എതിർപ്പിന്റെ യുക്തി

shubhadinam
SHARE

സന്യാസിയെക്കണ്ടു സങ്കടം പറയാൻ ഒരാളെത്തി. ‘‘ഞാൻ എന്തു പറഞ്ഞാലും ആളുകൾ കളിയാക്കി ചിരിക്കും; നാട്ടിൽ ജീവിക്കാനാവുന്നില്ല’’. 

സന്യാസി അയാളോടു പറഞ്ഞു, ‘‘ഞാൻ പറയുന്നതുപോലെ ചെയ്താൽ മതി. ഇന്നുമുതൽ എല്ലാറ്റിനെയും എതിർക്കുക. സൂര്യന്റെ മനോഹാരിതയെക്കുറിച്ച് ആരെങ്കിലും പറഞ്ഞാൽ അതിന്റെ അസഹനീയ ചൂടിനെക്കുറിച്ചു പറയുക. ഈശ്വരനെക്കുറിച്ചു പറഞ്ഞാൽ നീ നിരീശ്വരവാദിയാകുക. ആരെന്തു പറഞ്ഞാലും നിഷേധ നിലപാടു മാത്രമേ സ്വീകരിക്കാവൂ. ഏഴു ദിവസം കഴിഞ്ഞ് എന്നെ വന്നു കാണുക’’. 

ഒരാഴ്ച കഴിഞ്ഞ് അയാൾ സന്യാസിയെ കാണാനെത്തിയപ്പോൾ കൂടെ ഒരുപറ്റം ആളുകളും ഉണ്ടായിരുന്നു. അവരെല്ലാം അയാളുടെ ബുദ്ധിശക്തിയിൽ അദ്ഭുതപ്പെട്ട് അനുഗമിച്ചവരായിരുന്നു!

നിഷേധ സമീപനങ്ങൾക്കു പെട്ടെന്ന് ആൾക്കൂട്ട ശ്രദ്ധ പിടിച്ചുപറ്റാനാകും. ബദൽ ചിന്തകളിലേക്കും പ്രവൃത്തികളിലേക്കും ആളുകൾ എത്തിനോക്കും; അവ ശരിയാണെങ്കിലും തെറ്റാണെങ്കിലും. ആരാലും ശ്രദ്ധിക്കപ്പെടാതിരിക്കുന്നവർ ഒരു കാരണവുമില്ലാതെ എന്തിനെയെങ്കിലും എതിർത്തു തുടങ്ങിയാൽ സാവധാനം അവർ ആരാധനാമൂർത്തികളാകും. എതിർപ്പിന്റെ യുക്തിരാഹിത്യം കൂടുന്നതനുസരിച്ച് ആൾക്കൂട്ടത്തിന്റെ പിന്തുണയും കൂടും.

എതിർക്കപ്പെടാൻ പാടില്ലാത്തതായി ഒന്നുമില്ല. പക്ഷേ, എന്തുകൊണ്ട് എതിർക്കുന്നു എന്നതിന് ഒരു യുക്തി ഉണ്ടാകണം.  പൂ ർണമായ ശരി ഒന്നിലും ഉണ്ടാകില്ല. എത്ര ശരിയെന്നു കരുതുന്നവയെയും തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യാം. എതിർപ്പുകൾ തെറ്റല്ല. പക്ഷേ, നിഷേധം ഒരു തന്ത്രമായി സ്വീകരിക്കുന്നവർക്കു നൽകുന്ന പ്രോത്സാഹനവും പിന്തുണയും ക്രിയാത്മകത ഇല്ലാതാക്കുമെന്നു മാത്രമല്ല, അപകടങ്ങൾക്കു വഴിയൊരുക്കുകയും ചെയ്യും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA