സുഗമമാകണം ഫാസ്ടാഗ്

SHARE

ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളുടെ അനിയന്ത്രിത തിരക്കു പരിഗണിച്ച് ചില ടോൾ പ്ലാസകളിൽ പണം സ്വീകരിക്കുന്ന കൂടുതൽ ലെയ്നുകൾ താൽക്കാലികമായി ഏർപ്പെടുത്താൻ നിർദേശമുണ്ടായെങ്കിലും അതുകൊണ്ടുമാത്രം പ്രശ്നങ്ങൾക്കു ശമനമാകുന്നില്ല. ടോൾ തുക അക്കൗണ്ട് വഴി കൈമാറാവുന്ന ഏകീകൃത പ്രീപെയ്ഡ് സംവിധാനം എന്ന വൻ പദ്ധതി പൂർണമായി പ്രാവർത്തികമാക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞ് പരിഹാരനടപടികളിലേക്ക് അടിയന്തരമായി കടക്കണമെന്ന് അധികൃതരെ ഓർമിപ്പിക്കുകയാണ് ഇപ്പോഴത്തെ തീരുമാനവും.

ദേശീയപാതയിലെ ടോൾ ഗേറ്റുകളിൽ വാഹനങ്ങളുടെ നീണ്ടനിര ഒഴിവാക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഫാസ്ടാഗ് സംവിധാനം സദുദ്ദേശ്യപരമാണെങ്കിലും അതുമൂലം വാഹന ഉടമകളിൽ പലരും അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകൾ കുറച്ചൊന്നുമായിരുന്നില്ല. 2017 ഡിസംബർ ഒന്നിനുശേഷം വിറ്റ എല്ലാ നാലുചക്ര മോട്ടർ വാഹനങ്ങളിലും ഫാസ്ടാഗ് ഘടിപ്പിക്കുന്നതു നിർബന്ധമാക്കിയിരുന്നുവെങ്കിലും ഇപ്പോഴും കേരളത്തിലെ പകുതിപോലും വാഹനങ്ങൾ ഈ സംവിധാനത്തിലേക്കു മാറിയിട്ടില്ല എന്നതുതന്നെ ഇതിന്റെ പിന്നിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ശരിവയ്ക്കുന്നു. രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകളിൽ വിപ്ലവം സൃഷ്ടിച്ച നാഷനൽ പേയ്മെന്റ് കോർപറേഷൻ, നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുമായി ചേർന്നാണ് രാജ്യത്തെ ടോൾ പ്ലാസകളിൽ ഫാസ്ടാഗ് പദ്ധതി നടപ്പിലാക്കുന്നത്.

ഒരു മാസം നീട്ടിവച്ച്, കഴിഞ്ഞ ബുധനാഴ്ച പ്രാബല്യത്തിൽ വന്നപ്പോൾ നമ്മുടെ ടോൾ ഗേറ്റുകളിലുണ്ടായ തിരക്ക് നിയന്ത്രണാതീതമായിരുന്നു. ഇരുവശത്തേക്കും ഓരോ ലെയ്നിൽ മാത്രമാണു പണം നൽകുന്ന വാഹനങ്ങൾ അനുവദിച്ചത്. തൃശൂരിലെ പാലിയേക്കര, എറണാകുളത്തെ പൊന്നാരിമംഗലം, അരൂർ കുമ്പളം, പാലക്കാട് വാളയാർ എന്നീ ടോൾ പ്ലാസകളിൽ ഫാസ്ടാഗില്ലാത്ത വാഹനങ്ങളുടെ നീണ്ട ക്യൂവാണ് അന്ന് അനുഭവപ്പെട്ടത്. പാലിയേക്കരയിൽ ആംബുലൻസ് അടക്കം ഒട്ടേറെ വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ കുടുങ്ങി. വാഹനനിര നീണ്ടതോടെ പൊലീസ് പലതവണ ടോൾ തുറന്നു വാഹനങ്ങൾ കടത്തിവിടുകയായിരുന്നു. ഫാസ്ടാഗ് ട്രാക്കിലൂടെ പോകുന്ന ടാഗ് പതിക്കാത്ത വാഹനങ്ങൾക്കു നേരത്തേതന്നെ ചില ടോൾ പ്ലാസകളിൽ ഇരട്ടിത്തുക ഈടാക്കിത്തുടങ്ങിയിട്ടുണ്ട്. വാഹനം ഓടിക്കുന്നവർ തങ്ങൾക്കുവേണ്ട ട്രാക്ക് കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.

ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളുടെ അനിയന്ത്രിത തിരക്ക് പരിഗണിച്ച് 65 ടോൾ പ്ലാസകളിൽ 30 ദിവസം കൂടി പണം സ്വീകരിക്കുന്ന കൂടുതൽ ലെയ്നുകൾ ഏർപ്പെടുത്താൻ കേന്ദ്ര ഗതാഗത മന്ത്രാലയം നിർദേശിച്ചെങ്കിലും പാലിയേക്കരയിലും കുമ്പളത്തും അതിന്റെ പ്രയോജനം കിട്ടില്ലെന്നു വ്യക്തമായിക്കഴിഞ്ഞു. ആകെ ലെയ്നുകളുടെ നാലിലൊന്ന്, പണം സ്വീകരിക്കുന്നവയായി മാറ്റാനാണ് അനുവാദം. എന്നാൽ, പാലിയേക്കരയിൽ ആറു ലെയ്നുകളിൽ രണ്ടും കുമ്പളത്ത് നാലു ലെയ്നുകളിൽ ഒന്നും ഇപ്പോൾതന്നെ പണം സ്വീകരിക്കുന്നവയാണെന്നിരിക്കെ, ഇളവു പ്രഖ്യാപനം കൊണ്ടു ഫലത്തിൽ പ്രയോജനമില്ല. പൊന്നാരിമംഗലം, വാളയാർ ടോൾ പ്ലാസകൾ ഇളവു ലഭിക്കുന്നവയുടെ പട്ടികയിൽ ഇല്ലതാനും.

ഫാസ്ടാഗ് പല കാരണം കൊണ്ടു റീഡ് ചെയ്യാതിരിക്കുകയും പണമായി ടോൾ നൽകിയശേഷം ടാഗിൽനിന്നു തുക നഷ്ടപ്പെടുകയും ചെയ്യുന്നുവെന്ന പരാതി വ്യാപകമാണ്. പല ബാങ്കുകളുമായുള്ള ആപ്പിന്റെ ബന്ധം ഇടയ്ക്കു നിലയ്ക്കുന്ന വേളയിൽ ടാഗ് ചാർജ് ചെയ്യാനാകുന്നില്ല. ടാഗ് റീഡ് ചെയ്തില്ലെങ്കിൽ ആ ട്രാക്കിൽ നിന്ന്, പണം നൽകേണ്ട പൊതു ട്രാക്കിലേക്കു മാറേണ്ടി വരുന്നതും ഏറെ കഷ്ടപ്പാടാണ്. സാങ്കേതികത്തകരാറില്ലാതെ വേണം പുതിയ സമ്പ്രദായത്തിലേക്ക് ആളുകളെ മാറ്റേണ്ടതെന്നതു പ്രധാനപ്പെട്ട കാര്യംതന്നെ.

ഫാസ്ടാഗ് എടുക്കാനുള്ള തീയതി ഡിസംബറിൽ ഒരു മാസത്തേക്കു നീട്ടിയതോടെ അതു വിൽക്കുന്ന കൗണ്ടറുകളിലെ തിരക്കു കുറയുകയുണ്ടായി. അവസാനതീയതി വരെ കാത്തിരിക്കുന്ന പലരുടെയും പതിവ് ഇനിയും തുടർന്നുകൂടാ. അതോടൊപ്പം, ഫാസ്ടാഗ് സംവിധാനത്തിലേക്കു സുഗമമായി മാറാൻ സഹായിക്കുന്ന വിധത്തിൽ വ്യാപകമായി ‘അക്ഷയ’ മാതൃകയിൽ കേന്ദ്രങ്ങൾ ആരംഭിക്കുകയും വാഹന ഉടമകളുടെ സംശയങ്ങളെല്ലാം ദൂരീകരിച്ച്, മുഴുവൻ പേരെയും ഇതിൽ പങ്കാളികളാക്കാൻവേണ്ട നാടുണർത്തൽ സജീവമാക്കുകയും വേണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA