ADVERTISEMENT

ഗവർണർക്ക് സർക്കാരുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ അത് ചർച്ചകളിലൂടെയാണു പരിഹരിക്കേണ്ടത്. സർക്കാർ അതിന്റെ ദൈനംദിന കാര്യങ്ങളിൽ നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടു പോകുമ്പോൾ അതിനെല്ലാം തന്റെ അനുവാദം വേണമെന്ന ഗവർണറുടെ വാദം ബാലിശമാണ്....

പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയിൽ 131–ാം വകുപ്പ് അനുസരിച്ചു കേരളം ഹർജി ഫയൽ ചെയ്തതിനെതിരെ ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ രംഗത്തെത്തിയിരിക്കുന്നു. അതു പ്രോട്ടോക്കോൾ ലംഘനമാണെന്നും ഹർജി സമർപ്പിക്കുന്നതിനു മുൻപു തന്റെ അനുമതി വാങ്ങിയില്ലെന്നുമാണ് ഗവർണർ പറയുന്നത്. ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ ഇങ്ങനെ പറയുന്നതെന്നു വ്യക്തമല്ല. 131–ാം വകുപ്പു പ്രകാരം ഹർജി ഫയൽ ചെയ്യുന്നതിനു മുൻപു ഗവർണറുടെ അനുമതി വാങ്ങണമെന്ന് ഭരണഘടനയിൽ ഒരിടത്തും പറയുന്നില്ല.

തീർച്ചയായും ഗവർണർ റബർ സ്റ്റാംപല്ല. സൂപ്പർ ഭരണാധികാരിയുമല്ല. കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ച നടപടിക്കെതിരെയുള്ള ഗവർണറുടെ പ്രതികരണങ്ങൾ നിരാശാജനകമാണ്. സുപ്രീം കോടതി തന്നെ 2016ൽ അരുണാചൽപ്രദേശിൽ നിന്നുള്ള നബ റബിയ കേസിൽ ഗവർണറുടെ അധികാരപരിധിയെക്കുറിച്ചു വളരെ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. അതിർത്തിരേഖ ലംഘിക്കരുതെന്ന നിർദേശമാണ് ഗവർണർമാർക്ക് അന്നു കോടതി നൽകിയത്. ഗവർണർ അന്നു സ്വീകരിച്ച നിയമവിരുദ്ധ നടപടികളെല്ലാം കോടതി അസാധുവാക്കുകയും ചെയ്തു.

നമ്മുടെ ഭരണഘടനാ പിതാവായ ഡോ. ബി. ആർ.അംബേദ്കർ ഗവർണറുടെ ചുമതലകളെക്കുറിച്ച് ‌പറഞ്ഞിരിക്കുന്നതിങ്ങനെ– ‘‘ഭരണഘടനയ്ക്കു കീഴിലുള്ള ഒരു ഗവർണർക്ക് സ്വന്തം നിലയിൽ ഒരു കാര്യവും നിർവഹിക്കാൻ കഴിയില്ല. പക്ഷേ, കുറച്ചു ചുമതലകൾ അദ്ദേഹത്തിനു നിർവഹിക്കാനുണ്ട്. ഒരു മന്ത്രാലയത്തിന്റെ തീരുമാനവും മറികടക്കാനുള്ള ഉത്തരവ് പാസാക്കാനുള്ള അധികാരം ഗവർണർക്കു നൽകിയിട്ടില്ല. മന്ത്രിസഭയുടെ ശുപാർശകൾ സ്വീകരിക്കുക മാത്രമാണ് ഗവർണർ ചെയ്യേണ്ടത്.’’

ഏതു കാര്യത്തിനും സർക്കാരുമായി ഏറ്റുമുട്ടുന്ന സമീപനമാണ് ഈ ഗവർണറുടേത്. ബംഗാളിലും കേരളത്തിലുമാണ് ഗവർണർമാർ ഈ സമീപനം സ്വീകരിക്കുന്നത്. ഈ രണ്ടു സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിൽ ഇല്ലെന്നതാണു ശ്രദ്ധേയം. കേരള സർക്കാരിനെ ജനങ്ങൾ തിരഞ്ഞെടുത്തതാണ്. സംസ്ഥാന സർക്കാരുകളുടെ ഉപദേശം സ്വീകരിക്കുക എന്ന കർത്തവ്യമാണു ഗവർണർ നിർവഹിക്കേണ്ടത്. സർക്കാർ നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടു പോകുമ്പോൾ അതിനെല്ലാം തന്റെ അനുവാദം വേണമെന്ന ഗവർണറുടെ വാദം ബാലിശമാണ്.

ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രീയക്കാരനിൽനിന്ന് ഗവർണർ എന്ന പദവിയിലേക്ക് ഇനിയും മാറിയിട്ടില്ലെന്നാണ് ഈ നടപടികളിലൂടെ വ്യക്തമാകുന്നത്. തദ്ദേശസ്ഥാപന വാർഡ് ഓർഡിനൻസിൽ ഒപ്പിടാൻ വിസമ്മതിച്ച അദ്ദേഹത്തിന്റെ നടപടി നിയമപരമായി ശരിയായിരിക്കാം. പക്ഷേ, എല്ലാറ്റിലും സർക്കാരുമായി കൊമ്പുകോർക്കുന്ന നടപടിയുമായി അദ്ദേഹം മുന്നോട്ടുപോകുമ്പോൾ രാഷ്ട്രീയച്ചുവ കാണുന്നവരെ തെറ്റു പറയാനാവില്ല.

ഭരണഘടനാ സ്ഥാപനങ്ങളെല്ലാം രാഷ്ട്രീയവൽക്കരിക്കുന്നതിന്റെ ഭാഗമായിട്ടായിരിക്കാം, ഗവർണർ എന്ന ഭരണഘടനാ സ്ഥാപനവും ഇപ്പോൾ മാറ്റാൻ നോക്കുന്നത്. ഭരണഘടനാ സംവിധാനം തകർന്നു എന്ന പ്രതീതിയുളവാക്കി കേന്ദ്രത്തിലേക്കു ശുപാർശ അയയ്ക്കണമെന്ന ഉദ്ദേശ്യവുമായാണ് ആരിഫ് ഖാനെ കേരളത്തിലേക്കു വിട്ടിരിക്കുന്നതെങ്കിൽ അതു ദൗർഭാഗ്യകരമാണ്. ഈ നടപടികളിൽനിന്നു ഗവർണർ പിന്മാറുമെന്ന് നമുക്കു പ്രതീക്ഷിക്കാം. ഗവർണർക്ക് സർക്കാരുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ ചർച്ചകളിലൂടെയാവണം പരിഹരിക്കേണ്ടത്. ചാനലുകളിൽ സംസാരിക്കുന്നതിനു പകരം, ഭരണഘടനയിൽ പറയുന്ന ചുമതലകൾ എന്തെന്ന് അറിയുകയാണ് ആരിഫ് മുഹമ്മദ് ഖാൻ ചെയ്യേണ്ടത്.

- സുപ്രീം കോടതി അഭിഭാഷകനാണ് ലേഖകൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com