ADVERTISEMENT

ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്: വലിയ ആൾ, സെലിബ്രിറ്റി - ഇവരിൽ മഹത്വം ഉണ്ടായിക്കൊള്ളണമെന്നു യാതൊരു നിർബന്ധവുമില്ല. ഉണ്ടായിക്കൂടെന്നുമില്ല. വലിയ എന്ന വിശേഷണപദത്തിനു പകരം മഹാനായ എന്നു നമുക്ക് ഉപയോഗിക്കാതിരിക്കാം. വലുപ്പവും മഹത്വവും രണ്ടാണ്. തെറ്റായി ഉപയോഗിക്കുന്ന വാക്ക് തെറ്റായ സമൂഹത്തെ സൃഷ്ടിക്കും.

സിദ്ദിഖ്: മമ്മൂട്ടിയും മോഹൻലാലും എല്ലാത്തരം ചിത്രങ്ങളിലൂടെയും പ്രയാണം നടത്തി, കാലത്തിനൊപ്പം അപ്ടുഡേറ്റ് ആയി സൂപ്പർ സ്റ്റാറുകളായി ചിരപ്രതിഷ്ഠ നേടി. പുതിയ കാലത്തും സൂപ്പർ താരങ്ങളായി തിളങ്ങാൻ കഴിവുള്ള പല നടന്മാരും രംഗത്തെത്തുന്നുണ്ടെങ്കിലും
അവരിൽ കൂടുതലും അവരുടെ ഫ്രണ്ട്സ് സർക്കിളിലുള്ള സിനിമകളിൽ മാത്രം ശ്രദ്ധിക്കുന്നതു നിർഭാഗ്യകരമാണ്.

∙ സച്ചിദാനന്ദൻ: യുഎപിഎ സ്വയംതന്നെ ഒരു കരിനിയമമായിരുന്നു. അതിനിപ്പോൾ കേന്ദ്ര ഗവൺമെന്റ് കൊണ്ടുവന്ന, വ്യക്തികളെയും ഭീകരവാദികളായി കാണാം എന്ന ഭേദഗതി അതിനെ ഒന്നുകൂടി കറുത്തതാക്കിയിരിക്കുന്നു. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഒരു പക്ഷവും, വിശേഷിച്ചും ഇടതുപക്ഷം ഉപയോഗിക്കാൻ പാടില്ലാത്ത ഒന്നാണത്. എന്നാൽ, അതുപയോഗിച്ചുകൊണ്ടാണ് രണ്ടു കുട്ടികൾ തടവിലാക്കപ്പെട്ടത് എന്നത് അങ്ങേയറ്റം ആക്ഷേപാർഹമാണ്.

സേതു: എഴുത്തുകാരനും കലാകാരനും തൃപ്തി എന്നൊന്നില്ല. എഴുതുമ്പോഴോ എഴുതിക്കഴിയുമ്പോഴോ തോന്നുന്ന ഒരു താൽക്കാലിക സംതൃപ്തിയുണ്ട്. നാളെ, അതൊന്നും പോരായിരുന്നു എന്നു തോന്നും. പാണ്ഡവപുരം മാറ്റിയെഴുതണമെന്ന് എനിക്കു പലവ‌ട്ടം തോന്നിയിട്ടുണ്ട്. പക്ഷേ, അതൊരിക്കലും ചെയ്യാൻ പാ‌ടില്ല. അതൊരു കാലഘട്ടത്തിൽ, ഒരു അവസ്ഥയിൽ നമ്മൾ എഴുതുന്നതാണ്. പിന്നീട് അതു മാറ്റിയെഴുതുന്നതിൽ അർഥമൊന്നുമില്ല.

ഡോ. ബി.ഇക്ബാൽ: ബ്രിട്ടിഷ് സാമ്രാജ്യത്തിൽ നിന്നു രാജ്യത്തെ മോചിപ്പിച്ച സ്വാതന്ത്ര്യസമരത്തിനു മഹാത്മാഗാന്ധിയും അടിയന്തരാവസ്ഥയുടെ ഇരുളിൽനിന്നു രാജ്യത്തെ രക്ഷിച്ച ജനകീയ പ്രസ്ഥാനത്തിന് ജയപ്രകാശ് നാരായണനുമാണു നേതൃത്വം കൊടുത്തതെങ്കിൽ, മോദി സർക്കാരിന്റെ ഭരണത്തിൽനിന്നു രാജ്യത്തെ വിമോചിപ്പിക്കുന്നത് സർവകലാശാലാ ക്യാംപസുകളിൽനിന്ന് ഉയർന്നുവന്നിട്ടുള്ള യുവശക്തിയായിരിക്കും.

ജോയ് മാത്യു: ഒരാൾക്കു പോലും പോറലേൽക്കാതെ അതിവിദഗ്‌ധമായി കെട്ടിടം തകർക്കുന്ന സാങ്കേതികവിദ്യ പ്രശംസിക്കപ്പെടേണ്ടതു തന്നെ. എന്നാൽ, അത് ആഘോഷമായി മാറണമെങ്കിൽ ഫ്ലാറ്റ് നിർമിതിക്കു കൂട്ടുനിന്ന, കോഴ വാങ്ങിയ ഉദ്യോഗസ്ഥരെയും അവരെ സംരക്ഷിക്കുന്ന രാഷ്ട്രീയ ദല്ലാൾമാരെയും തകർക്കുന്ന കെട്ടിടത്തോടൊപ്പം കെട്ടിത്തൂക്കിയിരുന്നെങ്കിൽ എന്ന് കുടിയിറക്കപ്പെട്ടവരെങ്കിലും ആഗ്രഹിച്ചുപോയാൽ അതിൽ തെറ്റുപറയാൻ പറ്റുമോ?

‌∙ഡോ. കെ.ശ്രീകുമാർ: അരങ്ങിൽ തിളങ്ങിനിന്ന (അടൂർ) പങ്കജത്തെ വെള്ളിത്തിരയിലേക്കു കൈപിടിച്ചാനയിച്ച ശേഷം തന്റെ ഏതു സിനിമയുടെയും ആദ്യ ഷോട്ട് പങ്കജത്തിൽനിന്നു തുടങ്ങണമെന്നു കുഞ്ചാക്കോ നിർബന്ധം പിടിച്ചു. അങ്ങേയറ്റം ശുഭകരമാണത്രെ അത്. പങ്കജത്തിന്റെ മുഖസൗന്ദര്യത്തിൽ ആരംഭിക്കുന്ന സിനിമകളെല്ലാം നൂറും നൂറ്റൻപതും ദിവസങ്ങൾ പിന്നിട്ട് ജൂബിലിയുടെ ഇരട്ടപ്പെരുക്കങ്ങൾ ആഘോഷിക്കും.

ആർ.ബി.ശ്രീകുമാർ: നാളെ വീട്ടിൽ കഞ്ചാവ് ഒളിപ്പിച്ചുവച്ച് ഫാബ്രിക്കേറ്റഡ് കേസ് എടുത്താൽ ഒന്നും ചെയ്യാനാകില്ല. ഇപ്പോൾ സർവീസിൽ ഇല്ലെങ്കിലും വാൾ ഉറയിലിട്ടിട്ടില്ല. ഒരു പൗരനെന്ന നിലയിൽ പോരാട്ടം തുടരുക തന്നെ ചെയ്യും.

ശ്രീവത്സൻ ജെ.മേനോൻ: സിനിമാ സംഗീതശാഖ ഏതാണ്ടു പൂർണമായും തന്നിലൂടെ സഞ്ചരിക്കുന്ന സമയത്തും പുതിയ കൃതികൾ പഠിക്കാനും വിവിധ രാഗങ്ങളിൽ രാഗം, താനം, പല്ലവികൾ അവതരിപ്പിക്കാനും യേശുദാസ് സമയം നീക്കിവച്ചു. ലോകമെമ്പാടും സംഗീതക്കച്ചേരികൾ അവതരിപ്പിച്ച് ജാതിമതഭേദമന്യേ ജനഹൃദയങ്ങളിലേക്ക് ശാസ്ത്രീയ സംഗീതം കൊണ്ടെത്തിച്ചു. സിനിമയുടെ സ്വീകാര്യതയെ യേശുദാസ് കർണാടക സംഗീതത്തിലേക്ക് ഇൻവെസ്റ്റ് ചെയ്തു.

വിജയ് യേശുദാസ്: തിരക്കുകൾക്കിടയിലും ഞങ്ങൾക്കൊപ്പം പങ്കിടാൻ അപ്പ സമയം കണ്ടെത്തുമായിരുന്നു. ഒരിക്കലെങ്കിലും എന്നെ ശിക്ഷിച്ചതായി ഓർക്കുന്നില്ല. ഉപദേശിച്ചു തിരുത്തുകയാണ് അപ്പയുടെ ശൈലി. ഗാനാവതരണത്തിലുള്ള ഉച്ചാരണശുദ്ധി അപ്പയിൽ നിന്നാണ് സ്വായത്തമാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com