ADVERTISEMENT

ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പിനു 10 മാസമുണ്ടെങ്കിലും സാംപിൾ വെടിക്കെട്ടു തുടങ്ങിക്കഴിഞ്ഞു. ആർജെഡി, ജനതാദൾ –യു (ജെഡിയു), ബിജെപി കക്ഷികളുടെ സംസ്ഥാന കാര്യാലയങ്ങളുള്ള പട്നയിലെ വീർചന്ദ് പട്ടേൽ പഥിലാണു പോസ്റ്റർ യുദ്ധം തുടങ്ങിയത്. ആർജെഡി – ജെഡിയു പോസ്റ്റർ യുദ്ധത്തിൽ ആശ്വസിക്കുന്നതു ബിജെപിയാണ്. കാരണം, പൗരത്വനിയമ വിഷയത്തിലെ ബിജെപി – ജെ‍ഡിയു ഭിന്നത സംബന്ധിച്ച വാർത്തകളിൽനിന്നു ശ്രദ്ധ തിരിച്ചത് ഈ പോസ്റ്റർ പോരാണ്. ജെഡിയു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ, ആർജെഡിയുടെ മഹാസഖ്യത്തിലേക്കു മടങ്ങുമോ എന്ന കിംവദന്തികൾ തൽക്കാലം കെട്ടടങ്ങിയതോടെ ബിജെപിക്കു സമാധാനമായി. മഹാരാഷ്ട്രയിൽ ശിവസേന എൻഡിഎ വിട്ടതിനു പിന്നാലെ, ബിഹാറിലെ സഖ്യകക്ഷിയെ കൂടി നഷ്ടപ്പെടുന്നതിന്റെ അപകടത്തെക്കുറിച്ചു ബിജെപിക്കു നല്ല ബോധ്യമുണ്ട്. 

ബിഹാറിൽ നിതീഷ് കുമാർ തന്നെയാണ് എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ പ്രഖ്യാപിച്ചതോടെയാണ് ജെഡിയു പ്രചാരണവിഭാഗം ഉഷാറായത്. ലാലു – റാബ്റി യുഗവുമായി താരതമ്യപ്പെടുത്തി നിതീഷിന്റെ ഭരണമഹത്വം വാഴ്ത്തുകയാണു പോസ്റ്ററുകൾ. ലാലുപ്രസാദ് നോട്ടുചാക്കുകളിൽ ശയിക്കുന്ന കാർട്ടൂണുകൾ കാലിത്തീറ്റ കുംഭകോണത്തെ ഓർമിപ്പിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പു പോലെയാകില്ല ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ് എന്ന വെല്ലുവിളിയാണ് ആർജെഡിയുടെ ബാനറുകളിൽ. 2020 തിരഞ്ഞെടുപ്പ് ട്വന്റി20 ക്രിക്കറ്റ് പോലെയാകുമെന്നും നരേന്ദ്ര മോദി – അമിത് ഷാ ടെസ്റ്റ് ടീമിനു പറ്റിയ പിച്ചല്ല ഇതെന്നുമാണ് രഞ്ജി ട്രോഫി താരമായിരുന്ന തേജസ്വി യാദവിനെ മുന്നിൽനിർത്തി ആർജെഡി പോസ്റ്ററുകളിലെ സന്ദേശം. 

ഞാണിന്മേൽ കളിച്ച് നിതീഷ്

പൗരത്വ ഭേദഗതി ബില്ലിനെ പാർലമെന്റിൽ ജെഡിയു പിന്തുണച്ചെങ്കിലും ആ വഴിക്കല്ല പിന്നീട് നിതീഷ് നീങ്ങിയത്. ബിഹാറിൽ പൗരത്വ നിയമത്തിന്റെയും പൗര റജിസ്റ്ററിന്റെയും ആവശ്യമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. സംസ്ഥാനത്തു പൗര റജിസ്റ്റർ നടപ്പാക്കില്ലെന്നും പൗരത്വ നിയമത്തെക്കുറിച്ചു പ്രതിപക്ഷവുമായി ചർച്ചയ്ക്കു തയാറാണെന്നും കഴിഞ്ഞദിവസം നിയമസഭയിൽ അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. 

അതേസമയം, പൗരത്വ നിയമത്തിന്റെ കാര്യത്തിൽ ബിജെപി വിട്ടുവീഴ്ചയ്ക്കില്ല. പൗരത്വ നിയമ വിശദീകരണ റാലികൾക്കായി അമിത് ഷായും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിഹാറിൽ എത്തുന്നുണ്ട്. ജനസംഖ്യാ റജിസ്റ്ററിന്റെ പ്രവർത്തനങ്ങൾ സംസ്ഥാനത്തു മേയ് 15ന് ആരംഭിക്കുമെന്ന് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീൽകുമാർ മോദി പ്രഖ്യാപിച്ചതിൽ ചില ജെഡിയു നേതാക്കൾ എതിർപ്പു പ്രകടിപ്പിച്ചിട്ടുണ്ട്. പൗരത്വ നിയമത്തിനെതിരെ ജെഡിയു ഉപാധ്യക്ഷൻ പ്രശാന്ത് കിഷോറും പവൻ വർമയും നടത്തുന്ന രൂക്ഷവിമർശനം ന്യൂനപക്ഷങ്ങളെ പിണക്കാതിരിക്കാനുള്ള നിതീഷിന്റെ നാടകമാണെന്നും ആക്ഷേപമുണ്ട്. 

ആരാണിവിടെ വല്യേട്ടൻ? 

നിതീഷ് കുമാറിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിത്വം ഉറപ്പിച്ചെങ്കിലും എൻഡിഎയിൽ സീറ്റു വിഭജന ഫോർമുല തയാറായിട്ടില്ല. ബിജെപിയെക്കാൾ സീറ്റുകൾ ജെഡിയുവിനാകുമെന്ന് പ്രശാന്ത് കിഷോർ വിലപേശൽ പ്രസ്താവനകൾ തുടങ്ങിക്കഴിഞ്ഞു. മഹാരാഷ്ട്രയിലെ അപ്രതീക്ഷിത തിരിച്ചടിയും ജാർഖണ്ഡിലെ പരാജയവും കണക്കിലെടുത്ത് ബിജെപി വിട്ടുവീഴ്ചയ്ക്കു തയാറാകുമെന്നു ജെഡിയു പ്രതീക്ഷിക്കുന്നു. 

ബിഹാറിലെ 243 നിയമസഭാ സീറ്റുകൾക്കായി ജെഡിയുവും ബിജെപിയും പിടിവലി കൂടുമ്പോൾ സഖ്യകക്ഷിയായ ലോക് ജനശക്തി പാർട്ടിയും വിടാൻ ഭാവമില്ല. പിതാവ് റാം വിലാസ് പാസ്വാനിൽനിന്നു പാർട്ടിയുടെ നേതൃത്വമേറ്റെടുത്ത ചിരാഗ് പാസ്വാൻ നിലപാടു കടുപ്പിക്കുകയാണ്. മുഴുവൻ സീറ്റിലും മത്സരിക്കാൻ പാർട്ടി തയാറാണെന്നാണു ചിരാഗിന്റെ ഭീഷണി! 

ജെഡിയു പേടിക്കുന്നത് 

പൗരത്വ നിയമത്തിൽ മുസ്‌ലിംകൾക്കുള്ള ആശങ്ക ജെഡിയുവിനു ഭീഷണിയാണ്. 18% മുസ്‌ലിം വോട്ടുകളുള്ള ബിഹാറിൽ അവരുടെ നിലപാട് നിർണായകമാണ്. ബിജെപിയുമായുള്ള സഖ്യം രണ്ടു വർഷം മുൻപു പുനഃസ്ഥാപിച്ചതിനു ശേഷം ജെഡിയുവിന്റെ മുസ്‌ലിം പിന്തുണയിൽ കാര്യമായ ഇടിവുണ്ടായെന്നാണു പാർട്ടിയുടെ തന്നെ വിലയിരുത്തൽ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുസ്‌ലിം വോട്ടിന്റെ സിംഹഭാഗവും (70%) മഹാസഖ്യത്തിനു ലഭിച്ചപ്പോൾ, ജെഡിയുവിനു കേവലം ആറു ശതമാനമേ കിട്ടിയുള്ളൂ. എൻഡിഎയിൽ സീറ്റു വിഭജിക്കുമ്പോൾ മുസ്‌ലിം ശക്തികേന്ദ്രങ്ങൾ ജെഡിയുവിനാണു നീക്കിവയ്ക്കുക. 

അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം ബിഹാർ നിയമസഭയിലേക്ക് അക്കൗണ്ട് തുറന്നെങ്കിലും മുസ്‌ലിം വോട്ടുകൾ ഭിന്നിപ്പിക്കാൻ മാത്രം ശക്തിയാർജിച്ചിട്ടുമില്ല. മുൻ മുഖ്യമന്ത്രി ജീതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചയുമായി ചേർന്നു ചെറുമുന്നണിയുണ്ടാക്കാനാണ് ഉവൈസിയുടെ ശ്രമം.

തേജസ്വി അത്ര പോരാ ?

ബിഹാറിൽ ആർജെഡിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചു പാർട്ടി ദേശീയ കൗൺസിൽ പ്രമേയം പാസാക്കിയെങ്കിലും മഹാസഖ്യം അത് അംഗീകരിച്ചിട്ടില്ല. മുഖ്യമന്ത്രി നിതീഷ് കുമാറിനെ നേരിടാനുള്ള കെൽപ് തേജസ്വി യാദവിനുണ്ടോ എന്ന സംശയം കോൺഗ്രസ് ഉൾപ്പെടെയുള്ള സഖ്യകക്ഷികൾക്കുണ്ട്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ലെന്നു കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ മദൻ മോഹൻ ഝാ തുറന്നടിക്കുകയും ചെയ്തു. തേജസ്വിയുടെ നേതൃത്വത്തിൽ അവിശ്വാസം പ്രകടിപ്പിച്ചാണ് ജീതൻ റാം മാഞ്ചിയും പാർട്ടിയും നേരത്തേ മഹാസഖ്യം വിട്ടത്. അതേസമയം, മുഖ്യമന്ത്രി സ്ഥാനാർഥിത്വം അരക്കിട്ടുറപ്പിക്കാൻ പ്രചാരണയാത്രയ്ക്കുള്ള തയാറെടുപ്പിലാണ് തേജസ്വി യാദവ്. 

English Summary: Bihar Politics Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com