sections
MORE

ബിഎഡ് കോഴ്സിൽ അടിമുടി പരിഷ്കാരം

BEd
SHARE

ഒരുവർഷം ഇരുപതിനായിരത്തോളം പേരാണു കേരളത്തിൽ ബിഎഡ് കഴിഞ്ഞു പുറത്തിറങ്ങുന്നത്. ഇത്രയധികം അധ്യാപകരുടെ ആവശ്യം കേരളത്തിലുണ്ടോ? നമ്മുടെ അധ്യാപകർക്കു വടക്കേ ഇന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും വലിയ ഡിമാൻഡ് ആണ്. കേരളത്തിൽ അൺ എയ്ഡഡ് മേഖലയിൽ കിട്ടുന്നതിന്റെ ഇരട്ടിയോ അതിലധികമോ ശമ്പളത്തിൽ, ഈ പറഞ്ഞ പ്രദേശങ്ങളിൽ മലയാളി അധ്യാപകർ ജോലി ചെയ്യുന്നുണ്ട്.

മേഘാലയ, മണിപ്പുർ പോലുള്ള സംസ്ഥാനങ്ങളിൽ സ്കൂളുകളുടെ പരസ്യത്തിനൊപ്പമുള്ള പ്രധാന വാചകം, ഞങ്ങളുടെ സ്കൂളിൽ ഇത്ര അധ്യാപകർ മലയാളികളാണ് എന്നതാണ്. കൂടുതൽ മലയാളി അധ്യാപകരുള്ള സ്കൂളുകളിൽ കുട്ടികളെ ചേർക്കാൻ രക്ഷിതാക്കൾ താൽപര്യപ്പെടുന്നു. ഗൾഫ് രാജ്യങ്ങൾ, മാലദ്വീപ്, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലും മലയാളി അധ്യാപകർക്കു നല്ല മാർക്കറ്റുണ്ട്. ഇതിൽനിന്നു മനസ്സിലാക്കേണ്ടത് കേരളം അധ്യാപകരെ ഒരുക്കിയെടുക്കുന്നത് കേരളത്തിനു വേണ്ടി മാത്രമല്ല, മറിച്ച് ഒരു രാജ്യാന്തര വിപണി കൂടി ലക്ഷ്യമിട്ടു കൊണ്ടാണ് എന്നതാണ്. കേരളത്തിൽ നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷന്റെ (എൻസിടിഇ) അംഗീകാരമുള്ള 199 കോളജുകളിൽ നിന്നാണ് ഇത്രയും ഭാവി അധ്യാപകർ പുറത്തിറങ്ങുന്നത്.

1993ൽ എൻസിടിഇ സ്ഥാപിതമായി. എൻസിടിഇയുടെ വരവോടെ ബിഎഡ് കോളജുകളും അവിടത്തെ കോഴ്സുകളും നിരന്തരം മാറ്റങ്ങൾക്കു വിധേയമായി. കൂടുതലും ‘തൊലിപ്പുറം ചികിത്സ’ ആയിരുന്നെങ്കിൽ കൂടി ഘടനാപരമായ ചില മാറ്റങ്ങൾക്കു ബിഎഡ് കോളജുകൾ സാക്ഷ്യം വഹിക്കുന്നത് കഴിഞ്ഞ വ൪ഷങ്ങളിൽ നാം കണ്ടു. ഏതാണ്ട് 2015 വരെ ബിഎഡ് ഒരുവർഷം കൊണ്ടു നേടാമായിരുന്നു. എന്നാൽ, എൻസിടിഇയുടെ 2014ലെ റഗുലേഷൻ പ്രകാരം ബിഎഡ് പ്രോഗ്രാം രണ്ടുവർഷ ബിരുദമാക്കി മാറ്റി.

സംയോജിത അധ്യാപന ബിരുദ കോഴ്സ്
2019ൽ എൻസിടിഇ പുറത്തിറക്കിയ ചട്ടങ്ങളനുസരിച്ച് ഇതുവരെ കണ്ടതിനെക്കാൾ വലിയ മാറ്റങ്ങളാണു ബിഎഡ് കോളജുകളിൽ വരുന്നത്. അതിൽ പ്രധാനം നാലു വർഷത്തെ സംയോജിത ബിഎഡ് ബിരുദമാണ്. നിലവിൽ ഡിഗ്രി കഴിഞ്ഞ ഒരു വിദ്യാർഥിക്ക് ബിഎഡ് എടുക്കാൻ രണ്ടുവർഷം വേണം. ബിഎസ്‌സി / ബിഎ ബിരുദത്തിനൊപ്പം ബിഎഡും കൂടി ലഭിക്കാൻ ഫലത്തിൽ അഞ്ചുവർഷം. എന്നാൽ, സംയോജിത ബിഎസ്‌സി ബിഎഡ് അല്ലെങ്കിൽ ബിഎ ബിഎഡ് വരുന്നതോടെ ഇതു നാലുവർഷമായി കുറയും. ഇത്തരമൊരു മാറ്റത്തിനു വലിയ സജ്ജീകരണങ്ങൾ ആവശ്യമാണ്.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (2019) കരട് അനുസരിച്ച് 2030 ആകുമ്പോഴേക്കും അധ്യാപനത്തിനുള്ള അടിസ്ഥാന യോഗ്യത നാലുവർഷ സംയോജിത ബിഎഡ് ആയിരിക്കും. അതായത്, 2030 ആകുമ്പോഴേക്കും ഇപ്പോഴത്തെ 2 വർഷ ബിഎഡ് കോഴ്സ് പൂർണമായി ഇല്ലാതാകും.

കോംപസിറ്റ് കോളജുകൾ
ഒരു കോളജിനു സംയോജിത ബിഎഡ് പ്രോഗ്രാം നടത്താൻ അനുമതി ലഭിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത അതു കോംപസിറ്റ് കോളജ് ആയിരിക്കണം എന്നതാണ്. ലിബറൽ ആർട്സ്, സയൻസ്, ഹ്യുമാനിറ്റീസ് തുടങ്ങിയ വിഷയങ്ങളിൽ ബിരുദ - ബിരുദാനന്തര കോഴ്സുകളുള്ള കോളജുകളാണു കോംപസിറ്റ് കോളജുകൾ.

ഫലത്തിൽ, ഏതാണ്ട് 10 വർഷത്തിനുള്ളിൽ നിലവിലെ ബിഎഡ് കോളജുകൾ ഒന്നുകിൽ ആർട്സ് ആൻഡ് സയൻസ് കോളജുകളുടെ ഭാഗമായി മാറണം; അല്ലെങ്കിൽ തങ്ങളുടെ കോളജിൽ പുതിയ ലിബറൽ ആർട്സ്, സയൻസ്, ഹ്യുമാനിറ്റീസ് ബിരുദ, ബിരുദാനന്തര കോഴ്സുകൾ തുടങ്ങണം. ഇതു സർക്കാരിനെയും സർവകലാശാലകളെയും വലിയ സാങ്കേതിക പ്രശ്നങ്ങളിലേക്കു നയിച്ചേക്കാം.

രണ്ടുവർഷ ബിഎഡിൽ ഒരു യൂണിറ്റിനെ (50 കുട്ടികൾ) പഠിപ്പിക്കാൻ എംഎഡ്, യുജിസി നെറ്റ് യോഗ്യതയുള്ള പതിനഞ്ചോളം അധ്യാപകരെ ആവശ്യമാണെങ്കിൽ, നാലുവർഷ ബിഎഡിൽ ഇതേ യോഗ്യതകളുള്ള മൂന്നുപേർ മതിയാകും. 12 അധ്യാപകർ മറ്റു വിഷയങ്ങൾ പഠിപ്പിക്കാൻ വേണ്ടിയാണ്. ഇത് എംഎഡ് ബിരുദധാരികളുടെ തൊഴിലിനെ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്.

അതുപോലെ തന്നെ ബിഎഡ് കോളജുകളിലെ പ്രിൻസിപ്പൽമാർക്ക് കോംപസിറ്റ് കോളജുകളിലേക്കു മാറുമ്പോൾ ഏതു തസ്തിക ലഭിക്കുമെന്നതും വലിയ നിയമപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. ഇത്തരം മാറ്റങ്ങളും അവയോട് അനുബന്ധിച്ചുണ്ടാകുന്ന പ്രശ്നങ്ങളും നേരിടാൻ കേരളം ഒരുങ്ങിയിട്ടുണ്ടോ എന്നതാണു പ്രസക്തമായ ചോദ്യം.

കേരളത്തിന്റെ അലസത
നാലു വർഷ ബിഎഡിന് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുംമുൻപ് എൻസിടിഇ എല്ലാ സംസ്ഥാനങ്ങൾക്കും കത്തയച്ചിരുന്നു. ദൗർഭാഗ്യകരമെന്നു പറയട്ടെ, നാലുവർഷ കോഴ്സ് തുടങ്ങാൻ കേരളം സമ്മതം മൂളിയില്ല. ഇതിന്റെ ഫലമായി കോഴ്സിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് എൻസിടിഇ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽനിന്നു കേരളത്തെ ഒഴിവാക്കി. നിലവിലെ ചില കോംപസിറ്റ് കോളജുകൾക്ക് സംയോജിത ബിഎഡ് തുടങ്ങുന്നതിനുള്ള വലിയ സാധ്യതയാണു കേരളം കൊട്ടിയടച്ചു കളഞ്ഞത്. തമിഴ്നാട്ടിൽനിന്ന് ഇരുനൂറോളം അപേക്ഷകളാണ് സമർപ്പിച്ചിരിക്കുന്നത്. എൻസിടിഇ എല്ലാം വർഷവും ഇത്തരത്തിൽ അപേക്ഷ ക്ഷണിക്കില്ല എന്നിരിക്കെ, കേരളത്തിനു കാത്തിരിക്കേണ്ടി വരും.

നാലുവർഷ ബിഎഡ് വരുന്നതോടെ, ഇപ്പോൾ ബിഎസ്‌സി, ബിഎ പഠനത്തിനു പോകുന്ന വലിയ വിഭാഗം വിദ്യാർഥികൾ ഇതിൽ ആകൃഷ്ടരാകും. എന്നാൽ, ഇതിലൂടെ നേട്ടങ്ങൾ കൈവരിക്കാൻ സംസ്ഥാനത്തിന്റെ ഉത്സാഹപൂർണമായ ഇടപെടലുകൾ അനിവാര്യമാണ്. നമ്മുടെ ബിഎഡ് കോളജുകളെ കോംപസിറ്റ് കോളജുകൾ ആക്കുകയോ, നിലവിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ അതിനുള്ള സൗകര്യങ്ങൾ ഒരുക്കുകയോ ചെയ്യണം. അതോടൊപ്പം, പ്രോജക്ട് ലൈറ്റ് ഹൗസ് പോലുള്ള പദ്ധതികൾ പ്രയോജനപ്പെടുത്താനും കാര്യക്ഷമമായ ഇടപെടലുകൾ അനിവാര്യമാണ്.

രാജ്യാന്തര നിലവാരം‌ കൈവരിക്കാൻ
അധ്യാപക വിദ്യാഭ്യാസരംഗത്ത് രാജ്യാന്തര നിലവാരം നേടാനുള്ള ചില പരിഷ്കാരങ്ങളും എൻസിടിഇയുടെ പരിഗണനയിൽ. അതിലൊന്നാണ്
പ്രോജക്ട് ലൈറ്റ് ഹൗസ്.

ലക്ഷ്യം: എല്ലാ ജില്ലകളിലെയും ഒരു ബിഎഡ് കോളജിനെ രാജ്യാന്തര നിലവാരം കൈവരിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ നൽകി വികസിപ്പിക്കുക.
∙ ഇത്തരത്തിൽ രാജ്യമാകെ എഴുനൂറിലേറെ കോളജുകൾ വികസിപ്പിക്കും.
∙ ആദ്യപടിയായി, പാഠ്യപദ്ധതി സമഗ്രമായി ഉടച്ചുവാർക്കാനുള്ള നടപടി തുടങ്ങി.
∙ പാഠ്യപദ്ധതിയിലേക്കു കടന്നുവരുന്ന ചില പുതിയ വിഷയങ്ങൾ: ഡിജിറ്റൽ ലിറ്ററസി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കുട്ടികളുടെ സംരംഭകത്വ ശേഷി, ദുരന്തനിവാരണ പരിശീലനം...
∙ രണ്ടുവർഷ ബിഎഡിനുള്ള പാഠ്യപദ്ധതിയാണ് ആദ്യഘട്ടത്തിൽ തയാറാക്കുന്നതെങ്കിലും നാലുവർഷ ബിഎഡിനുള്ള പാഠ്യപദ്ധതിയും പരിഗണനയിൽ.
∙ എൻസിടിഇ തയാറാക്കുന്ന മാതൃകാ പാഠ്യപദ്ധതി സർവകലാശാലകൾക്കു മാറ്റങ്ങൾ വരുത്തി ഉപയോഗിക്കാം.

സംയോജിത ബിഎഡ് വരുമ്പോൾ
∙ കോഴ്സ് കാലാവധി: 4 വർഷം
∙ യോഗ്യത: പ്ലസ് ടു

മെച്ചം
∙ മിടുക്കരായ വിദ്യാർഥികളെ അധ്യാപക മേഖലയിലേക്ക് ചെറുപ്പത്തിലേ ആകർഷിക്കാം.
∙ 4 വർഷം കൊണ്ട് ബിരുദവും ബിഎഡും നേടാമെന്നതിനാൽ ഫലത്തിൽ ഒരു വർഷം ലാഭം.

വെല്ലുവിളി
∙ നിലവിലെ ബിഎഡ് കോളജുകൾ അടിമുടി മാറണം.
∙ എംഎഡ് ബിരുദധാരികൾക്ക് അധ്യാപന തസ്തികകൾ കുറഞ്ഞേക്കും.

(കേരള കേന്ദ്ര സർവകലാശാല എജ്യുക്കേഷൻ വിഭാഗം മേധാവിയും പാഠ്യപദ്ധതി പരിഷ്കരണത്തിന് എൻസിടിഇ നിയോഗിച്ച ഉപസമിതിയിൽ അംഗവുമാണ് ലേഖകൻ).

English Summary: Changes in BEd course

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA