ADVERTISEMENT

സൗമ്യമധുരമായ ചിരിയാണ് ജഗത് പ്രകാശ് നഡ്ഡയുടെ മുഖമുദ്ര. അമിത് ഷായുടെ നയതന്ത്രമോ മോദിയുടെ വാക്ചാതുര്യമോ നഡ്ഡയിൽ കണ്ടെന്നുവരില്ല. പക്ഷേ, ഇരുവരുടെയും സ്നേഹവാത്സല്യങ്ങൾ നഡ്ഡയ്ക്കു തണലായി ആവോളമുണ്ട്. 1991ൽ നഡ്ഡ യുവമോർച്ച ദേശീയ അധ്യക്ഷനായപ്പോൾ ട്രഷററായിരുന്നു അമിത് ഷാ. 1990കളിൽ നരേന്ദ്ര മോദി ഹിമാചലിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ അദ്ദേഹത്തെ സ്കൂട്ടറിൽ പാർട്ടി പ്രവർത്തനത്തിനു കൊണ്ടുപോയിരുന്നു നഡ്ഡ. ഇന്നലെ പ്രധാനമന്ത്രി, അനുമോദനച്ചടങ്ങിൽ ആ കഥ അനുസ്മരിക്കുകയും ചെയ്തു.

മുൻ ഹിമാചൽപ്രദേശ് മുഖ്യമന്ത്രി പ്രേംകുമാർ ധൂമലിന്റെ ഗ്രൂപ്പ് രാഷ്ട്രീയത്തിൽ തളർന്നുപോയ നഡ്ഡ, ധൂമലിനെക്കാൾ ഉയരത്തിൽ പാർട്ടിയുടെ അമരത്തു സ്ഥാനമുറപ്പിക്കുമ്പോൾ അതിനു പിന്നിൽ അദൃശ്യമായൊരു വാത്സല്യക്കരം കാണുന്നവരുണ്ട്. പക്ഷേ, അതു മാത്രമല്ല നഡ്ഡയുടെ യോഗ്യത. സൗമ്യമായി കാര്യങ്ങൾ നടത്തിയെടുക്കാനുള്ള മികവു തന്നെയാണ് ബിജെപിയിലെ പ്രബലനായ മൂന്നാമനായി അദ്ദേഹത്തെ മാറ്റിയത്.

പട്നയിൽ സ്ഥിരതാമസമാക്കിയ ഹിമാചൽ ബ്രാഹ്മണകുടുംബത്തിലെ അംഗമാണു നഡ്ഡ. പിതാവ് നാരായൺ ലാൽ നഡ്ഡ, പട്ന സർവകലാശാല വൈസ് ചാൻസലറായിരുന്നു. പട്ന കോളജിൽ ബിരുദപഠനത്തിനെത്തിയപ്പോൾ ജയപ്രകാശ് നാരായണിന്റെ ആശയങ്ങളിൽ ആകൃഷ്ടനായി സമരരംഗത്തുണ്ടായിരുന്നു. പിന്നീട് എൽഎൽബിക്ക് ഹിമാചലിൽ എത്തിയപ്പോഴാണ് നഡ്ഡ ദേശീയതലത്തിലേക്കുയരുന്നത്. എബിവിപിയുടെയും പിന്നീട് യുവമോർച്ചയുടെയും ദേശീയ നേതൃത്വത്തിലെത്തി. ബിലാസ്പുരിൽനിന്നു 3 തവണ നിയമസഭയിലുമെത്തി. സംസ്ഥാന മന്ത്രിയും പ്രതിപക്ഷ നേതാവുമായി. ഗ്രൂപ്പ് രാഷ്ട്രീയത്തിൽ നഡ്ഡയെ ഒതുക്കാനുള്ള ശ്രമങ്ങൾ നടന്നപ്പോൾ അദ്ദേഹത്തിന്റെ സംഘാടന പാടവം അറിയാമായിരുന്ന അന്നത്തെ ദേശീയ പ്രസിഡന്റ് നിതിൻ ഗഡ്കരിയാണ് 2010ൽ ദേശീയ നേതൃത്വത്തിലേക്കു കൊണ്ടുവന്നത്; ജനറൽ സെക്രട്ടറിയായി. 

മധ്യപ്രദേശിലെ മുൻ മന്ത്രിയും ബിജെപി എംപിയുമായിരുന്ന ജയശ്രീ ബാനർജിയുടെ മകൾ ഡോ. മല്ലികയാണു ഭാര്യ. ഹിമാചൽ സർവകലാശാലാ അധ്യാപികയാണ് അവർ. മക്കൾ: ഹരീഷ്, ഗിരീഷ്. ഏതു ചോദ്യത്തിനും ചിരിയുടെ അകമ്പടിയോടെയേ നഡ്ഡ മറുപടി നൽകാറുള്ളൂ. ബിജെപിയുടെ ബാലികേറാമലയായ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആ സൗമ്യസാന്നിധ്യത്തിന് എത്രത്തോളം സ്വാധീനമുണ്ടാകുമെന്നതാണ് ഇനിയുള്ള വലിയ ചോദ്യം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com