ADVERTISEMENT

പൊട്ടക്കിണറ്റിൽ കുറെ തവളകളുണ്ടായിരുന്നു. മുകളിലെ വെളിച്ചം അവർ കാണാറുണ്ട്. കൗതുകം തോന്നിയ രണ്ടു തവളകൾ ഒരിക്കൽ കൂടെയുള്ളവരോടു ചോദിച്ചു, ഞങ്ങൾ പുറത്തു കടന്നോട്ടെ? എല്ലാവരും എതിർത്തു – ഇവിടം വിട്ട് ആരും പുറത്തുപോയിട്ടില്ല. അതു നമ്മുടെ വർഗത്തിനു ചീത്തപ്പേരുണ്ടാക്കും. മുകളിൽ ചെന്നാൽ സൂര്യപ്രകാശമേറ്റു ചത്തുവീഴും... 

എന്നാൽ, അതൊന്നും കാര്യമാക്കാതെ അവർ മുകളിലേക്കു കയറാൻ തുടങ്ങി. പാതിവഴി എത്തിയപ്പോഴേക്കും തളർന്നു. നിരാശരായി തിരിച്ചുപോകാൻ തീരുമാനിച്ചു. തിരിഞ്ഞു നോക്കിയപ്പോഴാണ് ഇതുവരെ താമസിച്ചിരുന്ന സ്ഥലത്തെ ഇരുട്ട് കാണുന്നത്. അവർ മുകളിലേക്കു തന്നെ യാത്ര തുടർന്നു.

തങ്ങളുടെ വഴികളിലൂടെ മാത്രമേ പിൻഗാമികളും നടക്കാവൂ എന്നു ശാഠ്യം പിടിക്കുന്നവരാണ് തലമുറകളുടെ സാധ്യതയും ക്രിയാത്മകതയും നശിപ്പിക്കുന്നത്. ബന്ധിച്ച ചങ്ങലകൾ ഭേദിക്കാൻ ശേഷിയില്ലാത്തതു കൊണ്ടാണ് ആഗ്രഹമുണ്ടായിട്ടും പലരും ഒന്നുമാകാതെ പോകുന്നത്. ഒരാളുടെയും സ്വപ്നസഞ്ചാരത്തിന്റെ ഭാഗമായില്ലെങ്കിലും ആരുടെയും ആഗ്രഹങ്ങളെ പിഴുതെറിയരുത്. ഒരുതവണ ഒന്നു തോൾ താഴ്ത്തിക്കൊടുത്താൽ അവർ അതിൽ ചവിട്ടി ആകാശം തൊടും. ആർക്കെങ്കിലുമൊക്കെ ചവിട്ടുപടിയാകാൻ കഴിഞ്ഞു എന്നതിനെക്കാൾ വലിയ നേട്ടമെന്ത്?

പാതിവഴിയിലാണ് പ്രലോഭനവും പ്രചോദനവും കണ്ടുമുട്ടുന്നത്; തിരിച്ചുപോകാനുള്ള പ്രലോഭനവും കീഴടങ്ങാതിരിക്കാനുള്ള പ്രചോദനവും. തനിവഴികൾ രൂപപ്പെടുത്താൻ ഇറങ്ങിയാൽ പിന്നെ താരാട്ടുപാട്ടിനായി കാത്തുനിൽക്കരുത്. തന്റേടത്തോടെ, തല കുനിക്കാതെ തനിച്ചുള്ള ചുവടുവയ്പുകളാണു വേണ്ടത്. 

പ്രലോഭനങ്ങളോടു തീർത്തും പുറംതിരിഞ്ഞു നിൽക്കേണ്ട. സൂക്ഷിച്ചു നോക്കിയാൽ അവയുടെ പരിസരത്തെ അന്ധകാരം മനസ്സിലാകും. വെളിച്ചത്തിലേക്കുള്ള യാത്ര ആരംഭിച്ച ശേഷം വീണ്ടും അന്ധകാരത്തിലേക്കു തിരിച്ചുപോകേണ്ടി വരുന്നതിനെക്കാൾ ഭേദം കാഴ്ച തന്നെ നഷ്ടമാകുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com