sections
MORE

ശിശുമരണങ്ങൾ: രാജ്യം ലജ്ജിക്കുന്നു

SHARE

‘ഓരോ ശിശുരോദനത്തിലും കേൾപ്പു ഞാൻ, ഒരുകോടി ഈശ്വര വിലാപം’ എന്നെഴുതിയത് കവി വി.മധുസൂദനൻ നായരാണ്, ‘നാറാണത്തു ഭ്രാന്തൻ’ എന്ന കവിതയിൽ. ഈയിടെ, രാജസ്ഥാനിലും ഗുജറാത്തിലുമായി അവസാനത്തെ കരച്ചിലോടെ മരണത്തിലേക്കമർന്ന നൂറുകണക്കിനു കുഞ്ഞുങ്ങൾ രാജ്യത്തിന്റെ ഉറക്കം കെടുത്തുകയാണിപ്പോൾ. സർക്കാർ സംവിധാനങ്ങൾ ഒന്നുണർന്നിരുന്നെങ്കിൽ ഇതിൽ കുറെ കുട്ടികളുടെയെങ്കിലും മരണം ഒഴിവാക്കാമായിരുന്നു എന്നതാണു യാഥാർഥ്യം.

കഴിഞ്ഞമാസം മാത്രം ഇരു സംസ്ഥാനങ്ങളിലെയും ആറു പ്രധാന സർക്കാർ ആശുപത്രികളിലായി മരിച്ചത് അറുനൂറിലേറെ കുട്ടികളാണ്. സംസ്ഥാനങ്ങളുടെ ഗ്രാമീണ ആരോഗ്യപരിപാലന മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ഇതിനു മുഖ്യകാരണമെന്നതിൽ ലജ്ജിക്കേണ്ടതുണ്ട്. രോഗം അത്യധികം മൂർച്ഛിച്ച നിലയിൽ വലിയ ആശുപത്രികളിലേക്ക് എത്തിക്കുന്ന കുട്ടികളിലേറെയുമാണു മരണത്തിനു കീഴടങ്ങിയത് എന്ന സത്യം ആ അപര്യാപ്തത വിളിച്ചുപറയുന്നു. ഇത്തരം ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളുടെയും സേവനങ്ങളുടെയും കുറവ് സ്ഥിതി ഗുരുതരമാക്കുകയും ചെയ്തു.

രാജസ്ഥാനിലെ കോട്ട, ജോധ്പുർ, ഗുജറാത്തിലെ രാജ്കോട്ട് എന്നിവിടങ്ങളിൽ ഒട്ടേറെ ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കോട്ടയിലെ ജെകെ ലോൺ, ജോധ്പുരിലെ ഉമൈദ്, എംഡിഎം, രാജ്കോട്ടിലെ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ആശുപത്രികളിൽ ഡിസംബറിൽ നൂറിലേറെ കുഞ്ഞുങ്ങൾ വീതമാണു മരിച്ചത്. അപ്പോഴും, ജോധ്പുരിലെ രണ്ട് ആശുപത്രികളിലെ അധികൃതർ നിരത്തിയത്, മരണനിരക്ക് രാജ്യാന്തര ശരാശരിയെക്കാൾ കൂടുതലല്ലെന്ന വിചിത്രവാദമാണ്. കോട്ട ജെകെ ലോൺ ആശുപത്രിയിലെ 50% ഉപകരണങ്ങളും പ്രവർത്തനക്ഷമമല്ലെന്നു ദേശീയ മനുഷ്യാവകാശ കമ്മിഷൻ കണ്ടെത്തിയിരുന്നു. എന്നാൽ, റഫറൽ ആശുപത്രിയായതിനാൽ മറ്റ് ആശുപത്രികളിൽ ചികിത്സയിലിരിക്കെ അത്യന്തം ഗുരുതര നിലയിലാകുന്ന കുട്ടികളെയാണു കൊണ്ടുവരുന്നതെന്നും മരണനിരക്ക് ഉയരാൻ കാരണം ഇതാണെന്നുമായിരുന്നു ആശുപത്രി അധികൃതരുടെ വാദം.

ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവരുമ്പോഴും ഇരു സംസ്ഥാനങ്ങളിലെയും സർക്കാരുകൾക്ക് അത്ര വലിയ ഞെട്ടലൊന്നുമില്ലെന്നതു കാര്യങ്ങളെ കൂടുതൽ ഗൗരവമുള്ളതാക്കുന്നു. പതിവിനപ്പുറം ഒന്നും സംഭവിച്ചിട്ടില്ലെന്നും മരണസംഖ്യ മുൻപത്തെക്കാൾ കുറയുകയാണു ചെയ്തതെന്നുമാണ് ഇരു സർക്കാരുകളുടെയും വാദം. പാവം കുഞ്ഞുങ്ങളുടെ മരണത്തെ ഉപയോഗിച്ചുള്ള രാഷ്ട്രീയ ആരോപണ– പ്രത്യാരോപണങ്ങളും കുറവല്ല.

വിദൂരവും പിന്നാക്കവുമായ ഗ്രാമങ്ങൾ അടങ്ങുന്ന, പടിഞ്ഞാറൻ മരുപ്രദേശങ്ങളോടു ചേർന്നു കിടക്കുന്ന പട്ടണങ്ങളിലെ ആശുപത്രികളിലാണു വലിയ തോതിലുള്ള ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. മികച്ച സൗകര്യങ്ങളുള്ള മെഡിക്കൽ കോളജുകളിൽ എത്താൻ ഈ പ്രദേശങ്ങളിലുള്ളവർക്ക് 200 കിലോമീറ്ററിലേറെ സഞ്ചരിക്കണം. ഇങ്ങനെയെത്തുന്നവരെ ചികിത്സിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മയ്ക്കൊപ്പം, ഡോക്ടർമാരുടെയും നഴ്സുമാരുടെയും കുറവും ഗ്രാമീണ മേഖലയിലെ വ്യാജ ഡോക്ടർമാരുടെ ആധിപത്യവും അടക്കമുള്ള മറ്റു പ്രശ്നങ്ങളുമുണ്ട്.

കേരളത്തിനു ചിന്തിക്കാൻകൂടി കഴിയുന്നതല്ല ഇത്ര ഭീമമായ മരണനിരക്കുകളുടെ ഈ കണക്കെങ്കിലും, പാലക്കാടു ജില്ലയിലെ അട്ടപ്പാടിയിൽനിന്നു സമീപകാലത്തു കേട്ട ശിശുമരണ വാർത്തകൾ നമ്മെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തതാണ്. ദേശീയതലത്തിൽ തന്നെ ഒച്ചപ്പാടായി മാറിയ അട്ടപ്പാടിയിലെ ശിശുമരണങ്ങൾ ആവർത്തിക്കാതിരിക്കാനും കുട്ടികളുടെയും അമ്മമാരുടെയും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാനുമുള്ള അടിയന്തര നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണിപ്പോൾ.

രാജസ്ഥാനിലും ഗുജറാത്തിലും വിരിയും മുൻപേ ഇതളടർന്നു കൊഴിഞ്ഞുപോയ ആ കുഞ്ഞുങ്ങളോടു രാജ്യത്തിനു ചെയ്യാവുന്ന ഏറ്റവും ആത്മാർഥമായ പ്രായശ്ചിത്തം അവരെ മരണത്തിലേക്കെത്തിച്ച സാഹചര്യങ്ങൾ ആവർത്തിക്കില്ലെന്ന നിശ്ചയദാർഢ്യം തന്നെയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA