ADVERTISEMENT

ജനപ്രതിനിധികളും നാട്ടുകാരും മനസ്സുവച്ചാൽ വീട്ടുമുറ്റം പോലെ പട്ടണവും വൃത്തിയായി സൂക്ഷിക്കാം എന്നതിന്റെ മികച്ച ഉദാഹരണമായി മാറുകയാണ് വയനാട്ടിലെ ബത്തേരി. നാലു വർഷം മുൻപുവരെ കേരളത്തിലെ മറ്റു പല പട്ടണങ്ങളെയും പോലെ മലിനമായിരുന്ന ബത്തേരി വൃത്തിയുടെ മുഖപ്രസാദത്തിലേക്കു മുന്നേറിയ കഥ കേരളം മുഴുവൻ ഹൃദിസ്ഥമാക്കേണ്ടതാണ്.

തദ്ദേശസ്ഥാപന ജനപ്രതിനിധികൾ ആത്മാർഥമായി പരിശ്രമിച്ചാൽ നാട്ടിൽ എത്ര വലിയ മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്നതിന് ഇപ്പോൾ ഒരു മാതൃകകൂടി ബത്തേരി നഗരസഭ കാണിച്ചുതരുന്നു. ടൗണിലെ പൊതുവഴിയിലോ പൊതുഇടങ്ങളിലോ തുപ്പിയാൽ 500 രൂപ പിഴ ഈടാക്കാനാണു നഗരസഭയുടെ തീരുമാനം. കാർക്കിച്ചുതുപ്പുക, മുറുക്കിത്തുപ്പുക എന്നിവയ്ക്കു പുറമേ, പൊതുഇടങ്ങളിൽ മുഖവും വായയും കഴുകുന്നതും പിഴയുടെ പരിധിയിൽ വരും. പൊതുഇടങ്ങളി‍ൽ മലമൂത്ര വിസർജനം നടത്തുന്നവരിൽനിന്നും പിഴ ഈടാക്കുന്നുണ്ട്.

നടപടികൾ ശക്തമാക്കുമ്പോഴും നഗരം വൃത്തിയായി സൂക്ഷിക്കാനുള്ള ഉത്തരവാദിത്തം ജനങ്ങളുടെ തലയിൽ ഇട്ടുകൊടുക്കുന്ന സമീപനമല്ല നഗരസഭാ അധികാരികളുടേതെന്നതും ശ്രദ്ധേയമാണ്. മുറുക്കിത്തുപ്പി വൃത്തികേടാക്കിയ സ്ഥലങ്ങളെല്ലാം നഗരസഭയിലെ ശുചീകരണത്തൊഴിലാളികൾ കഴുകി വൃത്തിയാക്കും. നാടുണർത്തൽ പ്രവർത്തനങ്ങളുടെ ഭാഗമായി, ‘തുപ്പൽ നിരോധിത മേഖല’ എന്നു കാണിച്ച് ഉടൻതന്നെ നഗരത്തിൽ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കും.

ശുചീകരണ പ്രവർത്തനങ്ങളിൽ ജനകീയപങ്കാളിത്തം ഉറപ്പുവരുത്തുന്നതിൽ ബത്തേരി മുൻപുതന്നെ കേരളത്തിനു മാതൃകയാണ്. നിലവിലെ ഭരണസമിതി അധികാരമേറ്റപ്പോൾ തുടങ്ങിയ നടപടികളാണ് മൂക്കും കണ്ണും പൊത്താതെ നിരത്തിലിറങ്ങാവുന്നവിധം ബത്തേരിയെ വൃത്തിയുള്ള പട്ടണമാക്കി മാറ്റിയത്. റോഡിലൊരിടത്തും ചപ്പുചവറില്ല. വീടുകളിലേതു പോലെ വൃത്തിയുള്ളതാണു പൊതുശുചിമുറികൾ. റോഡരികിലെല്ലാം ചട്ടികളിൽ പൂച്ചെടികൾ നട്ടുവളർത്തിയിരിക്കുന്നു; പൂമരങ്ങൾ വച്ചുപിടിപ്പിച്ചിട്ടുമുണ്ട്. 

രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ശുചീകരണത്തൊഴിലാളികൾ ഊഴമിട്ടു നഗരത്തിലിറങ്ങും. ഭരിക്കുന്ന കക്ഷിയുടേതാണെങ്കിലും പാർട്ടി പരിപാടി കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ കൊടിതോരണങ്ങൾ മാറ്റിയിരിക്കും. നഗരസഭാധ്യക്ഷനുൾപ്പെടെ ഉറക്കമിളച്ചു കാവലിരിക്കാൻ തുടങ്ങിയപ്പോൾ, പാതിരാത്രിയിൽ മാലിന്യം തള്ളി മുങ്ങുന്നവർ ആ പണിയും അവസാനിപ്പിച്ചു. ജനങ്ങളും വ്യാപാരികളും ഓട്ടോ - ടാക്സി തൊഴിലാളികളുമെല്ലാം പൂർണപിന്തുണയേകിയപ്പോൾ നഗരം ‘ക്ലീനായി.’ സംസ്ഥാനത്ത് ആദ്യമായി പ്ലാസ്റ്റിക് ക്യാരിബാഗുകൾ നിരോധിച്ച നഗരസഭയാണു ബത്തേരി. കെട്ടിടനിർമാണത്തിന് അനുമതി കിട്ടണമെങ്കിൽ രണ്ടു മരം നട്ട് അക്കാര്യം നഗരസഭയെ ബോധ്യപ്പെടുത്തണമെന്നും ഇവിടെ ചട്ടമുണ്ട്. നഗരവാസികളിൽനിന്നു മാലിന്യം പണംകൊടുത്തു സംഭരിക്കുന്നതു നഗരസഭയാണ്. മാലിന്യത്തിൽനിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാന്റിന്റെ നിർമാണം പുരോഗമിക്കുന്നു.

ഇതിനിടെ, മധ്യപ്രദേശിലെ ഇൻഡോർ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം എന്ന പദവി തുടർച്ചയായി നാലാം വർഷവും നിലനിർത്തുന്നതു നാം കാണുന്നു. ഏറ്റവും ഒടുവിലത്തെ റേറ്റിങ്ങിൽ, രാജ്യത്തു 10 ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങളുടെ ശുചിത്വപ്പട്ടികയിൽ 355-ാം സ്ഥാനത്താണു കൊച്ചി. ഇൻഡോറാകട്ടെ, കൊച്ചിയുടെ അഞ്ചര ഇരട്ടി വലുപ്പവും മൂന്നിരട്ടിയിലേറെ ജനസംഖ്യയുമുള്ള നഗരമാണ് എന്നതുകൂടി ഓർമിക്കണം. എട്ടു വർഷം മുൻപ് ഏഷ്യയിൽ ഏറ്റവുമധികം അന്തരീക്ഷ മലിനീകരണമുള്ള 20 നഗരങ്ങളിൽ ഒന്നായിരുന്ന ഇൻഡോർ, ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി മുഖം മാറിയത് 2016 മുതൽ ഒറ്റ വർഷത്തെ പ്രവർത്തനം കൊണ്ടാണ്.

ഭരണപരമായ നടപടികൾക്കൊപ്പം നാടുണർത്തലിലൂടെ സാമൂഹിക ശീലങ്ങളും മാറ്റിയാണ് ഇൻഡോർ വൃത്തിയുടെ ഈ വിപ്ലവം സാധ്യമാക്കിയതെന്നതു നമ്മുടെ ബത്തേരിക്കൊപ്പംതന്നെ കേരളത്തിനു വലിയ പാഠങ്ങൾ നൽകുന്നു. ജീവിതത്തിൽ പാലിക്കേണ്ട അടിസ്ഥാന മൂല്യങ്ങളിലൊന്നാണു ശുചിത്വപാലനമെന്നും വീട്ടുശുചിത്വം പോലെ തന്നെയാണു പരിസരശുചിത്വമെന്നുമുള്ള ബോധം ജനങ്ങളിൽ ഇവിടങ്ങളിലെ ഭരണസംവിധാനങ്ങൾ വളർത്തി. നമ്മുടെ നഗരങ്ങൾ മാത്രമല്ല, സംസ്ഥാനം മുഴുവൻ മാതൃകാപരമായ ശുചിത്വസംസ്‌കാരത്തിലേക്കു ലക്ഷ്യബോധത്തോടെ നീങ്ങാൻ ഇനിയും വൈകിക്കൂടെന്ന് വൃത്തിയുടെ ഈ പാഠങ്ങൾ ബോധ്യപ്പെടുത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com