ADVERTISEMENT

ചാണകത്തിന്റെ ‘അദ്ഭുതവിശേഷങ്ങളെപ്പറ്റി’യുള്ള പ്രസ്താവനകൾ അവസാനിക്കുന്നില്ല. ചാണകത്തിൽ വലിയ ഗവേഷണം വേണമെന്നു പറഞ്ഞു കേന്ദ്രമന്ത്രി രംഗത്തെത്തിയിരിക്കുന്നു. ഇതൊരു ഒറ്റപ്പെട്ട പ്രസ്താവനയല്ല. ചാണകത്തിനു ദിവ്യശക്തിയുണ്ടെന്നും ആണവശക്തിയുണ്ടെന്നും അതിൽ ഗവേഷണം വേണമെന്നുമൊക്കെ പറഞ്ഞ് മുൻപും പലരും രംഗത്തെത്തിയ കാര്യം പത്രങ്ങളിലൂടെയും ടെലിവിഷനിലൂടെയും നാം മനസ്സിലാക്കിയിട്ടുണ്ട്.

ഒരു കാര്യം ശരിയാണ്. ചാണകത്തിനു പല ഗുണങ്ങളും പ്രയോജനങ്ങളും ഉണ്ട്. തറ മെഴുകാനായി കേരളത്തിൽ പല വീടുകളിലും ചാണകം ഉപയോഗിക്കുന്നതു പതിവായിരുന്നു. പക്ഷേ, ആണവശക്തിയും ദിവ്യശക്തിയും മറ്റുമുണ്ടെന്നു പറയുന്നത് കുറച്ചു കടുപ്പമാണ്. ഇതിന്റെ കൂടെയാണ് പുരാണങ്ങളിലെ പല കൽപിത കഥകളും ശാസ്ത്രസത്യങ്ങളാണ് എന്ന മട്ടിലുള്ള പ്രചാരണങ്ങൾ. അങ്ങനെ ആഗ്നേയാസ്ത്രവും ബ്രഹ്‌മാസ്‌ത്രവും ആണവായുധങ്ങളാകുന്നു, കൗരവരുടെ ജനനം ജനിതകവിപ്ലവം ആകുന്നു, സഞ്ജയന്റെ ദിവ്യദൃഷ്ടി ടെലിവിഷനാകുന്നു, അങ്ങനെയങ്ങനെ... ഇതെവിടെച്ചെന്നു നിൽക്കും? ഒരിടത്തും ചെല്ലില്ല, ഒരിടത്തും എത്തില്ല. നമ്മൾ ലോകത്തിനു മുന്നിൽ പരിഹാസപാത്രങ്ങളാകും; അത്ര തന്നെ.

പക്ഷേ, കവലപ്രസംഗങ്ങളിൽ മാത്രമല്ല സയൻസ് കോൺഗ്രസുകളിലും ഇത്തരം മണ്ടത്തരങ്ങൾ വിളമ്പുന്നതു കാണുമ്പോൾ (കേൾക്കുമ്പോൾ) അതിയായ ഉത്കണ്ഠ അനുഭവപ്പെട്ടേ മതിയാവൂ. ഇത്തരം ഗവേഷണങ്ങൾക്ക് (അല്ലെങ്കിൽ അന്വേഷണങ്ങൾക്ക്) സർക്കാർ സഹായം കൂടി എത്തുമ്പോൾ അതു പരിഹാസ്യം മാത്രമല്ല, അപകടകരവുമാണ്. ശാസ്ത്രവീക്ഷണം അല്ലെങ്കിൽ സയന്റിഫിക് ടെംപർ എല്ലാവരും വളർത്തിയെടുക്കണം എന്നു ഭരണഘടനയിൽ അനുശാസിക്കുന്നതിനു നേർവിപരീതമാണ് ഇത്തരം അബദ്ധ പ്രസ്താവനകൾ.

നിലയും വിലയും ഉള്ളവർ പറയുന്നതും ചെയ്യുന്നതും അനുകരിക്കുക എന്നതാണല്ലോ സാധാരണക്കാരുടെ രീതി. അപ്പോൾ നേതാക്കളും ഉന്നതരും ഇങ്ങനെയൊക്കെ പറഞ്ഞു നടന്നാൽ പൊതു ജനങ്ങളും ഇതൊക്കെ വിശ്വസിച്ചുതുടങ്ങും. തെളിവില്ലാതെ ഇത്തരം കാര്യങ്ങൾ വിശ്വസിക്കുക എന്നത് ശാസ്ത്രവീക്ഷണത്തിനു വിപരീതമാണ്. നാം ഇങ്ങനെയൊക്കെ ജീവിച്ചിരുന്നു എങ്കിൽ ശാസ്ത്രപുരോഗതി ഉണ്ടാവില്ലായിരുന്നു. പരമ്പരാഗതമായി വിശ്വസിച്ചുപോന്നിരുന്ന കാര്യങ്ങളെ വെല്ലുവിളിച്ചാണ് പരീക്ഷണങ്ങളെ ആസ്പദമാക്കി ലോകവീക്ഷണങ്ങൾ തെളിയിച്ചത്. അങ്ങനെയാണ് നമുക്ക് ഇന്നുള്ള എല്ലാ പ്രാപഞ്ചിക വിവരങ്ങളും ലഭ്യമായത്.

1995ലെ സൂര്യഗ്രഹണത്തിനു കേരളത്തിലെ സ്കൂളുകൾക്ക് അവധി കൊടുത്തത് ഇന്നു പലരും ഓർക്കുന്നുണ്ടാവും. എന്നാൽ, ഇത്തവണ കേരളമെങ്ങും കുട്ടികൾ സൂര്യഗ്രഹണം ആഘോഷിച്ചു. ഒരുപാടു പേർ ശാസ്ത്ര സാഹിത്യ പരിഷത് ഉൾപ്പെടെ വിതരണം ചെയ്ത കണ്ണടകൾ ഉപയോഗിച്ചു ഗ്രഹണം നേരിട്ടു കണ്ടു. ഇതാണു ശാസ്ത്രീയ ചിന്താഗതിയുടെ മാർഗം. അല്ലാതെ, സൂര്യനെ പാമ്പു വിഴുങ്ങി എന്ന കള്ളക്കഥ വിശ്വസിച്ചു വീടിനുള്ളിൽ പേടിച്ച് ഒളിച്ചിരിക്കുകയല്ല. വസൂരിയെ കീഴടക്കിയതും അന്ധവിശ്വാസം കൊണ്ടല്ലല്ലോ. ഇപ്പോൾ ലോകത്തിൽനിന്നു വസൂരിയെ നിർമാർജനം ചെയ്തിരിക്കുന്നു. എന്നിട്ടും മറ്റു പല രോഗങ്ങൾക്കുമെതിരായ പ്രതിരോധ ചികിത്സയ്‌ക്കെതിരെ പ്രചാരണം നടക്കുന്നു എന്നതാണു നമ്മുടെ ദുർഗതി. ഇതിനെതിരെ ശക്തമായ രോഷവും പ്രതിരോധവും ഉണ്ടായില്ലെങ്കിൽ ഒരുപക്ഷേ, നമ്മൾ ശാസ്ത്ര പുരോഗതിയിൽ നിന്നു വഴിമാറിപ്പോകും. അങ്ങനെ നോക്കുമ്പോൾ, ശാസ്ത്രവിരുദ്ധമായ ‘ചാണകഘോഷണങ്ങൾ’ നിർദോഷകരമല്ല.

(കേരള ശാസ്ത്ര സാഹിത്യ പരിഷത് മുൻ പ്രസിഡന്റും അനർട് മുൻ ഡയറക്‌ടറുമാണു ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com