ADVERTISEMENT

കൊച്ചി വൈറ്റിലയിൽ 50 അടിയോളം ഉയരമുള്ള മെട്രോ റെയിൽ തൂണിനു മുകളിൽ ആറു ദിവസം കുടുങ്ങിക്കിടന്ന ആ പൂച്ചയ്ക്കുവേണ്ടി നടന്ന രക്ഷാദൗത്യം മനുഷ്യന്റെ ആത്യന്തികനന്മ വിളംബരം ചെയ്യുന്ന ഒരു പ്രതീകമാണ്. നിശ്ചയദാർഢ്യവും സംഘബലവുമുണ്ടെങ്കിൽ വലുതും ചെറുതുമായ എത്രയോ സാഫല്യങ്ങൾ നമുക്കു സാധ്യമാക്കാമെന്ന ഓർമപ്പെടുത്തലുമാണ്. സഹജീവിസ്‌നേഹം നിറഞ്ഞ, നിസ്വാർഥതയുടെ കൈകൾകൊണ്ടുള്ള ദൗത്യങ്ങൾക്കൊടുവിൽ വിജയമുണ്ടാകുമെന്ന ആ അടിസ്ഥാന പാഠം മറക്കാനുള്ളതല്ല; മനസ്സിലെന്നേക്കും എടുത്തുവയ്ക്കാനുള്ളതാണ്.

അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ രണ്ടര മണിക്കൂർ നീണ്ട കഠിനപ്രയത്നത്തിലൂടെ അതിസാഹസികമായാണു പൂച്ചയെ രക്ഷിച്ചത്. ഇതിനിടെ, 15 മിനിറ്റോളം മെട്രോ സർവീസ് നിർത്തിവയ്ക്കുകപോലും ചെയ്തു. എല്ലാ ജീവനും വിലപ്പെട്ടതാണ് എന്നു ബോധ്യപ്പെടുത്തിയ ആ രക്ഷാദൗത്യം അതിലെ സ്നേഹാർദ്രത കൊണ്ടുമാത്രമല്ല, വിലപ്പെട്ട ചില സാമൂഹികപാഠങ്ങൾ കൊണ്ടുകൂടി ശ്രദ്ധേയമാകുന്നു. തിന്മ നിഴൽവീഴ്ത്തുന്ന ഈ കാലത്തു കേരളം ഹൃദിസ്ഥമാക്കേണ്ട നന്മയുടെ ഒരു അടയാളവാക്യം കൂടി ഈ രക്ഷാദൗത്യത്തിൽനിന്നു വായിച്ചെടുക്കാം; ജീവന്റെ വില തിരിച്ചറിയുന്നവർ ഏതൊരു സമൂഹത്തിന്റെയും സൗഭാഗ്യമാണെന്നതു വീണ്ടുമോർമിക്കാം.

ചിലരിൽനിന്നെങ്കിലും കളഞ്ഞുപോയ ആ നന്മമനസ്സ് എവിടെനിന്നാണ് ഇനി കണ്ടെടുക്കേണ്ടതെന്ന ആകുലതയ്ക്കിടയിലാണ് ഇങ്ങനെയുള്ള സ്നേഹവാർത്തകളും ഉണ്ടാവുന്നത്. ദിവസവും നാം കേൾക്കുകയും കാണുകയും ചെയ്യുന്ന കുറ്റകൃത്യങ്ങൾ ഒരുകാര്യം ചോരയിലെഴുതി ഉറപ്പിക്കുന്നുണ്ട് - കേരളം ഒരുപരിധിവരെ ക്രിമിനൽ സ്വഭാവമുള്ള സമൂഹമായി മാറുകയാണ്. മോഷണങ്ങളിൽ തുടങ്ങി പീഡനങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും വരെ ഈ നാട്ടിലെ ചിലരെങ്കിലും പതിച്ചുകഴിഞ്ഞു. കൊതുകിനെ കൊല്ലുന്ന ലാഘവത്തോടെ സഹജീവിയുടെ കഴുത്തു ഞെരിക്കുന്നവരും ഇവിടെയുണ്ടെന്നതു തലതാഴ്ത്തിവേണം കേരളം കേൾക്കേണ്ടത്. മാതൃഹത്യയും പിതൃഹത്യയും ബാലഹത്യയുമൊക്കെ കേരളത്തിന്റെ ദുർമുഖമുദ്രകളായി മാറിക്കഴിഞ്ഞു. ഒപ്പമുണ്ടാകുമെന്നു വിശ്വസിക്കുന്ന ഉറ്റവരുടെ കൈകൊണ്ടുതന്നെ ജീവൻ വെടിയേണ്ടിവരുന്നവരുടെ അവസാന കരച്ചിൽ നമ്മുടെ പല വീടുകളിൽനിന്നും ഉയരുകയാണ്.

അലക്ഷ്യമായും മദ്യപിച്ചുമൊക്കെ വാഹനമോടിച്ച് കാൽനടയാത്രക്കാരുടെ ജീവനെടുക്കാൻ മടിയില്ലാത്തവർപോലും ഇവിടെയുണ്ടെന്നതിൽ ലജ്ജിക്കുക. വഴിവക്കിൽ വാഹനാപകടങ്ങളിൽപെട്ടു കിടക്കുന്നവർക്ക് ഒരുകൈ സഹായം പോലും നൽകാതെ നടന്നകലുന്നവരും ഇന്നു പതിവു കാഴ്ചയാണ്. ഗുരുതരമായി പരുക്കേറ്റ് അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവരെ തിരിഞ്ഞുപോലും നോക്കാതെ കടന്നുപോകുന്നവർ നമ്മുടെ സ്‌നേഹമൂല്യങ്ങളെ അപ്പാടെ നിഷേധിക്കുകയല്ലേ?

ഒരു പ്രാണിയെപ്പോലും അകാരണമായി കൊല്ലരുതെന്നു പഠിക്കുകയും പഠിപ്പിക്കുകയും ചെയ്‌തുപോന്ന സാമൂഹിക വ്യവസ്ഥിതി നിലനിന്നിരുന്ന നാടായിരുന്നു ഇത്. സഹജീവിയുടെ സങ്കടങ്ങളിൽ കൈകൊടുത്തു സഹായിക്കാനും വഴക്കുകളും എതിർപ്പുകളുമൊക്കെ നന്മമനസ്സുതൊട്ട ഒരു ചിരികൊണ്ടു മായ്ച്ചുകളയാനും ആവുന്നവരായിരുന്നു നമ്മൾ. ആ നമുക്ക് എന്താണു പറ്റിയത് ? പ്രണയത്തിനും വിവാഹത്തിനും സമ്മതമല്ലെന്നു പറഞ്ഞാൽ അതിന്റെ മറുപടി പെട്രോൾ കൊണ്ടും കത്തിമുനകൊണ്ടുമാണോ പറയേണ്ടത് ? സ്വത്തിനു വേണ്ടി അച്ഛന്റെയോ അമ്മയുടെയോ കഴുത്തു ഞെരിക്കാൻ മടിയില്ലാത്തവർകൂടിയുള്ള ഈ സമൂഹം തീർച്ചയായും ആത്മപരിശോധനയിലേക്ക് ഉണർന്നേതീരൂ.

സാക്ഷരതയിലും സംസ്കാരത്തിലും മുന്നിലാണെന്ന് ഊറ്റംകൊള്ളുന്ന കേരളത്തെ തിന്മയുടെ ഇരുട്ടു വിഴുങ്ങാൻ അനുവദിച്ചുകൂടാ. നാടിനെ നന്മയിലേക്കു വീണ്ടും വഴിനടത്താൻ, പൊയ്പ്പോയ മൂല്യങ്ങളെ തിരിച്ചുവിളിക്കാൻ അതുകൊണ്ടുതന്നെ, നമുക്കോരോരുത്തർക്കും വലിയ പങ്കു വഹിക്കാനുണ്ട്. ക്ലേശദൗത്യത്തിനൊടുവിൽ സ്വതന്ത്രജീവിതത്തിലേക്കു മോചിപ്പിക്കപ്പെട്ട ആ ‘മെട്രോ പൂച്ച’ കേരളത്തിനു പറഞ്ഞുതരുന്നതും അതാണ്- സമൂഹത്തിൽ ഒരുമയും നന്മയും വിളയുമെങ്കിൽ, ഹൃദയശുദ്ധിയുള്ള ദൗത്യങ്ങൾക്കായി ആത്മാർഥമായ കൈകോർക്കലുകളുണ്ടെങ്കിൽ ഇവിടെ എക്കാലത്തും സ്നേഹം നക്ഷത്രശോഭയോടെ വിളങ്ങുകതന്നെ ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com