അതിർത്തി കടന്ന നിന്ദ്യ നടപടി

SHARE

കർണാടക പൊലീസിന്റെ വിചിത്രവും അപമാനകരവും മുൻവിധി നിറ‍ഞ്ഞതുമായ നടപടിക്ക് ഇരയായിരിക്കുകയാണ് കേരളത്തിൽനിന്നുള്ള ഒട്ടേറെപ്പേർ. ഡിസംബർ 19നു മംഗളൂരുവിൽ പൗരത്വ നിയമത്തിനെതിരെ നടന്ന സമരത്തിന്റെയും പൊലീസ് വെടിവയ്പിന്റെയും പശ്ചാത്തലത്തിൽ, അന്നു നഗരത്തിലുണ്ടായിരുന്ന രണ്ടായിരത്തോളം മലയാളികളെ തിരഞ്ഞുപിടിച്ച് അന്വേഷണസംഘത്തിനു മുന്നിൽ ഹാജരാകാൻ നോട്ടിസ് നൽകിയത് അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവും തന്നെ.

മംഗളൂരുവിലെ അഞ്ചു പ്രദേശങ്ങളിലെ മൊബൈൽ ടവറുകളിൽ നടത്തിയ പരിശോധനയിൽ അന്ന് ടവർ പരിധിയിൽ ഉണ്ടായിരുന്ന, കേരളത്തിൽനിന്ന് എത്തിയവരുടെ മൊബൈൽ നമ്പർ ശേഖരിച്ചാണ് കർണാടക പൊലീസ് നോട്ടിസ് അയച്ചത്. സ്ത്രീകളും മത്സ്യത്തൊഴിലാളികളും ജോലിക്കാരും കച്ചവടക്കാരും വിദ്യാർഥികളുമെല്ലാം നോട്ടിസ് ലഭിച്ചവരിൽപെടുന്നു. കേരളത്തിൽനിന്ന് എത്തിയവരെ മാത്രം തിരഞ്ഞുപിടിക്കുന്നതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് ആരോപണമുയർന്നുകഴിഞ്ഞു. അതേസമയം, മംഗളൂരുവിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവരിൽ ചുരുക്കം പേർക്കു മാത്രമാണ് ഈ നോട്ടിസ് അയച്ചിട്ടുള്ളത്.

ചികിത്സ, ജോലി, കച്ചവടം, പഠനം തുടങ്ങിയ ആവശ്യങ്ങൾക്കായി അതിർത്തി നഗരമായ മംഗളൂരുവിലേക്കു ദിവസേന പോകുന്ന കാസർകോട്, കണ്ണൂർ ജില്ലക്കാരായ ഒട്ടേറെപ്പേർക്കു നോട്ടിസ് കിട്ടിയിട്ടുണ്ട്. കർണാടക അതിർത്തിയോടു ചേർന്നുള്ള ഹൊസബേട്ടു കടപ്പുറം, വോർക്കാടി, മഞ്ചേശ്വരം എന്നിവിടങ്ങളിലും കുമ്പള മാർക്കറ്റിലുള്ളവർക്കുമാണു കൂടുതൽ നോട്ടിസ് ലഭിച്ചിട്ടുള്ളത്. കൂടാതെ, വ്യാപാര ആവശ്യത്തിന് മംഗളൂരുവിലെത്തിയ മലപ്പുറം, കോഴിക്കോട്, കൊച്ചി സ്വദേശികൾ ഉൾപ്പെടെയുള്ളവർക്കും നോട്ടിസ് കിട്ടിയിട്ടുണ്ട്.

മംഗളൂരു നോർത്ത് പൊലീസ് സ്റ്റേഷനിൽ 133/2019 കേസുമായി ബന്ധപ്പെട്ട് ലഹള, വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങി 13 വകുപ്പുകളിൽ കേസെടുത്തിട്ടുണ്ടെന്നും അതിൽ പങ്കുള്ളതായി വിശ്വസനീയ വിവരം കിട്ടിയിട്ടുണ്ട് എന്നുമാണ് ഇപ്പോൾ മലയാളികൾക്കു ലഭിച്ച നോട്ടിസിലുള്ളത്. അതിനാൽ, നിശ്ചിത ദിവസം ഈ സ്റ്റേഷനിൽ ഹാജരാകണമെന്നും ഇല്ലെങ്കിൽ അന്വേഷണവുമായി നിസ്സഹകരിക്കുന്നതായി മനസ്സിലാക്കി തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും നോട്ടിസിലുണ്ട്.

കോളജ് വിദ്യാർഥികളാണെങ്കിലും രോഗവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെത്തിയവരാണെങ്കിലും ആ ദിവസം മംഗളൂരുവിൽ ഉണ്ടായിരുന്നുവെങ്കിൽ തങ്ങൾ അക്രമികളല്ലെന്നു സ്വയം തെളിയിക്കണമെന്നാണ് കർണാടക പൊലീസിന്റെ ആജ്ഞ. ഇപ്പോഴും പലർക്കും പുതിയതായി നോട്ടിസ് ലഭിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. ഇപ്പോൾതന്നെ കേസ് ഒഴിവാക്കിയില്ലെങ്കിൽ വർഷങ്ങളോളം ഇതിനു പിറകെ നടക്കേണ്ടിവരുമെന്ന ആശങ്ക പലർക്കുമുണ്ട്. സംഭവം വിവാദമായപ്പോൾ, നേരിട്ട് ഹാജരാകേണ്ടതില്ലെന്നും രേഖാമൂലം വിശദീകരണം നൽകിയാൽ മതിയെന്നും മംഗളൂരു പൊലീസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വിശദീകരണം തൃപ്തികരമല്ലെങ്കിൽ തുടർനടപടിയുണ്ടായേക്കും.

അക്രമസംഭവങ്ങളിൽ പങ്കാളികളായവർ ആരായാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നേതീരൂ. സിസിടിവി ദൃശ്യങ്ങളും വിഡിയോ ദൃശ്യങ്ങളും ഇതിനായി പരിശോധനയ്ക്കു വിധേയമാക്കാം. അല്ലാതെ, നഗരത്തിൽ അന്ന് ഉണ്ടായിരുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ മാത്രം ഇത്രയും പേർ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നു പറയുന്നതിൽ ന്യായീകരണമില്ല. പൊലീസിനു പോലും അക്രമത്തിൽ പങ്കുണ്ടെന്ന ആരോപണം ഉയർന്നിരിക്കെ, ഇപ്പോഴത്തെ നടപടി സംശയാസ്പദമായി കാണുന്നവരുമുണ്ട്.

മംഗളൂരു സംഘർഷത്തിന് ഉത്തരവാദികൾ മലയാളികളാണെന്നു വരുത്തിത്തീർക്കാൻ തുടക്കം മുതൽ തന്നെ കർണാടക പൊലീസ് ശ്രമം നടത്തിയിരുന്നു. കർണാടക ആഭ്യന്തര മന്ത്രിയും ഈ വാദത്തെ ന്യായീകരിക്കുകയുണ്ടായി. സംഭവദിവസം, മംഗളൂരുവിൽ റിപ്പോർട്ടിങ്ങിനു കേരളത്തിൽനിന്നെത്തിയ മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുക്കുകയും മണിക്കൂറുകളോളം പുറത്തുവിടാതിരിക്കുകയും ചെയ്തതു വിവാദമായിരുന്നു. ഹോസ്റ്റലുകളിൽ താമസിക്കുന്ന കേരളീയ വിദ്യാർഥികളെ നിരീക്ഷിക്കണമെന്നു കൊളീജിയറ്റ് ഡപ്യൂട്ടി ഡയറക്ടർ ഉത്തരവിറക്കുകയുമുണ്ടായി.

കർണാടകയിലെയും കേരളത്തിലെയും ജനങ്ങൾ തമ്മിലുള്ള സുദൃഢ ബന്ധത്തിൽ അവിടത്തെ പൊലീസിന്റെ അന്യായ നടപടികൾ നിഴൽവീഴ്ത്തിക്കൂടാ. കേരളത്തിൽനിന്ന് അന്ന് മംഗളൂരുവിൽ എത്തിയവരെ പ്രതിസന്ധിയിലാക്കുന്ന ഈ നടപടി അവസാനിപ്പിക്കാൻ ഇരു സംസ്ഥാനങ്ങളിലെയും സർക്കാരുകൾ അടിയന്തരമായി ഇടപെട്ടേതീരൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA