sections
MORE

‘ഞങ്ങളുടെ കുട്ടികളെ രക്ഷിക്കണം സാറേ’ ; മക്കളുടെ മർദനമേൽക്കേണ്ടിവന്ന അമ്മമാർ

drug-abuse-aruth0lahari
SHARE

മലയാള മനോരമയുടെ ‘അരുത് ലഹരി’ പ്രചാരണത്തിന്റെ  ഭാഗമായി എക്സൈസ് കമ്മിഷണർ എസ്. ആനന്ദകൃഷ്ണൻ വായനക്കാരുമായി നടത്തിയ ഫോൺ ഇൻ പരിപാടിയിൽ നിന്ന്.  ഉന്നയിക്കപ്പെട്ട ചില പ്രധാന പ്രശ്നങ്ങളും അവയ്ക്ക് അദ്ദേഹം നൽകിയ മറുപടിയും...

ലഹരിവലയിൽ കുരുങ്ങിയ മക്കളെ രക്ഷിക്കണമെന്ന കണ്ണീരപേക്ഷകളുമായി കേരളത്തിലെ അമ്മമാർ,  ലഹരിമാഫിയയുടെ നീരാളിപ്പിടിത്തത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി സാമൂഹികപ്രവർത്തകർ,  കുട്ടികൾക്കായി വലവിരിച്ചു കാത്തിരിക്കുന്ന ലഹരി ഏജന്റുമാരെക്കുറിച്ചുള്ള ആശങ്ക പങ്കുവച്ച് അധ്യാപകർ...

മലയാള മനോരമ നേതൃത്വം നൽകുന്ന ‘അരുത് ലഹരി’ പ്രചാരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച, എക്സൈസ് കമ്മിഷണർ എസ്. ആനന്ദകൃഷ്ണനുമായുള്ള ഫോൺ ഇൻ പരിപാടി കേരളത്തെ ഗ്രസിച്ച ലഹരിവിപത്തിന്റെ ആഴം വെളിപ്പെടുത്തുന്നതായി. ലഹരിമാഫിയ വീടിനുള്ളിൽ എത്തിയിട്ടും എന്തു ചെയ്യണമെന്നറിയാതെ പകച്ചുപോയ സാധാരണക്കാരായിരുന്നു എക്സൈസ് കമ്മിഷണറുടെ സഹായം തേടിയവരിൽ ഏറെയും.

ലഹരിവിമോചന കേന്ദ്രങ്ങളിൽ ചികിത്സ നൽകി തിരിച്ചെത്തിച്ചിട്ടും മക്കളെ ലഹരിവലയിൽ കുടുക്കുന്നതിനെക്കുറിച്ച് തിരുവനന്തപുരത്തു നിന്നും എറണാകുളത്തു നിന്നും കോഴിക്കോട്ടു നിന്നും വിളിച്ച അമ്മമാർ പറഞ്ഞു.  മക്കൾക്കു ലഹരിയെത്തിക്കുന്ന വാഹനങ്ങളുടെ നമ്പർ ചില അമ്മമാർ കൈമാറി. ലഹരി കിട്ടാതെ വരുമ്പോൾ മക്കളുടെ മർദനമേൽക്കേണ്ടിവരുന്ന കാര്യം പറഞ്ഞു പൂർത്തിയാക്കാൻ കഴിയാതെ അമ്മമാർ വിങ്ങിപ്പൊട്ടി.

സ്കൂളുകൾക്കു സമീപം ലഹരിക്കച്ചവടം നടത്തുന്നവരെക്കുറിച്ചും മറ്റു വ്യാപാരങ്ങളുടെ മറവിൽ കഞ്ചാവ് വിൽക്കുന്നവരെക്കുറിച്ചുമുള്ള രഹസ്യവിവരങ്ങൾ പലരും കമ്മിഷണർക്കു കൈമാറി. ഇക്കാര്യങ്ങളിലെല്ലാം തുടർനടപടി അദ്ദേഹം ഉറപ്പുനൽകി. ലഹരിക്കെതിരെ സർക്കാർ നടത്തുന്ന പോരാട്ടങ്ങൾ കമ്മിഷണർ വിശദീകരിച്ചു.

s-anandakrishnan
എക്സൈസ് കമ്മിഷണർ എസ്. ആനന്ദകൃഷ്ണൻ

ലഹരി‌ വലിയ വിപത്തായി മാറിയെങ്കിലും ഉദ്യോഗസ്ഥരുടെ കുറവുൾപ്പെടെ, എക്സൈസിന്റെ പരിമിതികളും അദ്ദേഹം പങ്കുവച്ചു. ജനകീയ പങ്കാളിത്തത്തോടെ മാത്രമേ പോരാട്ടം ഫലപ്രാപ്തിയിലെത്തിക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. ഒരു മണിക്കൂറാണു ഫോൺ ഇൻ പരിപാടി നിശ്ചയിച്ചിരുന്നതെങ്കിലും ഇടവേളയില്ലാതെ വിളികൾ എത്തിയതോടെ പരിപാടി നീട്ടേണ്ടിവന്നു. 

(ലഹരിമാഫിയയെ പേടിച്ച് പേരും സ്ഥലവും പുറത്തറിയരുതെന്ന് പലരും അഭ്യർഥിച്ചതിനാൽ അത്തരം വിവരങ്ങൾ ഒഴിവാക്കുന്നു)

വിദ്യാർഥികൾ ലഹരിയുടെ പിടിയിൽ അകപ്പെടാതിരിക്കാൻ എക്സൈസ് എന്തൊക്കെ നടപടികളാണു സ്വീകരിച്ചിട്ടുള്ളത്?

സംസ്ഥാനത്തെ 4000 സ്കൂളുകളിൽ ലഹരിവിരുദ്ധ ക്ലബ്ബുകൾ ആരംഭിച്ചു. ലഹരി മാഫിയയ്ക്കെതിരായ ചെറുത്തുനിൽപ് വിദ്യാർഥികളിൽനിന്നാണു തുടങ്ങേണ്ടത്. ലഹരി വിൽപനക്കാരെയും അത് ഉപയോഗിക്കുന്നവരെയും കുറിച്ച് അവർക്കു കൃത്യമായ വിവരങ്ങൾ ലഭിക്കും.

ആ വിവരങ്ങൾ അനുസരിച്ചാണ് എക്സൈസും പൊലീസും ലഹരി മാഫിയയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുന്നത്. ഈ ക്ലബ്ബുകളുടെ പ്രവർത്തനത്തിൽ പിടിഎ ഭാരവാഹികളും സജീവമായി പങ്കാളികളാകണം.

ലഹരി ഉപയോഗിക്കുന്ന കുട്ടികളെ കണ്ടെത്തി താക്കീതു ചെയ്യുന്ന അധ്യാപകർക്കെതിരെ പല സ്ഥലങ്ങളിലും കുട്ടികൾതന്നെ രംഗത്തു വരുന്നുണ്ടല്ലോ? 

ഒട്ടേറെ അധ്യാപകർ ഇതെക്കുറിച്ചു ഞങ്ങളോടു പറയാറുണ്ട്. എല്ലാ സ്കൂളുകളിലെയും രക്ഷിതാക്കൾ ഇതു തിരിച്ചറിയണം. തങ്ങളുടെ കുട്ടി ലഹരി ഉപയോഗിക്കുന്നുവെന്ന് അധ്യാപകർ അറിയിച്ചാൽ സംയമനത്തോടെ അതു കേൾക്കണം. കുട്ടിയെ നിരീക്ഷിക്കുകയും വേണം. രക്ഷിതാക്കളെക്കാൾ കൂടുതൽ സമയം കുട്ടികളുമായി അടുത്തിടപഴകുന്നത് അധ്യാപകരാണ്.

നമ്മുടെ കുട്ടികൾ ഒരിക്കലും ലഹരി ഉപയോഗിക്കില്ലെന്നു ചിലർക്കു ധാരണയുണ്ട്. അതു ശരിയല്ല. രക്ഷിതാക്കൾ അറിയാത്ത ബന്ധങ്ങളും ചതിക്കുഴികളും കുട്ടികളെലഹരിയുടെ അടിമയാക്കിയ ഒട്ടേറെ സംഭവങ്ങളുണ്ട്.

Thiruvananthapuram News

ലഹരി വ്യാപനം ചെറുക്കുന്നതിൽ മദർ പിടിഎകൾക്ക് എന്തെങ്കിലും പങ്കുണ്ടോ?

അമ്മമാർ പൊതുവേ കരുതുന്നത് പെൺകുട്ടികൾ ലഹരി ഉപയോഗിക്കില്ലെന്നാണ്. തെറ്റാണത്. ഒട്ടേറെ പെൺകുട്ടികൾ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് എക്സൈസിന് അറിയാം.

ലഹരി ഉപയോഗിക്കുന്ന ആൺകുട്ടികളുമായി അടുപ്പമുള്ള പെൺകുട്ടികളും ആ വഴിയേ പോകുന്നതിന്റെ അനുഭവങ്ങളേറെ. ഭൂരിഭാഗം പെൺകുട്ടികളും സ്കൂളിൽ നടക്കുന്ന വിവരങ്ങൾ അമ്മമാരുമായി പങ്കുവയ്ക്കും. നിങ്ങളുടെ മകൾ ലഹരി ഉപയോഗിക്കില്ലായിരിക്കാം. പക്ഷേ, അവൾ അതെക്കുറിച്ചു നൽകുന്ന വിവരം വലുതായിരിക്കും.

അക്കാര്യം സ്കൂൾ അധികൃതർ, എക്സൈസ്, പൊലീസ് എന്നിവരെ അറിയിച്ചാൽ പല കുട്ടികളെയും രക്ഷിക്കാനാകും. വിവരം നൽകിയത് ആരെന്നു പുറത്തുപറയില്ല.

മദ്യം പൂർണമായി നിരോധിക്കാനാവില്ലേ?

സമ്പൂർണ മദ്യനിരോധനം ലോകത്ത് ഒരിടത്തും വിജയകരമല്ല. മദ്യം ലഭിച്ചില്ലെങ്കിൽ ലഹരിക്കു വേണ്ടി കിട്ടുന്നതൊക്കെ വാങ്ങിക്കുടിക്കുകയും അതു വലിയ വിപത്തായി മാറുകയും ചെയ്യും. നിയന്ത്രിമായ ഉപയോഗമാണു പ്രായോഗികം.

അതിനാലാണ് ഒട്ടേറെ വ്യവസ്ഥകൾ വച്ചുകൊണ്ടു മദ്യവിൽപനയ്ക്ക് അനുമതി നൽകുന്നത്. മാത്രമല്ല, മദ്യത്തെക്കാൾ മാരകമായ പുതിയ ലഹരികളാണു യുവതലമുറയെ നശിപ്പിക്കുന്നത്.

ലഹരി മാഫിയ കുട്ടികളെ അവരുടെ ശൃംഖലയുടെ ഭാഗമാക്കുന്നുണ്ട്. 

ശരിയാണ്. ശീലിച്ചുപോയവർക്കു പിന്നീട് അതു വാങ്ങാൻ പണമുണ്ടാകില്ല. അതിനു വേണ്ടിയാണു കാരിയേഴ്സായി മാഫിയയ്ക്കൊപ്പം പ്രവർത്തിക്കുന്നത്.

ഇതര സംസ്ഥാനങ്ങളിൽനിന്നു തുച്ഛമായ വിലയ്ക്കു വാങ്ങുന്ന ലഹരി വലിയ വിലയ്ക്ക് ഇവിടെ വിൽക്കുന്നുണ്ട്. കൂടുതൽ വില ലഭിക്കുന്നതിനാൽ ഈ വലക്കണ്ണിയിൽ ചേർന്നവർ പിന്മാറില്ല. അതിന്റെ വേരറുക്കാൻ ജനകീയ പങ്കാളിത്തം കൊണ്ടു മാത്രമേ സാധിക്കൂ. 

ആദിവാസി മേഖലയിലും ലഹരി ഉപയോഗം നിയന്ത്രിക്കേണ്ടതല്ലേ?

ആദിവാസി മേഖലകളുള്ള ജില്ലകളിൽ എക്സൈസ് ഇതിനായി പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. വനത്തിനുള്ളിൽ നടക്കുന്ന വിവരങ്ങൾ എക്സൈസിന് അപ്പപ്പോൾ ലഭിക്കണമെന്നില്ല.

ആദിവാസി ഊരുകളിൽ നിന്നുള്ളവർ ഇതിനായി എക്സൈസിനെ സഹായിച്ചാൽ അവിടങ്ങളിലെ ലഹരിക്കച്ചവടം അവസാനിപ്പിക്കാം.

ലഹരിപരിശോധന കർശനമാക്കാൻ എന്തൊക്കെയാണു നടപടികൾ?

യുവാക്കളും കുട്ടികളും ലഹരി ഉപയോഗിക്കുന്നതു തിരിച്ചറിയാൻ സാധിക്കാത്ത ഘട്ടങ്ങളിൽ അതു കണ്ടെത്താനുള്ള പരിശോധനാ കിറ്റ് തയാറായിട്ടുണ്ട്. ലഹരിയുടെ പിടിയിൽപെടുന്നവരെ ആദ്യം തിരിച്ചറിയാനാവില്ല.

drug

രക്ഷിതാക്കളോ അധ്യാപകരോ ഇതെക്കുറിച്ചു ചോദിച്ചാൽ ഒഴിഞ്ഞുമാറും. ഇത്തരക്കാരുടെ മൂത്രമോ ഉമിനീരോ ഉപയോഗിച്ചു ലഹരി ഉപയോഗം തിരിച്ചറിയാനാകുന്ന കിറ്റാണ് എക്സൈസിന്റെ ഡി അഡിക്‌ഷൻ സെന്ററിൽ ലഭ്യമാക്കുന്നത്. പ്രാഥമിക നടപടികൾ കഴിഞ്ഞു.

2 മാസത്തിനകം എല്ലാം ജില്ലകളിലും കിറ്റുകൾ എത്തും. ലളിതമായ രീതിയിൽ പരിശോധന നടത്താവുന്നതിനാൽ വ്യക്തികൾക്കും ഈ കിറ്റ് വാങ്ങി ഉപയോഗിക്കാം.

നിയമത്തിലെ പോരായ്മകൾ പലപ്പോഴും പ്രശ്നമാകുന്നില്ലേ?

ലഹരി മാഫിയയ്ക്കെതിരെ കർശന നടപടി സ്വീകരിക്കാനായി നിയമത്തിൽ ഭേദഗതി വരുത്തണമെന്നു കേന്ദ്ര സർക്കാരിനോട് സംസ്ഥാനം ആവശ്യപ്പെട്ടു.

നിലവിൽ ഒരു കിലോഗ്രാമിൽ താഴെ കഞ്ചാവോ മറ്റു ലഹരിവസ്തുക്കളോ കൈവശം വച്ചതിനു പിടിയിലാകുന്നവർക്ക് ഉടൻ ജാമ്യം ലഭിക്കും. ഇത് 20 ഗ്രാം ആയി കുറയ്ക്കണമെന്നാണു കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. 

ലഹരിവിൽപന പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണെന്നു പരാതികളുണ്ട്.

എക്സൈസിന്റെ സൈബർ സെൽ സംവിധാനം വിപുലമാക്കാനുള്ള നടപടി ആരംഭിച്ചു. പൊലീസിന് സൈബർ സെൽ ഉണ്ടെങ്കിലും അവിടെ ജോലിഭാരം ഏറിയതിനാൽ ലഹരി ഇടപാടു സംബന്ധിച്ച കേസുകൾ കണ്ടെത്താൻ സമയം എടുക്കുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് എക്സൈസിന്റെ സെല്ലിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തുന്നത്. ലഹരി ഇടപാടുകാരുടെ ഫോൺവിളികൾ, വാട്സാപ് – ഇ മെയിൽ സന്ദേശങ്ങൾ എന്നിവ വേഗത്തിൽ പരിശോധിക്കാനും പ്രതികളെ അറസ്റ്റ് ചെയ്യാനും ഇതു സഹായിക്കും.

മടങ്ങിവന്നാലും...

മലപ്പുറത്തുനിന്നു വിളിച്ച ഒരമ്മയുടെ സങ്കടം മകൻ ഡി അഡിക്‌ഷൻ സെന്ററിൽനിന്നു തിരികെ വന്നശേഷം പഴയ കൂട്ടുകെട്ടിൽപെട്ടു വീണ്ടും ലഹരിക്ക് അടിമയായി എന്നതാണ്. സ്വകാര്യ ഡി അഡിക്‌ഷൻ സെന്ററിൽ എട്ടുമാസം കിടന്ന ശേഷമാണു സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തിയത്. ജോലിക്കു പോയിത്തുടങ്ങി. പക്ഷേ, വീണ്ടും പഴയ കൂട്ടുകെട്ടിന്റെ വലയിലായത് അറിഞ്ഞില്ല, ക്രമേണ സ്ഥിതി മുൻപത്തെക്കാളും മോശമായി. 

സ്വകാര്യ ലഹരിമുക്ത കേന്ദ്രങ്ങളിൽ രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് 35000 രൂപയോളം ചെലവു വരും. അത്രയും പണം മുടക്കി, രക്ഷപ്പെട്ടു എന്ന ആശ്വാസത്തോടെ തിരിച്ചെത്തുമ്പോൾ നീരാളിയെപ്പോലെ പഴയ സംഘം കാത്തുനിൽപുണ്ടാകും. ഇങ്ങനെ തിരികെ വരുന്നവർ വീണ്ടും ലഹരി ഉപയോഗിക്കുന്നുണ്ടോ എന്നു കണ്ടുപിടിക്കുക വീട്ടുകാർക്കു പ്രയാസമാണ്. അതിനാണു പുതിയ പരിശോധനാ കിറ്റെന്ന് എക്സൈസ് കമ്മിഷണർ വിശദീകരിച്ചു.

ഡി അഡിക്‌ഷൻ സെന്ററിൽനിന്നു തിരികെ വീട്ടിൽ കൊണ്ടുവരുന്നതിനു പകരം ഏതെങ്കിലും ബന്ധുവീട്ടിൽ കുറച്ചുനാൾ

നിർത്തുക എന്നതാണ് കമ്മിഷണർ നിർദേശിച്ച ഒരു പരിഹാരമാർഗം. പഠിക്കുന്നവരാണെങ്കിൽ വിദ്യാലയം മാറ്റുക. പക്ഷേ, പലപ്പോഴും ലഹരിക്ക് അടിമയായവരെ സ്വീകരിക്കാൻ ബന്ധുക്കൾ തയാറാകുന്നില്ല എന്നതാണു സങ്കടകരം. തിരിച്ചു വീട്ടിലേക്കു തന്നെയാണു വരുന്നതെങ്കിൽ, ഒരു കാരണവശാലും പഴയ കൂട്ടുകെട്ടിലേക്കു പോകാതിരിക്കാൻ ശ്രദ്ധിക്കണമെന്നാണു കമ്മിഷണറുടെ നിർദേശം.

drug

പല അമ്മമാർക്കും ലഹരിസംഘങ്ങളെക്കുറിച്ച് ആരോടു പരാതിപ്പെടണമെന്ന് അറിയില്ല. പൊലീസിനോടോ എക്സൈസിനോടോ പറഞ്ഞാൽ അതു തങ്ങൾക്കു കുഴപ്പമാകുമോ എന്ന ഭയം. നേരിട്ട് കമ്മിഷണറെ വിളിക്കാമോ എന്നായിരുന്നു ചിലരുടെ ചോദ്യം. എക്സൈസ് വകുപ്പിന്റെ പ്രാദേശിക ഓഫിസിൽ പരാതിപ്പെട്ടാൽ ഫലമില്ലെന്നും ചിലർ പറഞ്ഞു. ഇതോടൊപ്പമുള്ള പുതിയ കൺട്രോൾ നമ്പറിൽ വിളിച്ചാൽ അതു തന്റെ നമ്പറിൽ വിളിക്കുന്നതിനു തുല്യമാണെന്നു പറഞ്ഞ് കമ്മിഷണർ ധൈര്യപ്പെടുത്തി.

സഹായത്തിന് ഈ നമ്പരുകൾ 

വിമുക്തി കൗൺസലിങ് കേന്ദ്രങ്ങൾ –14405 (ടോൾ ഫ്രീ)

തിരുവനന്തപുരം 9400022100, എറണാകുളം 9188520198,കോഴിക്കോട് 9188468494. 

വിമുക്തി ഡി അഡിക്‌ഷൻ ജില്ലാ ചികിത്സാകേന്ദ്രങ്ങൾ(ഇവിടെ ലഹരിവിമോചന ചികിത്സ പൂർണമായും സൗജന്യമാണ്)

തിരുവനന്തപുരം 0471–2222235

കൊല്ലം 0474–2512324

പത്തനംതിട്ട 0473–5229589

ആലപ്പുഴ 0479–2452267

കോട്ടയം 0482–2215154

ഇടുക്കി 0486–2232674

എറണാകുളം 0484–2832360

തൃശൂർ 0480–2701823

പാലക്കാട് 0492–4254392

മലപ്പുറം 0493–1220351

കോഴിക്കോട് 0495–2365367

വയനാട് 0493–6206768

കണ്ണൂർ 0498–5205716

കാസർകോട് 0467–2282933

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA