മുൻപനാര്, വമ്പനാര് ?

notes
SHARE

അണ്ടിയാണോ മാങ്ങയാണോ മൂത്തത്, കോഴിയാണോ മുട്ടയാണോ മൂത്തത് തുടങ്ങി അനാദികാലം മുതൽ ഉത്തരം കിട്ടാതെ അന്തരീക്ഷത്തിൽ അനാഥപ്രേതങ്ങളായി അലയുന്ന ചില ചോദ്യങ്ങളുണ്ട്. അക്കൂട്ടത്തിലൊന്നാണ്  ഗവർണറാണോ മുഖ്യമന്ത്രിയാണോ മുൻപനും വമ്പനുമെന്ന തർക്കം. ഈ ചോദ്യത്തിന് അനാദികാലം പഴക്കമില്ലെന്നേയുള്ളൂ. ഇന്ത്യൻ റിപ്പബ്ലിക് നിലവിൽ വന്ന ശേഷം ഉടലെടുത്ത തർക്കമാണിത്. ഏതായാലും ഉടൻ തന്നെ ഇക്കാര്യത്തിലൊരു തീരുമാനമുണ്ടാകുന്ന ലക്ഷണമാണ്. 

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി സഖാവും ചില്ലറക്കാരല്ല. ഖാൻ സാഹിബ് ബ്രണ്ണൻ കോളജിൽ പഠിച്ചിട്ടില്ലെന്നേയുള്ളൂ. അലിഗഡ്, ലക്നൗ സർവകലാശാലകളിൽ പഠിക്കുമ്പോൾ ആളു പുലിയായിരുന്നു എന്നാണു പറഞ്ഞുകേൾക്കുന്നത്. ബ്രണ്ണൻ കോളജിൽ പഠിക്കാത്തതു കൊണ്ടു മാത്രമാണ് അദ്ദേഹത്തിന് ഊരിപ്പിടിച്ച കഠാരകൾക്കിടയിലൂടെ അടിവച്ചടിവച്ചു മുന്നേറാൻ കഴിയാതിരുന്നത്. പിണറായി സഖാവാണെങ്കിൽ കോളജിനു മുന്നിലെ ബസ് സ്റ്റോപ്പിൽ വന്നിറങ്ങിയാൽ ക്ലാസ് മുറി വരെയും തിരിച്ചു ക്ലാസ് മുറിയിൽനിന്നു ബസ് സ്റ്റോപ് വരെയും ഊരിപ്പിടിച്ച കഠാരകൾക്കിടയിലൂടെയാണു പോയിരുന്നത്.

കഠാരകൾ കൊണ്ടു സഖാവിനു ഗാർ‍ഡ് ഓഫ് ഓണർ നൽകിയിരുന്നത് കെഎസ്‌യുക്കാരാണെന്നും എബിവിപിക്കാരാണെന്നും രണ്ടു പക്ഷമുണ്ട്. എന്നാൽ, എസ്എഫ്ഐയുടെ മുജ്ജന്മമായിരുന്ന കെഎസ്എഫുകാർ തന്നെ സഖാവിന്റെ പ്രതിഛായ കൂട്ടാൻ വേണ്ടി അങ്ങനെ ചെയ്തതാണെന്നു വിശ്വസിക്കുന്നവരും കുറവല്ല. 

ഖാൻ സാഹിബുമായി തട്ടിച്ചു നോക്കുമ്പോൾ പിണറായി സഖാവ് ചില കാര്യങ്ങളിൽ വളരെ പിന്നിലാണ്. ഖാൻ സാഹിബ് ചേരാത്ത പാർട്ടികൾ ഉത്തർപ്രദേശിൽ കുറവാണ്. ഭാരതീയ ക്രാന്തിദളിലായിരുന്നു ഇന്റേൺഷിപ്. അതു വിജയകരമായി പൂർത്തിയാക്കിയ ശേഷം അപ്രന്റിസ് ആയി ചേർന്നു. ജനതാദളിലും ജന മോർച്ചയിലും ട്രെയിനിയായി ജോലി നോക്കിയിട്ടുണ്ട്. പിന്നീടു ബിഎസ്പിയിൽ ആയിരുന്നു ഉന്നത പരിശീലനം. ബിജെപിയിൽ സ്ഥിരനിയമനം കിട്ടിയ ശേഷം ഒരിക്കൽ അദ്ദേഹം ജോലിവിട്ടതാണ്.

തിരിച്ചുവന്ന ശേഷമാണു ഗവർണർ തസ്തികയിൽ 5 വർഷത്തെ കരാർ നിയമനം ലഭിച്ചത്. അദ്ദേഹം സേവനം നടത്തിയ പാർട്ടികളുടെ എണ്ണം ഇത്രയും ചുരുങ്ങിയത് അദ്ദേഹത്തിന്റെ ആഗ്രഹക്കുറവു കൊണ്ടല്ല. യുപിയിലെ പാർട്ടികളുടെ എണ്ണക്കുറവു കൊണ്ടാണ്. ഇക്കാര്യത്തിൽ പിണറായി സഖാവിന്റെ ബയോഡേറ്റ തികച്ചും ശുഷ്കമാണ്. അദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടിയിൽ മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂ. അങ്ങനെ വരുമ്പോൾ പ്രവൃത്തിപരിചയത്തിൽ കേമൻ ഖാൻ സാഹിബ് തന്നെയാണെന്നു സമ്മതിക്കേണ്ടി വരും. 

ഗവർണർ റസിഡന്റ് അല്ലെന്നാണു സഖാവു പറയുന്നത്. റബർ സ്റ്റാംപ് അല്ല താനെന്നു ഗവർണറും പറയുന്നു. ആദ്യം ഇക്കാര്യത്തിൽ വേണം തീരുമാനമെടുക്കാൻ. അതു കഴിഞ്ഞിട്ടു മതി സഖാവ് – ഖാൻ സാഹിബ് മൂപ്പിളമത്തർക്കം പരിഗണിക്കാൻ. 

അതിരു തെറ്റിക്കാതെ പിരിക്കാം! 

മോട്ടർവാഹന വകുപ്പിന്റെ ചെക്പോസ്റ്റുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചതിന്റെ കാരണം എന്താണെന്നതിൽ വിജിലൻസും മോട്ടർവാഹന വകുപ്പും തമ്മിൽ തർക്കമുണ്ടെങ്കിലും ഒരു കാര്യത്തിൽ രണ്ടുകൂട്ടരും തമ്മിൽ പരിപൂർണ യോജിപ്പാണ് – ചെക്പോസ്റ്റുകളിലും പരിസരങ്ങളിലും പണപ്പിരിവു യഥേഷ്ടം നടക്കുന്നു.

സർക്കാർ ഉദ്യോഗസ്ഥർക്കു പണം പിരിക്കാനുള്ള അവകാശം ജന്മസിദ്ധമാണ്. ഭരണഘടനയിലും റൂൾസ് ഓഫ് ബിസിനസിലുമെല്ലാം ഇതു പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇതിനെ ഭരണഘടനാ വിദഗ്ധരും നിയമജ്ഞരും പലതരത്തിലാണു വ്യാഖ്യാനിക്കുന്നത്. ഉദ്യോഗസ്ഥർക്കു പിരിവു നടത്താനുള്ള ഭൂപ്രദേശത്തിന്റെ നിർവചനത്തിൽ സ്വന്തം ഓഫിസ് മാത്രമാണെന്നു ചിലർ പറയുന്നു. മറ്റ് ഓഫിസുകളുടെ പരിധിയിൽ ചെന്ന് ഇരക്കുന്നതും പിരിക്കുന്നതും ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

വിജിലൻസിനെപ്പോലെ ബിഎസ്ഐ മുദ്രയുള്ള വകുപ്പുകാർക്ക് അതിർത്തി നോക്കാതെ എവിടെയും പിരിക്കാമെന്നു പറയുന്നവരും കുറവല്ല. ചെക്പോസ്റ്റുകളുടെ പരിസരങ്ങളിൽ ചുറ്റിക്കറങ്ങുന്ന വിജിലൻസുകാർ മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ചമഞ്ഞു പിരിവു നടത്തുന്നുണ്ടെന്നാണ് ആക്ഷേപം. 

സത്യത്തിൽ വിജിലൻസുകാർ ഇതു ചെയ്യുന്നതിൽ തെറ്റൊന്നുമില്ല. അഴിമതി കണ്ടെത്താൻ വേണ്ടി ചിലപ്പോൾ അൽ‍പസ്വൽപം അഴിമതി നടത്തേണ്ടി വരും. മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ മട്ടുംമാതിരിയും കാട്ടി കൈക്കൂലി ചോദിച്ചാൽ ജനം കൊടുക്കുമോ എന്നറിയാനാണു ചില വിജിലൻസുകാർ ശ്രമിച്ചത്. അവർക്കു കൈനിറയെ കൈക്കൂലി കിട്ടിയതോടെ മോട്ടർവാഹന വകുപ്പിൽ അഴിമതി കൊടികുത്തിയും കുത്താതെയും വാഴുകയാണെന്നു വിജിലൻസ് വകുപ്പിനു തീർച്ചയായി. അങ്ങനെയാണു ചെക്പോസ്റ്റ് പരിശോധന തിരുതകൃതിയാക്കിയത്.

തങ്ങളുടെ പേരും പറഞ്ഞ് മറ്റാരും പിരിവു നടത്തേണ്ടെന്നേ മോട്ടർവാഹന വകുപ്പുകാർക്കുള്ളൂ. അങ്ങനെ ചെയ്യുന്നവരെ കണ്ടെത്താനാണു ചെക്പോസ്റ്റുകളിൽ ക്യാമറ സ്ഥാപിച്ചതെന്ന് അവർ പറയുന്നതു വിശ്വസിക്കാതെ വയ്യ. ഓരോ വകുപ്പുകാരും അവരുടെ അതിർത്തിക്കുള്ളിൽ ഒതുങ്ങി‌നിന്നു പിരിവു നടത്തിയാൽ തർക്കം തീർക്കാവുന്നതേയുള്ളൂ. ദൈവത്തിനുള്ളതു ദൈവത്തിന്, സീസറിനുള്ളതു സീസറിന് എന്ന തത്വം പാലിക്കുന്നതാണ് എല്ലാ വകുപ്പിനും നല്ലത്. 

 ആ മതിൽ പൊളിക്കുമ്പോൾ...

മരടിലെ ഫ്ലാറ്റുകൾക്കു ശേഷം അതിലും വലിയൊരു നിർമിതി പൊളിച്ചടുക്കാനുള്ള നീക്കത്തിലാണ് സർക്കാരും ദേവസ്വം ബോർഡുമെന്നു കേൾക്കുന്നു. ചൈനയിലെ വൻമതിലിനോളം വരില്ലെങ്കിലും കേരളത്തിന്റെ തെക്കുവടക്കായി പെരുമ്പാമ്പു പോലെ നീണ്ടുനിവർന്നു കിടക്കുന്ന വനിതാമതിലും മോശമല്ലാത്ത മതിൽ തന്നെ. അതു പൊളിച്ചടുക്കാനാണു സർക്കാരും ദേവസ്വവും അടുത്തതായി ലക്ഷ്യമിടുന്നത്. കടലിനും കായലിനും പുഴയ്ക്കുമെല്ലാം സമീപത്തു കൂടിയാണു പലയിടത്തും മതിൽ നിർമിച്ചത്. അതുകൊണ്ടുതന്നെ മതിൽ പണിതത് തീരദേശ പരിപാലന നിയമത്തിന്റെ നഗ്നമോ അല്ലാതെയോ ഉള്ള ലംഘനമാണ്. സുപ്രീം കോടതി ചെവിക്കു പിടിക്കുന്നതിനു മുൻപു മതിൽ പൊളിക്കുന്നതാണു നല്ലതെന്നാണ് സർക്കാരിനും ബോർഡിനും ലഭിച്ചിരിക്കുന്ന നിയമോപദേശം. 

ആചാരസംരക്ഷണമാണ് ഇപ്പോൾ സർക്കാരിനു പ്രിയപ്പെട്ട വിഷയം. മതനിരപേക്ഷത, ലിംഗനീതി തുടങ്ങിയവയൊക്കെ തട്ടിൻപുറത്തെ പുരാവസ്തുക്കളുടെ കൂട്ടത്തിൽ ഉപേക്ഷിക്കാനാണത്രെ തീരുമാനം. മതിൽ പൊളിക്കുന്നതിന് ആഗോള ടെൻഡർ ക്ഷണിച്ചുകഴിഞ്ഞു. ദക്ഷിണാഫ്രിക്കയിൽനിന്നും ചെന്നൈയിൽ നിന്നുമെല്ലാമുള്ള കമ്പനികൾ ടെൻഡറിൽ പങ്കെടുക്കാൻ മുന്നോട്ടുവന്നിട്ടുണ്ട്. 

എക്സ്പ്ലോഷൻ വേണോ, ഇംപ്ലോഷൻ വേണോ എന്നെല്ലാം സ്ഫോടകവസ്തു വിദഗ്ധരുമായി ചർച്ച ചെയ്തു തീരുമാനിക്കും. മതിൽ പൊളിക്കുന്നതിനുള്ള ചെലവ് സർക്കാർ മറ്റാരിൽ‌നിന്നും ഈടാക്കില്ല. സ്വയംകൃതാനർഥമായിപ്പോയില്ലേ? മതിൽ പൊളിക്കുമ്പോൾ കേരളം മുഴുവൻ പൊടിക്കാറ്റു വീശാൻ സാധ്യതയുണ്ട്. പൊളിച്ചു കഴിഞ്ഞാൽ ബാക്കിയാവുന്ന നവോത്ഥാനം, മതനിരപേക്ഷത, ലിംഗനീതി എന്നിവ എന്തു ചെയ്യണമെന്ന ആലോചനയും കലശലാണ്. ഈവിധ സാമഗ്രികൾ ആയിരക്കണക്കിനു വർഷങ്ങൾ കഴിഞ്ഞാലും മണ്ണിൽ ലയിച്ചു ചേരില്ല. നവോത്ഥാനവും ലിംഗനീതിയും കുറവായ വല്ല സംസ്ഥാനത്തേക്കും ഈ വകകൾ കയറ്റി അയ‌ച്ചാലോ എന്നാണ് ഏറ്റവും ഒടുവിലത്തെ ചിന്ത. മതിൽ നിർമാണത്തിന്റെ ചെലവിൽ ഒരു പങ്കെങ്കിലും അങ്ങനെ മുതലാക്കാൻ പറ്റും. 

സ്റ്റോപ് പ്രസ്: പാക്ക് മന്ത്രി ചാനൽ അവതാരകന്റെ  കരണത്തടിച്ചു.

ഇവിടത്തെ അവതാരകർക്കും ഇതൊരു പാഠമാകണം! 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA