കൊട്ടാരത്തെ ‘പോറ്റാൻ’ കോടികൾ; ചുമതലകൾ വെടിഞ്ഞ് ഹാരിയും മേഗനും

harry-megan
മേഗൻ മാർക്കിളും ഹാരിയും.
SHARE

ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കിളും കൊട്ടാരം വിടാനുള്ള തീരുമാനത്തിലൂടെ ബ്രിട്ടിഷ് രാജകുടുംബം ഒരിക്കൽക്കൂടി വാർത്തകളിൽ നിറയുകയാണ്. രാജകീയ ചുമതലകളും കൊട്ടാരവാസവും ഉപേക്ഷിക്കാനുള്ള ഉറച്ചതീരുമാനത്തിൽ മാറ്റമില്ലെന്നു വ്യക്തമാക്കിയ ഹാരി–മേഗൻ ദമ്പതികൾ, ബ്രിട്ടിഷ് ജനതയുടെ നികുതിപ്പണത്തിൽനിന്നു തങ്ങൾക്കുള്ള വിഹിതമായ 8 കോടി പൗണ്ട് (ഏകദേശം 738 കോടി ഇന്ത്യൻ രൂപ) സ്വീകരിക്കില്ല. മാത്രമല്ല, ഔദ്യോഗിക വസതിയായ ഫ്രോഗ്‌മോർ കോട്ടേജ് നവീകരിക്കാൻ കഴിഞ്ഞവർഷം ചെലവഴിച്ച 24 ലക്ഷം പൗണ്ട് (22 കോടി രൂപ) അവർ തിരിച്ചടയ്ക്കുകയും ചെയ്യും.

england-royal-family-expenses

ഈ കണക്കുകൾ പണ്ടുമുതലേയുള്ള ഒരു ചർച്ച വീണ്ടും സജീവമാക്കിയിരിക്കുകയാണ്. കൊട്ടാരത്തെ ‘പോറ്റാൻ’ ബ്രിട്ടിഷ് ജനത അവരുടെ നികുതിപ്പണത്തിൽനിന്ന് എത്ര തുക ചെലവഴിക്കുന്നു? കൊട്ടാരച്ചെലവിൽ സമീപകാലത്തെ ഏറ്റവും വലിയ വർധനയാണ് കഴിഞ്ഞ സാമ്പത്തിക വർഷം (2018–19) ഉണ്ടായത്. മുൻ വർഷത്തെ (2017–18) അപേക്ഷിച്ച് 41% വർധന. മൊത്തം തുകയിൽ 1.96 കോടി പൗണ്ട് (180 കോടി രൂപ) വർധിച്ചു. ഹാരി–മേഗൻ വസതിയുടെ മോടി പിടിപ്പിക്കലിന്റെ 24 ലക്ഷം പൗണ്ടും ഇതിൽ ഉൾപ്പെടുന്നു. ബക്കിങ്ങാം കൊട്ടാരത്തിൽ ഈ കാലയളവിൽ 1.41 കോടി പൗണ്ടിന്റെ (130 കോടി രൂപ) പുതുക്കൽ ചെലവുകളുണ്ടായി.

 എങ്ങനെ ലഭിക്കുന്നു?

രാജ്ഞിയുടെ അധീനതയിലുള്ള സ്വത്തുവകകളുടെ മൊത്തം വരുമാനത്തിന്റെ 15% ആണ് കൊട്ടാരച്ചെലവിനുള്ള വിഹിതമായി നൽകിയിരുന്നത്. 2016–17ലെ കണക്കുപ്രകാരം 32.88 കോടി പൗണ്ട് (3035 കോടി രൂപ) ആണ് കൊട്ടാരവും അനുബന്ധ സ്വത്തുവകകളും വഴിയുള്ള വരുമാനം. ഇതിന്റെ 15% ആയിരിക്കും കൊട്ടാരവിഹിതമായി ലഭിക്കുക.

എന്നാൽ, ഇത് രണ്ടു വർഷത്തേക്ക് 25% ആയി വർധിപ്പിക്കാനും അധികം നൽകുന്ന 10% തുക കൊട്ടാരങ്ങളുടെയും അനുബന്ധ വസ്തുകവകകളുടെയും അടുത്ത 10 വർഷത്തെ അറ്റകുറ്റപ്പണികൾക്കും മോടിപിടിപ്പിക്കലിനും ചെലവഴിക്കാനും തീരുമാനമുണ്ടായി. ഇതുപ്രകാരം കഴിഞ്ഞ സാമ്പത്തികവർഷം മൊത്തം 8.22 കോടി പൗണ്ട് (759 കോടി രൂപ) ആയിരിക്കും കൊട്ടാരത്തിനു ലഭിച്ചിരിക്കുക.

 എന്തുകൊണ്ട്?

1706ൽ ജോർജ് മൂന്നാമൻ രാജാവ് തന്റെ സ്വത്തുവകകളുടെ വരുമാനമെല്ലാം ബ്രിട്ടിഷ് സർക്കാരിനു കൈമാറി. പകരം നിശ്ചിത തുക വാർഷിക വിഹിതമായി സർക്കാരിൽനിന്നു കൊട്ടാരത്തിനു നൽകണം. ഇതിൽ എന്താണു തെറ്റെന്ന ചോദ്യം ഒരു പക്ഷത്തുണ്ട്. അതേസമയം, രാജകുടുംബത്തിന്റെ വസ്തുവകകളെല്ലാം രാജ്യത്തിന്റേതു തന്നെയാണെന്നും അതിന്റെ വരുമാനം മൊത്തമായി ജനങ്ങൾക്കു ലഭിക്കേണ്ടതാണെന്നുമാണു മറുവാദം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA