ADVERTISEMENT

‘ലോകത്തിന്റെ പ്രശ്നങ്ങളെപ്പറ്റി കുട്ടികളും യുവാക്കളും ചിന്തിക്കുന്നു എന്നതുതന്നെ ഭാവി അവരുടെ കയ്യിൽ ഭദ്രമാണെന്നതിന്റെ വ്യക്തമായ തെളിവാണ്’ കൊച്ചിയിൽ നടന്ന മനോരമ–ഐബിഎസ് യുവ മാസ്റ്റർമൈൻഡ് –  ശാസ്ത്രസാങ്കേതിക മത്സരത്തിലെ പ്രോജക്ടുകൾ വിലയിരുത്തിയ ജൂറിയുടെ വാക്കുകളാണിത്. മാസ്റ്റർമൈൻഡ് വിജയികൾക്കു പുരസ്കാരം സമ്മാനിച്ച വിക്രം സാരാഭായ് സ്പേസ് സെന്റർ ഡയറക്ടർ എസ്.സോമനാഥും പങ്കുവച്ചതു സമാനചിന്തയാണ്. ‘ഭാവിയെക്കുറിച്ച് ആലോചിക്കുന്ന ചെറുപ്പക്കാരുടെ ശക്തമായ ആശയങ്ങൾ’ എന്നാണ് അദ്ദേഹം പ്രോജക്ടുകളെ വിലയിരുത്തിയത്. ഭൂരിപക്ഷം പ്രോജക്ടുകളും വിപണിയിലേക്കിറക്കാൻ പാകത്തിലുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആശയാദ്ഭുതങ്ങളുടെ 10 വർഷം പിന്നിട്ട മാസ്റ്റർമൈൻഡിന്റെ ലക്ഷ്യവും ഇതുതന്നെയായിരുന്നു. ആരുമറിയാതെ, എങ്ങുമെത്താതെ പോകുമായിരുന്ന ആശയങ്ങൾ സ്വരുക്കൂട്ടി അവ വികസിപ്പിക്കാനാവശ്യമായ ധനസഹായവും സാങ്കേതിക ഉപദേശവും നൽകി ലോകത്തിനു മുന്നിലെത്തിക്കുകയായിരുന്നു ഓരോ അധ്യായവും ചെയ്തത്. സ്കൂൾ–കോളജ്–പൊതു വിഭാഗങ്ങളിലായി കേരളത്തിലെ ഏറ്റവും വലിയ ശാസ്ത്ര–സാങ്കേതികമേളയായി മാസ്റ്റർമൈൻഡ് വളർന്നതും അങ്ങനെയാണ്. മനുഷ്യൻ മരിച്ചാലും അവന്റെ ആശയങ്ങൾ നിറഞ്ഞ മനസ്സിനെ ഒരു ഹാർഡ് ഡിസ്കിലാക്കി സൂക്ഷിക്കാനാകുന്ന കാലം വരുമെന്നാണ് മുഖ്യപ്രഭാഷണത്തിൽ സോമനാഥ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചത്. ഒരു പതിറ്റാണ്ടായി യുവ മനസ്സുകളിലെ ആശയങ്ങൾ സ്വരുക്കൂട്ടുകയാണ് മാസ്റ്റർമൈൻഡ്.

2500ലേറെ പ്രോജക്ടുകളാണ് ഇത്തവണ മത്സരിക്കാനെത്തിയത്. അതിനൂതന സാങ്കേതികവിദ്യകളായ ആർട്ടിഫിഷൽ ഇന്റലിജൻസ്, റോബട്ടിക്സ്, വെർച്വൽ റിയാലിറ്റി തുടങ്ങിയവ കരുത്തു പകർന്ന പ്രോജക്ടുകൾ. തിരഞ്ഞെടുക്കപ്പെട്ട അറുപതോളം എണ്ണം കൊച്ചിയിൽ പ്രദർശനത്തിനെത്തി. ഓരോ പ്രോജക്ടും സമൂഹം നേരിടുന്ന പ്രശ്നങ്ങൾക്കുള്ള ഉത്തരമായിരുന്നു. പുതുമയും പ്രായോഗികതയും നിറഞ്ഞ ആ പ്രോജക്ടുകളെ സാക്ഷിയാക്കിയാണ് എസ്.സോമനാഥ് ഭാവിയെപ്പറ്റിയുള്ള തന്റെ സ്വപ്നങ്ങൾ പങ്കുവച്ചത്. കംപ്യൂട്ടറും മനുഷ്യമനസ്സും ഒന്നാകുന്ന, ജോലി ചെയ്യാൻ റോബട്ടുകൾ മാത്രമാകുന്ന, മനുഷ്യന്റെ പ്രവൃത്തികൾ ഏറ്റെടുത്ത് ഡ്രോണുകൾ ലോകം വാഴുന്ന ഒരു കാലം. അതിവിദഗ്ധർക്കു മാത്രമേ അന്നു ലോകത്ത് നിലനിൽപുള്ളൂവെന്ന് അദ്ദേഹം പറയുമ്പോൾ ആ വൈദഗ്ധ്യ ലോകത്തേക്കുള്ള വഴികാട്ടിയാവുകയാണ് മാസ്റ്റർമൈൻഡ്.

കഞ്ഞിവെള്ളത്തിൽ നിന്നും മരച്ചീനിയിൽ നിന്നും പ്ലാസ്റ്റിക്കിനു ബദൽ, റബർ കർഷകർക്ക് ഇരുമ്പൻപുളിയിൽ നിന്നു പ്രകൃതിദത്ത ആസിഡ്, കുറച്ചു വിറകിലും പാചകവാതകത്തിലും എളുപ്പം പാചകം നടത്താനുള്ള അടുപ്പ്, ഹെൽമറ്റിനകത്തെ ശീതീകരണ സംവിധാനം, അണുനശീകരണത്തിനും രോഗികളെ പരിശോധിക്കാനുമുള്ള പുത്തൻ ഉപകരണങ്ങൾ... ഇങ്ങനെ കർഷകർക്കും വീട്ടമ്മമാർക്കും രോഗികൾക്കും കുട്ടികൾക്കും ഡോക്ടർമാർക്കുമുൾപ്പെടെ ഉപകാരപ്രദമാകുന്ന ഒട്ടേറെ കണ്ടെത്തലുകൾ മാസ്റ്റർമൈൻഡിന്റെ പത്താം പതിപ്പ് ലോകത്തിനു സമ്മാനിച്ചു.

മാസ്റ്റർമൈൻഡിൽ സമ്മാനം നേടിയ, സ്ട്രെച്ചറിലേക്ക് രോഗികളെ എളുപ്പം മാറ്റാനുള്ള സംവിധാനം പോലുള്ള കണ്ടുപിടിത്തങ്ങൾ ലോകത്തോടുള്ള കുട്ടികളുടെ കരുതൽ കൂടിയാണു വ്യക്തമാക്കുന്നത്.മലപ്പുറം പോരൂർ ജിഎച്ച്എസ്എസിൽ നിന്നുള്ള ഹ്യുമാനിറ്റീസ് വിദ്യാർഥികളാണ് ഈ പ്രോജക്ടിനു പിന്നിൽ. ശാസ്ത്രത്തിന് അതിരുകളില്ലെന്ന സത്യത്തിന്റെ ഏറ്റവും വലിയ തെളിവാണ് ഈ പ്രോജക്ട്.

പുതുതലമുറ സംരംഭകത്വത്തിന്റെ പാത തിരഞ്ഞെടുക്കുകയാണ്. സ്വന്തം മനസ്സുകൊണ്ട് ലോകത്തെ നിയന്ത്രിക്കാനാകുന്ന നിർമിത ബുദ്ധിയുടെ കാലം വരികയാണെന്നാണ് കുട്ടികളുമായുള്ള സംവാദത്തിൽ എസ്.സോമനാഥ് പറഞ്ഞത്. ആ കാലത്തേക്ക് നമ്മുടെ യുവ ശാസ്ത്രജ്ഞരെ മികച്ച സാങ്കേതിക സൗകര്യങ്ങളും ആശയങ്ങൾ ഊതിക്കാച്ചിയെടുക്കാനുള്ള പിന്തുണയും നൽകി കൈപിടിച്ചു നയിക്കേണ്ടത് നമ്മുടെ ചുമതലയാണ്. സർക്കാരിന്റെയും അക്കാദമിക സ്ഥാപനങ്ങളുടെയും ഉൾപ്പെടെ പിന്തുണ ഇക്കാര്യത്തിൽ ഉണ്ടാവുകയും വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com