ADVERTISEMENT

നൂറ്റാണ്ടുകൾ പഴക്കമുള്ള വൻമരത്തിന്റെ വലുപ്പം കണ്ട് ശിഷ്യൻ ഗുരുവിനോടു ചോദിച്ചു, ഇത്രയും വലിയ മരം എങ്ങനെയാണ് ഉണ്ടായത്? ഗുരു പറഞ്ഞു, ‘നീ പോയി അതിന്റെ ഒരു പഴം പറിച്ചുകൊണ്ടു വരിക’. പഴം കൊണ്ടുവന്നപ്പോൾ ഗുരു പറഞ്ഞു, അതു മുറിക്കൂ. ശിഷ്യൻ മുറിച്ചു നോക്കിയപ്പോൾ ഉള്ളിൽ നൂറുകണക്കിനു വിത്തുകൾ. അതിലൊന്നു തിരഞ്ഞെടുക്കാൻ ഗുരു ആവശ്യപ്പെട്ടു. ഒരെണ്ണം കയ്യിലെടുത്തപ്പോൾ, അതു പൊട്ടിക്കാൻ നിർദേശിച്ചു. ശിഷ്യൻ പറഞ്ഞു, ഈ വിത്തിനകത്ത് ഒന്നുമില്ല. ഗുരു പറഞ്ഞു: ആ ഒന്നുമില്ലായ്മയിൽ നിന്നാണ് ഈ വൻമരം ഉണ്ടായത്!

ഒരുദിവസം കൊണ്ടല്ല ഒന്നും രൂപപ്പെടുന്നത്. എവിടെനിന്നു തുടങ്ങി എന്നു ചോദിച്ചാൽ കൃത്യമായൊരു സ്ഥലമോ സമയമോ ഇല്ലാത്തവരാണു ഭൂരിഭാഗവും. എങ്ങനെയൊക്കെയോ എന്തിന്റെയൊക്കെയോ ധൈര്യത്തിൽ തുടങ്ങിയതാണ് പല സംരംഭങ്ങളും മുന്നേറ്റങ്ങളും. 

തുടക്കം നന്നായാൽ ഒടുക്കം നന്നാകും എന്ന ചൊല്ലിനു മറുചൊല്ലുകൾ രൂപപ്പെടുത്തേണ്ടി വരും. നല്ല തുടക്കത്തിനു വേണ്ടി കാത്തിരിക്കുന്നതിനാലാണ് പലരും ഒന്നും തുടങ്ങാത്തത്. നല്ല സമയവും കാലവും അന്വേഷിച്ച് ആയുസ്സു മുഴുവൻ കാത്തിരുന്ന് മുളയ്ക്കാതെപോയ വിത്തുകൾ ഒട്ടേറെയുണ്ട്. ശ്രേഷ്ഠമായ തുടക്കങ്ങളുടെ കഥ പറയാൻ പറ്റിയ എത്ര ഇതിഹാസങ്ങൾ ഉണ്ടാകും? എല്ലാവരും ശൂന്യതയിൽനിന്നു തുടങ്ങി പടവെട്ടി പിടിച്ചുകയറിയതാണ്.

‌ശൂന്യതയിൽനിന്നു നിറവിലേക്കുള്ള യാത്രയാണ് ഓരോ വളർച്ചയും. എത്ര വലുതാകുന്നു എന്നത് വിത്തിന്റെ വൈശിഷ്ട്യത്തെയും വഴികളുടെ വൈവിധ്യത്തെയും ആശ്രയിച്ചിരിക്കും. വളർച്ചയുടെ വഴികൾ കാണാത്ത, ആ വഴികളിലൂടെ സഞ്ചരിക്കാൻ തയാറാകാത്ത ഒരാളും വളരില്ല. പ്രായമേറുന്ന എല്ലാവർക്കും വളർച്ചയുണ്ടാകണമെന്നില്ല.

എല്ലാ തുടക്കത്തിനും അവസാനമുണ്ടാകും. ഓരോ അവസാനത്തിനും മറ്റൊരു തുടക്കവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com