അറിവും ആധികാരികതയും

subhadhinam
SHARE

പരിമിതമായ അനുഭവങ്ങളുടെയും ശീലങ്ങളുടെയും പരിധിക്കുള്ളിൽ നിന്നാണ് പലരും പലപ്പോഴും വസ്തുനിഷ്ഠമെന്നു പറഞ്ഞ് വ്യാഖ്യാനങ്ങളും വിശകലനങ്ങളും നടത്തുന്നത്. അതുമൂലം, ‘വികൃതമായിപ്പോയ’ വസ്തുക്കളും മുറിവേറ്റ വ്യക്തികളുമുണ്ടാകാം. 

ആഴവും ആകാശവും ഒരുമിക്കുന്നിടത്താണ് ആധികാരികത ഉടലെടുക്കുന്നത്. അരികിൽ നിന്നുകൊണ്ടു നടത്തുന്ന അവകാശവാദങ്ങൾക്ക് യാഥാർഥ്യവുമായി പുലബന്ധം പോലും ഉണ്ടാകണമെന്നില്ല. ഉരുവിടുന്ന വാക്കുകൾ സൂക്ഷ്മവും നിരീക്ഷണവിധേയവും സദുദ്ദേശ്യപരവും ആയിരുന്നെങ്കിൽ എത്രയോ പ്രശ്നങ്ങൾ ഒഴിവായേനെ. 

ഒരു ആധികാരികതയുമില്ലാതെ സംസാരിക്കുന്ന അധികാരികളും അവർ പറയുന്നതു മാത്രം വിശ്വസിക്കുന്ന അണികളും ചേർന്നാൽ ആ തലമുറയിൽപിന്നെ സത്യമറിയുന്ന ആരും ഉണ്ടാകില്ല. പറഞ്ഞു പഠിക്കുന്നവരും പഠിച്ചു പറയുന്നവരും തമ്മിലുള്ള വ്യത്യാസം ആധികാരികതയുടേതാണ്. പറഞ്ഞു പഠിക്കുന്നവർക്ക് നിലപാടുകളോ അഭിപ്രായങ്ങളോ ഉണ്ടാകില്ല. പഠിച്ചു പറയുന്നവർക്ക് വൈകാരികതയെക്കാൾ വസ്തുതകളാണു പ്രധാനം. എല്ലാ ശരികളും പറയണമെന്നില്ല; ശരിയല്ലാത്തതൊന്നും പറയാതിരുന്നാൽ മതി, ലോകം നേർരേഖയിൽ സഞ്ചരിക്കാൻ. 

പാതി മാത്രം അറിഞ്ഞ് പ്രചരിപ്പിക്കുന്നവ പരദൂഷണമാകുമെന്നു മാത്രമല്ല, വസ്തുതാവിരുദ്ധമായവ പുതുതലമുറയുടെ ഭാഗവുമാകും. ഒന്നുമറിയാതെയും പാതി മാത്രമറിഞ്ഞും നിരത്തുന്ന എല്ലാ വാദങ്ങളും അപൂർണവും അപകടകരവുമാണ്. എല്ലാം അറിയുന്നവരായി ആരുമുണ്ടാകില്ല. പക്ഷേ, അറിയുന്ന കാര്യങ്ങളിൽ ആത്മാർഥതയും ആധികാരികതയും ഉണ്ടാകണം. 

എന്തെങ്കിലും അറിയാം എന്നതുകൊണ്ട് എല്ലാം അറിയാം എന്നു ഭാവിക്കുന്നവരാണ് സത്യത്തെ വിരൂപമാക്കുന്നത്. അറിവില്ലായ്മ അംഗീകരിക്കലാണ് അറിവിന്റെ ആരംഭം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA