ADVERTISEMENT

കേന്ദ്ര സർക്കാർ 5 വർഷം മുൻപു നഗരവികസനത്തിനായി ആവിഷ്കരിച്ച സ്മാർട് സിറ്റി പദ്ധതിയിൽ ആദ്യഘട്ടത്തിൽത്തന്നെ ഇടം നേടിയ നഗരമാണു കൊച്ചി. മത്സരാധിഷ്ഠിതമായി നടന്ന തിരഞ്ഞെടുപ്പിൽ അഞ്ചാം സ്ഥാനം നേടിയാണു പദ്ധതിയിൽ കൊച്ചി ഇടം പിടിച്ചത്. പക്ഷേ, അവസാനഘട്ടമെത്തുമ്പോൾ പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ കൊച്ചി പിൻനിരയിലാകുന്നതാണ് ഇപ്പോഴത്തെ നിർഭാഗ്യ യാഥാർഥ്യം.

കേന്ദ്ര സ്മാർട് സിറ്റിയിൽ കേന്ദ്ര - സംസ്ഥാന വിഹിതമായുള്ള 1000 കോടി രൂപയിൽ ഭരണപരമായ ചെലവു കഴിഞ്ഞുള്ള 960 കോടിയുടെ തനതു ഫണ്ട് ഉപയോഗിച്ചു നടപ്പാക്കേണ്ട പദ്ധതികളെല്ലാം മാർച്ച് 31നു മുൻപു ടെൻഡർ ചെയ്തു കരാർ നൽകണം. അതിനു കഴിയാത്തവ പാഴായിപ്പോകും. 41 പദ്ധതികളിൽ 594.79 കോടിയുടെ 20 എണ്ണം മാത്രമാണ് ഇതുവരെ കരാർ നൽകിയത്. അഞ്ചെണ്ണം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്, ജല അതോറിറ്റി എന്നിവയുമായി സഹകരിച്ചു നഗരസഭ നടപ്പാക്കുന്നവയാണ്. ഏഴെണ്ണത്തിന്റെ ടെൻഡറിങ് നടപടികൾ പുരോഗമിക്കുന്നു. 205 കോടി വരുന്ന 5 പദ്ധതികളുടെ ടെൻഡറിങ് ആരംഭിക്കാൻ പോലുമായിട്ടില്ല. ചില പദ്ധതികളാകട്ടെ, പല തവണ ടെൻഡർ ചെയ്തിട്ടും ഏറ്റെടുക്കാൻ ആളില്ലാത്ത സ്ഥിതിയിലും. കാലാവധിയിൽ ശേഷിക്കുന്നത് 68 ദിവസം മാത്രമാണെന്നിരിക്കെ, മുന്നിലുള്ള വെല്ലുവിളികൾ പലതാണ്.

കേന്ദ്ര - സംസ്ഥാന വിഹിതത്തിന്റെ ആദ്യ ഗഡുവായി 3 വർഷം മുൻപു ലഭിച്ച 400 കോടി രൂപയുടെ 75 % തുക ചെലവഴിക്കാനാകാത്തതിനാൽ രണ്ടാം ഗഡു പോലും ഇതുവരെ ലഭിച്ചിട്ടുമില്ല. 50 കോടിയിൽ താഴെ മാത്രമാണ് ഇതുവരെ ചെലവഴിക്കാനായത്. കരാർ നൽകിയ പദ്ധതികൾ പലതും പൂർത്തിയാക്കാനുള്ള കാലാവധി കഴിഞ്ഞിരിക്കുന്നു. 2017 ഫെബ്രുവരി ആദ്യം ആരംഭിച്ച എറണാകുളം ബോട്ട് ജെട്ടി - മഹാരാജാസ് മെട്രോ സ്റ്റേഷൻ നടപ്പാതയുടെ നിർമാണം പോലും പൂർത്തിയായിട്ടില്ല.

വിവിധ വകുപ്പുകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ച്, അടിയന്തര സാഹചര്യങ്ങളിലുൾപ്പെടെ ഏകോപനം നടപ്പാക്കുന്ന ഇന്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ ആൻഡ് കമ്യൂണിക്കേഷൻ സെന്റർ സജ്ജമാക്കിയെങ്കിലും സർക്കാർ വകുപ്പുകൾ വിവരങ്ങൾ കൈമാറുന്നതിൽ കാലതാമസം വരുത്തുന്നതു മൂലം പ്രവർത്തനം ആരംഭിക്കാനായിട്ടില്ല. 166 കോടി രൂപ ചെലവുള്ള, പശ്ചിമ കൊച്ചിയിലെ മലിനജല സംസ്കരണ പ്ലാന്റ് നിർമാണം പ്രാദേശിക എതിർപ്പുമൂലം മുടങ്ങിയിരിക്കുകയാണ്. പ്ലാന്റ് സ്വസ്ഥ ജീവിതത്തിനു തടസ്സമാകുമെന്ന പ്രദേശവാസികളുടെ ആശങ്ക ഇനിയും പരിഹരിക്കാനായിട്ടില്ല. 100 കോടി മുടക്കിയുള്ള എറണാകുളം മാർക്കറ്റ് നവീകരണമാകട്ടെ, വ്യാപാരികളെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ കുടുങ്ങിയിരിക്കുകയുമാണ്.

പശ്ചിമ കൊച്ചിയിലെ ചേരി നിർമാർജനം, ഭവന നിർമാണം എന്നീ പദ്ധതികളിൽ ഉഴപ്പിയതു കൊച്ചി നഗരസഭയാണ്. 4 ഭവന പദ്ധതികളിൽ രണ്ടെണ്ണത്തിൽ സ്മാർട് സിറ്റി സാമ്പത്തിക സഹായം നൽകുമ്പോൾ മറ്റു 2 പദ്ധതികൾ നേരിട്ടു നടപ്പാക്കുകയാണ്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഈ വിഷയം നഗരസഭയുടെ മുന്നിലുണ്ടെങ്കിലും കഴിഞ്ഞയാഴ്ച നടന്ന കൗൺസിൽ യോഗത്തിലാണു പാർപ്പിട സമുച്ചയം നിർമിക്കുന്ന പദ്ധതിക്ക് അംഗീകാരം നൽകിയത്. ചേരി നിർമാർജന പദ്ധതി എവിടെ നടപ്പാക്കണമെന്നു തീരുമാനിക്കാൻ ഇതുവരെ നഗരസഭയ്ക്കായിട്ടില്ല. ഭരണകക്ഷിയിലെ ചേരിപ്പോരിനെത്തുടർന്ന് ക്ഷേമ, നഗരാസൂത്രണ സ്ഥിരം സമിതികൾക്ക് അധ്യക്ഷന്മാരില്ലാതായതാണു പ്രശ്നം. നഗരസഭയ്ക്കു ജ്യോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം (ജിഐഎസ്) മാപ്പ് ഇല്ലാത്തതും കുരുക്കാകുന്നു. ജിഐഎസ് മാപ്പ് തയാറാക്കൽ വൈകുകയാണ്.

പ്രശ്നങ്ങൾ പരിഹരിക്കാൻ നഗരസഭയുടെ മാത്രമല്ല, സംസ്ഥാന സർക്കാരിന്റെയും ജനപ്രതിനിധികളുടെയും ഫലപ്രദമായ ഇടപെടൽ ആവശ്യമാണ്. 29നു തദ്ദേശഭരണ മന്ത്രി എ.സി.മൊയ്തീൻ വിളിച്ചുചേർക്കുന്ന യോഗത്തിലാണ് ഇപ്പോഴത്തെ പ്രതീക്ഷ. ചുരുങ്ങിയ സമയം മാത്രം മുന്നിലുള്ളപ്പോൾ, അടിയന്തര പ്രാധാന്യത്തോടെ പദ്ധതികൾ നടപ്പാക്കുന്നതിനാകണം മുൻഗണന. ഇനിയും സമയം കളഞ്ഞാൽ, അനാസ്ഥ മൂലം വൻതുക പാഴാക്കിക്കളഞ്ഞ കേന്ദ്ര പദ്ധതിയായ ജവാഹർലാൽ നെഹ്‌റു നാഷനൽ അർബൻ റിന്യൂവൽ മിഷന്റെ (ജനറം) ഗതി തന്നെയാകും കേന്ദ്ര സ്മാർട് സിറ്റിക്കും. അങ്ങനെ ഉണ്ടായിക്കൂടാ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com