൈലുകളുടെ ദൂരപരിധി വർധിപ്പിച്ചതോടെ അവയുടെ പ്രഹരശേഷിയിലും കൃത്യതയിലും അദ്ദേഹത്തിനു വെള്ളം ചേർക്കേണ്ടിവന്നു. ‘ചീറ്റിപ്പോയ ഭീകരായുധം’ എന്നാണ് അന്നത്തെ യുഎസ് പ്രസിഡന്റ് ജോർജ് ബുഷ്  അവയെ വിശേഷിപ്പിച്ചത്.

എന്നാൽ, തങ്ങളുടെ മിസൈലുകൾ കുറിക്കുകൊള്ളുന്നവയാണെന്ന് ഇറാൻ തെളിയിച്ചിരിക്കുന്നു. 15 മിസൈലുകളാണു തൊടുത്തതെന്നും അതിൽ പത്തെണ്ണം അൽ അസദ് താവളത്തിലും ഒരെണ്ണം ഇർബിൽ താവളത്തിലും പതിച്ചെന്നുമാണ് അറിയുന്നത്. നാലെണ്ണം പാളിപ്പോയതായി പറയുന്നു. 15ൽ 11 എന്നതു സൈനികമായി മികച്ച കൃത്യതയാണ്.

ഇറാഖിലെയോ പശ്ചിമേഷ്യയിലെ മറ്റു പ്രദേശങ്ങളിലെയോ ഏത് യുഎസ് താവളത്തിനു നേർക്കും തൊടുക്കാവുന്ന മിസൈലുകൾ ഇറാന്റെ ആയുധപ്പുരയിലുണ്ട്. ഷഹാബ് 1 (300 കിലോമീറ്റർ ദൂരപരിധി), ഷഹാബ് 2 (500 കി.മീ), ഖലീജ് ഫർസ് (500 കി.മീ.), ഖിയാം 1 (800 കി.മീ) ഷഹാബ് 3 (1500 കി.മീ), ഖാദർ 110 (2000 കി.മീ), ഖുറം ഷഹർ (2000 കി.മീ), സിജ്ജിൽ (2000 കി.മീ) എന്നിവയാണ് ഇറാന്റെ പ്രധാന മധ്യ – ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ. ഇതിലേതു മിസൈലാണ് ഉപയോഗിച്ചതെന്നു വെളിപ്പെടുത്തിയിട്ടില്ല.

കൂടുതൽ ആക്രമണങ്ങൾ തങ്ങളുദ്ദേശിക്കുന്നില്ലെന്ന് ഇറാൻ സൂചിപ്പിച്ചിട്ടുണ്ട്. പോരാട്ടനില ഉയർത്താൻ തങ്ങളുദ്ദേശിക്കുന്നില്ല എന്നാണ് ആക്രമണം കഴിഞ്ഞയുടൻ ഇറാൻ വിദേശകാര്യ മന്ത്രി ട്വീറ്റ് ചെയ്തത്. എന്നാൽ, തിരിച്ചടിക്കു തിരിച്ചടി നൽകാൻ യുഎസ് തുനിഞ്ഞാൽ തുറന്ന യുദ്ധത്തിലേക്കു വഴുതിപ്പോകാനാണു സാധ്യത.

ഏതു രാജ്യത്തിന്റെ മണ്ണിൽനിന്നാണോ തങ്ങളുടെ നേർക്ക് ആക്രമണം നടത്തുന്നത് ആ രാജ്യത്തേക്കു തന്നെ തിരിച്ചടിയും നടത്തുമെന്ന് ഇറാൻ പറഞ്ഞിട്ടുണ്ട്. ഇതോടെ സംയമനം പാലിക്കാൻ മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളിൽനിന്ന് ട്രംപിനു മേൽ സമ്മർദമേറുകയും ചെയ്യും. അമേരിക്കൻ സൈന്യം തങ്ങളുടെ രാജ്യം വിട്ടുപോകണമെന്ന് ഇറാഖ് പാർലമെന്റ് ആവശ്യപ്പെട്ടുകഴിഞ്ഞു.

English Summary: Iran's attack on US is Proportional? Analysis

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA