തർക്കമല്ല, ചർച്ചയാണ് പരിഹാരം: ഡോ. എം.രാമചന്ദ്രൻ

arif-muhammad-khan-pinarayi
SHARE

തദ്ദേശഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനം സംബന്ധിച്ച ഓർഡിനൻസ് ഒപ്പിടാതെ ഗവർണർ വിശദീകരണം തേടിയതും വിവാദമായി. ഇനി എന്തു സംഭവിക്കുമെന്ന ആകാംക്ഷ ഏവർക്കുമുണ്ട്. സംസ്ഥാന സർക്കാരിന് ഇത്തരത്തിലുള്ള ഓർഡിനൻസ് ഇറക്കാൻ അവകാശമുണ്ട് എന്നതിൽ തർക്കമില്ല. 

ഒരുമാസം മുൻപു നിയമസഭ ചേരുകയും ഉടനെ വീണ്ടും ചേരാനിരിക്കുകയും ചെയ്യുമ്പോൾ തിടുക്കത്തിലുള്ള ഓർഡിനൻസ് സംശയമുണർത്താം. എങ്കിലും സാധാരണനിലയിൽ മന്ത്രിസഭയുടെ ശുപാർശയ്ക്കു ഗവർണർ എത്രയും വേഗം അനുമതി നൽകുകയാണു ചെയ്യുക. ഇപ്പോഴത്തെ കാലതാമസത്തെക്കുറിച്ച് അഭ്യൂഹങ്ങൾ ഉയർത്തുന്നതും യുക്തമല്ല. ഇത്തരത്തിൽ സംസ്ഥാന സർക്കാരിനെ വിഷമിപ്പിച്ചിട്ടുള്ള മുൻകാല സംഭവങ്ങളുമുണ്ട്. വളരെ ശ്രദ്ധാപൂർവം സമീപിക്കേണ്ട വിഷയമാണിത്.

ഒട്ടേറെ കാര്യങ്ങൾ പരിഗണിച്ചാണു സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തതെന്നു വ്യക്തമാണ്. അതുപോലെ, ഗവർണർ പ്രസക്തമായ ഒട്ടേറെ വസ്തുതകൾ കണക്കിലെടുത്താണു തീരുമാനം നീട്ടുന്നതും. അദ്ദേഹത്തിന്റെ സംശയങ്ങളെ തീരുമാനം വൈകിക്കലായി പരിഗണിക്കുകയും അരുത്.

സെൻസസ് നടപടികൾ ആരംഭിക്കേണ്ടതുകൊണ്ടു വാർഡ് പുനർനിർണയം 2019 ഡിസംബർ 31ന് അപ്പുറം പോകരുതെന്നു കേന്ദ്ര സർക്കാർ കഴിഞ്ഞ സെപ്റ്റംബറിലേ സംസ്ഥാനങ്ങളെ അറിയിച്ചിരുന്നതാണ്. തദ്ദേശഭരണ തിരഞ്ഞെടുപ്പിന് ഒരു വർഷം മുൻപേ വാർഡ് വിഭജന നടപടി പൂർത്തിയാക്കണമെന്നു ധന കമ്മിഷനും നിർദേശിച്ചിരുന്നു. ഈ റിപ്പോർട്ടും അതിന്റെ നടപടിക്കുറിപ്പും നിയമസഭയുടെ പരിഗണനയ്ക്കു വയ്ക്കുമ്പോഴെങ്കിലും സംസ്ഥാന സർക്കാർ ഇക്കാര്യങ്ങൾ പരിഗണിക്കേണ്ടിയിരുന്നു. 

ഇപ്പോൾ വാർഡ് വിഭജനവുമായി മുന്നോട്ടുപോയാൽ വീടുകളുടെ എണ്ണമെടുക്കുന്നതിലും താമസക്കാരുടെ വിലാസം കണ്ടെത്തുന്നതിലുമുള്ള സങ്കീർണത പരിഗണിച്ച് ഓർഡിനൻസ് അംഗീകരിക്കരുതെന്ന ആവശ്യവുമായി പ്രതിപക്ഷനേതാവും ഗവർണറെ സമീപിച്ചിട്ടുണ്ട്.

നമ്മുടേതു പോലുള്ള സജീവമായ ജനാധിപത്യ സംവിധാനത്തിൽ മറ്റെന്തിലുമുപരി സംസ്ഥാനത്തിന്റെ തലവനും സർക്കാരിന്റെ തലവനും തമ്മിലുള്ള നല്ല ബന്ധം പ്രധാനമാണ്. ഭരണസംവിധാനത്തിലെ ഈ രണ്ടു തലവന്മാർ സുഗമമായ പ്രവർത്തനത്തിന് ഇടയ്ക്കിടെ അനൗദ്യോഗിക കൂടിക്കാഴ്ചകൾ ഉണ്ടാകുന്നതു നല്ല കീഴ്‍വഴക്കമാണ്. അഭിപ്രായ വ്യത്യാസം പരിഹരിച്ചു സുഗമമായി മുന്നോട്ടുപോകാൻ ഇതു സഹായിക്കുമെന്നു മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നീ അനുഭവങ്ങളിൽനിന്ന് എനിക്കു വ്യക്തമായി പറയാനാവും.

ഇപ്പോഴത്തെ സാഹചര്യം മറ്റു ചില പ്രശ്നങ്ങളിലെ അഭിപ്രായ വ്യത്യാസത്തെക്കുറിച്ചുള്ള പൊതു പ്രസ്താവനകളുമായും ബന്ധപ്പെട്ടുള്ളതാണ്. സംസ്ഥാനത്തിന് പരിചയസമ്പന്നനായ മുഖ്യമന്ത്രിയും പൊതുരംഗത്തു നല്ല അനുഭവമുള്ള, ജനാധിപത്യ സംവിധാനത്തിന്റെ പ്രവർത്തനം സംബന്ധിച്ച് നല്ല അറിവുള്ള ഗവർണറുമാണുള്ളത്. അവർ ഒരുമിച്ചിരുന്നു ചർച്ച ചെയ്താൽ തീരാവുന്ന പ്രശ്നങ്ങളേയുള്ളൂ. അത്തരമൊരു നീക്കം വലിയ മാറ്റമുണ്ടാക്കുകയും ചെയ്യും.

(കേന്ദ്ര നഗരവികസന മന്ത്രാലയ മുൻ സെക്രട്ടറിയും ഉത്തരാഖണ്ഡ് മുൻ ചീഫ് സെക്രട്ടറിയുമാണ് ലേഖകൻ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA