ADVERTISEMENT
മണിപ്പുർ നിയമസഭാ സ്പീക്കറുമായി ബന്ധപ്പെട്ട കേസിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ച സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഒരേസമയം സമാശ്വാസവും മുന്നറിയിപ്പുമാണ്. 2017ൽ മണിപ്പുർ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ഒരു കോൺഗ്രസ് അംഗം ഫലപ്രഖ്യാപനം വന്നയുടൻ ബിജെപിയിൽ ചേക്കേറി അവരുണ്ടാക്കിയ മന്ത്രിസഭയിൽ അംഗമായി. 2017 ഏപ്രിൽ മുതൽ തന്നെ അദ്ദേഹത്തെ അയോഗ്യനാക്കാനുള്ള ഹർജികൾ സ്പീക്കറുടെ മുന്നിലെത്തിയെങ്കിലും അവയിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. ഹൈക്കോടതിയിൽ റിട്ട് ഹർജി പോയപ്പോൾ, കാര്യങ്ങൾ ബോധ്യപ്പെട്ട കോടതിക്കു വിഷയത്തിൽ ഇടപെടാൻ തടസ്സമായത് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന മറ്റൊരു കേസായിരുന്നു. ‘സ്പീക്കറുടെ അധികാരത്തിൽ ഹൈക്കോടതിക്ക് എത്രമാത്രം ഇടപെടാം’ എന്ന പ്രശ്നത്തിൽ സുപ്രീം കോടതി തീരുമാനമെടുക്കുന്നതു വരെ തങ്ങൾ നിസ്സഹായരാണ് എന്നായിരുന്നു മണിപ്പുർ ഹൈക്കോടതിയുടെ നിലപാട്. ഈ നിലപാടാണു സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്.

സ്പീക്കർ ‘ഉണ്ടാക്കിയ’ കാലതാമസത്തെ ചോദ്യം ചെയ്യുമ്പോൾ കോടതികളിലെ കാലതാമസം മറ്റൊരു കീറാമുട്ടിയാകുന്ന വിചിത്രവൈരുധ്യം പരിഹരിക്കാൻ സുപ്രീംകോടതിക്ക് ഈ കേസിലെങ്കിലും കഴിഞ്ഞു. ജസ്റ്റിസ് റോഹിന്റൻ നരിമാൻ എഴുതിയ വിധിയനുസരിച്ച് 4 ആഴ്ചയ്ക്കകം മണിപ്പുർ സ്പീക്കർ ഇക്കാര്യത്തിൽ തീരുമാനമെടുത്തേ പറ്റൂ. എന്നാൽ, രാജ്യത്താകെ ആവർത്തിക്കുന്ന ഇത്തരം രാഷ്ട്രീയ നാടകങ്ങൾക്കു തടയിടാൻ കോടതി നേരിട്ടു ശ്രമിച്ചതുമില്ല.

1985ലെ 52–ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് കൂറുമാറ്റ നിരോധനം ലക്ഷ്യമാക്കുന്ന 10–ാം പട്ടിക ഭരണഘടനയിൽ കൂട്ടിച്ചേർക്കപ്പെട്ടത്. അതിലെ 6–ാം ഖണ്ഡിക അനുസരിച്ച് ഒരു നിയമനിർമാണ സഭാംഗത്തിന്റെ അയോഗ്യത സംബന്ധിച്ചു തർക്കമുണ്ടായാൽ, അക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള പ്രാഥമികാധികാരം സ്പീക്കർക്കാണ്. പക്ഷേ, രാഷ്ട്രീയക്കാരായ സ്പീക്കർമാർ പലപ്പോഴും ഇക്കാര്യത്തിൽ രാഷ്ട്രീയം കളിച്ചുതുടങ്ങി. വ്യക്തമായ കൂറുമാറ്റക്കേസുകളിൽ അംഗത്തെ അഥവാ അംഗങ്ങളെ ഒരുതരത്തിലും അയോഗ്യതയിൽനിന്നു രക്ഷിക്കാൻ കഴിയില്ലെന്നുറപ്പായാൽ പോലും, വിഷയം നീട്ടിക്കൊണ്ടുപോവുക എന്ന ‘തന്ത്രം’ പല സ്പീക്കർമാരും ‘ഫലപ്രദമായി’ ഉപയോഗിക്കാൻ തുടങ്ങി.

നമ്മുടെ കൂറുമാറ്റ നിയമത്തെ, അതിന്റെ രക്ഷാകർത്താക്കളാകേണ്ടിയിരുന്ന സ്പീക്കർമാർ തന്നെ പരാജയപ്പെടുത്താൻ തുടങ്ങി എന്നർഥം. ഭരണഘടന അതിന്റെ മൂലരൂപത്തിൽ നൽകിയിട്ടില്ലാത്ത അധികാരമാണ് 1985ലെ ഭേദഗതിയിലൂടെ സ്പീക്കർമാർക്കു ലഭിച്ചത്. ഭരണഘടനയുടെ 212–ാം അനുഛേദമനുസരിച്ച് നിയമസഭാ നടപടികൾ കോടതിയിൽ ചോദ്യം ചെയ്യാനാകില്ല. സ്പീക്കറുടെ കൂറുമാറ്റ നിരോധനം സംബന്ധിച്ച തീർപ്പിനും ഇതു ബാധകമാണെന്ന് 10–ാം പട്ടികയിലെ ആറാം ഖണ്ഡികയിൽ വ്യക്തമാക്കപ്പെട്ടു. ഫലത്തിൽ സ്പീക്കർമാർക്ക് കൂറുമാറ്റം പ്രോത്സാഹിപ്പിക്കാമെന്നും അയോഗ്യതാ കാര്യത്തിൽ തീരുമാനമെടുക്കാൻ ബോധപൂർവം കാലതാമസമുണ്ടാക്കുക വഴി, നിയമത്തിന്റെ ഉദ്ദേശ്യത്തെത്തന്നെയും അട്ടിമറിക്കാമെന്നുമുള്ള അവസ്ഥയുണ്ടായി.

ഈ വിഷയം ഒട്ടേറെ കേസുകളിൽ സുപ്രീംകോടതിയുടെ പരിഗണനയ്ക്കു വന്നു. കിഹോട്ടോ ഹോളോഹൻ കേസ്, നബാ‍ം റബിയ കേസ്, ഉത്കൽ കേസരി കേസ്, രവി എസ് നായക് കേസ് എന്നിവയിൽ സുപ്രീം കോടതിയുടെ വിധികളുണ്ടായി. സ്പീക്കറുടെ തീരുമാനത്തിനുമേൽ, അഥവാ തീരുമാനമില്ലായ്മയുടെ മേൽ ഹൈക്കോടതിക്ക് റിട്ട് അധികാരം പ്രയോഗിക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് സുപ്രീം കോടതി ഇനിയുമൊരു ഉത്തരം നൽകുന്നതുവരെ സ്പീക്കർമാർക്ക് എന്തുമാകാം എന്നു ചിന്തിക്കരുത് – ഇതാണ് പുതിയ സുപ്രീം കോടതി വിധി നൽകുന്ന പാഠം.

അയോഗ്യതയുമായി ബന്ധപ്പെട്ട കാര്യത്തിൽ വേഗത്തിൽ തീരുമാനമെടുക്കാൻ, വിരമിച്ച ന്യായാധിപന്മാരുടെ കീഴിൽ ഒരു സ്വതന്ത്ര ട്രൈബ്യൂണൽ എന്ന സുപ്രീം കോടതിയുടെ നിർദേശം പാർലമെന്റ് പരിഗണിക്കുമെന്ന് ഉറപ്പിക്കാനാവില്ല. അതിനു പകരം, ഇത്തരം കാര്യത്തിൽ ഒരു മിനിമം സമയപരിധി സുപ്രീം കോടതിക്ക് പൊതുവായിത്തന്നെ നിർദേശിക്കാമായിരുന്നു. അങ്ങനെയെങ്കിൽ അതു രാജ്യത്തെ നിയമമാകുമായിരുന്നു. അതുപോലെ അത്തരം കാര്യങ്ങളിലെ സ്പീക്കർമാരുടെ നടപടിയെയും നടപടിയില്ലായ്മയെയും നേരിട്ട് സുപ്രീം കോടതിയിൽ പോലും ചോദ്യം ചെയ്യാമെന്നു വരുമ്പോൾ കാര്യങ്ങളിൽ കുറെക്കൂടി വ്യക്തത വരുമായിരുന്നു. മണിപ്പുരിന്റെ കാര്യത്തിൽ കോടതി വിധി നൽകിയ സമാശ്വാസം അങ്ങനെ രാജ്യത്തിനു മൊത്തത്തിൽ ലഭിക്കുമായിരുന്നു. ആവർത്തിക്കുന്ന കൂറുമാറ്റ നാടകങ്ങളിൽ ഇടപെടാൻ സുപ്രീം കോടതിക്കു കഴിയും എന്ന മുന്നറിയിപ്പ് ഈ വിധി നൽകുന്ന സ്വാഗതാർഹമായ മറ്റൊരു സന്ദേശമാണ്.

(സുപ്രീം കോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകനാണ് ലേഖകൻ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com