ADVERTISEMENT

കേന്ദ്രസർക്കാരിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ച അസാധാരണ സാഹചര്യത്തിലാണ് സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി (സിസി) യോഗം നാളെ കേരളത്തിൽ ചേരുന്നത്. ശനിയും ഞായറുമായി ഡൽഹിയിൽ നടന്ന പൊളിറ്റ്ബ്യൂറോ (പിബി) യോഗ ചർച്ചകളുടെ കൂടി അടിസ്ഥാനത്തിലാണു പൗരത്വനിയമം റദ്ദാക്കാനായി സുപ്രീം കോടതിയിൽ ഹർജി നൽകാൻ കേരള സർക്കാർ തീരുമാനിച്ചത്. കേരളത്തോടു കേന്ദ്രം വിവേചനം കാണിക്കുന്നുവെന്നും പിബി കുറ്റപ്പെടുത്തി. തിരുവനന്തപുരം വിളപ്പിൽശാല ഇഎംഎസ് അക്കാദമിയിൽ നാളെ മുതൽ മൂന്നുദിവസം നടക്കുന്ന സിസി യോഗം മോദിക്കെതിരെ സിപിഎമ്മിന്റെയും കേരള സർക്കാരിന്റെയും ശക്തമായ രാഷ്ട്രീയ യുദ്ധപ്രഖ്യാപനവേദിയായി മാറുമെന്ന് ഇതെല്ലാം വ്യക്തമാക്കുന്നു.

ഇതിനു മുൻപു തിരുവനന്തപുരത്ത് കേന്ദ്രകമ്മിറ്റിയും ഹൈദരാബാദിൽ പാർട്ടി കോൺഗ്രസും നടക്കുമ്പോഴത്തെ നിലപാടിൽനിന്നു രാഷ്ട്രീയമായി മാറാൻ സിപിഎം നിർബന്ധിതമായ സാഹചര്യമാണു ശ്രദ്ധിക്കേണ്ടത്. മോദി സർക്കാർ ഫാഷിസ്റ്റാണോ എന്നതിനെച്ചൊല്ലി പിബിയിൽ അപ്പോൾ രണ്ടഭിപ്രായമുണ്ടായിരുന്നു. ആ സർക്കാരിനെതിരെ കോൺഗ്രസുമായി കൈകോർക്കണോ എന്ന കാര്യത്തിൽ ഉന്നതനേതൃത്വം ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. പ്രത്യക്ഷത്തിൽ മോദിക്കും ബിജെപിക്കുമെതിയുള്ള മുദ്രാവാക്യങ്ങൾ മുഴക്കുകയും അകത്തു കനത്ത ആശയക്കുഴപ്പങ്ങളിലും വൈരുധ്യങ്ങളിലും തുടരുകയുമായിരുന്നു സിപിഎം. 

എന്നാൽ, രണ്ടാം മോദി സർക്കാരിന്റെ കടുത്ത തീരുമാനങ്ങൾ രാജ്യത്തു സൃഷ്ടിച്ച അനിശ്ചിതത്വവും സമരമുഖങ്ങളും മുഖ്യശത്രു ആരാണ് എന്ന സന്ദേഹത്തിൽനിന്നു തൽക്കാലത്തേക്കെങ്കിലും പാർട്ടിയെ മുക്തമാക്കിയിരിക്കുന്നു. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുക്കാനും കേന്ദ്രത്തിനെതിരെ കേസ് നടത്താനും പിബി തീരുമാനിച്ചു; താത്വിക തർക്കങ്ങളുടെ സമയം ഇതല്ലെന്നു സിപിഎം ഉൾക്കൊണ്ടിരിക്കുന്നു. 

തർക്കത്തിനിടയിലെ നഷ്ടങ്ങൾ 

പക്ഷേ, ഇതിനിടെ പാർട്ടിക്കു പലതും നഷ്ടപ്പെട്ടുകഴിഞ്ഞു. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്താകെ ലഭിച്ചത് 1.07 കോടി വോട്ടാണ്. അതിൽ 52 ലക്ഷം, ഏതാണ്ടു പകുതി കേരളത്തിൽനിന്നു മാത്രം കിട്ടിയതാണ്. 2014ലെ പൊതുതിരഞ്ഞെടുപ്പുമായി തട്ടിച്ചുനോക്കുമ്പോൾ സിപിഎമ്മിന്റെ 82 ലക്ഷം വോട്ട് ചോർന്നു. ബംഗാളിൽ 2014ൽ 22.96% വോട്ട് നേടിയ സിപിഎമ്മിനു 2019ൽ 6.28% വോട്ട് മാത്രം. 2014ൽ 13 ലക്ഷത്തോളം വോട്ടുവീണ ത്രിപുരയിൽ 3.72 ലക്ഷമായി താഴ്ന്നു. 

ജനുവരി 8ലെ പൊതുപണിമുടക്കിനു ലഭിച്ച പിന്തുണ, ത്രിപുരയിൽ സ്ഥിതിഗതികൾ മാറുന്നതിന്റെ സൂചനയായി ഇക്കഴിഞ്ഞ പിബി യോഗം വിലയിരുത്തിയിട്ടുണ്ട്. ബംഗാളിൽ പക്ഷേ, അനുദിനം പിന്തള്ളപ്പെടുകയാണ്. പിളർപ്പിനു ശേഷം സിപിഎമ്മായി ആദ്യം മത്സരിച്ച 1967ൽ 19 സീറ്റ് നേടിയ പാർട്ടിക്ക് ഇന്നു 3 ലോക്സഭാംഗങ്ങൾ മാത്രം. രാജ്യത്തെ ഏക ചുവന്നതുരുത്തായ കേരളത്തിലേക്കു നേതാക്കൾ വന്നിറങ്ങുമ്പോഴുള്ള പാർട്ടിയുടെ ചിത്രം ഇതാണ്. 

സിഎഎ മുതൽ യുഎപിഎ വരെ 

‘തിരുവനന്തപുരം സിസി’ അതുകൊണ്ടുതന്നെ സന്ദർഭവും അവസരവുമായി കണക്കിലെടുക്കണമെന്ന അഭിപ്രായം പങ്കുവയ്ക്കുന്നവരുണ്ട്. 1957ൽ കമ്യൂണിസ്റ്റ് പാർട്ടിയെ അധികാരത്തിലേറ്റി ഇന്ത്യയെങ്ങും ചുവപ്പു പതാകകൾ പാറിക്കാനുള്ള കരുത്തു പാർട്ടിക്കു നൽകിയതു കേരളമാണ്. ബിജെപിയെ പുറത്തുനിർത്തിയിട്ടുള്ള സംസ്ഥാനങ്ങളിലൊന്നും കേരളം തന്നെ. പൗരത്വനിയമത്തിനെതിരെ (സിഎഎ) ചെറുത്തുനിൽപിന്റെയും പ്രതിഷേധത്തിന്റെയും മാതൃകകൾ ബിജെപി ഇതര സർക്കാരുകൾക്കു നൽകുന്നതും മറ്റാരുമല്ല.‘‘കേന്ദ്രത്തിനെതിരെയുള്ള പ്രതിഷേധത്തിനു കേരളം നേതൃത്വം നൽകുന്നതിന്റെ കണക്കുതീർക്കുകയാണു മോദി. പ്രളയസഹായമടക്കം നിഷേധിച്ച അവരുടെ നടപടികൾ ബോധപൂർവമാണ്. ശക്തമായ പ്രതിഷേധം ഇക്കാര്യത്തിൽ ഉയരും’’ – കേന്ദ്രകമ്മിറ്റി മുന്നൊരുക്കങ്ങൾക്കായി എത്തിയ പിബി അംഗം എസ്. രാമചന്ദ്രൻപിള്ള വ്യക്തമാക്കി.

കാര്യമായ സംഘടനാ അജൻഡകളൊന്നും ഇക്കുറി കേന്ദ്രകമ്മിറ്റിക്കു മുൻപാകെയില്ല. പൗരത്വനിയമത്തിനെതിരെ ഇവിടെ കോൺഗ്രസിനെ വരെ കൂടെ നിർത്തി സമരം ചെയ്യുന്നതിൽ പിണറായി വിജയൻ വിജയിച്ചുവെങ്കിൽ, ഭേദഗതി ചെയ്ത യുഎപിഎ നിയമത്തിന്റെ കാര്യത്തിൽ സഖ്യകക്ഷിയായ സിപിഐക്ക് അതേ പിണറായി സർക്കാരിനെ വിശ്വാസമില്ല എന്നതാണ് ഒരു വൈരുധ്യം. ഈ പൊട്ടലും ചീറ്റലുമൊന്നും സിസി ചർച്ചയ്ക്കെടുക്കില്ലായിരിക്കും. പക്ഷേ, യുഎപിഎയെ ശക്തമായി എതിർക്കുന്ന സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി കേരളത്തിൽ ചേരുമ്പോൾ, ആ നിയമപ്രകാരം ജയിലിൽ കഴിയുന്ന പാർട്ടി അംഗങ്ങളായ അലന്റെയും താഹയുടെയും മാതാപിതാക്കൾ ആ യോഗത്തിൽ ഒരു പ്രതീക്ഷ വച്ചേക്കാം. 

English Summary: CPM Central Committee in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com