നെടുങ്കണ്ടം കമ്മിഷൻ ‍ഡുംഡുംഡും

tharangangalil-chair
SHARE

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ കമ്മിഷനെ നിയമിച്ചപ്പോൾ കയ്യടിച്ചവരിൽ ഒരാളാണ് അപ്പുക്കുട്ടനും.

കമ്മിഷനായി വന്ന മുൻ ജഡ്ജി നിയമന ഉത്തരവു കയ്യിൽ കിട്ടും മുൻപുതന്നെ പ്രകടനപത്രിക പുറത്തിറക്കിത്തുടങ്ങിയപ്പോൾ നിർത്താതെ കയ്യടിക്കണമെന്ന പ്രലോഭനം ഒഴിവാക്കാൻ കൈ പിന്നിൽകെട്ടി നടക്കുകയായിരുന്നു അപ്പുക്കുട്ടൻ.

കമ്മിഷൻ കുപ്പായത്തിന്റെ മണം കിട്ടിയതു മുതൽ അദ്ദേഹം നെടുങ്കണ്ടം നീതി ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ വിതരണം ചെയ്തു തുടങ്ങി.കസ്റ്റഡിയിൽ മരിച്ചയാൾക്കു ജയിലിൽ മർദനമേറ്റിട്ടില്ല, ഉത്തരവാദിത്തത്തിൽനിന്നു ജില്ലാ പൊലീസ് മേധാവിക്ക് ഒഴിഞ്ഞുമാറാനാവില്ല, പൊലീസുകാരെ പിരിച്ചുവിടാൻ ശുപാർശ ചെയ്യും എന്നിങ്ങനെ അന്വേഷണങ്ങളും കണ്ടെത്തലുകളും ദിനംപ്രതി വന്നുകൊണ്ടിരുന്നു.

ഇത്ര ശുഷ്കാന്തിയോടെ അന്വേഷണവും കണ്ടെത്തലും നടത്തുന്നയാളെ പഴയ കമ്മിഷനുകളിൽ മുൻകാല പ്രാബല്യത്തോടെ നിയമിക്കേണ്ടതാണെന്നുപോലും അപ്പുക്കുട്ടനു തോന്നി.

ആറു മാസത്തെ കാലാവധിക്കാണ് നെടുങ്കണ്ടം കമ്മിഷനെ നിയമിച്ചതെങ്കിലും ആറു ദിവസത്തിനകം സമ്പൂർണ റിപ്പോർട്ട് സമർപ്പിച്ചുകളയും എന്ന തോന്നലാണ് അദ്ദേഹം തന്നെ വാരിവിതറിയത്.

അനുവദിച്ചിട്ടുള്ള ആറുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിച്ചു കൈ കഴുകുമെന്ന് പുല്ലുപോലെ അദ്ദേഹം പ്രഖ്യാപിച്ചപ്പോൾ, ഏതാണ്ടെല്ലാം എഴുതിവച്ചിരിക്കുകയാണ്, തലക്കെട്ടുകൂടി നൽകിയാൽ മതി എന്നാണ് അപ്പുക്കുട്ടൻ കരുതിയത്.

ആറുമാസം പക്ഷേ, കമ്മിഷന്റെ മുൻപിലൂടെ പെട്ടെന്നങ്ങ് ഒഴുകിപ്പോയി. ഒരു റിപ്പോർട്ടും കാണാനില്ല.

കഴിഞ്ഞയാഴ്ച വാർത്ത വന്നു:നെടുങ്കണ്ടം കമ്മിഷന്റെ കാലാവധി ആറുമാസം കൂടി നീട്ടിയിരിക്കുന്നു.

പാവം കമ്മിഷൻ ആദ്യ ആഴ്ചയിൽത്തന്നെ എഴുതിവച്ച റിപ്പോർട്ട് കാണാതെ പോയതാണോ? അതോ കണ്ടെത്തലുകളെല്ലാം മാധ്യമങ്ങളുടെ മുൻപാകെ വിളമ്പി വിളമ്പി റിപ്പോർട്ടിൽ ഒന്നും എഴുതാനില്ലാതെ വന്നതാണോ?

ഇതൊന്നുമല്ലെങ്കിൽ, റിപ്പോർട്ട് എഴുതാൻ പേനയില്ലാത്ത പ്രശ്നമാണെങ്കിൽ ബഹു സർക്കാർ ദയവായി നല്ലൊരു പേന അദ്ദേഹത്തിനു വാങ്ങിക്കൊടുക്കണം. കുതിരയ്ക്കു ലാടമില്ലാത്തതുകൊണ്ട് യുദ്ധം തോറ്റ് രാജ്യം നഷ്ടപ്പെട്ട കഥ നമ്മളെല്ലാം പഠിച്ചിട്ടുള്ളതാണല്ലോ.

ഇതൊന്നുമല്ല പ്രശ്നമെന്നാണ് സർക്കാർ കണ്ടെത്തുന്നതെങ്കിൽ ജുഡീഷ്യൽ കമ്മിഷനുകളുടെ നാവ് നീതിയുടെ താഴിട്ടു പൂട്ടുന്ന സംവിധാനം കൊണ്ടുവരുന്നതിനെപ്പറ്റി ആലോചിക്കണ്ടേ, സർ?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA