ADVERTISEMENT

ആ നാട്ടിൽ ഒരു വൻമരം ഉണ്ടായിരുന്നു. ഒരു കുട്ടിയും മരവും ചങ്ങാത്തത്തിലായി. കുട്ടിക്കു പഴങ്ങൾ പറിക്കാൻ മരം ചില്ലകൾ താഴ്ത്തിക്കൊടുക്കും; കളിക്കാൻ പൂക്കളും ഇലകളും നൽകും... എന്നാൽ, വലുതായപ്പോൾ കുട്ടി മരത്തെ മറന്നു. ഒരിക്കൽ മരം പറഞ്ഞു – നിന്നെയിപ്പോൾ കാണാനില്ലല്ലോ! ‘ഞാനെന്തിനാ വരുന്നത്. നിന്റെ കയ്യിൽ പണമുണ്ടോ?’. മരം പറഞ്ഞു: എന്റെ പൂക്കളും പഴങ്ങളും വിറ്റാൽ പണം കിട്ടും. അവൻ അതുപോലെ ചെയ്തു പണം സമ്പാദിച്ചു. 

വർഷങ്ങൾക്കു ശേഷം മരം ചോദിച്ചു – എന്റെ കൊമ്പിൽ ഊഞ്ഞാലാടാമോ? അവൻ പറഞ്ഞു, ഞാൻ വീടുണ്ടാക്കുന്ന തിരക്കിലാണ്. മരം പറഞ്ഞു – എന്റെ ശിഖരങ്ങൾ വെട്ടി വീട് ഉണ്ടാക്കിക്കൊള്ളൂ. അവൻ വീടു പണിതു. കാലങ്ങൾക്കു ശേഷം കണ്ടപ്പോൾ മരം ചോദിച്ചു, നീയെന്നെ കെട്ടിപ്പിടിക്കുമോ? അവൻ പറഞ്ഞു – സമയമില്ല. ഈ നാടു വിടണം; ബോട്ടുണ്ടാക്കാൻ ഒരു മരം വേണം. ‘എന്നെ വെട്ടിക്കോളൂ’ എന്നു മരം. അവൻ ബോട്ടുണ്ടാക്കി യാത്രയായി. ഇനിയൊന്നും കിട്ടാനില്ലാത്തതു കൊണ്ടു തിരിച്ചുവന്നുമില്ല. മരം കുറ്റിയായി നിൽപുണ്ട്! 

സ്നേഹത്തിനും സ്വാർഥതയ്ക്കും രണ്ടു ഭാവങ്ങളാണ്; ഒന്നിന് നൽകലിന്റെയും മറ്റേതിന് പിടിച്ചുവാങ്ങലിന്റെയും. സ്നേഹത്തിന് അഹംഭാവമില്ല; വിട്ടുവീഴ്ചയും സ്വയം ചെറുതാകലും മാത്രമേയുള്ളൂ. പടർന്നു പന്തലിക്കുന്ന സ്നേഹബന്ധങ്ങൾക്കിടയിൽ ചിന്തകളുടെ വൈരുധ്യത്തെക്കാൾ വികാരങ്ങളുടെ അടുപ്പമുണ്ടാകും. തന്നിലേക്കു വലിച്ചടുപ്പിക്കുന്നതല്ല, താഴേക്ക് ഇറങ്ങിച്ചെല്ലുന്നതാണു സ്നേഹം. 

‌പകരമൊന്നും പ്രതീക്ഷിക്കാത്ത സ്നേഹം മാത്രമേ വിശുദ്ധമാകൂ. ആവശ്യമുള്ളപ്പോൾ മാത്രം സ്നേഹിക്കുന്നവരുണ്ടാകും. ഉള്ളിൽ വിരോധം നട്ടുവളർത്തി പുറമേ സ്നേഹത്തിന്റെ ഇലപൊഴിക്കുന്നവരുമുണ്ടാകും. തിരിച്ചു ലഭിക്കുന്നതിനനുസരിച്ച് അളന്നു കൊടുക്കാനിരുന്നാൽ സ്നേഹം വിഷമയമാകും. ആരുടെ മുന്നിലും തിരിച്ചുചോദിക്കാത്ത സ്നേഹത്തിന്റെ വിത്തുകൾ വിതറാനാകണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com