ADVERTISEMENT

വാർത്താപ്രാധാന്യം ചോർന്നുവന്നിരുന്ന നയപ്രഖ്യാപന പ്രസംഗത്തിലേക്കും കേരള നിയമസഭയിലേക്കും രാജ്യത്തിന്റെയാകെ ശ്രദ്ധ തിരിച്ചുകഴിഞ്ഞു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ...

പൗരത്വനിയമത്തിന്റെ പേരിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വാളോങ്ങി നിൽക്കുന്ന കേരളത്തിലെ മന്ത്രിമാരുടെയും ഇടതുനേതാക്കളുടെയും ഉറക്കംകെടുത്തുന്ന രണ്ടു രംഗങ്ങളുണ്ട്. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിൽ എന്തെങ്കിലും കൂട്ടിച്ചേർക്കാൻ ഗവർണർ മുതിരുമോ എന്നതാണ് ആദ്യത്തേത്. പ്രസംഗത്തിലെ പൗരത്വനിയമ വിരുദ്ധഭാഗം ഗവർണർ വായിക്കുമെന്ന പ്രതീക്ഷ സർക്കാർ കേന്ദ്രങ്ങൾക്കില്ല.

ചില ഭാഗങ്ങൾ അങ്ങനെ വിഴുങ്ങാം എന്നല്ലാതെ മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനത്തിൽ കൂട്ടിച്ചേർക്കലുകൾ വരുത്താൻ ചട്ടപ്രകാരം ഗവർണർക്ക് അധികാരമില്ല. എന്നാൽ, മുൻ ഗവർണർമാർ പോകാത്ത വഴികളിലൂടെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സഞ്ചാരം; പ്രവചനാതീതമാണ് അദ്ദേഹത്തിന്റെ നിലപാടുകൾ. അതുകൊണ്ടു തന്നെ ഒന്നോ രണ്ടോ വാചകങ്ങൾ അദ്ദേഹം ഉൾപ്പെടുത്തിയാലോ! നിയമസഭ യോജിച്ചു പാസാക്കിയ പ്രമേയത്തെ തള്ളിപ്പറയാൻ അതേ സഭാവേദി തിരഞ്ഞെടുത്താലോ? ഗവർണറുടെ പ്രസംഗത്തിനു നന്ദിപ്രമേയം അവതരിപ്പിച്ചുള്ള ഡപ്യൂട്ടി സ്പീക്കറുടെ പ്രസംഗത്തിൽ സർക്കാർ മറുപടി നൽകുകയാണു പോംവഴി. വാർത്താപ്രാധാന്യം ചോർന്നുവന്നിരുന്ന നയപ്രഖ്യാപന പ്രസംഗത്തിലേക്കും കേരള നിയമസഭയിലേക്കും രാജ്യത്തിന്റെയാകെ ശ്രദ്ധ ക്ഷണിച്ചുകഴിഞ്ഞു ആരിഫ് മുഹമ്മദ് ഖാൻ.

സെൻസസിനു തുടക്കം കുറിച്ചുകൊണ്ട് എന്യൂമറേറ്റർമാർ രാജ്ഭവനിലെത്തുന്ന രംഗം കൂടി ഭാവനയിൽ കാണുക. സെൻസസിനു വാർത്താപ്രാധാന്യം കിട്ടാനും ആ സന്ദേശം പ്രചരിപ്പിക്കാനും രാഷ്ട്രപതിഭവനിലും രാജ്ഭവനിലും തുടക്കം കുറിക്കുന്ന രീതിയാണു പിന്തുടർന്നു വരുന്നത്. സിപിഎം കേന്ദ്ര കമ്മിറ്റിയും അതിന്റെ ചുവടുപിടിച്ചു കേരള മന്ത്രിസഭായോഗവും സെൻസസിനോടു സഹകരിക്കാനും ദേശീയ ജനസംഖ്യാ റജിസ്റ്ററുമായി (എൻപിആർ) ബന്ധപ്പെട്ട ചോദ്യങ്ങളോടു നിശ്ശബ്ദത പാലിക്കാനും തീരുമാനിക്കുകയുണ്ടായി. പക്ഷേ, മന്ത്രിസഭയുടെ ആ തീരുമാനം രാജ്ഭവനിൽ നടപ്പാക്കാനാകുമോ? ജനസംഖ്യാ റജിസ്റ്ററുമായി ബന്ധപ്പെട്ട ചോദ്യാവലി കേരളത്തിനു ബാധകമല്ലെന്നു പറയാനുള്ള ധൈര്യം അവിടെയെത്തുന്ന എന്യൂമറേറ്റർ കാട്ടുമോ? അതിനു മുതിർന്നാൽത്തന്നെ അക്കാര്യം ഓർമിച്ച് ആ ചോദ്യാവലിയെക്കുറിച്ച് അങ്ങോട്ടു ചോദിക്കാതിരിക്കുമോ ഗവർണർ?

ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും തിട്ടൂരങ്ങൾ പ്രകാരമാണു തന്റെ നടപടികളെന്ന പ്രചാരണം കൂടിക്കാഴ്ചകളിൽ പൂർണമായും നിഷേധിക്കുന്നുണ്ട് ഗവർണർ. ആ തലത്തിലുള്ള ഒരാളുമായും ആശയവിനിയമം നടത്താറില്ലെന്നും ഫോൺ പരിശോധിച്ചുകൊള്ളാനും വരെ ഒരു അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. വിശ്വാസപ്രമാണങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. രാഷ്ട്രീയനേതാവും ഗവർണറും തമ്മിലെ വേർതിരിവിനെക്കുറിച്ചുള്ള മറ്റുള്ളവരുടെ കാഴ്ചപ്പാടുകൾക്ക് അദ്ദേഹം പ്രാധാന്യം കൊടുക്കുന്നുമില്ല.

ഒ. രാജഗോപാലിനു ഭിന്നാഭിപ്രായമുണ്ടെങ്കിലും സംസ്ഥാന സർക്കാരിനെ ഗവർണർ നിരന്തരം വെട്ടിലാക്കുന്നതിൽ ബിജെപിയുടെ കേന്ദ്ര – സംസ്ഥാന നേതൃത്വങ്ങൾ ആഹ്ലാദത്തിലാണ്. കേന്ദ്രസർക്കാരിന്റെ അഭിപ്രായങ്ങളും നയവും വ്യക്തമാക്കാൻ മുഖ്യമന്ത്രിക്കു തുല്യമായി വാർത്താപ്രാധാന്യം ലഭിക്കുന്ന പദവിയിലുള്ള ഒരാളെ ലഭിച്ചു എന്നതാണു പാർട്ടിയുടെ വിശകലനം.

∙ അവിശ്രമം മുന്നണികൾ

കേന്ദ്രത്തിനെതിരെ കേരളമാകെ പ്രചാരണ – സമരരംഗത്ത് എന്ന അസാധാരണ സ്ഥിതിയാണ് ഇതെല്ലാം സംജാതമാക്കുന്നത്. രാജ്ഭവൻ പരിസരത്തിനു സ്ഥിരം സമരകേന്ദ്രത്തിന്റെ പ്രതീതി കൈവന്നിരിക്കുന്നു. പൗരത്വനിയമവിരുദ്ധ രാഷ്ട്രീയം നൽകുന്ന ഇടം തങ്ങളുടേതാക്കാനുള്ള പോരിലാണ് ഇടതുവലതു മുന്നണികൾ. മലപ്പുറം, കോഴിക്കോട്, തലശ്ശേരി, തൃശൂർ, കൊച്ചി, കൊല്ലം എന്നിവിടങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത യോഗങ്ങളിലെ പങ്കാളിത്തവും വൈകാരികതയുമെല്ലാം ഇടതുകേന്ദ്രങ്ങൾക്കു പ്രതീക്ഷ പകരുന്നതാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കൈവിട്ട ന്യൂനപക്ഷ പിന്തുണ തിരിച്ചുവരുന്നുവെന്ന ആത്മവിശ്വാസമാണ് അതു സിപിഎം നേതൃത്വത്തിനു നൽകിയിരിക്കുന്നത്.

അതേസമയം, മറുവശത്തു കോൺഗ്രസും യുഡിഎഫും സമീപകാലത്ത് ഇതുപോലെ കഠിനാധ്വാനം ചെയ്തിട്ടില്ല. ഒരുവശത്തു പിണറായി വിജയന്റെ ശബ്ദമാണ് ഉയർന്നുകേൾക്കുന്നതെങ്കിൽ ഇപ്പുറത്ത് ഡിസിസി പ്രസിഡന്റുമാരും എംപിമാരുമടക്കം നേതാക്കളെല്ലാം തന്നെ വൻ രാഷ്ട്രീയ പ്രചാരണത്തിലാണ്. കൊല്ലത്ത് 448 കിലോമീറ്റർ പദയാത്ര നടത്തുന്ന ബിന്ദു കൃഷ്ണ, ഇത്രയും ദീർഘദൂര പദയാത്ര നടത്തുന്ന ഇന്ത്യയിലെ ആദ്യ വനിതാ ഡിസിസി പ്രസിഡന്റായി മാറുന്നു. ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ഒരുമാസത്തെ പദയാത്രയിൽ പിന്നിടുന്നത് 600 കിലോമീറ്ററാണ്.

ജില്ലകളുടെ മുക്കും മൂലയും സ്പർശിക്കുന്ന രീതിയിലാണു ഡിസിസി പ്രസിഡന്റുമാരുടെ ഈ പദയാത്ര. എംപിമാരുടെ ലോങ് മാർച്ച് കൂടി ചേർത്താൽ ആകെ പതിനായിരം കിലോമീറ്ററോളം കോൺഗ്രസ് കേരളത്തിൽ സഞ്ചരിക്കുന്നു. പൗരത്വനിയമം പാർലമെന്റ് പാസാക്കിയ ശേഷം മുസ്‌ലിം ലീഗ് നേതൃത്വവും അണികളും വിശ്രമം അറിഞ്ഞിട്ടില്ല. സിഎംപിയും ജനതാദൾ (ജോൺ ജോൺ) വിഭാഗവും തൊട്ട് യുഡിഎഫിലെ കക്ഷികളെല്ലാം സമര–പ്രചാരണ രംഗത്താണ്. 26ലെ എൽഡിഎഫ് മനുഷ്യച്ചങ്ങലയും 30ലെ യുഡിഎഫ് മനുഷ്യഭൂപടവും ഇരുവരും ഒരുമിക്കുന്ന നിയമസഭാ സമ്മേളനവുമെല്ലാം വരുമ്പോൾ കേന്ദ്രവിരുദ്ധ പോരാട്ടം മറ്റൊരു തലത്തിലേക്കെത്താം; ക്യാമറകൾ രാജ്ഭവനിലേക്കു കൂടുതലായി കേന്ദ്രീകരിക്കുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com