ADVERTISEMENT

എല്ലാവർക്കും തണൽ വിരിക്കുന്നൊരു ആൽമരം. അങ്ങനെയാണ് ഇന്ത്യയെ നമ്മുടെ നേതാക്കൾ വിഭാവനം ചെയ്തത്. നാനാജാതി മനുഷ്യരും സംസ്കാരവും തൊട്ടുരുമ്മി ജീവിക്കുന്ന സ്വപ്നസമാന ജനാധിപത്യ രാഷ്ട്രം. രാഷ്ട്രരൂപീകരണത്തിൽ മഹാത്മാ ഗാന്ധിക്ക് എല്ലാവരുടെയും കണ്ണീർ ഒപ്പേണ്ടിയിരുന്നു. ജാതിയും ഉപജാതികളും ഇല്ലാതാകുമെന്നു സർദാർ വല്ലഭ്ഭായ് പട്ടേലും പ്രതീക്ഷിച്ചു. നമ്മൾ പെട്ടെന്നുതന്നെ അവയെല്ലാം മറന്നു. അത്തരം വേർതിരിവുകൾ നമ്മുടെ വളർച്ചയ്ക്കു വിലങ്ങുതടിയായി.

വിഭജനത്തെത്തുടർന്നു കൊൽക്കത്തയിൽ വർഗീയ ഏറ്റുമുട്ടലുകൾ നടന്ന പ്രദേശങ്ങളിൽ സമാധാനം സ്ഥാപിക്കാൻ ഗാന്ധിജി സ്വാതന്ത്ര്യപ്പുലരിയിലും സത്യഗ്രഹ സമരം നടത്തി. പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്കു കുടിയേറുന്നവർക്കു പൂർണ സുരക്ഷ സർദാർ പട്ടേൽ ഉറപ്പു നൽകി. ജനങ്ങളുടെ മനസ്സിൽ വിഭജനം കോറിയിട്ട ചെറിയ മുറിവുകൾ പോലും ഭേദപ്പെടുത്താൻ ശ്രമിച്ച് ജവാഹർലാൽ നെഹ്റു രാജ്യം മുഴുവൻ സഞ്ചരിച്ചു. അതാണ് ഇന്ത്യയുടെ ധാർമികതയുടെ കാതൽ. എന്നിരുന്നാലും ബ്രിട്ടിഷ് ഭരണത്തിനു ശേഷമുള്ള രാഷ്ട്രീയ സംസ്കാരം ആളുകളെ മതം, ജാതി, ലിംഗം, വംശീയത എന്നിവയുടെ അടിസ്ഥാനത്തിൽ വേർതിരിച്ചു തുടങ്ങി. 144 രാജ്യങ്ങളിലെ ആയുർദൈർഘ്യത്തിന്റെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 109 ആയി തുടരുന്നു. ആഫ്രിക്കൻ രാജ്യങ്ങൾക്കു പുറത്ത് ഏറ്റവും ആയുർദൈർഘ്യം കുറഞ്ഞ രാജ്യങ്ങളിലൊന്നായി നമ്മുടേത്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി, ഇന്ത്യ വളർച്ചയുടെ പാതയിലായിരുന്നു. ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ എന്നു വിളിക്കപ്പെട്ടു. പക്ഷേ, തുടർച്ചയായി ആ വളർച്ച പിന്നോട്ടു പോകുന്നതിന്റെ കണക്കുകളും നമുക്കു മുന്നിലെത്തുന്നു. തൊഴിലില്ലായ്മ, തകരുന്ന കാർഷിക മേഖല, ബാങ്കിങ് മേഖലയിലെ അപചയം എന്നിവ ഇന്ത്യയെ അലട്ടുന്നു. എന്നിരുന്നാലും മനുഷ്യവിഭവ ശേഷിയിൽ ഇന്ത്യയ്ക്കു വലിയ പ്രതീക്ഷയുണ്ട്. യുവജനങ്ങളുടെ എണ്ണം കൂടുന്നതു പ്രതീക്ഷ നൽകുന്നതാണ്.

സാമ്പത്തിക മാതൃകകൾക്കായി ഇന്ത്യ മറ്റു രാജ്യങ്ങളെ വളരെക്കാലം ഉറ്റുനോക്കി. നെഹ്റുവിയൻ സോഷ്യലിസം മുതൽ 1991 വരെ മറ്റു രാജ്യങ്ങളെ നോക്കി നമ്മൾ നെടുവീർപ്പിട്ടു. അവരുടെ വിജയം പകർത്താൻ നമ്മൾ ശ്രമിക്കുകയായിരുന്നു. എന്നാലത്, സ്വന്തമായുള്ള നമ്മുടെ വളർച്ചയെ നിഷേധിച്ചു. ‍

നമ്മൾ കുറച്ചു മാത്രം ഉപയോഗപ്പെടുത്തിയിട്ടുള്ള സ്ത്രീശക്തിയെ വലിയ തൊഴിൽ വിഭാഗമായി മാറ്റിയെടുക്കണം. വളർച്ചയിൽ ഒന്നാമതുള്ള യു‌എസ് ഭൂ–രാഷ്ട്രീയ അധികാരത്തിലൂടെ മുന്നേറി. ചൈനയുടെ ശക്തിയുടെ ഉറവിടം ഭൂ–സാമ്പത്തിക വിജയമാണ്. ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി ഭൗമ ബന്ധങ്ങളുടെ മാർഗമാണ് ഇന്ത്യയ്ക്കു ചേരുന്നത്. അത് അതിരുകളില്ലാത്ത മാനവികതയുടെ വഴിയാണ്. അതു നമ്മൾ‌ കാലങ്ങൾക്കു മുൻപേ പറഞ്ഞുവച്ച ‘വസുധൈവ കുടുംബകത്തിന്റെ’ വഴി തന്നെ.

(കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്   ഡയറക്ടർ ആണു ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com