ഒളിവുകാലത്തെ പുനഃസംഘടന!

congress
SHARE

കോൺഗ്രസ് പുനഃസംഘടനാ ചർച്ചകൾക്കായി ഡൽഹിയിലെത്തിയെങ്കിലും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കൂടുതൽ സമയവും ‘ഒളിവിലാണ്’! ഭാരവാഹിപ്പട്ടികയിൽ ഇടം നേടാൻ രംഗത്തുള്ളവർക്കു പിടികൊടുക്കാതിരിക്കാൻ രഹസ്യകേന്ദ്രത്തിലിരുന്നാണു മുല്ലപ്പള്ളി ‘ഓപ്പറേഷൻ പുനഃസംഘടന’ നടത്തുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ഡൽഹിയിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും കേരളാ ഹൗസിൽ താമസിച്ചപ്പോൾ, മുല്ലപ്പള്ളി ആർക്കും പിടികൊടുക്കാതെ മറ്റൊരിടത്തേക്കു മാറി. ഫോണും സ്വിച്ച് ഓഫ് ചെയ്തതോടെ, അദ്ദേഹത്തെ വിളിച്ചു സ്വാധീനിക്കാനുള്ള നേതാക്കളുടെ ശ്രമവും പാളി.

കഴിഞ്ഞ ദിവസങ്ങളിൽ രമേശിനും ഉമ്മൻ ചാണ്ടിക്കുമൊപ്പം ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ട അദ്ദേഹം അവരുമായുള്ള ചർച്ചകൾക്കു ശേഷം സ്ഥലം വിട്ടു. എവിടെപ്പോയി ഒളിക്കുന്നുവെന്നു മാധ്യമപ്രവർത്തകർക്കു പോലും തുമ്പു ലഭിച്ചില്ല. തങ്ങളുടെ പേരു പട്ടികയിൽ തിരുകിക്കയറ്റാനുള്ള നേതാക്കളുടെ സമ്മർദം ഒഴിവാക്കാൻ മറ്റു വഴിയില്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. പട്ടികയ്ക്ക് അംഗീകാരം ലഭിക്കാതെ ഡൽഹി വിടില്ലെന്ന ദൃഢപ്രതിജ്ഞയിലുള്ള മുല്ലപ്പള്ളി അതുവരെ ‘ഒളിച്ചുകളി’ തുടരും.

‘ഓർമസൂചി’യിൽ തുരുമ്പ്; മന്നത്തിനു പ്രായം 42

എൻഎസ്എസ് സ്ഥാപകനേതാവ് മന്നത്തു പത്മനാഭൻ സാഹിത്യ അക്കാദമിക്ക് ഇപ്പോഴും യുവാവ്. അദ്ദേഹം പ്രചരിപ്പിച്ച ചിന്തകൾ ഇപ്പോഴും യൗവനതീക്ഷ്ണമായ ഊർജത്തോടെ നാട്ടിൽ നിലനിൽക്കുന്നതുകൊണ്ട് അക്കാദമിയിലെ ചിന്തകർ അങ്ങനെ കരുതിയാലും തെറ്റു പറയാനാവില്ല.

കേരള സാഹിത്യ അക്കാദമി പുറത്തിറക്കുന്ന ‘സാഹിത്യ ചക്രവാളം’ പ്രസിദ്ധീകരണത്തിലാണ്, മന്നത്തു പത്മനാഭന്റെ ജനനം 1978ൽ ആണെന്ന് എഴുതിയിരിക്കുന്നത്. അവസാന പേജിൽ, ഓരോ മാസത്തെയും പ്രധാന സംഭവങ്ങൾ ഓർമിപ്പിക്കുന്ന ‘ഓർമസൂചി ’ എന്ന കോളത്തിലാണിത്. ഇതുപ്രകാരം കൂട്ടിനോക്കിയാൽ ഇക്കഴിഞ്ഞ ജനുവരി 2നു മന്നത്തു പത്മനാഭന് 42 വയസ്സു തികഞ്ഞു! മന്നത്തു പത്മനാഭൻ ജനിച്ചത് 1878 ജനുവരി രണ്ടിനാണ്. എട്ടു മാറി ഒൻപതായപ്പോൾ കിട്ടിയത് എട്ടിന്റെ പണി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA